ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2023, ഓഗ 5

ഒച്ചകൾ


ഒച്ചകൾ

.................

രാത്രിയിലവളെ

കാത്തിരുന്നപ്പോഴുള്ളയൊച്ചകൾ

രാത്രിയുടെ മൂന്നാം യാമത്തിൽ

തട്ടും പുറത്തോരോച്ച

എലിയോ, മരപ്പട്ടിയോ ആയിരിക്കാം.



അടുക്കള ഷെൽഫിലെ

പാത്രങ്ങൾ നിലത്ത് വീണ ഒച്ചകൾ

അതേ, നേരത്തു തന്നെ

എലിക്കൂട്ടങ്ങളുടെ ഓട്ടമത്സരങ്ങൾ

അടുത്ത മുറിയിലെ രണ്ടു മാസം

പ്രായമുള്ള പൈതലിന്റെ

ചിണുങ്ങുന്ന സ്വരങ്ങൾ

രാത്രി താപം കൊണ്ടു. നാവ്

ഉണങ്ങിയതായിരിക്കാം.


വീടിന്റെ മുറ്റത്ത്

കാവൽക്കാന്റെ നീണ്ട കുര

മതിൽ മുകളിലൂടെ

സഞ്ചരിക്കുന്ന പൂച്ചയെ

കണ്ടിട്ടാകാം.


നേരം വെളുക്കാറായപ്പോഴാണ്

പ്രിയ കാമുകിയവൾ ജാലകവാതിൽ

മുട്ടിട്ടുള്ള ചോദ്യം ഇന്നിനി പരിപാടികൾ

വല്ലതുമുണ്ടോ?

നേര വെളുത്തില്ലേ ? ഇനിയെന്ത് പരിപാടി ?

എന്നാൽ നാളെ നേരത്തെ വന്നെക്കാം!

ഇപ്പോൾമുൻകൂറായി ഒരു മുത്തവും  തന്നേക്കാം !!


- കുഞ്ഞച്ചൻ മത്തായി -

2023, ജൂൺ 23

വേദന

 വേദന

___________________________

________________


ജീവനേ...

നമ്മൾ വേർപെട്ടു

പോയതിന്നനന്ത

കാലാന്തരങ്ങൾക്കിന്നുമീ

നരകവർഷമുറഞ്ഞു പെയ്യും കരാള

നിശയിലും നിന്റെ ചിന്തകളെന്റെ മസ്‌തിഷ്ക്കത്തെക്കടിച്ചുകീറുമൊരത്യാസന്നവേദനാലഹരി തൻ പട്ടടയിലെൻ

 ജീവിതമെരിഞ്ഞടങ്ങുന്നു...



*@©✒️കെ വി അശ്വിൻ കറേക്കാട്*

2023, ജൂൺ 1

മലയോരക്കാറ്റ്

 മലയോരക്കാറ്റ്

മുളങ്കാടുലച്ചു മുരളിയൂതി

മാമ്പൂക്കൾ നുള്ളുവാനെത്തും മലയോരക്കാറ്റെ

 കുടം നിറയെ കുളിരുമായെത്തും മലയോരക്കാറ്റേ----!

നാല്പപാമരങ്ങൾ ചുറ്റി നാടുകാണാൻ ഇറങ്ങും നാടോടിക്കാറ്റേ നാണം കുണുങ്ങുവതേന്തെ നീ

കണികണ്ട നാരിതൻ കുറുനിരയിൽ മുത്തമിടാൻ മടിക്കുവതെന്തെ നാണം കുണുങ്ങിക്കാറ്റെ-----!

വാസന്തി വാസന നിനക്കാരെകി

തുഹിന സുശീതം നിനക്കാരു നൽകി

മാടമ്പി ചമഞ്ഞെത്തും മലയോരക്കാറ്റേ----? 

ഇഷ്ടകാപഥ വിപിനങ്ങളിൽ ഇഷ്ടം പറയാനെത്തും നഷ്ടബോധമില്ലതാലയും ശൃം​ഗാരിക്കാറ്റെ--- സുഖ ശീതളക്കാറ്റേ----!

നിൻ മുരളിയിലുതിരും രാഗത്തിലാണോ നിന്നനുരാഗ തലോടലിലോ     

ധൗത കഞ്ചുകമണിയും ഇന്ദ്രവല്ലരികൾ ലാസ്യമാടുകയോ 

 ഇന്ദ്രിയങ്ങളിൽ കുളിര് പകരും അനുകമ്പിയായ് ,

മുളങ്കാടുലച്ചു മുരളിയൂതിവരും

മലയോരക്കാറ്റേ----!

ബൈജു ജെ തോപ്പിൽ 

തോപ്പിൽ ഹൗസ്

നോർത്ത് പറവൂർ

നീലിച്ച പ്രണയം

 നീലിച്ച പ്രണയം

__________

എന്റെ പ്രണയത്താൽ നീലിച്ച നിന്റെ ദേഹത്തെ

കുറിച്ചവരൊന്നും അറിയേണ്ടതില്ല.!


നീലം പടർന്നതോ,

വിഷനാഗത്തിൻ കൊത്തേറ്റതോ ,

ഏതോ ,

അവർ ധരിച്ചുകൊള്ളട്ടെ !!


തസ്നീം സുമാന. എസ്.കെ

നൊമ്പരം

 നൊമ്പരം

================

  ക്ഷണികമായൊരു

ജീവിതപാതയിൽ

കൊഴിഞ്ഞുപോയ ദിനങ്ങളെ..

ഓർത്തുപോകുന്നു ഞാൻ

നിറമുള്ള സ്വപ്‌നങ്ങളൊക്കെയും

നയനങ്ങളിൽ വിടരുന്ന വർണ്ണമായി

നീറുന്നകരളിൽ

ഗദ്ഗദമായ്

കുളിർകാറ്റായ്

വന്നു നീയും..

ഒരു വേർപാടിൻ നൊമ്പരം പിടയുന്നു

മനസ്സിന്റെയങ്കണത്തിൽ

ജീവിതസൗഖ്യങ്ങളൊക്കെയും

അണയുന്നവിളക്കുപോൽ

മങ്ങുന്നുവോ...

ഒരു വേളനീയെന്തേയറിഞ്ഞില്ല..

ചാറ്റൽമഴയായ്

പുണരുന്നതുംകാത്തു

ഇരിപ്പു ഞാൻ സഖി...

      ലത ഗുരുവായൂർ

എന്റെ പ്രിയപ്പെട്ട നീ ..

 എന്റെ പ്രിയപ്പെട്ട നീ ..

==================


ഒരുമിച്ചു നാം പോയൊരിടവഴിയിലും

തേടുന്നു മൊട്ടിട്ട മുല്ലകൾ       നമ്മെ

നീ ചേർത്തു പിടിച്ചാ കരങ്ങളിന്നു -

മെന്നിൽ അടരാതെ പടർന്നിരിപ്പുണ്ടെന്നോ

               ആരാരും കാണാതെ ചുംബിച്ച കൺതട-

               ങ്ങളിലിന്നു  ചുടു കണ്ണീർ വറ്റാത്തതെന്തേ

               നീ തഴുകി തലോടിയ  മുടിയിഴകൾ ഞാൻ

               ഇന്നു ചീകിയൊതുക്കാൻ മറക്കുന്നുവെന്നോ  

നീയന്നു മൂളിയാർദ്രമാം വരികളോരോന്നും

ഞാനെന്ന പൂവിന്റെ ഇതളുകളായ് തീർന്നിട്ടും

ആ വിരലുകളിൽ തട്ടിത്തടഞ്ഞു ഞാൻ

ചൊല്ലിയതൊക്കെയും മറന്നങ്ങു നീ പോയില്ലേ

               അന്നെന്റെ അധരത്തിൽ നീ തന്ന

               ചെറു മുറിവുണങ്ങിയെന്നാകിലും

               നീറുന്ന നിന്നോർമ്മകൾ ഇന്നുമെൻ

               ഇട  നെഞ്ചിലെ മായാത്ത അക്ഷരത്തെറ്റു തന്നെ !


ഷിവിന വിക്ടർ


2022, ജൂൺ 21

തിരയും തീരവും

 തിരയും തീരവും 

കടൽകാറ്റിൻ പാട്ടുകേട്ട് നൃത്തമാടും തിരകൾ തൻ കരങ്ങളാൽ

മണൽത്തരികളെ മാറോടുണയ്ക്കും ഒരു പ്രണയിനി യെന്നോണം ഉല്ലോലങ്ങൾ---!

തീരത്തെ തഴുകി പിന്നോട്ടു ഒഴുകി മാടിവിളിക്കുന്നു കൂടെ ഗമിക്കാനെന്ന ആംഗ്യത്തോടെ യെങ്കിലും  തീരത്തിനാവില്ലോയെന്നാ   നൊമ്പരമറിഞ്ഞതാവാം തിരകൾ തിരികെയെത്തുന്നു വാരി പുണരുന്നു പിൻവലിയുന്നാ മരക്കൊമ്പിൽ ഊയലാടും ശലാകങ്ങൾ പോലെന്നാകിലും

അനുസ്യൂതമണയുന്നു ഉല്ലാസമായ്‌ ഒരു പ്രേമസല്ലാപമായ് വരികിലും

മേലെ,  ധൗതവലാഹകകൾ ദൂതറിയിക്കുവാനെന്നോണം ഗഗന വീഥികളിൽ നിരനിരയായി നില കൊണ്ടാ സാഗര നീലിമയിൽ നിമജ്ജനം ചെയ്യുവാൻ ഒരുങ്ങുന്നുവോ  അതോ, വിലസിതമായി രമിക്കുവാനോ 

പ്രണയബദ്ധരാം തിരയും തീരവും തീർക്കും ധന്യ മുഹൂർത്തങ്ങൾക്ക് സാക്ഷ്യമേകുവാനോ സാഗര നീലിമയിൽ വിലയം പ്രാപിക്കുക്കുവാനോ---?

എന്നിരുന്നാകിലും കല്ലോലങ്ങളപ്പോഴും കരയെ പുണർന്നുകൊണ്ടേയിരുന്നു ധൗതവലാഹകകൾ തൻ ഇംഗിതമറിയാതെ-----!


ധൗതവലാഹകകൾ=വെള്ളി മേഘങ്ങൾ


ബൈജു ജെ തോപ്പിൽ

2022, ജൂൺ 19

ചന്ദ്ര ബിംബം

 ചന്ദ്ര ബിംബം

പുഴയിൽ വീണ ചന്ദ്രബിംബമേ

ഞാൻ തുഴയെറിഞ്ഞു വാരിയെടുക്കുവാൻ

വലയെറിഞ്ഞു വീശിയെടുക്കുവാൻ--------!

ഓളങ്ങളിൽ തുള്ളി മഥിക്കുന്നു     പിടിതരാതെ നീ 

തോഴരേം തോഴിയെം ഞാൻ വിളിച്ചു

തോണിയിറക്കാൻ തുഴയേറിഞ്ഞു ശീഘ്രമെത്തുവാൻ!

നിൻ കാന്തിയിൽ ഭ്രമിച്ചു പോയെന്നുള്ളം നഭസിൻ വക്ഷസ്സിൽ ജ്വലിക്കും നിൻ ചാരെ എത്തുവാൻ പ്രാപ്തനല്ലയെന്നു ഞാൻ വരികിലും പുഴതൻ വക്ഷസ്സിൽ വിരുന്നു വന്ന തിങ്കൾ ബിംബമേ നീ വീഴുമോ എൻ വലയിൽ അതോ  വലപൊളിച്ചു നിലയില്ലാ പുഴയിൽ മുങ്ങി മറയുമോ---------? കാലെയെത്തും ദിനകരൻ തൻ വെള്ളി ശോഭയിൽ വിലയം പ്രാപിക്കുമോ നീ!

പുഴയിൽ വീണ ചന്ദ്രബിംബമേ

ഞാൻ തുഴയെറിഞ്ഞു വാരിയെടുക്കുവാൻ

വലയെറിഞ്ഞു വീശിയെടുക്കുവാൻ-----!


ബൈജു ജെ തോപ്പിൽ

2022, ജനു 23

വിതുമ്പൽ

 *വിതുമ്പൽ*


സ്നേഹം 

പ്രണയം 

ദുഃഖം

മരണം 

ചിര പരിചിതങ്ങളാം

വിഷയങ്ങൾ..

വിശ്വ പ്രശസ്ത

കവികളിൽ

വിടരുന്ന വരികളും

ഇവ തന്നെ..

പൊഴിയുന്ന ഇതളുകളിൽ

പരിമളം പോയ പൂവുകളിൽ

അന്യമാകുന്ന  തെളിച്ചം..

ഉയിർ കൊണ്ട പ്രാണന്റെ

ആത്മ ഹർഷങ്ങൾ..

ദർശനസൗകുമാര്യത്തെ

മനസ്സാ തിരസ്കരിക്കുന്നു.

വിണ്ണിലും മണ്ണിലും

ഇനിയും ജനിക്കട്ടെ

ഒരു പിടി വരികൾ..

അവയെല്ലാം കുത്തിതറക്കട്ടെ

ഹൃദയത്തിൽ..

നോവുപാട്ടുകൾ

ഇനിയൊരു കണ്ണീർ കടലായ്

പുനർജനി കൊള്ളാതിരിക്കട്ടെ..

വിതുമ്പുന്ന മുഖരങ്ങളിൽ

ആഹ്ലാദമഴ പെയ്തിറങ്ങട്ടെ..


റോസ്‌ന മുഹമ്മദ്‌

2022, ജനു 17

വേര്




വേര്


നിശബ്‍ദമായ ഒരിടം

തേടിയുള്ള യാത്ര

നിങ്ങളെ കൊണ്ടെത്തിക്കുക

വിശുദ്ധ സ്വപ്നങ്ങൾ

അടയിരിക്കുന്നിടത്തേക്കാ യിരിക്കും 



കാലടിപാടുകൾ

പിന്തുടർന്നവരൊക്കെ

നാൽ കവലയിൽ

കുന്തിച്ചിരിക്കുകയാണ്


സ്വപ്നങ്ങൾ ഒളിപ്പിക്കാൻ

നിഴലുകൾ

നിന്ദിതന്റെ നിലാവിനെ

കാത്തിരിക്കുകയാണ്


ഇരുട്ടിനെ വെള്ളപുതപ്പിക്കാൻ

അക്ഷമയോടെ

വിയർപ്പൊഴുക്കുന്നുണ്ട്

കുടിലമോഹത്തിന്റെ

കാവലാളുകൾ


ഇഷ്ടങ്ങളുടെ വേരോട്ടം

നോക്കിയാവണം

നഷ്ടങ്ങളുടെ

വിത്ത് വിതക്കാനെന്ന്

മോഹങ്ങൾ

കണക്ക് കൂട്ടുന്നുണ്ട്



ശിവൻ തലപ്പുലത്ത്‌

ഞാൻ വരും


 മനസ്സേമടങ്ങുക;ഇരുൾവീണോരെൻ

ഭൂതകാലത്തിന്റെ തൊടിയിലേക്ക്...

അവിടെയൊരുവീടുണ്ട്- ചെറുമണ്ണുപാതയും.......

കുളിനീരുചോലയും -

ചെറുമീനിൻ കൂട്ടവും.......

ആവീട്ടിലുമ്മറ പടിയോടടുത്തൊരു,

നിലവിളക്കുണ്ടതിൽ എണ്ണയുണ്ട്...

ഒരിക്കലും വറ്റാത്തോരീയെണ്ണ- പകരുവാൻ

ആവീട്ടിലൊരു പൊന്നുമുത്തശ്ശിയും,

മുത്തശ്ശിചൊല്ലുന്ന- കഥകളിലോരോന്നും

പതിരുകളില്ലാത്ത സത്യമുണ്ട്.....

കണ്ണുകാണത്തിടത്തോളം- പരന്നിടും

ചെമ്മണുതോൽക്കുന്നോ-

രാകാശവും,

മിഴിപൂട്ടിയുറങ്ങുമീ- തൊട്ടാവാടിക്കൂട്ടം,

എത്രനാൾ പിച്ചിയെൻ പിഞ്ചുപാദം..

നിങ്ങളോടെപ്പോളും- ഈർച്ചയാണെങ്കിലും,

പൂചൂടി നിൽകുമ്പോൾ ഭംഗിയാണ്...

ഞാൻ വരും ഒരുനാൾ-

തിരികെയെന്നോർക്കുവാൻ,

ഞാൻ നട്ട ഒരുന്നൂറ് ചെടികളുണ്ട്..

ആമണ്ണിലോരുനൂറു ചെടികളുണ്ട്...

പൂത്തുകായിച്ചു- തളിർത്തുകൊഴിഞ്ഞവർ,

എന്നെയും കാത്തവിടെ- നിൽക്കയാണ്.

വരുവാനെൻ ഹൃദയമേറെക്കൊതി- ക്കുമ്പോഴും,

വലിച്ചുകൊണ്ടോടുകയാണ് കാലം..

ഞാൻ വരും തിരികെ; ഞാൻ- വരുമെന്നതെൻ

വാഗ്ദാനമാണീ മണ്ണിലേക്ക്....

നിങ്ങളോടൊപ്പമാ തൊടിയിലേക്ക്..

ഞാൻ വരും, ഞാൻ- വരുമെന്നതെൻ

വാഗ്ദാനമാണീ തൊടിയിലേക്ക്.....


-Aryadevi

2022, ജനു 6

തെരുവോരം

 തെരുവോരം.


"നിനക്കെന്തൊരു

ചന്തമാണ്...

എന്നെ പ്രണയത്തോടെ

നോക്കുന്നതുകൊണ്ടാണോ

നിന്റെ കണ്ണുകൾക്ക് ഇത്ര വശ്യത....!!


ഇരുട്ടുവീണ തെരുവിലെ

ബാറിൽ നിന്ന് നീ വിലകുറഞ്ഞ

മദ്യം കുടിച്ച്,

മുണ്ടഴിച്ചൊന്നു മുറുക്കി കുത്തി ഇറങ്ങിവന്നപ്പോൾ

ചുണ്ടിൽ ഊറിക്കൂടിയ ചിരി സഹാനുഭൂതിയുടെതായിരുന്നോ...?!!


വിലപേശലിന്റെയും, കച്ചവട- ബുദ്ധിയുടെയും കാർക്കശ്യം

നിന്റെ മുഖത്തില്ലാത്തത് എന്നോട് സ്നേഹമുള്ളതുകൊണ്ടാണോ..?!,

അതോ എന്റെ വെറും തോന്നലുകളാണോ..?


എന്റെ ചെമ്പിച്ചു തുടങ്ങിയ മുടിയിൽ

ചൂടിവെച്ച പൂവ്

വാടികരിഞ്ഞിരിക്കുന്നു....


അല്പംപോലുമാടാതെ

അയാൾ വന്നെന്റെ കയ്യിൽ

അഞ്ഞൂറുരൂപ വിറക്കാതെ വെച്ചു..


മുഖം തരാതെ

ഒരു നോട്ടം പോലും

എറിഞ്ഞു തരാതെ

വീതികൂടിയ റോഡിന്റെ ഓരത്ത് കൂടെ അയാൾ നടന്നകന്നു.

അവസാനത്തെ നിഴലും

എന്നിൽ നിന്ന് കടന്നുകളഞ്ഞു.


ഓർമ്മയുടെ താക്കോൽ തപ്പിയെടുത്തപ്പോൾ

ഭദ്രതയിൽ ഓമനിച്ചുപോറ്റിയ 

എന്റെ കളിത്തോഴനെ

ഞാൻ ഓർത്തെടുത്തു.


അയാൾ നടന്നകന്ന വഴിയിലെ

ശേഷിച്ച ഇരുട്ടിലേക്ക് നോക്കി

"എനിക്ക് നിന്നോട് ഇന്നും പ്രണയമാണ്.." എന്ന് ഞാൻ

മൗനം കൊണ്ട് കുറിച്ചിട്ടു."


          -ശ്രീജ -

          5-06-2022

യാത്ര

 യാത്ര 


"മരണം അത് വിദൂരത്തല്ല.

ചലനമറ്റ നേരത്ത്,

അല്പം കണ്ണീരൊഴുക്കേണ്ട

കണ്ണുകൾ ദൂരെദേശത്ത് പുതുമ തേടിയലഞ്ഞു.


യുദ്ധം, പൊള്ളത്തരം, കേട്ടുകഴ്ച്ചകൾ..

പുഴുകുത്തേറ്റ ഹൃദയം പേറി,

സ്നേഹം കരണ്ടുതിന്ന കാലത്തെ 

വെടിഞ്ഞ്  ഞാൻ ഒടുങ്ങുമ്പോൾ...


സ്വത്വമില്ലാതെ എന്നെ മൂടികളഞ്ഞ

മരണത്തിന്റെ മൂടുപടം

ഒന്ന് നീക്കു.


നീ... ഇനിയും വന്നിട്ടില്ലെ....?

വേണ്ട.


മരണവീട് ; നിനക്ക് ചിരിയാണ്.

എന്റെ യാത്ര നിന്നെ ചിരിപ്പിക്കുന്നതാണെങ്കിൽ...

ഈ യാത്രകൊണ്ടും

ഞാൻ തോറ്റുപോകും...."


        -ശ്രീജ -

ബലി കർമ്മം

 ബലി കർമ്മം

കരിഞ്ഞു വീണുപോയ

ഇലയും,

പെയ്തുതോർന്നമഴയിൽ

അവസാനമായി വീണ

മഴത്തുള്ളിയും,

മണ്ണിനടിയിൽ

പൊട്ടിപ്പോയ

വേരുകൾ

പോലും എന്നെ

കേൾക്കാൻഉണ്ടായില്ല.


ഒരുപക്ഷെ

അവയിലൊക്കെ

ഞാൻ ഉണ്ടാവില്ലെ..?

ഉണ്ട്.


കരിഞ്ഞ ഇലകൾ

പൊടിഞ്ഞു

പോകുംപോലെ,

മഴയുടെ അവസാന

മഴതുള്ളി

ചിതറി

പോയപോലുള്ളയെന്നെ

തിരിച്ചു വിളിക്കാൻ

ഒന്നുമുണ്ടായിരുന്നില്ല.

പുതുതായി

എന്നിൽ ഒന്നും

ഉടലെടുക്കുന്നുമില്ല...


കാരണം കണ്ടത്താനായി

എന്നിലൂടെയും,

പലരിലൂടെയും

അലഞ്ഞപ്പോഴും

എത്തിച്ചേർന്നത്

ഒന്നുമില്ലായിമയിലാണ്..


വലയം തീർത്ത

ബഹുജങ്ങൾക്ക് നടുവിൽ

ഞാൻ ഒറ്റയ്ക്കായിരുന്നു. തിരിച്ചറിവുണ്ടായത്

അപ്പോഴാണ്. 

അവിടെയായിരുന്നു 

എനിക്ക് എന്നെ

നഷ്ട്ടപെട്ടത്.

  -ശ്രീജ -

2021, ഡിസം 21

രസം

 രസം

---------

മനസ്സിലോർക്കുന്നു പഴയ രാത്രികൾ
ദുരിതയാമങ്ങൾ വ്യഥകൾ നോവുകൾ
മുറിവ് നീറുന്ന ദുരന്ത തീരങ്ങൾ
കരൾ പിടഞ്ഞൊരാ പഴയ നാളുകൾ
പിഴവു പറ്റിയെൻ പദമിടറിപ്പോയ്
മരണ തീരത്തിൽ വഴുക്കി വീണുപോയ്
ഹൃദയം നൊന്തെൻ്റെ മിഴി നിറഞ്ഞു പോയ്
മഴ പൊഴിഞ്ഞില്ല, തണുപ്പറിഞ്ഞില്ല
ഉരുകും ചൂടിലെൻ മനസ്സു വെന്തുപോയ്
ഹൃദയമോഹങ്ങളകന്നകന്നു പോയ്
സരസ്സ സ്വപ്നങ്ങൾ നിണമണിഞ്ഞു പോയ്
വിഷമയ ചിന്ത വിടർന്ന രാത്രിയിൽ
വിഷം കുടിച്ചെൻ്റെ മനം മയങ്ങിപ്പോയ്
മധുര യൗവ്വനം കരിഞ്ഞൊടുങ്ങിപ്പോയ്
മദിര മോന്തിയെൻ കരൾ ദ്രവിച്ചു പോയ്
വിരസ തീരത്തിലിടറി വീണൊരെൻ
വിരഹ യാമങ്ങൾ സ്വയം പുകഞ്ഞു പോയ്
ഇനിയെനിക്കുണ്ടോ സുഖനിമിഷങ്ങൾ
കരൾ നിറയ്ക്കുന്ന നവസുഗന്ധങ്ങൾ!
മിഴി തുടയ്ക്കുന്ന സുഖദ സ്പർശങ്ങൾ
മനം കൊതിക്കുന്ന മധുര ഗീതങ്ങൾ
ഇനിയൊരു വീണ വിവശമായ് പാടും
ഹൃദയഗീതക സ്വരം മുഴങ്ങിടും
വസുധ തേടുന്ന മഴ പൊഴിഞ്ഞിട്ടും
തണുപ്പു വീണെൻ്റെ അകം കുളിർത്തിടും
വസന്ത കാലമീ വനങ്ങളിൽ നീളെ
പുതിയ പൂവുകൾ വിടർത്തിയെത്തിടും
തകർന്നൊരെൻ മായാ മുരളിയിൽ ഞാനീ
പുതു സ്വരത്തിൻ്റെ രസം പകർന്നിടും.
തഴഞ്ഞ ലോകമെന്നരികിലെത്തിടും
സുഖദ സ്പർശത്താൽ മനം തണുപ്പിക്കും
മരുന്നു തന്നെൻ്റെ മുറിവിൻ വേദന
കുറച്ചു നൽകുവാൻ അരികിൽ നീയെത്തും
അഴലിൽ വെന്തൊരെൻ വ്യഥിത ചിന്തകൾ
ഇനിയകലുമോ, ഇനിയെൻ സ്വപ്നങ്ങൾ
പലനാൾ കാണിച്ച മധുര ജീവിതം
കരങ്ങളിൽ തരാൻ ദിനങ്ങളെത്തുമോ?
മിഴി തുടയ്ക്കുവാൻ മടിച്ചു നിൽപു ഞാൻ
അരികിലെത്തുവാൻ കൊതിച്ചു നിൽപു നീ
വിരഹ ദു:ഖങ്ങൾ ഒഴുകിത്തീരുന്നു.
നിശയിൽ രാപ്പാടിയുണർന്നു പാടുന്നു.

By
Jose Manoj Mathews T
Thundipparambil House
Sahakarana Road
Edappally P O
Kochi - 682024
mob: 8606233743

ഓര്‍ക്കാനൊത്തിരി ഉരിയാടാനിത്തിരി

 ഓര്‍ക്കാനൊത്തിരി

ഉരിയാടാനിത്തിരി

കവിത  - കുറ്റീരി അസീസ് 

----------------------------------

ഓര്‍ക്കാനൊത്തിരി

ഉരിയാടാനിത്തിരി

കേട്ടു നാം നല്കാര്യങ്ങള്‍ 

പഴമക്കാര്‍ പറഞ്ഞത്.

ഓര്‍മ്മയിലൊന്നൊന്നായി

തികട്ടി വരുന്നുണ്ട്.

പരുന്ത് പറക്കുന്നു

ഒത്തിരി ഉയരത്തില്‍

ഇരപിടിക്കാനായെന്നാലും

താഴെ ഭൂമിയില്‍ വന്നീടേണം.

എവിടെ വളര്‍ന്നാലും

ഫലങ്ങളോടയിത്തമില്ല

വാഴ നന്നായി വരുന്നത് 

കുപ്പയില്‍ തന്നെയല്ലെ.

മുഖം നോക്കാന്‍ വാല്‍ക്കണ്ണാടി

പൊട്ടിയാലോ എറിയും ദൂരെ,

സ്നേഹവുമതുപോലെ

വെറുപ്പായാല്‍ മഹാ കഷ്ടം

പടികള്‍ എത്ര മേല്‍ക്കുമേല്‍ കേറിയാലും വീഴാനായി പടിയൊന്ന് മതിയെന്നോര്‍ക്കണം  എപ്പോഴും നാം

കാക്കകള്‍ സ്വതന്ത്രര്‍ സൗന്ദര്യമില്ല, ആരും കൂട്ടിലടക്കില്ല

ബന്ധങ്ങള്‍ തന്നിഴകള്‍ക്ക് ബലം ഒട്ടും ഇല്ലെന്നിപ്പോള്‍ മഹാമാരി നമുക്കായി ഉറക്കെ പറയുന്നു.

ഇനിയും പലതുണ്ട്,

ഓര്‍ക്കാനൊത്തിരി

ഉരിയാടാനിത്തിരി

കേട്ടു നാം നല്കാര്യങ്ങള്‍ 

പഴമക്കാര്‍ പറഞ്ഞത്.

                  ********

കനൽ

 കനൽ.


വല്ലാതെ തളർന്നിട്ടും

കിടക്കാതിരിക്കാൻ

ശ്രദ്ധിച്ചു.

ക്ഷീണിച്ചിട്ടും

വളയാതിരിക്കാൻ ശ്രമിച്ചു.

 

ഉള്ളു നിറയുമ്പോൾ

ചിരിക്കാനും,

കനലൂതികത്തുമ്പോൾ

കണ്ണ് നിറയാതിരിക്കാനും

പാകപ്പെട്ടു.


ഉള്ളതിൽ ഉള്ളുറപ്പിച്ച്

ആശ്വസിക്കാൻ

അവൾ 'തന്നെ 'പഠിപ്പിച്ചു.


തെരുവിലും, പകലിലും,

സന്ധ്യയിലും നിറഞ്ഞ -

പ്രണയ പാനിയം കുടിച്ചവൻ

വരമ്പത്തു പ്രകാശം

തട്ടാതെ ഒറ്റയ്ക്കിരുത്തി.


മോഹങ്ങൾക്ക് മതിലുകളും,

ജീവിതത്തിന്റെ

ശൂന്യതയും കണ്ട്

തല മുകളിൽ തട്ടി

നിൽക്കുന്ന പടവിൽ നിന്നും

നിലതെറ്റി വീണു.


      -ശ്രീജ -

അടിയന്തരം

 അടിയന്തരം


കൽപടവിലും

കുരിശുമൂട്ടിലും

ഞാൻ ഒറ്റപെട്ടു..


മുഷിഞ്ഞു നാറുന്ന

ആദർശത്തിനുപിന്നിലെ

വിഴിപ്പുകൾ എനിക്ക് കുഴിച്ചുമൂടണം.


വിശപ്പിന്റെ വേദന

മാറ്റി സ്നേഹത്തോടെ...,

തീർത്താൽ തീരാത്ത

വേർതിരുവുകൾക്ക്

അടിയന്തിരം നടത്തണം.

   -ശ്രീജ -

2021, ഡിസം 15

ഒരു സൈനികന്റെ മരണപത്രം

 ഒരു സൈനികന്റെ മരണപത്രം

കവിത - കുറ്റീരി അസീസ് 

(ഇംഗ്ലീഷ് കവിതയോട് കടപ്പാട്)

----------------------------------------

യുദ്ധക്കളത്തില്‍ ഞാന്‍ മൃത്യൂ വരിച്ചെന്നാല്‍ പെട്ടിയിലാക്കി എന്നെ വീട്ടിലെത്തിക്കുക.

പതക്കങ്ങളൊക്കെയും നെഞ്ചത്ത് വെക്കുക.

അവന്‍ പൊരുതി വീരചരമം വരിച്ചെന്ന് അമ്മയെ അറിയിക്കുക.

തല കുനിക്കരുതെന്നച്ഛനോട് പറയുക, ഇനി എന്നെ ഓര്‍ത്ത് വിഷമിക്കേണ്ടതില്ലല്ലോ.

പൊന്നനിയനോട് പഠിക്കാന്‍ പറയുക

ബൈക്കിന്റെ ചാവി ഇനി അവനുളളതാണല്ലോ.

കുഞ്ഞനിയത്തിയോട് ദു:ഖിക്കരുതെന്ന് പറയണം, ചേട്ടനീ അസ്തമയത്തില്‍ നന്നായൊന്നുറങ്ങട്ടെ.

നാടേ നീ കരയണ്ട 

ഞാന്‍ പട്ടാളക്കാരന്‍

രാജ്യത്തെ  രക്ഷിക്കാന്‍

മരിക്കാനായി ജനിച്ചവന്‍.

കുറ്റീരി അസീസ് 

14.12.2021.

പാപമോക്ഷം

 പാപമോക്ഷം


രചന : മാത്യു പണിക്കർ


അടിവച്ചടുക്കുന്നു എന്നെ വിധിപ്പവൻ.

ഇവിടെ ഞാനോളിച്ചതു പറഞ്ഞറിഞ്ഞാരോ.

ശൗര്യവും ശക്തിയും കണ്ണെത്താ കയങ്ങളിൽ

നിവൃത്തി കെട്ടങ്ങുപേക്ഷിച്ചു വന്നവൻ  ഞാൻ.

 

ചോദ്യമേതും തൽക്ഷണം നേരിടാൻ ധൈര്യമായ്

ഘനമൗനം ഉടുപ്പണിഞ്ഞൊരുങ്ങിയിരിക്കവേ  

അടികൊണ്ടു  വീണാൽ  താങ്ങാതിരിക്കുവാൻ

സാക്ഷിഹസ്തങ്ങ ളും  ബലം പിടിച്ചവിടവിടെ


കുറത്തി സംഭ്രീതയായി പാട്ടു നിർത്തി പ്പോയ്, തങ്ങി

പാണനോ നന്തുടിക്കായൊരു പുതുപ്പാട്ടിനായി 

അടിമുടി വിറകൊണ്ടെന്റെ രക്ഷാമൂർത്തികളും

തൊഴുകയ്യാൽ  വിധിയതിനായി  കാത്തുകാത്തിരിക്കെ 


ഝടിതിയിൽ വന്നുവ തു ചെഞ്ചോര ചിരിയുമായി  

അഖിലാണ്ഡം അറിയുന്ന നൃശംസഹാസമായി 

സംഭ്രാന്തിയാൽ ദിക്കുകൾ പിൻവാങ്ങി ദൂരെ

മൗനവും, വിറച്ചുവിറച്ചെൻ  മനസ്സാക്ഷിയും.


അതാ വരുന്നൊരു ചെറുകാറ്റൊരു വാളുമായി

വിധിപ്പവൻ കയ്യിലുമുണ്ട തിലേറെ മൂർച്ചയായി

ചോര ഉറപ്പിച്ച സകലരെയും വിസ്മയിപ്പിച്ചു

അവെരന്തോ പരസ്പരം പറഞ്ഞുറയ്ക്കുന്നു  


പിന്നീടവരെങ്ങോ പറയാതെ പിരിഞ്ഞു പോയി.

കാറ്റിന്റെ വിയർപ്പുള്ള വാളുമുപേക്ഷിച്ചു.

സകലരും പിരിഞ്ഞപ്പോൾ ഞാനതെടുത്തതിൻ

ഓർമ്മയിലേക്ക്  ഒരു തുള്ളി വെള്ളം തളിക്കവേ   


ഓർത്തെടുത്തതു പണ്ടൊരു വടവൃക്ഷത്തെ ഞാനതിൻ

മൂർച്ചയിൽ നിന്നും രക്ഷിച്ചെടുത്ത കഥയെൻ

പൂർവ ജന്മങ്ങളുടെ പാപങ്ങൾക്കു പോലുമാ

ഒരൊറ്റ കൃത്യത്താൽ പരിഹാരമായി  പോൽ


പാണനുണ്ടായിരുന്നില്ലതു  കേട്ട് ഗ്രഹിക്കുവാനും

തുയിലുണർത്തി   നാടാകെ പ്രഘോഷിക്കാനും,  പകരമാ

 വൃക്ഷം കൊടുത്തുവിട്ടയൊരു പ്രാണവായുവെൻറെ 

പ്രാണനെ സ്പർശിച്ചു ചേർന്ന് 

നിലകൊണ്ടു.

2021, നവം 21

ഒരു യാത്ര പോകണം

 ഒരു യാത്ര പോകണം


ഇനിയുമൊരു യാത്ര പോകണം

കണ്ട കിനാവുകളത്രെയും

നേരായിരുന്നുവോ..

എന്നറിയാൻ.. അടുത്തറിയാൻ..

അവിടങ്ങളിൽ

എല്ലാം എനിക്ക് സ്വന്തം.

ഞാനുമെൻ കിനാക്കളും

സങ്കല്പലോകവും.

അതിലാവോളം

പച്ചപ്പും, കുളിരും

എത്ര വർണിച്ചാലും മതിവരാത്ത

എന്റേത് മാത്രമായ ലോകം

പൂത്തുതളിർത്ത

മരതകകാറ്റിലൂടെ..

നീലവെളിച്ചം തൂകുന്ന

ഇടവഴിയിലൂടെ..

ഇളം മഞ്ഞിൻ കണങ്ങൾ

ഇറ്റാൻ കാത്തു നിന്ന്...

എന്റെ ഹൃദയത്തിൽ ആ കാഴ്ചകളെ

ഞാൻ ചേർത്ത് പിടിക്കും

അക്ഷരങ്ങളുടെ പൂമഴയായ് അവ

എന്റെ മനസ്സിൽ

കുളിർ മഴ പെയ്യും..


വരൂ.. മമ കിനാക്കളെ..

മനോമുകുരങ്ങളിൽ

വസന്തവും ഗ്രീഷ്മവും നിറയ്ക്കാൻ..

കിനാക്കളിൽ വർണ ചിറകുകൾ

തുന്നി പ്പിടിപ്പിക്കാൻ..

അവയ്ക്ക് ജീവൻ നൽകുവാൻ..

വരൂ...

ഞാനും പറക്കട്ടെ..

മതിയാവോളമീ

അനന്തമാം വിഹായസ്സിൽ..

എന്റെ യാത്രയവസാനിക്കും വരെ..

നീ എന്നെ കാത്തിരിക്കില്ലേ

.. ഒടുവിലായ് ഞാൻ തളർന്ന് അവശയാകുമ്പോൾ

നീ എനിക്ക് താങ്ങായി കൂടെ ഉണ്ടാവില്ലേ..

നിന്റെ ഇരു കരതലങ്ങൾ

എനിക്കായ് കാത്തിരിക്കില്ലേ...



റോസ്‌ന മുഹമ്മദ്‌

2021, നവം 18

മേൽവിലാസം

 മേൽവിലാസം


*

ജനിച്ചയുടൻ മേൽവിലാസം സർട്ടിഫിക്കറ്റിലാണ് എഴുതപ്പെട്ടത്.


മേൽവിലാസത്തോടൊപ്പം മതത്തേയും

കോർത്തിണക്കി.

മേൽവിലാസം മുഖേനെ

അറിയപ്പെട്ടു.


മേൽവിലാസമെഴുതിയ

സർട്ടിഫിക്കറ്റുകൾ 

കൂടിക്കൂടി വന്നു...

പൗരത്വം തെളിയിക്കാൻ

മേൽവിലാസമുള്ളവയെ ഭദ്രമാക്കി പൂട്ടിവെച്ചു.


വെന്തുനീറി

ബാല്യം കഴിഞ്ഞു...

പല തവണ പൊട്ടിച്ചിതറി

യൗവ്വനവും..

നരതേടി വാർദ്ധക്യവും..

മേൽവിലാസമെഴുതിയ

അവസാന സർട്ടിഫിക്കറ്റും

വന്നു...


ഒടുവിൽ...

എൻ്റെ മേൽവിലാസം

ചിതലുതിന്ന്

ഇല്ലാതാക്കി.


ഹർഷ ഷമീർ

ചെറുകോട്

2021, നവം 8

അന്ന് ഇന്നലെ ഇന്ന്

 അന്ന്  ഇന്നലെ  ഇന്ന്

----------------------------

കുറ്റീരി അസീസ് 

----------------------

അരി വറുത്തു 

ചായയിലിട്ടു

കട്ടന്‍ ചായയിലിട്ടു

രുചി കൂട്ടാനിത്തിരി

തേങ്ങ ചുരണ്ടി അതും

ചായയിലിട്ടു

കട്ടന്‍ ചായയിലിട്ടു

ഹാ എന്തു രസം 

അരി വറുത്തതും ചായയും

തേങ്ങ ചുരണ്ടിയിട്ടാലോ

കേമം ബഹുകേമം


അവിലൊരു പലഹാരം

അവിലു കൊറിച്ചും

ചായ കുടിച്ചും

വിശപ്പടക്കി അക്കാലം

ചായയില്‍ 

കട്ടന്‍ ചായയില്‍ 

അവിലിട്ട് കഴിച്ചാല്‍

ജോറാണ് പരമജോറാണ്

അതിഥികള്‍ വന്നാല്‍ 

അവില് കുഴക്കും

ചക്കര തേങ്ങയതും കൂട്ടി

രുചിയുണ്ട് ഗുണമുണ്ട്

കുശാലാകും സല്‍ക്കാരം


പയ്യെപ്പയ്യെ പലഹാരങ്ങള്‍

പലവിധമെത്തി അടുക്കളയില്‍

നെയ്യപ്പം കലത്തപ്പം

അടകള്‍ വടകള്‍

ഉണ്ട സുഗീന്‍ പഴം പൊരിയും

പിന്നെപ്പിന്നെ പൊറോട്ട വന്നു

അടക്കിവാണൂ തിന്‍മേശ.


കാലം മാറി ചേലും മാറി

രുചിഭേതങ്ങള്‍ മാറിമറിഞ്ഞു.

പപ്സ് കട്ലറ്റ് ചിക്കന്‍ റോള്‍

തട്ടുകടകള്‍ തുരതുരെയായി

ബ്രോസ്റ്റ് ഷവര്‍മ ബര്‍ഗര്‍

സാന്റ് വിച്ച് പിസയും വന്നു.


ഇനിയും പലതും എത്താനുണ്ട്

വരും വരാതിരിക്കില്ലതുറപ്പാണ്

വായ്ക്ക് രുചിക്കായ് തിന്നുക

ഒപ്പം ആരോഗ്യകാര്യം

ഓര്‍ക്കണം നമ്മള്‍ 

തിന്നാനായി ജീവിക്കരുത്

ജീവിക്കാനായി ഭക്ഷിക്കേണം. 

           ×××××××××××××

2021, ഒക്ടോ 30

മനം

 #മനം#    


എൻ മനമുരുകുന്നു മഞ്ഞുപോലെ

കണ്ണുനീരുറയുന്നു ജലപ്രവാഹം പോലെ

തീജ്വാലയായി തീമഴയായി ചൂടുകാറ്റേറ്റ്

എൻ മനം ഹൃദയവേദനയിൽ ഉരുകുന്നു....


ശിശിരകാലം ഇലകൾ പൊഴിക്കുന്നു

കുഞ്ഞിളം തളിരിലകൾ പുനർജനിക്കുന്നു

പൂമൊട്ടുകൾ മിഴികൾ തുറക്കുന്നു

പൂന്തോട്ടമാം പ്രകൃതിയെ സുന്ദരമാക്കുന്നു....


താളമേളത്തോടെ മഴക്കാലം വരവായി

യാത്രക്കായി ഇയ്യലുകൾ തയ്യാറെടുക്കുന്നു

ആകാശം നീലിമയിൽ മുങ്ങികുളിക്കുന്നു

മഴത്തുള്ളികൾപോലെൻ കണ്ണുനീർ തുളുമ്പുന്നു...


ARDRA A S

2021, ഒക്ടോ 21

വന്യം

 വന്യം

         ____

അവള്‍ യമപുത്രി:

വിഷക്കോപ്പയില്‍

ജീവമുകുളം ദഹിപ്പിച്ചവള്‍;

കാമമുറഞ്ഞ മിഴികളാല്‍

നരചേതന ഹനിച്ചവള്‍;

തമസ്സിന്റെ കാമുകി!


ഇരുള്‍ കനക്കും

തണുവു രാത്രിയില്‍

ഉരഗയോര്‍മ്മ കണക്കെ

ഭയപൂര്‍ണ്ണം നരപാദങ്ങള്‍;

അവളെ സ്മരിക്കും മാത്രയില്‍!


എനിക്കു നേരെ

നീളും കരത്തില്‍

സയനേഡു പുരണ്ട മുന്തിരി;

അന്ത്യയാമത്തി,-

ലെന്നബോധവേളയില്‍!

____________________

സുരേഷ് കുമാര്‍.കെ

പേക്കോലങ്ങൾ

 പേക്കോലങ്ങൾ


അലമാരയിൽ നട്ടെല്ലിനെ അലക്കി

തേച്ചുമിനുക്കി വച്ചു


എല്ലാ വാക്കുകളും

പേടിച്ച് തുരുമ്പെടുത്തു

പേനക്ക് പേടി

പറ്റാത്തിരിക്കാൻ

ഏലസ്സൂതി

അരയിൽ കെട്ടി


കക്ഷത്തിലെല്ലാം

ഭദ്രമെന്നുറപ്പുവരുത്തി

വെളുക്കെഒരു

ചിരിചിരിച്ചു

ഒറ്റ നടപ്പ്


കാളിച്ചുവട്ടിൽ

ചതഞ്ഞമരുന്ന

വാക്കുകളക്ഷരങ്ങൾ


പുറകെ തലോടി

വീരവാദങ്ങൾ

പറഞ്ഞുമ്മവക്കുന്നു

പേക്കോലങ്ങൾ

ആദർശങ്ങൾ


ശിവൻ തലപ്പുലത്ത്‌

നിഴൽ* *കാഴ്ചകൾ*

 *നിഴൽ* *കാഴ്ചകൾ*


എവിടേക്ക് നീങ്ങിയാലും..

എങ്ങോട്ട് മാറിയാലും

പിന്നേ ഗമിക്കും 

നിൻ സ്വരൂപം

വൃഥാ ഭീതി പടർത്തുന്നു

തഥാ നിനച്ചീടുമെന്നാകിലും

എന്റെ വഴിയിലെ വെളിച്ചവും

നിന്റെ നിഴലിലെ

തെളിച്ചവും

നേരിന്റെ രണ്ടറ്റങ്ങൾ

ഇവ തമ്മിൽ എത്ര അന്തരം..

കൊഴിയുന്ന ദളങ്ങളും 

പൊഴിയുന്ന

പൂക്കളും പറയുന്നു

വിരഹത്തിൻ നോവ്

വീണ്ടുമിവിടെ

തളിർക്കാൻ

പൂക്കാൻ ആവതുണ്ടാവുമോ?

ചില പിറവികൾ

ചില ഉദയങ്ങൾ

അൽപായുസ്സിൽ

അന്ത്യം വരിക്കുന്നു.

ഭാവിയുടെ കപ്പലിലേറി

തിരയും ചുഴിയും കടന്ന്

ലക്ഷ്യത്തെ പുൽകാൻ

ഊഴം കാത്തുനിൽക്കും

ജന്മങ്ങൾ!

നിന്നോർമകളും

ചിന്തകളും

ഓർമതൻ തീരത്ത്

വിശ്രമിക്കാൻ വിടുന്നു

ഇനി അനന്തമായ

യാത്ര..

ആഴിയുടെ ഓളപ്പ രപ്പിലൂടെ... അവസാനം നിന്നിലേക്കണയണം

സങ്കടങ്ങൾ നിന്നിലേക്കടുപ്പിക്കണം

ചുടു നിശ്വാസങ്ങളായി

നമ്മിൽ തെളിയുന്ന

പ്രണയച്ചൂടേറ്റ്..

ഇനിയും...

ഒരു പാടു കാലം...


റോസ്

2021, സെപ്റ്റം 28

പെയ്തൊഴിയാതെ

 *പെയ്തൊഴിയാതെ*


കുഞ്ഞി കുസൃതികൾ കാണാതെ

അച്ഛാ എന്ന വിളിക്കുത്തരം നൽകാതെ

നെഞ്ചത്തുറക്കാതെ

പാപ്പയും മിടായിയും

കയ്യിൽ കരുതാതെ

ആരോടും ഒന്നും മൊഴിയാതെ യാത്ര ചോദിക്കാതെ 

അവൻ യാത്രയായി 

രണ്ടു കുഞ്ഞു പൈതങ്ങൾ തൻ താതൻ.


കനലായ് പെയ്തിറങ്ങുന്ന

അവളുടെ കണ്ണീർ ചാലുകളിൽ ചുടു രക്തത്തിൻപാടുകൾ കാണുന്നു 

 പാതി വഴിയിൽ

എല്ലാം ഉപേക്ഷിച്ചു നീ പോയതെന്തേ 

പറക്കമുറ്റാത്ത കുഞ്ഞു പൈതങ്ങൾ അവർ 

നിഷ്കളങ്ക സ്നേഹത്തിൻ

പ്രതി രൂപങ്ങൾ മാത്രം.

അവർ കണ്ട കിനാവുകൾ

പ്രതീക്ഷകൾ

എല്ലാം തച്ചുടച്ചില്ലേ..

എല്ലാം വെന്തു വെണ്ണീറായില്ലേ..

കാലത്തിന്റെ നിർദാക്ഷിണ്യമില്ലായ്മ താങ്ങാവുന്നതിലുമപ്പുറം

ഇനിയും സ്വപ്നങ്ങളും

പ്രത്യാശകളും

പിറവിയെടുക്കും

താങ്ങായ്‌ തണലായ്‌ മാറും.


റോസ്‌ന മുഹമ്മദ്‌

പത്തപ്പിരിയം

2021, സെപ്റ്റം 23

പാതിവഴിയിൽ നാം

 *പാതിവഴിയിൽ നാം*


പാതിവഴിയിൽ ഇളവെയിലില്‍ നീയെന്നെ കാത്തു നിന്നു

അറിയാതെ നാം കണ്ടു 

പറയാതെ തമ്മിലറിഞ്ഞു


ഇനിയൊരു ജന്മം പകുത്തു നല്കാമെന്ന് 

പറയാഞ്ഞതെന്തേ മൊഴികൾ 

നിറയാഞ്ഞതെന്തേ മിഴികൾ


നിനവിലും എന്നരികിലും

ഒരു പൂവായ് വിരിഞ്ഞു നിൻ ചൊടികൾ

അതിൽ മധുവായ് നിറഞ്ഞു നിൻ ചിരികൾ


പ്രണയമെന്നൊരു വാക്ക് പിന്നെയും പിന്നെയും 

പരിചിതമാകുമീ വഴിയിൽ 

ഇടതൂർന്നു നിൽക്കുമീ കണ്ണാടി മുല്ലകൾ 

പകരുന്നതിന്നതിൽ മധുരം


എരിയുമീ  കനലിൽ പുതുമഴ പോലെ വരുവാന്‍ എന്തേ നീ വൈകീ

ചുടു നിശ്വാസത്താൽ തഴുകി തലോടി 

അലിയുവാൻ എന്നിലെന്നും .. നീ..

അകലാതിരിക്കുമോ എന്നും


 പാതിവഴിയിൽ ഇളവെയിലില്‍ നീയെന്നെ കാത്തു നിന്നു



           - 🖊 ആതിര സുരേഷ്

2021, സെപ്റ്റം 15

ഡി എൻ എ

 ഡി എൻ എ


ഭാവനയുടെ ഡി എൻ എ തേടി എഴുതി കാത്തിരിപ്പൂ ചിലർ..

കഥയുടെ ജീനുകളിൽ തെളിഞ്ഞവ അല്പം ഗാഢവും പരുഷവുമായിരുന്നു.


കവിതകളുടെ വഴുവഴുത്ത ഡി എൻ എ കൈകളിൽ നിന്നൂർന്ന് വേരാഴങ്ങളിലേക്കു മറഞ്ഞു പോയതിനാൽ തെളിയാത്ത നിഴലുകളായവയെ നിമജ്ജനം ചെയ്യുന്നു


വർണ്ണപൂരിതശലഭങ്ങൾ പോൽ ചിത്രകാരൻ തൻ ഭാവനയുടെ കോശങ്ങൾ..

അവയിൽ നിറക്കൂട്ടുകൾ പൊട്ടിത്തെറിച്ചൊടുവിൽ കറുപ്പ് പുരണ്ട നിശീഥിനിയിലേക്കു തിരിച്ചു പോക്ക്...!


വിഹായസ്സിൻ തീക്ഷ്ണഭാവങ്ങളാൽ പിറവി കൊണ്ട ഉപന്യാസങ്ങളിൽ കാർമേഘങ്ങളുടെ ഇരുളിമയും പെയ്തുതോർന്നു കഴിഞ്ഞ വെണ്മേഘചാരുതയും....


ഒരു പൂവിന്നിതളിൽ പോലും ഒരു ഇതിഹാസത്തിൻ ഡി എൻ എ ഒളിച്ചിരിക്കുന്നെന്നതിലപ്പുറം നിഗൂഢമെന്ത്..?


ആശ അഭിലാഷ് മാത്ര

Asha abhilash mathra

Hsst jr chemistry 

Ghss west kallada 

Kollam

അടുക്കള

 അടുക്കള

.......................


നിഴലാട്ടങ്ങളിന്നും നിലയ്ക്കുന്നില്ല

വീടിന്റെ സ്വാദുമുറിയിൽ മധുരമൊട്ടുമില്ലാത്ത ശോഷിച്ച വിരലുകൾ


അവളെന്നും മുറുക്കുമായിരുന്നു..

ശീലങ്ങൾക്ക് അടിവരയിടാൻ അയാളോടൊപ്പം അവൾ പഠിച്ചു...


ഇഡ്ഡലിച്ചന്തത്തിലെ ചുവന്ന പൂവുകളെ അറപ്പോടെ വീക്ഷിച്ചത് വിശപ്പിൻ കനലിൽ എരിഞ്ഞു തീർന്നു...


അടുക്കളയിലായിരുന്നു ചോർച്ചകൂടുതൽ..

അരി തിളച്ച കലത്തിൽ മഴവെള്ളം അഹങ്കരിച്ച നാളിലൊരിക്കൽ അടുക്കളയോടൊപ്പം പിഴുതെടുത്ത സ്വപ്നങ്ങളുടെ ചെളിപ്പറമ്പിൽ വെന്തു തീരാതെ പൊങ്ങിക്കിടന്നിരുന്നു അരിമണികൾ...


ആശ അഭിലാഷ് മാത്ര

Asha abhilash mathra

Hsst jr chemistry 

Ghss west kallada 

Kollam



പുഴ

 _പുഴ_ 

              (വിജി വട്ടപ്പാറ)

ഭൂമിതൻ മാറു പിളർന്നവൾ തൻ 

പുത്രിയായ് ഒഴുകുന്നു  പുഴ .

കിഴക്കനർ ക്കനുദിച്ചുയരുമ്പോൾ 

പൊൻ കിരണ ശോഭയാൽ തട്ടി

പുഴയെ തഴുകിയുണർത്തുന്നു.


മഴയിൽ മനം കുളിർപ്പിച്ചും

വേനലിൽ കരളുരുക്കിയും 

പൂങ്കാടുകൾക്കും ഈറ്റക്കൂട്ടത്തിനും

ഇടയിയുടെ ഉന്മാദമായൊഴുകുന്നു


ഇരുകരയും പച്ചപിടിപ്പിച്ചു  കൊണ്ടാ 

തടങ്ങളിൽ നിന്ന് തടങ്ങളിലേക്ക്  

നിലക്കാത്ത പ്രവാഹമായ്  വളഞ്ഞുപുളഞ്ഞൊഴുകുന്നു പുഴ.


ഒരുപാടു ജീവത്തുടിപ്പുകളായ്

ആഴത്തിലൊഴുകുമ്പോൾ കരിനീല 

വർണ്ണമായ് തോന്നും വിധമങ്ങനെ

നിലക്കാതെയൊഴുകുന്നു പുഴ .


സഹൃന്റെ ജടയിൽ നിന്നൊഴുകി

യെത്തുന്ന കല്ലോലിനിയാണവൾ.

കരിമ്പാറക്കൂട്ടത്തിനിടയിലൂടെ

കാഹളം മുഴക്കിയൊഴുകുന്നു തടിനി .


പുഴയരുകിലെത്രയെത്ര പ്രണയ സല്ലാപങ്ങൾക്ക്  പുളക ചാർത്തായ് 

പ്രണയ കല്ലോലിനിയായൊഴുകുന്നു.

പച്ചപ്പട്ടു പരവതാനി വിരിച്ച നീർ

തടാകങ്ങൾക്കു കാഹളം മുഴക്കി

ഒഴുകിയെത്തുന്ന തടിനിയാണവൾ


വർഷത്തിൽ കടലായ് ഒഴുകുമ്പോൾ

അവൾതന്നരുകിൽ നിൽക്കും

മരത്തെ ചിലപ്പോൾ കടപുഴക്കി

കുത്തി ഒലിച്ചൊഴുകുന്നു തരംഗിണി .


വയലേലകൾക്ക് നീർ ചാലു കീറി

ജല സമ്പുഷ്ടമാക്കി മാറ്റിടുന്നു.

പരന്നൊഴുകുന്ന പുഴയുടെ 

ആഴങ്ങളിൽ നിന്നു മണലൂറ്റി

വില്പന ചരക്കാക്കി മാറ്റിടുന്നു.


പുഴയുടെ അരുക് വെട്ടിയെടുത്തു

കോൺക്രീറ്റ് മതിലുകെട്ടി വീതി കുറച്ചവൾക്കൊഴുകാനിടമില്ലാതെ 

മാലിന്യ കൂമ്പാരമൊഴുക്കി വിടുന്നു.


നിശബ്ദമാം പുഴ കണ്ണീരൊഴുക്കുന്നു

അവൾ തൻ ദുഃഖമറിയാതെ വേനലിൽ 

വീണ്ടു കീറുന്ന ഗതിയാക്കിടുന്നു. 

വർഷത്തിൽ ഗദ്യന്തരമില്ലാതെയവൾ കരകവിഞ്ഞു രൗദ്രഭാവത്തിലൊഴുകുന്നു.


എന്നിട്ടും തടിനി തൻ' ദുഃഖമാരു മറിയുന്നില്ല.

പുഴയുടെ തീരത്തു ജന്മ-

മെടുത്തതെത്രയെത്ര 

സംസ്കാരങ്ങളവയെല്ലാം

ഇന്നൊരു ചരിത്രമായ് മാറ്റി.

പൊരിച്ചമീൻ

 പൊരിച്ചമീൻ 

...................................

ആത്മ നിർവൃതിയോടെയാണ്

ഞാനാ മീൻ കഴിച്ചത്.

ഓരോ ഭാഗവും അടർത്തി കഴിക്കുമ്പോൾ

കണ്ണിൽ നിന്നുതിർന്നത്

വിജയത്തിന്റെ കണ്ണുനീരാണ്.


ഒത്തിരി പേരുടെ പാവാടത്തുമ്പ്

പൊക്കിയവനെ, എവിടെയൊക്കെയോ

എന്തൊക്കെയോ പരതിയവനെ

ഏറെ കാത്തിരുന്ന് കിട്ടിയപ്പോൾ

ചെറിയ ക്ലാസ്സിലെ ഏറ്റവും വികൃതികുട്ടിയായി.


കുഞ്ഞു  നഖങ്ങൾ അവന്റെ 

കണ്ണുകൾ മാന്തിക്കീറി.

നഖങ്ങൾക്കിടയിലെ

ചേറിന്റെ കൂടെ രക്തം കലർന്നപ്പോൾ

അവന്റെ രക്തത്തിൽ പോലും

കാമമായിരുന്നു.


അവന്റെ ചിറകരിഞ്ഞു

കോഴിക്ക്കൊ ടുത്തപ്പോൾ

ആഞ്ഞു കൊത്തി പ്രതിഷേധമറിയിച്ചു.


അവന്റെ വസ്ത്രങ്ങളുരിഞ്ഞു

ശരീരത്തിലൂടെ  വരകളുതിർത്തു.

ഓരോ വരകളിലും അവൻ

പൊട്ടിക്കരയുന്നുണ്ടായിരുന്നു.


കളഭവും മഞ്ഞളും ചേർത്ത്

ബലിക്കല്ലിൽ കിടത്തി തല അറുത്തപ്പോൾ

പശ്ചാത്താപം അലമുറകളായി.


ചുടുകല്ലിൽ കിടത്തി,പൊരിയുമ്പോൾ

ആദ്യമായി അമ്മയെ വിളിച്ചു കരഞ്ഞു.

അവനോർത്തില്ല അവന്റെ അമ്മ

ഒരു പെണ്ണായിരുന്നെന്ന്.

അവന്റെ ഓരോ ഭാഗവും ചൂടോടെ

അടർത്തി കഴിക്കുമ്പോൾ

എവിടെയോ വിജയ കാഹള മണി

മുഴങ്ങുന്നുണ്ടായിരുന്നു.


ശാരിയദു

2021, ഓഗ 19

മാൻമിഴി

            

  മാൻമിഴി

============


പ്രാണസഖീ...... നീ പാടിയ പാട്ടുകൾ

പാണനും പാടിടുന്നു.

സഖീ...... പാണനും പാടിടുന്നു.

പാതിരാവായിട്ടും പാട്ടുനിലക്കാതെ

കാലവും പാടിടുന്നു.

പ്രിയേ..... പിന്നെയും പാടിടുന്നു.

തോഴനെ തോളോട് ചേർത്തുവെച്ചോതിയ

തേനൂറും ഗാനമാണോ നിശാ

സ്നേഹ സുഗന്ധമാണോ

ഈണം നീ തീർത്ത രാഗമാണോ

നിൻ്റെ സ്നേഹo ഒളിപ്പിച്ച മാൻമിഴിയധരമാണോ

തോരാത്ത മഴയത്തും തേടിയലഞ്ഞിട്ടും

താളം പിടിക്കയാണോ

എൻനെഞ്ചിൽ താളം പിടിക്കയാണോ

വേളി കഴിഞ്ഞു മടങ്ങിയ നേരത്ത്

നീർമിഴിചൊല്ലിയ ഗാനം കേൾക്കാൻ

കാതരേ കൊതിച്ചു പോയി.

കേട്ടില്ലയാരും കണ്ടില്ലയാരും

കവിളിൽ ഞാൻ വരമായത്

നിൻ്റെ നിഴലായി നിളയായത്



സി.പി.എസ്സ്.പാലയാട്.

അച്ഛൻ്റെ ഭാര്യ

             

അച്ഛൻ്റെ ഭാര്യ


നീ മറന്ന വഴിയിലൂടെന്നെ               വീണ്ടും തെളിക്കുന്നുവോ     

നീ തന്ന ഭാഗ്യം പാഴാവുമോ

നീ തീർത്ത ചക്രവ്യൂഹം അവളറിഞ്ഞില്ല

നിൻ്റെയാലിംഗനത്തിൽ അവൾ  മറന്നുവോ

ആദ്യപിറവി തുടർ പിറവി എണ്ണത്തിനേഴഴക് 

നിൻ്റെ വ്യൂഹം കടന്നവൾ മറഞ്ഞിടുന്നു

പിന്നെയും ഹൃത്തിൻബലമായി നിന്നു നീ

നെഞ്ചുരുകാതിരുന്നതുകൊണ്ടു നിന്നു ഞാൻ

അകലെമായും ചന്ദ്രനെപ്പോൽ

നീ തെളിഞ്ഞു

ഒടുവിൽ നീ സ്നേഹ സൗന്ദര്യമായി

പിന്നെയൊടുവിൽ നീ    

പട്ടടയിൽ ചാരമായി

                          സി.പി.എസ്.പാലയാട്

ഞാൻ

          

ഞാൻ 

=========

പറയാൻ മറന്നൊരാ വാക്കുകൾ തേടി ഞാൻ തിരയുന്നതാlരയിന്ന്

നിളയുടെ തിരത്ത് നർത്തനം ചെയ്യ്തൊരാ

കുളിരുള്ള കാറ്റിനേയോ

ഒഴുകിയകലുന്ന തിരയിൽ ലെയിച്ചൊരാ

തൂവെള്ളപ്പൊട്ടിനേയോ  

മൊഴിയാതെ പാറിമറഞ്ഞൊരാ

മാനത്തെ മഴത്തുള്ളി മുത്തിനേയോ

മധുവുള്ള തേൻ കുടിച്ചകലുന്ന വണ്ടിൻ്റെ

വഴിയിലെ പൂമ്പൊടിച്ചുണ്ടിനേയോ

നഭസ്സിൽ വിരിഞ്ഞൊരാ                                     

               തുവെളളപ്പൊട്ടിനെ

മറയിലൊളിപ്പിച്ച കരിമേഘ കൂട്ടിനേയോ

  വഴി നീളെ നിഴൽ വീഴ്ത്തി വഴികാട്ടിയായൊരു സിന്ദൂ രപ്പൊട്ടിനേയോ

കരിവളയിട്ടെരാ കയ് വിരൽ തീർത്തൊരാ മലർ മുല്ല മൊട്ടിനേയാ   ചിതലരിച്ചിടാത്ത മനസിൻ പടിയിലെ തിരി വെക്കും പെണ്ണിനേയോ       കളകളം പാടി നടന്നൊരാ      കാർകൂന്തൽ അഴകുള്ള പെണ്ണിനേയോ ചിതയിൽ ഒടുങ്ങാത്ത സത്യം വിളമ്പിയാ പിറവിതന്നൊരമ്മയല്ലേ.....


സി.പി.എസ്സ്.പാലയാട്

ഓണം

 *ഓണം* 

ചിങ്ങം പിറന്നു  മാനം തെളിഞ്ഞു

പൂനിലാ ചന്ദ്രൻ  പാലൊളി തൂകി

കാടും മേടും  തൊടിയും

പൂങ്കാവനമെ ല്ലാം പൂത്തു

വർണ്ണ നറുമണം പരത്തി

തുമ്പപ്പൂക്കൾഓണപ്പാട്ടിൻ

താളം പിടിച്ചു 

ഊഞ്ഞാലാടി പൂത്തുമ്പികൾ

കുടചൂടി നിൽക്കുന്നു 

കാർത്തിക പൂവ് 

ഓണ സദ്യയൊരുക്കാൻ

 പുത്തരി പാടത്തു സ്വർണ്ണക്കതിർവിളഞ്ഞു

കാർഷിക വിളകളെല്ലാമൊരുങ്ങി.

അത്തം പത്തിന് പൊന്നോണം .

ഓണത്തപ്പനെ വരവേല്ക്കാൻ പൂക്കളമിടാൻ മുറ്റമൊരുങ്ങി

ബാലികാ ബാലന്മാർ പൂക്കുടയേന്തി

പൂവേപൊലി പൂവെ പൊലി പൂവെ

തെച്ചി മുല്ല ചെമ്പകം ചേമന്തി

തുടങ്ങി കുട്ട നിറയെ പൂക്കളു

മായവർ  പൂക്കളമിട്ടു.

മാവേലി തമ്പുരാനെ വരവേല്ക്കാൻ

പൊന്നോണത്തിനായ് നാടും

നഗരവും ഒരുങ്ങി.

 ........... വിജി വട്ടപ്പാറ

ശലഭം

 _*ശലഭം*...

...........................

പനനീർ  ദളങ്ങൾ വിടർത്തി 

ചാഞ്ചാടിയാടും നിർമ്മല സൂനത്തെ 

ഒരു പ്രണയിനിയെപ്പോൾ തലോടി 

സ്വർണ്ണ ചിറക്കുകൾ വിടർത്തി 

പ്രകൃതിയിൽ ഉന്മാദത്തോടെ 

തത്തിക്കളിക്കുന്നഴകുളളയാ ശലഭം .


പാറി പറന്നു നടക്കുമാവർണ്ണ ശലഭം 

പരിമളം പരത്തി നാണിച്ചു നിൽക്കുമാ പുഷ്പത്തെതലോടി പ്രേമമോടവൾ 

തൻ മധുകണങ്ങൾ നുകരുന്നു .  


കാതിൽ പ്രണയ രഹസ്യംചെല്ലി 

ദളങ്ങളിൽ മുത്തിയും നുകർന്നും

നാണിച്ചിതൾ വിടർത്തി നിൽക്കും     പുഷ്പത്തിൻ സുഗന്ധത്താൽ 

പൂമ്പൊടിയേറ്റു പരാഗണം നടത്തുന്നു 


പലവർണ്ണ ശലഭങ്ങൾ പാറി പറന്നു

പ്രകൃതിയിൽ വർണ്ണരാശി ചാർത്തി

പൂക്കളിൽ നിന്നും പൂക്കളിലേക്ക്

തെന്നി തെന്നി പറന്നകലുന്നു.


ഇനിയൊരു ജന്മമുണ്ടെങ്കിൽ 

ഞാനും മറ്റൊരു പൂവായ്

പിറന്നങ്കിലെന്നു വെറുതെ 

മോഹിച്ചു പ്രാകുന്നു ശലഭം.

തിരമാല

 *തിരമാല* 

…............................

( വിജി വട്ടപ്പാറ)

പടിഞ്ഞാറൻ 

ചക്രവാളശീമയങ്ങനെ 

വർണ്ണാഭമായി മുങ്ങിക്കുളിച്ചു

നിൽക്കുന്നർഘനെ തൻ ഹൃദയത്തിനകക്കാമ്പിൽ

ഒളിപ്പിക്കുവാനായ്


നീലപ്പട്ടുചേല ചുറ്റിയ പോലെ

നീണ്ടു നിവർന്നു കിടക്കും സാഗരം

ആർത്തുല്ലസിച്ച് 

കിതച്ചു മറിഞ്ഞു

ഓളങ്ങൾ താളത്തിലലയടിച്ചുയർന്ന്

ഹുങ്കാര ശബ്ദമോടെത്തിടുന്നു

എന്തു ഭംഗിയാണുതിരമാലകൾ

അലയടിച്ചുവരുന്നതുകാണുവാൻ


കടലിന്റെ മക്കൾ തൻ  

ഉപജീവനം തേടി

ആഞ്ഞടിച്ചു വരും 

തിരമാലകളെ 

ദേദിച്ച് ബോട്ടുകൾ,

ചെറുവള്ളങ്ങളിലായങ്ങനെ

മുന്നേറുന്നു.


നിശബ്ദമാം അലയടിച്ചു വരുന്ന

ചെറു തിരകളെ വൻ തിരകൾ

കാൽക്കീഴിൽ ഞെരിച്ചമർത്തി 

സംഹാര നൃത്തമാടി 

തീരത്താഞ്ഞടിച്ചു 

നുരഞ്ഞു കയറുന്നൂ


കടലമ്മതൻ തീരത്തു

നോക്കിനിൽക്കും നിമിഷം 

കുതിച്ചു ചാടുന്ന തിരയുടെ 

മനോഹാരമാം 

നൃത്തത്തിൽ ഇടറിയ

മനം ശാന്തമായിടുന്നു.


തിര കരയിലേക്കടിച്ചു 

പതഞ്ഞു വരുമ്പോൾ 

കൈകുമ്പിളിൽ 

ഉപ്പു കണങ്ങളെ 

കോരിയെടുത്തു നുകരുവാൻ കൊതിച്ചുപോകുന്നു.

സത്യം

 കവിത - സത്യം

    ******************

കുറ്റീരി അസീസ് 

*********************

സത്യത്തെ കഴുത്തു ഞെരിച്ച് കൊന്നത് അസത്യമായിരുന്നോ

തെളിവില്ല സാക്ഷിയില്ല

സത്യം മരിച്ചു എന്നത് മാത്രം ഈ സത്യാനന്തര കാലത്തും സത്യം.


കാക്കിയിട്ടയേമാന്മാരോ കറുപ്പിട്ട അവര്‍ രണ്ടുകൂട്ടരുമോ ഉരിയാടിയില്ല, വാദിച്ചില്ല,തര്‍ക്കിച്ചില്ല.


സത്യം അല്പം പതുക്കെയാണ് ഉടുത്തൊരുങ്ങാനും പുറപ്പെടാനും.

സത്യം ചെരിപ്പിടുമ്പോഴേക്ക് അസത്യം ലക്ഷ്യം താണ്ടിയിരിക്കും, 

നുണ വാരിവിതറിയിരിക്കും.


സത്യത്തിന്റെ വയസ്സിനെച്ചൊല്ലി യാണ് തര്‍ക്കം, സത്യത്തിനെന്നും പതിനാറാണത്രെ.

പതിനാറ് പക്വതയെത്താത്ത പ്രായമല്ലെ, 

എന്നുമങ്ങനെ നിന്നാല്‍ അസത്യന്‍ അജയ്യനാവില്ലേ.


നീതിപീഠമുണരുമോ

നീതിമാന്മാര്‍ ചലിക്കുമോ

ഇരകള്‍ക്ക് ഇനിയെങ്കിലും

നീതി കരഗതമാകുമോ


കളളന്‍ വേണ്ട കളളവും

കാരാഗൃഹങ്ങളിനിയോര്‍മ്മയാകട്ടെ 

നീതിയും ന്യായവും പുലരട്ടെ അങ്ങനെങ്കില്‍ സത്യത്തിന് പതിനാറായിക്കോട്ടെ.

             **********

വസന്തം

 വസന്തം

````````

കവിത - കുറ്റീരി അസീസ് 

```````````````````````

കാടന്ന് കനത്ത് നിന്നു

ഇലയുണ്ട് പൂക്കളില്ല.

അരുവികള്‍ നിറഞ്ഞ് നിന്നു

താഴോട്ടൊഴുകിയില്ല.

കാറ്റു വീശി ഇലകളാടി

സുഗന്ധം ഇറ്റും ഇല്ലായിരുന്നു.

പൂക്കാതെ, ഒഴുകാതെ

മണം പരത്താതെ അവര്‍

ആരോ വരാഞ്ഞതില്‍ പിണങ്ങി നിന്നു, 

വന്നാല്‍ 

സ്വാഗതമോതാന്‍ 

ഒരുങ്ങി നിന്നു.

വസന്തം വരുമെന്ന് പറഞ്ഞതും സ്വപ്നം കണ്ട്

കണ്ണിലെണ്ണയൊഴിച്ച കാത്തിരപ്പായിരുന്നു അത്.

കാലം കറുത്തകൈകളാല്‍

ജുഗുപ്സ ചേര്‍ത്ത് ഗര്‍ജ്ജിച്ചു

പേടിച്ചരണ്ട്  ചിലര്‍ കാടുവിട്ടോടി

ശേഷിച്ചവരുടെ കാത്തിരിപ്പ്,

ഒടുവില്‍ ശുഭം

കാലം കനിഞ്ഞു 

യാത്രാമംഗളമോതി

മലമുകളില്‍ മയില്‍ നൃത്തമാടി

മഴവില്ല് നിറങ്ങളുടെ വലയം തീര്‍ത്തു.

കരിമുകിലിന് കാമം, 

ഭൂമിയെ പുല്കാന്‍ അടങ്ങാത്ത ആര്‍ത്തി 

കണ്‍മിഴിയില്‍ സുര്‍മ

കൈവെളളയില്‍ നിറമൈലാഞ്ചി

വസന്തം വരികയാണ്

നിറമുണ്ട് മണമുണ്ട് വണ്ടുകള്‍ ഒപ്പമുണ്ട്.

കാടും മേടും പൂത്തുലഞ്ഞു

കടലും കായലും നീരരുവികളും

മതിമറന്നഴിഞ്ഞാടി.

ഒഴുക്കിന്റെ താളം

തിരകളുടെ സംഗീതം.

കാട് ചിരിച്ചു, പോയവര്‍ മടങ്ങി.

എന്നും ഇങ്ങനെയാവട്ടെ

വസന്തം ഈ കരയില്‍ തന്നെ  പൂവും പൂന്തേനുമായി

കാറ്റിലാടിക്കഴിഞ്ഞോട്ടെ.

                  ***********

ഞാനിവിടെ ജീവിച്ചിരുന്നു എന്നൊരടയാളപ്പെടുത്തല്‍

 ഞാനിവിടെ ജീവിച്ചിരുന്നു

എന്നൊരടയാളപ്പെടുത്തല്‍

കവിത  -   കുറ്റീരി അസീസ് 

******************************

ഞാനിവിടെ ജീവിച്ചിരുന്നു

ഞാനിവിടെ ജീവിച്ചിരുന്നു.

ചെറുപ്പത്തില്‍ വിളയാടി

കുസൃതിയായ് തിമര്‍ത്തിരുന്നു.

പഠിത്തത്തില്‍ കേമനായ്

കൂട്ടരില്‍ മുമ്പനായിരുന്നു.

മാലയോഗം, പുത്രയോഗം

കളം വാനോളം വാണിരുന്നു.

അനീതി അപ്പാടെ നീക്കണം

എന്നായി മുഷ്ടി ചുരുട്ടിയിരുന്നു.

കണ്ണീരു കാണ്‍കെയെന്നുളളം

കരയുന്നത് ഞാനറിയുമായിരുന്നു.

കാട് മുടിഞ്ഞാല് നാടെരിയും

എന്നത് നന്നായറിയുമായിരുന്നു.

നിസ്വനെ ചൂഷണം ചെയ്യുന്ന

വര്‍ഗ്ഗത്തെ എന്നും വെറുത്തിരുന്നു.

ഞാനിവിടെ ജീവിച്ചിരുന്നു,

ഞാനിവിടെ ജീവിച്ചിരുന്നു.

സന്ധ്യകള്‍ സൂര്യനെ കടലില്‍

മുക്കിക്കൊല്ലാന്‍ നോക്കുന്നതും

രാവിലെ കിഴക്ക് വീണ്ടുമുദിക്കുന്നതും കണ്ട്

മുടിവെളുത്തതും മനസ്സെത്തുന്നേടത്ത്

കയ്യെത്താതായതും നേരിട്ടറിയുമായിരുന്നു.

സാര്‍ത്ഥകമെന്‍ ജീവനമെന്ന് മനമുറക്കെപ്പറഞ്ഞത് കേള്‍ക്കേ മുഖം തുടുത്തതും

കണ്ടു ഞാനാനന്ദിച്ചിരുന്നു.

ഇനിയുളള കാലവും നന്മയെ തലോടി, ഇരുളിനെ നികൃഷ്ടമായ്ക്കണ്ട്

കഴിയണമെന്നാണ് മോഹം.

നേടിയതെല്ലാം തലയിലേറ്റി

നേട്ടങ്ങളിനിയും കൈപ്പിടിയിലാക്കി രാപ്പകലുകള്‍ വന്നുപോകുന്നതും കണ്ട്  നിറമനസ്സോടെ ഒരുനാള്‍ ഓര്‍മ്മയാകാനാണകതാരില്‍ താളം, ഓളം.

ഞാനിവിടെ ജീവിച്ചിരുന്നു,

ഞാനിവിടെ ജീവിച്ചിരുന്നു.

        `````````````````

2021, ഓഗ 2

ക്വാറന്റൈൻ

 ക്വാറന്റൈൻ 


പനി വന്നു തൊണ്ട  വരണ്ടു കിടന്നപ്പോൾ

പനി  വന്നു  മേനിയിൽ  ചൂട്   പകർന്നപ്പോൾ

ഓടി  ഞാൻ  ലാബിലേക്കാന്റിജൻ ടെസ്റ്റിനായ്

പിന്നാലെ വന്നു ഫലവും   പോസിറ്റീവായി 

എവിടുന്ന് കിട്ടിയീകടും  കയ്പ്പ് വായിൽ

എന്നറിയാതെ  

അന്ധാളിച്ചു നിന്നു ഞാൻ.

എങ്ങു നിന്നെങ്ങനെ  കിട്ടി

എനിക്കാരു പകർന്നു തന്നുയീ   ദീനം? 

ചിന്തിച്ചേറെ ഞാൻ  ആർത്തനായ് 

പെട്ടെന്ന് ചേക്കേറി  ശയന  മുറിയിൽ

കതകു  കൊട്ടിയടചേകനായിരിപ്പായി

ചിരി പോയ്‌  കളി പോയ്

ഉന്മുഖത ഒന്നിനോടും  

ഇല്ലാതെയായ് 

ഒടുവിൽ ചിന്തിച്ചുറച്ചു  ഞാൻ

ആടൽ  കൊണ്ടെന്തു 

നേടുവാൻ?

നെടുനാൾ നീണ്ടു നില്ക്കും

ക്വാറന്റൈൻ  സഹിക്കാതെയാവുമോ?

കയ്പ്പ് നീരൽപം  കുടിച്ചു വറ്റിക്കാതെ

ആവില്ലയൽപ്പം  ശാന്തി തൻ

കൽക്കണ്ടമലിയിച്ചിറക്കു വാൻ.

ഇരുളിലാരു മറിയാതെ

ആരെയും കാണാതെയെങ്കിലും

തങ്ങി  നിൽക്കുമീ മൂകത യകറ്റുവാൻ

നാലഞ്ചു പുസ്തകങ്ങൾ  വരുത്തിച്ചു

വായിച്ച് വിളയുവാനല്ല , വളയാതിരിക്കുവാൻ

വെളിച്ചക്കടലിൽ  അലിയുവാനായി

പത്തു നാളെങ്കിലും  പൊടുന്നനെ  വാടിക്കൊ ഴിയുവാൻ

എന്നാശാപതംഗം  കൊതിച്ചു.

കവിത രചിക്കുവാൻ കവിയല്ല  ഞാൻ

കവന ലീലയിൽ  വിരുതി ല്ല

എങ്കിലും ചിലതുണ്ടു  കുറിക്കുവാൻ

കുത്തിക്കുറിക്കുവാൻ  കച്ച  മുറുക്കി ഞാൻ നോക്കി

കതക്  തട്ടി  വിളിക്കുന്നു ണ്ടെൻ ഭൈമി

ഭക്ഷണത്തിനു സമയമായി

ഇടവപ്പാതിയിൽ  മഴ  പെയ്ത് തിമർക്കുന്നു

മഴ  ചീറിയലക്കുന്നു

കരൾ  പുകഞ്ഞുയരുന്നു വെങ്കിലും

ജനലഴി  പിടിച്ച് ഒട്ടു നേരം നിന്നു ഞാൻ

മഴയുടെ  മാസ്മര  സംഗീതം ശ്രവിക്കുവാൻ

മലവെള്ളപ്പാച്ചിലിൻ കുത്തൊഴുക്കു കാണുവാൻ

മദിരയിൽ മുങ്ങുവാൻ 

മദ്യപാനിയല്ലാത്തതാണി ന്നെന്റെ  ദുഃഖമെന്നോർത്ത്

നെടുവീർപ്പിട്ടു ഞാൻ

ചിതറി തെറിക്കും ചിന്ത കൾ

ഉള്ളിൽ  നിറയുന്നു

എരിയുന്നൊരായിരം   ചിന്തകൾ

വ്രതം  നോറ്റു  കാത്തിരുന്നു

ശിഷ്ട  കഷ്ട ദിനങ്ങൾ

ഓരോന്നടർന്നടർന്നു 

വീഴുവാൻ

ഇന്നലകളിൽ  കണ്ട  കരിവാന  മുഖത്ത്

ഇന്നല്പം  പുഞ്ചിരിപ്പൂ വിരിയുന്ന  കാഴ്ച 

കണ്ടേറെ രമിച്ചു  ഞാൻ 

അശുഭ ചിന്തകൾ സർവവും ചത്തൊടുങ്ങി 

ഒത്തിരി നാളായെന്നിൽ

കൂടു  കൂട്ടിയ  നോവുകൾ, നൊമ്പരങ്ങൾ

ഒന്നൊന്നായി അടർന്നു  പോയ്, ഊർന്നു പോയ്

ദുർദിനങ്ങളൊക്കെ കൊഴിഞ്ഞൊടുവിൽ 

മൗനത്തിന്റെ  പുറന്തോടു  പൊട്ടിച്ചു

ഞാനുമെത്തീയീ  നഗര  വീഥിയിൽ.


A few lines scribbled by me during my quarantine period.

Rajan. K. K,  Indeevaram, payancheri, kakkodi, Kozhikode

21/6/2021


 7902 594 306.

2021, ജൂലൈ 18

ജവാനും കർഷകനും.

 ജവാനും കർഷകനും.


    ഷീജ എച്ച് എസ്സ് 


മണ്ണിനായി യുദ്ധം 

ചെയ്യുന്നവൻ..

ജവാൻ,,

മണ്ണിനോട് യുദ്ധം 

ചെയ്യുന്നവൻ..

കർഷകൻ,,


അതിർത്തിയുടെ 

കാവൽക്കാരനും 

വിശപ്പിനെതിരേയുള്ള കാവൽക്കാരനും 

ഉറങ്ങുന്നില്ല,,


ജവാൻ 

ശത്രുവിനെ 

തോൽപ്പിക്കുന്നു 

കർഷകൻ 

വിശപ്പിനെ 

തോൽപ്പിക്കുന്നു.

ഏകാന്തപതികൻ

 ഏകാന്തപതികൻ 

                T R 


രാത്രിയുടെ ഏകാന്ത 

ചൂരും വകിച്ചെന്റെ 

വാതിലിൽ വന്നു മുട്ടുന്ന കാറ്റേ..

മാത്രമാണിവിടെ ഞാൻ പേടിപ്പെടുത്തുന്ന കൂറ്റനിരുട്ടാണകത്തളത്തിൽ..


പേക്കോലമാടിത്തിമിർത്തു കൊണ്ടക്കരെ കുന്നിൻ നിരകളെ വേട്ടയാടി ഏറ്റം മുഴക്കമോടന്തി തൊട്ടേ..ഇങ്ങ് വീശീയടിക്കുന്നു കാറ്റശാന്തം.


ചുറ്റുമെലികളും പാറ്റയും പല്ലിയും മച്ചിൽ വല കെട്ടി എട്ടു കാലിയും പച്ചുറുന്പും തറ കുത്തി മറിക്കുന്ന കുഴിയാനയും ചിതൽക്കൂട്ടങ്ങളും.


കൂട്ടിനിവരൊക്ക ഉണ്ടെത്രകാമായ് 

ആർക്കുമിവർക്കു ഞാനന്ന്യനല്ല ..

എന്റെ ഈ രോഗക്കിടക്കയിലീ വക ജന്തുക്കളുണ്ടെന്റെ 

കൂട്ടുകാരായ്.

അന്തിയിലിവിടെ വിളക്കു വയ്ക്കാറില്ല 

വെട്ടമറക്കുള്ളിലെത്തുകില്ല,

ജെന്തുക്കൾക്കീവക ശീലമില്ല ഞാനും ജെന്തുക്കളെപ്പോലെ ശീലമായി..

ഞാനല്ല വേശ്യ

 *ഞാനല്ല വേശ്യ*...

....................................


ഇരുളിന്റെ മറവിൽ ആ ഒറ്റമുറി കുടിലിന്റെ വാതലിൽ നാളെത്തെ അന്നദാതാവു വന്നു മുട്ടീടുന്നു.

മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്താൽ മദ്യത്തിന്റെ ഗന്ധം ആ മുറിയാകെ പടർന്നു നിൽക്കുന്നു...



കാമത്തിൽ കണ്ണാൽ " ആ "ദേഹം ദേഹത്തിൽ പടർന്നു കയറുമ്പോൾ

ആ തൊട്ടിലിൽ എൻ കുഞ്ഞിന്റെ കരച്ചിൽ ...

അപ്പോഴും ലഹരിയിൽ കുഞ്ഞിൻ പാൽ ചുരന്നീടുന്നു ആ അന്ന ദാതാവ്.



കുഞ്ഞിൻ കരച്ചിലാൽ ആ മാതൃഹൃദയം മൗനത്താൽ തൊട്ടിലിൽ തട്ടി താരാട്ടു പാടി ഉറക്കീടുന്നു...


ലഹരിയിൽ മുക്തനായി ആ കുടിലിന്റെ വാതിൽ കടന്നുപോയാൾ നൽകിയ പണവും ,

ആ ഇരുണ്ട വെളിച്ചത്താൽ കുഞ്ഞിനെയും മാറോടു ചേർത്തു നിറമില്ലാത്ത സ്വപ്നങ്ങൾ കണ്ടു റങ്ങി ....



ആരെല്ലാമോ വന്നു പോയി അതിൽ ആരോ രാൾ നൽകി പണവും ഈ പെൺകുഞ്ഞിനെയും


പലരും പല വേഷത്തിലും , ഭാവത്തിലും,

പല രൂപത്തിലും പല തൊഴിലുകൾ ചെയ്തീടുന്നു.


ഞാനും ചെയ്യുന്നു ഒരു തൊഴിൽ അതിനു നിങ്ങൾ നൽകിയ പേരോ വേശ്യ.


ഞാനല്ല വേശ്യ നിങ്ങളാണ് ... നിങ്ങളാണ് ഈ സമൂഹമാണ് വേശ്യ...



എന്നെ നിങ്ങൾ ആ കണ്ണുകളാൽ കാണുന്നു

എന്നിലെ സ്ത്രീത്വത്തെ നിങ്ങൾ ആ ഭാവത്തിൽ കാണുന്നു.



ആരോ നൽകിയ ഈ കുഞ്ഞിനെ വളർത്താൻ ഈ വേഷം എനിക്ക് അണി യേണ്ടി വന്നു.


അതിനാൽ നാളെ എൻ കുഞ്ഞിനു ഈ പേരു വീഴാതിരിക്കാൻ ഞാനും എന്റെ കുഞ്ഞും നാളെത്തെ രാത്രിയ്ക്കു കാത്തു നിൽക്കാതെ വിട പറയുന്നു.



നാളെ ഇതുപോലെ ഒരു കുഞ്ഞിനു ജന്മം നൽകാൻ ഞാൻ നിൽക്കുന്നില്ല


വിട ... വിട ... ഈ ലോകത്തോടു ഞങ്ങൾ വിട പറയുന്നു ....!





ഗോപാലകൃഷ്ണൻ.ജി

കൊച്ചു കൃഷ്ണാലയം

മേലാത്തറ

കടുവിനാൽ .പി.ഒ

വള്ളികുന്നം

മാവേലിക്കര

ആലപ്പുഴ

പിൻ:690501

മൊബൈൽ നമ്പർ:8606295615

കബഡീ

 കബഡീ

########

മുന്നിൽ 

തിരശ്ചീനമായി

വെളുത്ത വരയിൽ

പകുത്തിട്ടു മൈതാനം.

പൊടിക്കല്ലുകളും, ചുവന്ന മണ്ണും

വിരിച്ച്

തയ്യാറായി അങ്കക്കളം.


എതിർകളത്തിലെ

നീരാളിപ്പിടുത്തങ്ങളിൽ നിന്നും 

വഴുതി,

ഞണ്ടിറുക്കങ്ങളിൽ കുതറി,

ഇത്തിരി ശ്വാസം പിടിച്ചു വെച്ച്,

ചരൽ മണ്ണിലൂടെ 

നീന്തിപ്പൊടിഞ്ഞ്...


വിശപ്പിനെ, 

വായുവിനെ,

ജീവനെ,

ജാതിയെ,

രക്തത്തെ, 

നമ്മളെ,

പ്രപഞ്ചത്തെ,

 പകുത്തിട്ട 

വെളുത്ത വര....


അത് 

എൻ്റേതോ ? 

നിൻ്റേതോ? 

നമ്മുടേതോ!


 റോക്കറ്റ് തൊടുത്ത്,

ബോംബെറിഞ്ഞ്, 

നിന്നെ ചിതറിച്ച്,

ഇരുമ്പ് കമാനങ്ങൾ 

കെട്ടിപ്പൊക്കി,

എനിക്ക്...

എനിക്ക്...

എത്തിയേ തീരൂ...


നിർവാണത്തിലേക്ക്

മന്ദമെങ്കിലും

ഇഴഞ്ഞെത്തിയേ തീരൂ....


ഹ്ഫ്.. ഹ്ഫ്....

കബഡി, കബഡീ.....


സുനിത ഗണേഷ്

################

2021, ജൂൺ 27

അകലം പാലിക്കരുത്

 അകലം പാലിക്കരുത്

************************

കവിത : കുറ്റീരി അസീസ് 

***************************

ഒരേ വീട്ടില്‍

 ഒരേ മേല്‍ക്കൂരയില്‍ 

ഒരേ കട്ടിലില്‍ 

അവര്‍ അകലം പാലിച്ച് കഴിയുകയാണ്.


രാത്രിയോ പകലോ

ഉറക്കമോ തളര്‍ച്ചയോ

ദാഹമോ മോഹമോ

ഒന്നുമല്ല 

അവരുടെ പ്രശ്നം.


അവര്‍ വാട്ട്സ്ആപ്പിലാണ്

ഫെയിസ്ബുക്കിലാണ്

സ്വയം മറന്ന് ചാറ്റിംഗിലാണ്.


ഇണ വേണ്ട 

തുണ വേണ്ട

കുഞ്ഞുകുട്ടികള്‍ വേണ്ട

ചോറ് വേണ്ട 

കഞ്ഞി വേണ്ട.


ഒരേ വീട്ടില്‍ 

ഒരേ മേല്‍ക്കൂരയില്‍ 

ഒരേ കട്ടിലില്‍ 

അകലം പാലിച്ച് 

അവര്‍ വാട്ട്സ്ആപ്പിലാണ്

ഫെയിസ്ബുക്കിലാണ്

ചാറ്റിംഗിലാണ്.

                   *****

2021, ജൂൺ 13

ഞങ്ങൾ പാപികളോ ....?

 ഞങ്ങൾ പാപികളോ ....?

.................................


അമ്മേ ... എന്നു വിളിച്ചു നിൻ

അമ്മിഞ്ഞ പാലും നുണഞ്ഞും

നിൻ അരികിൽ കിടന്നു താരാട്ടുപാട്ട്

കേട്ടുറങ്ങാൻ ഞാൻ ഏറെ കൊതിച്ചു...  


നിൻ കൈവിരൽ തുമ്പു പിടിച്ചു

ഈ ലോകം മുഴുവൻ കൺകുളിർക്കെ 

കണ്ടു രസിച്ചു ഒരു പൂമ്പാറ്റയെ പോലെ പറന്നീടാൻ ഞാൻ ഏറെ കൊതിച്ച മ്മേ ...!


എന്തിനു അമ്മേ നിൻ ഉദരത്തിൽ വെച്ചു എന്നെ നുള്ളിയെറിഞ്ഞു.

അമ്മേ എൻ മുഖമൊന്നു കാണും മുമ്പേ, നിൻ മുഖവും കാണും മുമ്പേ എന്തിനു എന്നെ നുള്ളികളഞ്ഞു .


നിൻ ഉദരത്തിൽ ആദ്യം പിറന്ന മുത്തല്ലേ   ഞാൻ

എൻ രൂപമൊന്നു കാണാനോ  എൻ കളിചിരി ഒന്നു കേൾക്കാനോ

എന്തേ  അമ്മേ നീ കൊതിച്ചീല .


തലോടേണ്ട കൈകളാൽ

എന്തേ അമ്മേ എന്നെ നിഗ്രഹിച്ചത്

ഞാനും ഈ ലോകം കാണേണ്ട കുഞ്ഞായിരുന്നല്ലേ .


ദിവ്യമാം പ്രേമത്താൽ അനുരാഗ ബദ്ധരായി അതിർവരമ്പുകൾ ലംഘിച്ചു

ഉദരത്തിൽ എൻ ജീവന്റെ വിത്തുപാകീ ....

പിന്നെ ജാതി - മത , സമ്പത്തിൻ പേരു ചൊല്ലി ബന്ധുക്കൾ കലഹിച്ചു

ഒടുവിൽ എന്നെ ആതുരാലയത്തിൽ വെച്ച് വിലപേശി ഒരു തുള്ളി മരുന്നിനാൽ എന്നെ നുള്ളികളഞ്ഞീല്ലമ്മേ...

ഞാൻ മൂകനോ, ബധിരനോ, മുടന്തനോ ആരായിരുന്നാലും

ഈ ലോകം കാണാൻ എനിക്കും കൊതിയുണ്ടായിരുന്നമ്മേ.

ഭൂമിയിൽ ചവിട്ടി കളിച്ചും ചിരിച്ചും

സുഖദു:ഖങ്ങൾ പങ്ക് വെച്ചും നാളെയുടെ വാഗ്ദാനമായി മാറാൻ എനിക്കും ആഗ്രഹം ഉണ്ടായിരുന്നമ്മേ.


ജനിച്ചാൽ അനാഥാലയത്തിൽ തള്ളുന്നു എന്നെ

എന്നിട്ട് അമ്മയും അച്ഛനും വേർപിരിഞ്ഞും, ഒന്നിച്ചും ജീവിക്കുന്നു.

എനിയ്ക്കൊരു ഓമന പേരും അനാഥ കുഞ്ഞ്

ഞാനും അമ്മയ്ക്കും അച്ഛനും പൊന്നോമന കുഞ്ഞല്ലയോ അമ്മേ ....


അരുതേ ... അമ്മേ ... അരുതേ

എന്നെ ഇനിയും ഉദരത്തിൽ വെച്ചു നുള്ളികളയരുതേ....

അരുതേ ... അമ്മേ ... അരുതേ 

എന്നെ ഇനിയും അനാഥാലയത്തിൽ തള്ളി കളയരുതേ ...

               അമ്മേ ... 


............................


ഗോപാലകൃഷ്ണൻ.ജി

കൊച്ചു കൃഷ്ണാലയം

മേലത്തറ

കടുവിനാൽ .പി.ഒ

വള്ളികുന്നം

മാവേലിക്കര

ആലപ്പുഴ പിൻ : 690501


മൊ: നം : 8606295615

ജെന്നിഫർ എന്റെ പ്രണയം

ജെന്നിഫർ

എന്റെ  പ്രണയം

..................................



ലോകം തുറന്ന് തന്നെ കിടക്കുന്നു

ഞാനെന്റെ മുറിയിൽ

അടച്ചിരിക്കുന്നു


ആശങ്കകളോടെ ഭീതിദമായ

കൊറോണ പടരുന്നു

ജെന്നിഫർ,

നീ നിന്റെ രാജ്യത്തിൽ

വിശ്വാസം അർപ്പിച്ചിരിക്കുന്നു

രോഗികളെ സ്നേഹത്തോടെ

പരിചരിക്കുന്നു



അങ്ങ് ദൂരെയുള്ള താരങ്ങൾ പോലും

എന്തോ ഓർത്ത്

 ആകുലപ്പെടുന്നത്

ഈ  ജനലഴികളിലൂടെ

ഞാൻ കാണുന്നു


ഏതോ  മേഘങ്ങൾ നമ്മെ  മറച്ചിരിക്കുന്നെങ്കിലും

ചേതനയറ്റവരെ നോക്കി നീ കരയുന്നതും ഞാൻ കാണുന്നു



ഞാനും ഖിന്നനാകുന്നു

മനുഷ്യൻ  മനുഷ്യനിൽ നിന്നും ഓടിയകലുന്ന ഒരുകാലത്തല്ലോ

നാമും  ജീവിച്ചിരിക്കുന്നു


എങ്കിലും അറിയുന്നു

നമ്മുടെ ഹൃദയങ്ങൾ

മണ്ണടരുകളിലൂടെ

പുണർന്ന്നിൽക്കുന്ന

വേരുകൾ പോലെ

ഒരൊറ്റ സ്നേഹമായ്

ഇപ്പോഴും വളർന്ന് നിൽക്കുന്നു


നിശ്ചലമായിപ്പോയ  നിന്റെ രാജ്യത്തിലെ

മനുഷ്യജഡങ്ങളിൽ

ഉറച്ച്പോയ 

നിന്റെ കരുണയിൽ നിന്നുമൊരൽപ്പവും


അവശേഷിക്കുന്നവരുടെ ജീവിതങ്ങളിൽ 

നീ ചേർത്തുവെച്ച 

നിന്റെ കണ്ണുകളുടെ കരുതലിനൊരംശവും

നിന്റെ പ്രണയം

എനിക്കിതാ  സമ്മാനിച്ചിരിക്കുന്നു


പക്ഷികൾ ചിറകടിക്കുന്ന സംഗീതം ഞാനിപ്പോൾ വൃക്തമായ് കേൾക്കുന്നു

കാറ്റിന്റെ വികൃതികൾ കൃത്യമായ് അറിയുന്നു

ഈ ലോകത്തിലെ

ഒറ്റപ്പെട്ട്പോയ 

മനുഷ്യർക്ക്  വേണ്ടി  പ്രതീക്ഷകൾ  പൂക്കുന്ന കവിതകൾ  ഞാൻ

തിരയുന്നു.


ജെന്നിഫർ,

ഈ ലോകം ഒന്ന് ചിരിച്ച്കണ്ടെങ്കിൽ !

നീ തിരിച്ച് വരുന്ന കാഴ്ചയിൽ

എന്റെ മനസ്സൊന്ന് ലയിച്ചെങ്കിൽ

അത് വരെ എന്റെ ജീവനും

എന്നെ പിരിയാതിരുന്നെങ്കിൽ 


ദൈവമേ നീ കാഴ്ചകളാണെങ്കിൽ

എന്റെ വാക്കുകൾ കാണുവാൻ

നിനക്ക് കണ്ണുകൾ ഉണ്ടെന്ന് ഞാൻ

സമാശ്വസിക്കട്ടെ.


റെജില ഷെറിൻ

കല്ലൂപറമ്പിൽ

ഇരിഞ്ഞാലക്കുട നോർത്ത്

തൃശ്ശൂർ

2021, ഏപ്രി 29

അപ്പൂപ്പൻതാടികൾ

 കവിത : *അപ്പൂപ്പൻതാടികൾ*

രചന: ഉഷാമുരുകൻ

**********************

നിനയാത്തനേരമെൻസുന്ദരസങ്കല്പ-

നിറനീലവാനിന്റെയങ്കണത്തിൽ

ഒരുവേനലവധിതൻസുഖമെഴുമോർമ്മയിൽ

ഒരുവേളഞാനുംമുഴുകിനില്ക്കേ

ആയിരംമോഹങ്ങളുള്ളിൽനിറയുമീ-

യഴകോലുമപ്പൂപ്പൻതാടിപോലെ

ഒാർമ്മകൾപൂത്തവസന്തങ്ങളിൽനിങ്ങ-

ളോമൽകിനാക്കളായ്പാറിവന്നൂ

ഒരുവാസരത്തിന്റെതൂവെണ്മയാകെയും

ഒട്ടൊതുങ്ങുംനിൻപട്ടുമേനിയിങ്കൽ

ഋതുമതിയായവസന്തംതുടിച്ചൂ

ഋതുകന്യകൾചിരി മണിയുതിർത്തൂ

കാലങ്ങളറിയാതെകളങ്കമറിയാതെ

ആത്മാവിലലിയുംനിഗൂഢതന്ത്രം

ഉച്ചമയക്കത്തിനെല്ലാരുംപോയപ്പോൾ

പിച്ചവച്ചന്നു നടന്നുഞാനും

മുറ്റത്തെമാങ്കൊമ്പിൽഞാന്നുകിടക്കുമാ-

പുല്ലാനിച്ചില്ലയിലൂർന്നനേരം

കണ്ണിമാങ്ങാച്ചുനമണമുള്ളകാറ്റിന്റെ 

കൈകളിൽകളിയാടി നീയണഞ്ഞൂ

വശ്യമായെന്നിളംകവിളിൽതലോടിയ

വർണ്ണമയൂഖങ്ങൾനിങ്ങളല്ലേ 

ഇടനെഞ്ചിലെവിടെയോകൂടുകെട്ടീ-

യെന്റെയിടനെഞ്ചിൻഭാരംപകുത്തെടുത്തു

ഒരുമരക്കൊമ്പത്തുചേർന്നിരുന്നുചേലി-

ലൊരുചെറുകാറ്റിലാലോലമാടി

പിന്നെയുംപിന്നെയുംകഥകൾചൊല്ലി-

യെന്റെഹൃദയാഭിലാഷങ്ങളേറ്റിക്കൊണ്ടും

ആദ്യവസന്തത്തിലാദ്യമഴകളിൽ

ആ സ്വപ്നക്കൂടു തുറന്നുവന്നൂ

ആചെറുമാവിന്റെചോട്ടിലുംമുറ്റത്തും

പാതയോരത്തുംപറമ്പിലുംമാത്രമോ

കാടിനുമക്കാണുംപുഴകൾക്കുംമേലേനീ

കവിതകൾചൊല്ലിപ്പറക്കാറില്ലേ

കമനീയകൗമാര സുന്ദരസ്വപ്നങ്ങൾ - 

ക്കേഴഴകുംനിങ്ങളേകിയില്ലേ

ഇനിയുംപറക്കട്ടെഞാനെൻഗൃഹാതുര

ചിന്തയാൽമോഹക്കടൽകടന്നും

അകലേയ്ക്കുനീപറന്നകലുമ്പോളറിയാതെ

അലിവാർന്നൊരെന്നുള്ളമാർദ്രമാകും

ഒരുവേളകൂടിയെന്നരികിൽനീവന്നെങ്കിൽ

ബാല്യത്തിലേയ്ക്കു തിരിച്ചുപോകും

ഞാനെന്റെബാല്യത്തിലേയ്ക്കുതിരിച്ചുപോകും

----------------------------------------

ഭ്രാന്തിന്റെ കുത്തും കോമയും ഇല്ലാത്ത കഥ

 ഭ്രാന്തിന്റെ കുത്തും കോമയും ഇല്ലാത്ത കഥ


അട്ടപ്പാടിയിൽ നൂറ്റാണ്ടുകൾ ഇരുട്ടായിരുന്നു നൂറ്റാണ്ടുകൾ പഴക്കമുള്ള ഇരുട്ട് അട്ടപ്പാടിയിൽ കെട്ടിക്കിടന്നു

ഒരിക്കൽ പെട്ടെന്ന് അവിടെ മഴ പെയ്തു

ഇരുളിൽ ഇലമൂടിക്കിടന്ന മാറാല വിത്തുകൾ ഒക്കെയും മുള പൊട്ടി ചിലത് മരങ്ങളായി ചിലത് ചെറിയ ചെടികളായി ഇളകളൊക്കെയും പല നിറങ്ങളിൽ കാണപ്പെട്ടു അങ്ങനെ അട്ടപ്പാടി നിറങ്ങളുടെ ലോകമായി

അതേ ഇത് നിറങ്ങളുടെ ലോകം

ഇവിടെ നിറങ്ങളും പ്രകാശവും മാത്രം

പഴയ നിറങ്ങളിൽ പ്രകാശം പതിക്കുമ്പോൾ പുതിയ നിറങ്ങൾ ജനിക്കുന്നു

 മരിക്കുന്നു

വീണ്ടും ജനിക്കുന്നു

 ഇത്ര മാത്രം കൂടുതലായി ഇവിടെ ഒന്നും നടക്കുന്നില്ല

 ഞാൻ പറഞ്ഞു നിർത്തി

 അവർ ചിരിച്ചു

അവർ ഉറക്കെ കരഞ്ഞു

 അതി നിശ്ശബ്ദമായി ഒരു മസ്തിഷ്കം പൊട്ടിത്തെറിച്ചു


Sujin vp

Valiyaparambil house

Cherpulassery po

Palakkad

Ph :9744394077

മാറാ രോഗം

           

മാറാ രോഗം😷

...............................

ഒരു നവ പുലരൊളി പിറക്കുവാൻ ഒരുപോലെ

കാലവും ലോകവും അനുദിനം കൈകൂപ്പി 

കരുണാമയൻ തൻ്റെ കണ്ണ് തുറന്നൊന്ന്

കാണണം തൻ്റെ ഈ മണ്ണിൽ കൊറോണയെ

കളിയാടും ഓമന കൊച്ചു കിടാവിലും 

വിളയാടി മുന്നേറ്റം കുറിച്ചൊരു ദീനം

ഒരു നേരം ഉണ്ണാൻ കൊതിച്ചൊരു ജീവനെ 

മുഴു നേരം ഉണ്ണാൻ ജനിച്ചൊരു ദീനം

പൂക്കാലം എത്തുന്നതറിയാൻ കഴിഞ്ഞില്ല

പുളകം പുതയ്ക്കുന്നതറിയാൻ കഴിഞ്ഞില്ല

മൂക്കോളം മൂടുന്ന മുഖംമൂടി ഒന്നുണ്ട്

മുക്കാലും മൂടി നടക്കണമെന്നപോൽ

ഹസ്തവും മുത്തവും അകലം ചമഞ്ഞൂ

പുസ്തകം തുറന്നൊരു കാലം മറന്നു

നാട്ടിൻപുറങ്ങളിൽ ഓമൽ കിടാങ്ങൾ 

നാട്ടുമാവിൻ  തണൽച്ചില്ല മീതേ കളിക്കയായ്

പൂരത്തിമിർപ്പിൻ്റെ ആരവം കേട്ടില്ല

പൂരപ്പറമ്പിലിന്നാരുമേ വന്നില്ല

തൊട്ടും പിടിച്ചും നടന്നവർക്കൊട്ടും

തൊട്ടിടാൻ, അട്ടപോലോട്ടിടാൻ വയ്യ.

മാംഗല്യ മണ്ഡപം കൊതിക്കുന്ന വേളികൾ

മങ്ങുന്ന ദീപകം പോലെ കഴിഞ്ഞുപോയി

നാളേക്ക് നീട്ടിയതൊക്കെയും വീണ്ടും

നാളേക്ക് മാത്രമായി നീളുന്നു പിന്നെയും


അന്നന്നു ചോര പിഴിഞ്ഞുള്ളോരപ്പം

അന്നമായി വിളമ്പുന്ന പാവങ്ങളെല്ലാരും 

ആശ്രയം തേടുന്നു ഭീതിയിൽ ഇന്നും

അടുപ്പത്ത് കഞ്ഞിക്കലം കേണു നിറയുവാൻ

അടുക്കലോ കണ്ണീർ കുടം തന്നെ നിറവിൽ

അരിയില്ലാ വീട്ടിലെ വയറിന് വേദന ,

ആരാരുമറിയാതെ ഉരുകുന്നു ചേതന,

ആരിലും അലിവോടെ നീളുന്നു പ്രാർത്ഥന.

തിരികെ മടങ്ങി തൻ മണ്ണിൽ ചവിട്ടുവാൻ

അകലെ പ്രവാസികളാകെ കൊതിക്കുന്ന

നേരം കടം തന്ന ദീനം കൊറോണയോ?

ഇരു തലം തേച്ചുരച്ചുകൊണ്ടാകുമോ

ഇനിയും കൊറോണയെ കൊന്നൊടുക്കാൻ?

ഇനിയെന്തൊരത്ഭുത പിറവി ഈ ഭൂവിൽ

ഇംബം മുളയ്ക്കാൻ  ഇവിടെ വിതയ്ക്കണം?

ഇല പോലെ കൊഴിയാൻ കൊറോണയും പഴുക്കാൻ

ഇനിയെന്ന് വരുമൊരു നേരം ഈ ജന്മം?

എന്തിനോ തിളയ്ക്കുന്ന തിരിനാളം അത്

എന്തിനോ ഉദിക്കുന്നു പിന്നെയും പിന്നെയും

വരുവാനിരിക്കുന്ന സുദിനം തിളക്കുവാൻ

അകലെ ചുവപ്പിൻ്റെ തിരിതുമ്പ് മിനുക്കുന്ന

കതിരോൻ ഉറങ്ങാതെ കാക്കുന്നു മറവിൽ

ഒരു നവ പുലരൊളി പിറക്കുവാനാശിക്കാം

ഒരു നന്മ പൂവിടും കാലം പ്രതീക്ഷിക്കാം🙏🏻

                  

               JITHIN NELLIKODE ✍🏻

പേക്കോ ലങ്ങൾ


പേക്കോലങ്ങൾ

.............................

ശിവൻ തലപ്പുലത്ത്‌

..............................

അലമാരയിൽ നട്ടെല്ലിനെ അലക്കി തേച്ചു

മിനുക്കി വച്ചു

എല്ലാ വാക്കുകളും

തുരുമ്പെടുത്തു

പേനക്ക് പേടി

പറ്റാതി രിക്കാൻ

ഏലസ്സ് കെട്ടി

കക്ഷത്തിൽ എല്ലാം

തിരുകികയറ്റി

വെളുക്കെ ഒരുചിരി

ചിരിച്ചു

ഒറ്റ നടപ്പ്

കാൽച്ചുവട്ടിൽ

ചതഞ്ഞമ രുന്ന

വാക്കുകളക്ഷരങ്ങൾ

പുറകെ തലോടി

വീരവാദങ്ങൾ പറഞ്ഞു

ഉമ്മ വാക്കുന്ന

പേക്കോ ലങ്ങൾ

ആദർശങ്ങൾ


2021, ഏപ്രി 25

മനസ്സ്

 മനസ്സ്.


        കണ്ണിനം കണ്ണായ് വിളങ്ങുന്ന സത്യമേ

 കനക മഴ പൊഴിവതാം കഴിവിന്നൊ-രുറവയേ

 കേട്ടു സുഖ പരിചനാം നിന്നിലെ യുൺമയെ കാൺമതിൽ ഞാനിന്നു ഹൃദ്യനാം ലോകമേ


 പത്തുപന്തീരാണ്ടു വർഷം കൊഴിഞ്ഞതും 

തെറ്റിലൂടേ റെനടന്നൂ കിതപ്പതും 

സത്യത്തിൽ നിന്നെ ഞാൻ കാൺമാൻ തുനിച്ചിട്ടു നഷ്ട്ടങ്ങളേറെയായ് കെട്ടഴിഞ്ഞീവിധം 

പ്രിയതമയായ് കൂട്ടിന്നു കൂടെയെന്നോതിയോർ ഒഴികഴിവു ചൊന്നു പിരിഞ്ഞു പോയകലേ ദൂരെയേതോ നൽ ചില്ല മേലേവരും കൂടണഞ്ഞെന്നിലേക്കോർമ്മകൾ ബാക്കിയായ്    കഥ ചൊന്നു കരയിച്ച വിരഹമല്ലോ മലേ  

കരളിൽ തറിച്ചെൻ്റ പ്രണയമാണോമലേ 

കരൾ നുറുങ്ങീടുന്ന കഥനം പങ്കിടാൻ കനലു പോലുള്ളോരു വാക്കുമില്ലോമലേ

ഒറ്റയാനായുള്ള യാത്രയാണെൻ്റെയീ  അറ്റമെന്തറിയാത്ത ജീവിതപ്പാതയിൽ 

തറ്റു പോയുള്ളോരുമാനസമിന്നൊരു 

വ്യർത്ഥമാം ലോകത്തെ വീക്ഷിച്ചൊരേകനായ്


 നിന്നിടം തേടീയ ലഞ്ഞോരു യാത്രയിൽ ദുരിതങ്ങളുരുവിട്ടു പരിണമിച്ചീവിധം      

കാലം കരം മേൽ പകർന്ന പ്രതീക്ഷ മേൽ 

വഴി പിഴച്ചാലും തുണച്ചിന്നു ജീവിതം 

സത്യമായ് ത്തീർത്ത നിന്നാഗമനത്തിലി- 

ന്നുത്തരം മുട്ടി ഞാൻ സതബ്ധനായ്ത്തീർന്നിദം


മധുരസ്വപ്നം ശയിക്കുന്ന മായാ കദംബമേ ചേതോഗതം പൂത്തുലഞ്ഞിടും ചിത്തമേ 

മാധവൻ നൽകിയൊരു മായാജാലകം 

മാനസമെന്നു പേരോതുമീ ലോകം


 കാണാൻ കഴിഞ്ഞവനു കൽ കണ്ട നാമ്പും കാൺമാതെപ്പോന്നോർക്കു കാഞ്ഞിരം പോലുമേ ജീവിതമീ വിധം നൽകാൻ കരുത്തുള്ള പാനപാത്രത്തിലെ പീയുഷ മേ


നിന്നെയും തേടിയലഞ്ഞ കാലാന്തരം തിണ്ണകളേറെയായ് കേറി റങ്ങി

അന്ധമാമെന്നിലെ നിന്നവ- ബോധത്തെ 

സാദൂകം ചൂഷണം ചെയ്തവറേറെയും ,,,

ആൾദൈവമാൾ രൂപമായുധമാക്കിയോര - ന്ധവിശ്വാസത്തിൽ മൂടിപ്പുതപ്പിച്ചു 

ഏറെ നാളുമ്മറ തിണ്ണ മേൽ തെണ്ടിയും 

നിന്നെയും തേടിഭജിച്ചിരിപ്പന്നു ഞാൻ


രോഗിയെ തിന്നാൻ തുറന്നിട്ട ബോർഡുമായ് കാത്തിരിക്കുന്നോ- രനാരോഗ്യ പാലകർ 

സേവനം വിറ്റൂ മരവിച്ച കൈകളിൽ 

ചേതനയറ്റൂ മരിച്ചു കിടന്നു ഞാൻ


ഇരുളൂർന്നുവീഴുന്ന രാത്രി തൻ മാറി ലൊ -

 ടുങ്ങാൻ കിടന്നോണ്ടുറക്കെ കരഞ്ഞും നിസ്സഹായത്തിൻ നിവൃത്തികേടോർത്തു ഞാൻ നിർദ്ധയം നിൽപ്പൂ നിരാലംബ പാത്രനായ്

 അന്നൊരു രാത്രി ഞാൻ കണ്ണാടി നോക്കവേ കണ്ണടച്ചോണ്ട- ങ്ങുറക്കെ കരഞ്ഞും വിരൂപനായ്ത്തീർന്ന ശരീരം ചുമക്കുന്ന -രൂപിയാമെന്നിലെ അവധൂ തനെകാൺമിൽ


 ഋതുഭേദം മാറി ഞാൻ പുറമേ പുഞ്ചിരിച്ച-

ലയടിച്ചെത്തിയെന്നുയിരിന്നു കൂട്ടായി 

സഹൃദ നായ-രികത്തിരുന്നോണ്ടു നാൾക്കുനാൾ നിപുണനായ് മറുമരുന്നരുൾചെയ്തു ഭാനുമാർ


 വിറയാർന്ന ചുണ്ടിലെൻ മുറിവേറ്റ നോവുകൾ 

നിനയാതെ -യാദ്യം തലോടിയാ - കൈകൾ മേല - വസാന ശ്വാസം നിലയ്ക്കുന്ന നാളെ - 

ന്നകക്കാമ്പിലുണ്ടൊരു പുകൾപെറ്റിടം


 ഇത്ര മേലെന്തേ പറഞ്ഞതെന്നോർക്കുക ചിത്തത്തിനുള്ളിലെ - യുത്തുംഗ ശൃംഖങ്ങളർത്ഥവത്തായി പഠിച്ചിടേണേ വരു-മനർത്തങ്ങളില്ലാതുയർന്നു വാണീടുവാൻ


 ആവർത്തനത്തിന്നൊരവസരം തീണ്ടാത്തൊ- രവിചാര നടനമല്ലീ ജീവിതം ?? 

ദ ദ്വങ്ങളാമേതു നൻമയും തിൻമയും 

തണ്ടിലേറ്റുന്ന മഹാമാരു തന്നു പേർ  

മനസെന്നു മാത്രം പറഞ്ഞു നിർത്തീടുന്നു


 പരിശുദ്ധ ഗ്രന്ഥങ്ങളേവതും ചൊല്ലുന്നു മനസ്സിനുമേൽ നീ - അതീതനാ യു യരുവാൻ ഇതിഹാസപുരുഷൻമാരേ വരുമുയർത്തുന്നു മനസ്സിന്നു മേൽ നീ അതീതനായ് വളരുവാൻ


 കഷ്ട്ടമിതിങ്ങനെ കേട്ടു വളർന്നിട്ടും സപഷ്ട്ടമായൊട്ടും തിരിച്ചറിഞ്ഞീടാതെ

 ഇഷ്ട്ടമാം ജീവൻ ബലീ കൊടുത്തോണ്ടിന്നു ലക്ഷങ്ങളുണ്ടും ഉറങ്ങിടുന്നിവിടം


22 - March - 2021

Shami Kannur

9986932294

2021, ജനു 31

ശരിയുടെ ലോകം

 



ശരിയുടെ ലോകം


(മാത്യു പണിക്കർ  

Whatsapp: 73562 59468)


അടിച്ചമർത്തപ്പെട്ടവരുടെ അട്ടഹാസമാണ് താനെന്നു മൗനം അഹങ്കരിക്കുന്നു

കണ്ണുനീർ അത് സമ്മതിക്കുന്നു


പുറകോട്ടു പായുന്നവർ മുമ്പോട്ട് ഇഴയുന്നവർക്കായി

ചരമഗീതം രചിക്കുന്നു


കണ്ണിൽ നിന്ന് വിയർപ്പു

നെറ്റിയിൽ നിപതിക്കുന്നു

നാവു പല്ലുകളെ കടിക്കുകയും വിരട്ടിയകററുകയും ചെയ്യുന്നു


ഭ്രാന്തില്ലെന്ന് വിളിച്ചു കൂവി കൂവി മരിക്കുന്നവർ

പുഴുക്കളായി സ്വതന്ത്രരാകുന്നു


പായുന്ന പാവം വണ്ടിയിൽ ഒരു വഴിയോരശില

മനപൂർവ്വം പോയി ഇടിക്കയും

തെറ്റ് സ്വയം സമ്മതിക്കയും

ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു


നിലാവിൽ കത്തിയുടെ കൊടും തിളക്കത്തിൽ

ഉറക്കം വരാത്ത കിടാവുകൾ

അറവുകാരനോട്ഉറക്ക് പാട്ടിനായി

കെഞ്ചുകയും കൊഞ്ചുകയും ചെയ്യുന്നു


തുറന്ന കണ്ണുള്ളവർക്ക് മാത്രമായി ഇരുട്ട്

കണ്ണടച്ചവർക്കായോ

വെളിച്ചത്തിന്റെ മഹാപ്രപഞ്ചം തുറക്കപ്പെടുന്നു

മരം പെയ്യുമ്പോൾ

 മരം പെയ്യുമ്പോൾ


മരം പെയ്യുമ്പോലെ ആകണം നീയെനിക്ക്

ആർത്തലച്ചു പെയ്യുന്ന മഴയിൽ നീയെനിക്ക് മരമായ് കുടപിടിക്കണം . 

നിന്റെ ചില്ലകളിൽ കുട ചൂടി, കോരിച്ചൊരിയുന്ന മഴയെ എന്റെ ഹൃദയത്തിൽ ഏറ്റ് വാങ്ങണം .

ശരീരം നനയാതെ തണുത്തുറഞ്ഞ ശീതക്കാറ്റിൽ എന്റെ കവിൾത്തടം നനയണം , ഹൃദയം കുളിരണം .

പെയ്തിറങ്ങുന്ന ഓരോ തുള്ളിയുടേയും ഗന്ധവും കുളിർമ്മയും നിന്റെ തണലിൽ ഞാനറിയണം . 

ഇറ്റുവീഴുന്ന വിയർപ്പുകണത്തിലും ,മഴത്തുള്ളിയുടെ മാർദവം എനിക്കറിയണം

 മഴ തുള്ളിമുറിയുമ്പോൾ നീ ആർത്തലച്ചന്നിൽ പെയ്തു തുടങ്ങണം 

"മരം പെയ്യുമ്പോലെ ആകണം നീയെനിക്ക് "

നിന്റെ തണലിൽ മഴ കണ്ട എന്നെ - ഞാനറിയാതെ നനയ്ക്കണം , മരം പെയ്തു നീയെന്നെ ഉറക്കണം.

മഴയിലും സുന്ദരമാണ് , നീയെന്ന മരം ചെയ്യുമ്പോൾ - ശബ്ദമില്ല , ആഞ്ഞടിക്കുന്ന കാറ്റില്ല 

നിശബ്ദതയിൽ പതിഞ്ഞ സ്വരം മാത്രം

അടർന്നു വീഴുന്ന ഓരോ തുള്ളിയിലും ആർത്തലച്ചു പെയ്ത മഴയിൽ ഉള്ളതിനേക്കാൾ തണുപ്പും ലാളനയും

നിന്റെ  ശിഖരത്തിൽ നിന്നടർന്നു വീഴുന്ന മഴത്തുള്ളികളെല്ലാം എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങട്ടെ . അവയെല്ലാം എന്റെ ഓർമ്മകളിൽ വേരോടട്ടെ 

എന്റെ ഹൃദയമിടിപ്പിന്റെ വേഗതയിൽ നീ ഒരു പുഴയാകട്ടെ


                                    നിഥിൻമേലൂട്ട്

കുഞ്ഞേ മടങ്ങുക

 കുഞ്ഞേ മടങ്ങുക !


(പ്രവീണ.വി.ജി.)


വരളുന്ന ചൊടികളാൽ

തളരുന്ന മിഴികളാൽ

ആരേ തേടുന്നു നീയോമന

                           പൈതലേ ?

നിന്നോമന മേനിയിൽ

മൃദുവായ് തഴുകിടാൻ

കഠിനമാ ഹൃദയം

മടിച്ചു നിന്നോ?

നീയെന്ന നിധിയെ

ചുമന്നൊരാ ജനനിയിൽ

ഒരു കണിക പോലും

മൃദുത്വമില്ലേ ?


കുഞ്ഞേ മടങ്ങുക !


കപടമീ ലോകത്തിൽ

ഒരു മാത്ര നീയിനി

      വാണിടേണ്ട

ഒഴുകുമീ അശ്രു കണങ്ങളാൽ

നിൻ മൃദുപാദങ്ങളിൽ 

ഞങ്ങളർപ്പിക്കുന്നീ

അർച്ചനാ പുഷ്പങ്ങൾ......

മനസ്സ്


മനസ്സ് 

രചന :സുജാത ശ്രീകുമാർ 


ജ്ഞാനപ്രപഞ്ചം അനശ്വര 

മാനന്ദ  വീഥി. 

ഇന്ദ്രിയനിഗ്രഹം ചെയ്യും ശക്തി  ആത്മശക്തി. 

അഹന്തയാം വിപരീത ശക്തി കൊല്ലുന്നു ചരാ-

ചരസങ്കുലത്തെ ക്ഷണ -

മാത്രയിങ്കൽ. 

മനസ്സൊരു  മഹാസാഗരമീ  

നന്മ, തിന്മ, ആസക്തികളെല്ലാമടിയു-

ന്നീ സാഗരസാനുവിങ്കൽ. 

ചിന്തകളാം ചെറു തോണി-

യേറിമറിയുന്നീ മാനസ്സ

സാഗരത്തിൽ.

മഹാമേരുപോൽ വളരുന്നാശകളിതിൻ തീര ഭൂവിൽ. 

ആശ തന്നലകൾ  വളരുന്നു, തളരുന്നു, കൊഴിയുന്നു, കൊല്ലുന്നു, വെല്ലുന്നു  പിന്നെയും  

പിന്നെയും യാത്ര തുടരുന്നു. 

                  22/12/2020



തല തിരിഞ്ഞ  ലോകം 

-----------------------------------

രചന :സുജാത  ശ്രീകുമാർ

 

കാലമെങ്ങു  കുതിച്ചു പാഞ്ഞീടുന്നു !

കാരണം തേടി ഞാന-

ലഞ്ഞീടുന്നു !

കാലം തെറ്റി ഋതുക്കൾ 

പാഞ്ഞീടവേ !

കാതരയാമീയേഴയെകണ്ടില്ലേ? !.

കണ്ണിമാങ്ങകൾ കണ്ടില്ലൊരേടത്തും, 

കശ്മലന്മാർ  നിറയുന്നു ഭൂവിതിൽ !

കണ്മണികളെമൊ- ട്ടായിരിക്കുമ്പോൾ 

കശക്കിടുന്നിതാ കശ്മലക്കൂട്ടങ്ങൾ !

കാനനത്തെക്കാൾ കഷ്ടമായീടുന്നോ? !

കാട്ടു ജീവികൾ  മെച്ചമായ് തീരുന്നോ? !.

കുഞ്ഞു ജീവിതം കെട്ടു  പോയീടല്ലേ !

കുഞ്ഞു കൈയ്യിൽ %മുറുകെ പിടിക്കണേ !

കാരുണ്യത്തോടെ കാത്തു 

രക്ഷിക്കണേ !

കാലിടറാതെ കൈ 

പിടിച്ചീടണേ !

കാതരയാമീയേഴയെ

കാക്കണേ !

കാത്തിരിക്കുന്നു കാരുണ്യ

മേകണേ!

കാണ്മതില്ല  കറയറ്റസൗഹൃദം !

കാണ്മതില്ല വിഷമറ്റ  കൊറ്റുകൾ !

കാണ്മാതില്ല സത്യധർമ്മാ- തികൾ !

കാണ്മതോ വെറും തല -തിരിഞ്ഞോരു  ലോകത്തെ !



2021, ജനു 6

പേരിടാത്ത കവിത

 പേരിടാത്ത കവിത

•••••••••••••••••••••••••••


വെറുതെ ഞാനെഴുന്ന കവിതകൾ

എൻ മനം എന്തോ മന്ത്രിക്കുന്നു....

ഈ രാവിലും ഉച്ചത്തെ വെയിലിൻ്റെ ചൂടിലും 

ഞാൻ ചൊല്ലുന്നതെന്തോ ആർക്കറിയാം...

ഒന്നും പ്രതീക്ഷിക്കാത്ത ജീവിതം.

അതിനുള്ളിൽ 

സ്നേഹമുണ്ടെന്ന രണ്ടാത്മാക്കളായിരുന്നു...

എല്ലാം നിശ്ചലമായ് ജീവിതത്തിൻ്റെ ഏതോ കോണിൽ,

വിധിയുടെ നിഴലാട്ടം വീണ്ടും കണ്ടു...  

എല്ലാം ഓർമ്മയിൽ മാത്രം താലോലിച്ചു,

തനിക്കുണ്ടായ കുഞ്ഞിനെ പോലും ഉപേക്ഷിക്കേണ്ട കർമ്മം

എന്നോടെന്തിന് ഈ ചതി ചെയ്തു ദൈവമേ....

ഒരാളെയും ഞാൻ വഞ്ചിതനാക്കിയവനല്ലാ...

ഒരാളിയും പാപത്തിൻ്റെ കർമ്മം ഏതെന്നറിയാത്തവൻ...

ഏത് നദിയിലും പാരമ്പര്യൻ്റെ കർമ്മ സിന്ധി തീരയില്ലാത്തവൻ...

മുജ്ജന്മം ചെയ്ത കർമത്തിൻ്റെ അവകാശം  തോണ്ടി ഞാൻ 

എല്ലാം വരായ്കകളും കാറ്റിൽ പറത്തി ഞാൻ...

എന്നിട്ടും എല്ലാം മോഹിച്ച അപ്സരസ്സു തന്നെ 

രണ്ടു വഴികളിൽ നടന്നു പോയി....


മണികണ്ഠൻ സി നായർ,

തെക്കുംകര.

പുരുഷാന്തരം

പുരുഷാന്തരം
***************
കവിത
------------
കുറ്റീരി അസീസ് 
----------------------------
23.12.2020
------------------
ഇനിയുമൊത്തിരിയൊത്തിരി 
കാണാനും കേള്‍ക്കാനുമുണ്ട്
ഓണമിനിയുമിനിയും ഉണ്ണാനും
പടക്കം പൊട്ടിച്ചും പൂത്തിരി
കത്തിച്ചും വിഷു പര്‍വ്വം 
ആടി തിമര്‍ക്കാനായുണ്ട്.

ഷഷ്ടിപൂര്‍ത്തി കഴിഞ്ഞും
കടന്നു പോയാണ്ടുകള്‍
കൊല്ലം കണക്കെങ്കിലായിരം
പൂര്‍ണ്ണചന്ദ്രന്മാരെക്കാണാനു
ണ്ടകതാരില്‍ അടങ്ങാതെ തിരമാലപോല്‍ ദാഹം മോഹം.

ആദ്യമൊക്കെ തറവാട്ടില്‍
ഒന്നിച്ചൂണും ഉറക്കവും
കളിയും ചിരിയും മേളമായ്
അക്കാലമെന്നും അപ്പാടേ
ഉണ്ടാമെന്ന് കൊതിച്ച 
കാലം എങ്ങോ മറഞ്ഞു പോയ്.

കൂട്ടുകാരോടൊത്ത്
കളിയും വികൃതി കുസൃതിയോടെ
നാളും ഞാറ്റുവേലയും കഴിഞ്ഞത്
ഓര്‍ക്കുമ്പോള്‍ നെഞ്ചകം
പിളരുന്നു, കണ്ണ് നനയുന്നു.

കൗമാരം യൗവ്വനം മീശകുരുത്തതും
കുരുത്തക്കേടൊന്നൊന്നായ്
പുറത്തെടുത്തതോര്‍മ്മയില്‍
നാണമൊപ്പം അല്പം 
ഗമയും മിന്നിമറയുന്നു.

ഭാരമെല്ലാം തോളിലേറ്റി
രാപ്പകലോടി നടന്നതും പിന്നെ
ഗൃഹസ്ഥനായ് ഭാര്യ സമേതം  മക്കളൊന്നിച്ച് കഴിഞ്ഞ നാള്‍ മനതാരില്‍ നുരയുന്നു 
മധുരമനോജ്ഞമായ്.

കാലം പയ്യെപ്പയ്യെ നീങ്ങി ഞാനുമൊപ്പം, ഇന്നെത്തി നില്‍ക്കുവതെവിടെ,
സന്തുഷ്ടിയേറെ, വേണം
ഇനിയുമിനിയും പ്രഭാതങ്ങള്‍
നന്മ കാണാന്‍, അകം ആനന്ദത്താല്‍ കുളിര്‍ത്തിടാന്‍.
             ***************

2021, ജനു 3

നിത്യത

 നിത്യത

(പ്രവീണ.വി.ജി.)


അകന്നു പോകുന്നു

ശബ്ദകോലാഹലങ്ങൾ

അന്യമാകുന്നീ മിഥ്യാ

ലോകമെനിക്കിന്ന്


നിത്യസത്യം ഞാനറിയുന്നു

നിന്നിൽ ഞാൻ ലയിച്ചിടുന്നു

ഇവിടെ ഞാനുപേക്ഷിക്കുന്നിതെൻ

മോഹങ്ങൾ, മോഹഭംഗങ്ങൾ


അഗ്നിപരീക്ഷണങ്ങൾക്കിപ്പുറം

ഞാനറിയുന്നിതേ സത്യമെന്നത്

കടന്നു ഞാൻ കടമ്പകൾ പലതും

എത്തി നിൽക്കുന്നു നിൻ മുന്നിലും


ഖണ്ഡിച്ചിടുന്നു ഞാനെന്നെ

ചേർത്തു നിർത്തിടുന്ന

ബന്ധങ്ങൾ ബന്ധനങ്ങളെ

തളർത്താതിരിക്കട്ടീ

പിൻവിളികളെന്നെയും

2020, ഡിസം 9

ദീപസ്തംഭം

 ദീപസ്തംഭം

        പ്രവീണ.വി.ജി.


താരാട്ടു പാടാൻ

മറന്നതല്ലെന്നമ്മ-

യെൻ നെറുകിൽ

തലോടാൻ മടിച്ചതല്ല

          ഇടനെഞ്ചിൽ കനലുകൾ

          അഗ്നിയായ് എരിയുമ്പോൾ

           ഒരു വേള മൗനമായ് നിന്നതാവാം!


           അലതല്ലുമീ ജീവിതക്കടലിൽ

          ഞാനൊരു വേള

         സ്തബ്ധയായ് നിന്നിടുമ്പോൾ

          ഒരു നാളമായെന്റെ

           കൺമുന്നിൽ തെളിയുന്നു

             നീയെന്ന ജീവിതപാഠശ്ശാല

2020, ഡിസം 5

വോട്ടുത്സവം

വോട്ടുത്സവം
----------------------
(ഓട്ടംതുളളല്‍)
കവിത
കുറ്റീരി അസീസ് 
******************
അന്നൊരു നാളില്‍ വോട്ടിനുവേണ്ടി
പെട്ടികളങ്ങനെ
നിരനിരയായി.
ഞങ്ങടെ നാട്ടില്‍ 
സൈക്കിള്‍ ചിഹ്നം 
അതിനൊരു പെട്ടി
സൈക്കിള്‍ പെട്ടി.
സൈക്കിളിനെതിരായ്
കുരുവി ചിഹ്നം
അതിനൊരു പെട്ടി 
കുരുവിപ്പെട്ടി.
വാഗ്ദാനങ്ങള്‍ പലതും നല്കി
വോട്ടര്‍മാരെ പാട്ടിലതാക്കി
വോട്ടിന്റന്ന് സദ്യ വിളമ്പി
ഇലയുടെ എണ്ണം നോക്കി
നിരീച്ചു, 
അത്രയുമെണ്ണം
വോട്ടും ജയവും
വോട്ടുകളെണ്ണി നോക്കുമ്പോഴോ
സദ്യ കൊടുത്തവര്‍ തുന്നം പാടി
ജനാധിപത്യം വിജയിച്ചപ്പോള്‍ പണാധിപത്യം തോല്‍വിയറിഞ്ഞു.

ഇന്നോ കാലം മാറിപ്പോയി
ഇലക്ട്രോണിക്ക് ബാലറ്റായി
പണം കൊടുത്ത് വോട്ടുകള്‍ നേടാന്‍ ശ്രമങ്ങളിന്നും നടമാടുന്നു.

പ്രബുദ്ധരായ വോട്ടര്‍മാരെ
നിങ്ങളെ വാങ്ങാന്‍ വരുന്നവനവനൊരു
മാരീചനെന്ന് അറിയുക നിങ്ങള്‍
നാട്ടില്‍ വികസനം കൊണ്ടുവരാനും നാടിന്‍ നന്മ കാംക്ഷിക്കാനും
നമ്മളിലൊരുവനായ് ആരാരുണ്ടൊ അവര്‍ക്കാകട്ടെ
നമ്മുടെ വോട്ട്.

വോട്ടാണിന്ന് വോട്ടുത്സവം
പാഴാക്കരുതെ അമൂല്യ വോട്ട്.
ജയിച്ചിടട്ടെ ജനാധിപത്യം 
പുലര്‍ന്നിടട്ടെ സാഹോദര്യം.
04.12.2020.
       *****************

2020, നവം 29

ലഹരിയാണ് എനിക്ക് യാത്ര

 ലഹരിയാണ് എനിക്ക് യാത്ര 

---------------------------------------------

യാത്ര അതൊരു ലഹരിയാണെനിക്കെന്നും...

സ്വപ്നത്താൽ പണിതെടുത്ത പ്രണയത്തിന് വേരുകൾ തേടി...


മറ്റുചിലർക്കോ ആ വിരഹത്തിൻ വേദന മറക്കാൻ.....


ജീവിതത്തെ കൂട്ടിലാക്കാതെ പാറി പറന്നൊരു യാത്ര...

എന്തിനും ഏതിനും ഒരന്തവും ഇല്ലാത്ത യാത്രയാണെനിക്കിഷ്ടം...


നാടറിഞ്ഞു മേടറിഞ്ഞു കാനനത്തിലേക്കൊരു യാത്ര...

വനാന്ത്യ മദ്ധ്യേ ഒഴുകുന്ന പുഴകളെ തേടിയൊരു യാത്ര...


പല വേഷങ്ങൾ അടിതിമിർക്കുന്ന ഒരു പറ്റം മനുഷ്യരെ മനസ്സിലാക്കുന്ന യാത്ര....


എന്നിലെ എന്നെ തിരിച്ചറിയാൻ ആയി... കലങ്ങിയ മനസിനെ തട്ടിമാറ്റി മധുരം നുകരാൻ പാകമാക്കിയ ഒരു യാത്ര..                          


Aiswarya s nair

Mannar, alappuzha

അക്ഷരക്കൂട്ടിൽ

അക്ഷരക്കൂട്ടിൽ 
---------------------------

അക്ഷരകുട്ടിനുമപ്പുറത്തായിയൊരു ലോകമുണ്ടോ  പങ്കുവയ്ക്കാൻ..... 

എഴുത്തിന്റെ കയ്യൊപ്പുമായി കൂടെ ചിരിക്കാൻ നിറങ്ങളെ നിങ്ങൾക്കവുമല്ലോ.......
പങ്കിട്ടഎഴുത്തുകളോരോന്നും... 
ചാർത്തിയ വേറിട്ട കാഴ്ചകൾഓർക്കുകില്ലേ.... 

ആതമ്നിവൃതിയിൽ കുളിരേറ്റുനിൽക്കുന്ന  വാകമരമേ ആദ്യാനുഭൂതി  നിമിത്തമായി...... 

വാകമരത്തിന്റെ ചുവട്ടിലായിനിൽക്കുന്ന 
പൂച്ചകണ്ണുള്ളൊരു സുന്ദരി...  
ആരെയോ തേടുന്ന   നോട്ടത്തിനുള്ളിലും.....  

നീ അറിയാതെ  
താഴേക്കു വീണുപോയ ആകുറിപ്പിൽ നിന്റെ കയ്യൊപ്പു  പകർന്നനറുവെട്ടമുണ്ടായിരുന്നു......

Girija S Nair

മസാല ദോശ

 "മസാല ദോശ"

       (കവിത)

തനിക്ക് ആരും ഇല്ലെന്ന് സ്വയം ബോധ്യം വരുന്ന നേരം

എല്ലാറ്റിനും ജോർജുകുട്ടി വേണമപ്പോൾ

എന്നത് എല്ലാവർക്കും തന്നെയറിയാം

ആരും പോകാനില്ലാത്ത നേരത്ത് തന്നെ

ജോർജ് കുട്ടി പോക്കറ്റിലും പേഴ്സിലും വേണം


നല്ല ഹോട്ടലുകളിൽ കിട്ടുന്ന ദോശ

നെയ്യൊഴിച്ച് അരിമാവിൽ 

മസാലയിട്ട്

കഴിക്കാൻ എന്തൊരു മോഹം 

കാരുണ്യമായ ധർമ്മം കൊടുക്കുന്ന കാശ്

അത് ബാങ്കിൽ കിടന്നാൽ മസാലദോശ വരുമോ?


ദൈവം തന്നെ വെച്ച് പോയ കേടും 

തന്നെ നോക്കാൻ ഭാര്യയുമില്ല 

അതെന്നോ പോയ് കാലം കഴിഞ്ഞു

പുറത്തേക്ക് പോകുവാൻ വിധി തനിക്കില്ലല്ലല്ലോ


 അതിന് പറ്റാത്ത കാലമായ് ഭുമിയിൽ

എങ്കിലും ആരെങ്കിലും വരുന്നുണ്ടോയെന്ന്

ആരും തനിക്ക് സഹായിക്കാൻ ഇല്ലല്ലോ

എല്ലാം ദൈവത്തിൻ്റെ വിധിപ്പോലെ വന്നിടാം


പണം വേണമെങ്കിൽ കൊടുക്കുവാനിഷ്ടം 

എത്രയോ അങ്ങിനെ പോയി കഴിഞ്ഞൂ

വല്ല പിള്ളേരും സഹായിക്കാനെത്തും അതിന് എന്നും തനിക്ക് നഷ്ടം മാത്രം


കാര്യങ്ങളെല്ലാം അറിയുന്ന ആളുകൾ

അവരോട് പറഞ്ഞപ്പോൾ വയ്യ പാവം

സ്വന്തം കൈകൊണ്ട് ചെയ്യുന്ന കടമകൾ

ഈശ്വരൻ്റെ പുണ്യം കൂടെവേണം


മണികണ്ഠൻ സി നായർ

തെക്കുംകര.

2020, ഒക്ടോ 17

ആത്മഹത്യയ്ക്കും കൊലപാതകത്തിനുമിടയിൽ.

 *ആത്മഹത്യയ്ക്കും കൊലപാതകത്തിനുമിടയിൽ.* 

 __(ഒരു കോറന്റയിൻ കവിത)

പന്തളം അനിൽ__ 


ആത്മഹത്യയ്ക്കെനിക്കാവില്ല മുമ്പേ നീ

ആരുമറിയാതെ കൊന്നതല്ലേ,

എന്നെ നീ കീറിമുറിച്ചതല്ലേ,

എന്റെ വേദന കണ്ടു രസിച്ചതല്ലേ ....

മിഴിനീരു താഴേക്കു വീണു ചിതറേ നീ,

മൊഴികളിലമ്പുമായ് നിന്നതല്ലേ,

മഴനീരതെന്നു നീയോതിയില്ലേ,

മഴ തോരാതെ മാനം കരഞ്ഞതല്ലേ ......

നിണമുതിരുമെന്റെ ഹൃദയത്തെ നോക്കി നീ,

നിർനിമേഷയായ് ചൊന്നതില്ലേ,

 വെറിപൂണ്ട് മണ്ണിലെറിഞ്ഞതല്ലേ,

വെറും ചെമ്പരത്തിപ്പൂവെന്നോതിയില്ലേ,

എന്നോ കവർന്നൊരെന്നുള്ളത്തെയിന്നു നീ

എങ്ങോ വലിച്ചെറിഞ്ഞോടിയില്ലേ,

എന്നെ തനിച്ചാക്കി പോയതല്ലേ ,

എന്നിലൊരുപാട് നോവായ് പടർന്നതല്ലേ,

ഒടുവിലീ പടിയിറങ്ങിടുന്ന നേരം നീ

ഒരു മാത്രമെല്ലെ ചിരിച്ചുവല്ലേ,

ഒരുപാട് കള്ളം പറഞ്ഞുവല്ലേ,

മുന്നിലൊരു കടം കഥയായി മാറിയില്ലേ .....

മരണം

 മരണം


മരണമെത്തുന്ന

നേരത്ത് മർത്ത്യാ ......

നീ കരയുവതെന്തിന്

കഷ്ടം.....


ജീവിത വ്യഥകൾ

തെളിഞ്ഞു നിന്നിൽ....

കണ്ണീർ പാടം

നിറഞ്ഞൊഴുകി....


ഒരു തുള്ളി വെള്ളം

പകർന്നു കൊടുക്കാതെ,

കാട്ടിയ ക്രൂരത

ഓർത്തീടുവിൻ.....


ഏറിയ കാലമായ്

ചെയ്തു വരുന്നതോ,

എണ്ണിയാൽ തീരാത്ത

പാപമെന്നറിയു  നീ.....


പാപങ്ങൾ കഴുകി നീ

മോക്ഷത്തിനായിനി

കാലം കളയാതെ

കാത്തിരിക്കൂ....


മർത്ത്യാ........ നീ...... കരയുവതെന്തിന്.........


95-22-04-017-6.53 pm

വിനോദ് കുമാർ ടി വി

9833443602

വീട്ടുതടങ്കൽ

 വീട്ടുതടങ്കൽ

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


ഗ്രാമീണപ്പഴമയിലെ

 ജൈവസുഗന്ധം,

തിരിച്ചുതന്നൊരു

ദുരിതകാലമേ 


മണ്ണിൻ പൂമണം

തിരിച്ചറിയാൻ,

വറ്റിവരണ്ടൊരു

 പുഴയറിയാൻ,

മുണ്ഡനമായൊരു

മലയറിയാൻ ,


കരിയില കുമിഞ്ഞൊരു

കാട്ടുചോലതൻ

നിർമ്മലമായൊരു

കുളിരറിയാൻ,

സാഗര ഗർജന

തിരമാലകളേ,

മനംനിറയേ

കൺപാർക്കാൻ,

വരമായിത്തന്നൊരു

നല്ല കാലം...


കനകം വിളയും

നെൽപ്പാടത്തിലെ

 ചെളിയും മണവും,

ഹൃദ്യമായൊരു

ഗൃഹാതുരത്വമേ ....

സമർപ്പിതമല്ലോ?

പ്രകൃതിയാം

 പ്രതിഭയ്ക്കൊരു

ഗീതാഞ്ജലി......


ക്ഷൗരം ചെയ്യാത്ത

താടിയിൽ നോക്കി

വിസ്മയം പൂണ്ടൊരു

പശു കിടാവേ...

മുറ്റത്തെ പൂവിൻ

 സുഗന്ധം നുകരാൻ,

പറന്നെത്തിയൊരു

വർണ്ണപൂമ്പാറ്റയതാ

ചിറകൊതുക്കിയെൻ

മേനിയിലിക്കിളിയായി,

അത്ഭുതം കൂറിയവൻ

ആശങ്കയിലായി,

മധു നുണയാൻ

പൂവിതൾ തലോടും

സന്യാസിരൂപിയാം

മറ്റൊരു പങ്കാളിയോ?


മയിലാട്ടവും

കുയിൽ നാദവും,

കേട്ടുരസിക്കും

പൂർവ്വികനായൊരാൾ,

ചെന്തെങ്ങിൽ

കൈതൊട്ടിരിക്കും

മർക്കട കടാക്ഷം

വിളനിലത്തിലൊരു

അപരിചിതനാര് ?


 മുറ്റത്ത് നിൽപ്പൊരു

തേന്മാവിൻ കൊമ്പത്ത്

 വലിഞ്ഞുക്കേറി ഞാൻ

 പ്രണയനിലാവിലെ

പ്രാണസഖിക്ക്

ആഹ്ലാദമായല്ലോ,

മാമ്പഴത്തിനായി

 നൊയമ്പ് നോറ്റൊരു

കാക്കയുമണ്ണാനും,

ശപിപ്പതുകേൾക്കാം,


കൊറോണ മാറട്ടേ, 

മഹാമാരിയൊഴിയട്ടേ,

തിരിച്ചുപോകട്ടേ

  തിരക്കുതീരാത്ത

മഹാനഗരത്തിലേക്കിവർ

ആർത്തി മാറാത്ത

ധൂർത്തപുത്രൻമാർ...


(ഷറീഫ് കൊടവഞ്ചി )

പുഴ ഒഴുകുകയാണ്

 പുഴ ഒഴുകുകയാണ്.... 


ഇന്നലെയുടെ കണ്ണീർചോലകൾ 

വഹിച്ചു പുഴ പിന്നെയും 

ഒഴുകുകയായിരുന്നു 


മഴപെയ്‌തുകളിൽ 

ഉള്ളം നിറച്ചും കൊടുംവേനലിൽ 

കരളുരുക്കിയും സ്വയം 

തുഴഞ്ഞും നിർത്താതെ.. 


പൂങ്കാടിനോട് സല്ലപിച്ചും 

ഇടിഞ്ഞു വീഴുന്ന മൺകട്ടകളെ 

ചേർത്തു നിർത്തിയും 

അനസ്യൂതം.... 


വഴിയാത്രക്കാരുടെ 

സങ്കടങ്ങളേറ്റു വാങ്ങിയും 

വേദനകൾ ഉള്ളാഴങ്ങളിൽ 

ഒളിപ്പിച്ചും... 


എന്തെന്നാൽ പുഴയുടെ 

ഉള്ളിൽ ഒരുപാട് പച്ചയായ 

ജീവനുകൾ തുടിച്ചിരുന്നു 


പായലുകൾ പുഴയുടെ 

ഓരങ്ങളിൽ ചിത്രം വരച്ചു

രസിച്ചിരുന്നു 


കാട്ടുമൃഗങ്ങൾ ദാഹം 

ശമിപ്പിക്കാൻ പുഴയുടെ 

തെളിനീരൂറ്റി കുടിച്ചിരുന്നു 


ദേശാടനക്കിളികൾ 

പുഴക്കരയിൽ കൂടു 

കൂട്ടി താമസിച്ചിരുന്നു 


പിന്നീടൊരിക്കൽ പുഴയിലൂടെ 

പേരില്ലാത്ത ആത്മാക്കൾ 

ഒഴുകി നടക്കാൻ തുടങ്ങി 


പുഴയുടെ ആഴം കൂടിയും 

കാഴ്ചയിൽ കരിനീല 

നിറം കൂടിയും വന്നു 


പുഴയുടെ കണ്ണാടിയിൽ 

തിരിച്ചറിയാനാകാത്ത 

മുഖങ്ങൾ മാത്രം 


ആളും തോണിയുമൊഴിഞ്ഞ 

തീരങ്ങളിൽ പുഴയുടെ 

ഏകാന്തവാസം 


മിടിപ്പുകൾ നിൽക്കാറായ  തന്റെ 

ഹൃദയത്തെ  ഓളങ്ങളിൽ 

ഒളിപ്പിച്ചു കണ്ണീർ തുടച്ചു 

പുഴ പിന്നെയും ഒഴുകുകയാണ്... 

പുഴ പിന്നെയും ഒഴുകുകയാണ്...

തേപ്പ്

 തേപ്പ് 

ബസിന്റെ സീറ്റിൽ മുട്ടിയിരുമ്മി 

ചുണ്ടുകൾ പരസ്പരം സംസാരിച്ച് 

മതിമറന്നവന്റെ തോളിൽ തലചായ്ച്ച് 

സ്വപ്നലോകത്തിലേക്ക് യാത്ര ചെയ്യുമ്പോൾ 

നീയറിയുന്നുവോ തേപ്പാണെന്ന് 


സിനിമ തീയറ്ററിനുള്ളിൽ ഇരുട്ടിന്റെ 

മറവിൽ പെപ്കോണും ഐസ്ക്രീമും

ആവോളം നുണഞ്ഞവന്റെ വിരിമാറിൽ 

തലചായ്ച്ച് സ്‌ക്രീനിൽ കാണുന്ന രംഗങ്ങളിലെ  നായിക നീയാണെന്ന് സങ്കൽപ്പിച്ച് മതിമറന്നാഘോഷിക്കുമ്പോൾ 

നീയറിയുന്നുവോ തേപ്പാണെന്ന്‌ 


ബൈക്കിന്റെ പുറകിൽ മുഖം

ഷോളാൽ മറച്ചവനെയും 

കെട്ടിപ്പിടിച്ചു ലൈസൻസ്സില്ലാതെ

നാടാകെ ചുറ്റികറങ്ങുമ്പോൾ 

തലയിൽ ഒന്നുമില്ലാതെ 

ജീവനിൽ ഭയമില്ലാതെ 

അറുപതിൽ പായുമ്പോൾ 

നീയറിയുന്നുവോ തേപ്പാണെന്ന്‌ 


വാട്സ്ആപ്പിൽ പരസ്പരം 

നഗ്നതകൾ സെന്റ് ചെയ്തും 

സിരകളിൽ ചൂടേറും 

മെസ്സേജുകളാൽ ചാറ്റ് ചെയ്തും 

ആപ്പുകളെല്ലാം നിനക്കാപ്പാകുമ്പോൾ നെറ്റിൽ നീ കുടുങ്ങുമ്പോൾ 

റിപ്ലൈകൾ ലേറ്റാവുമ്പോൾ 

നീയറിയുന്നൊവോ തേപ്പാണെന്ന്‌ 


ഞങ്ങൾ ന്യൂജനറേഷൻ പിള്ളേർ 

ക്കൊന്നും കെട്ടിപൊതിഞ്ഞു 

വയ്ക്കാ നില്ലെന്നു വീമ്പിളക്കി 

ലോഡ്ജിലും റൂമിലും ശരീരം 

പങ്കിട്ടുകൊണ്ട് അവന്റെ 

ബീജം നിന്നിലൊരു കുഞ്ഞായി 

വളരുമ്പോൾ നമുക്കിപ്പോളെന്തിനാ

 ചക്കരേ ഒരു കുഞ്ഞ്

നിനക്ക് ഞാനും എനിക്ക് നീയുമെന്ന് മൊഴിഞ്ഞ് അബോഷൻ 

ചെയ്തു കളയുമ്പോൾ 

നീയറിയുന്നുവോ തേപ്പാണെന്ന്‌ 


തേച്ചവനോടൊരു പ്രതികാരം ചെയ്യുവാനായി 

ഫയറിലും കയറിലും നീ തീരുമ്പോൾ 

ചലനമില്ലാത്ത നിന്റെ ശരീരത്തെ കെട്ടി 

പിടിച്ചലറുന്നൊരമ്മയുമച്ചനും സ്വപ്നം 

കണ്ടതെല്ലാം നിമിഷനേരത്തിൽ തകർന്നവർ 

അലമുറയിടുമ്പോൾ നെഞ്ചത്തടിച്ചു നിലവിളിക്കുമ്പോൾ വാവിട്ട് കരയുമ്പോൾ 

നീയറിയുന്നുവോ നീ തേച്ചത് അവനെയല്ല 

സ്വന്തം മാതാപിതാക്കളെയാണെന്ന്

                                       ഷിജിന തൻസീർ

2020, സെപ്റ്റം 5

ട്രാൻസ് ജൻഡർ

 

ട്രാൻസ് ജൻഡർ 

================


നീയെന്റെ പെണ്ണ് നീയെന്റെ പൊന്ന് 

നീയെന്റെ ജീവന്റെ ജീവനാണ് 

നീയെന്റെ മുത്ത്‌ നീയെന്റെ സ്വത്ത്‌ 

നീയെന്റെ പ്രാണന്റെ പ്രാണനാണ് 

വാക്കുകളാലേ തീർത്തൊരാ സൗധ

ത്തിനുള്ളിലായ് പ്രാണൻ നിലച്ചീടവേ 

വീധ്രത്തിനായി തുടിക്കുമെൻ ഹൃത്തി 

ലായ് സാന്ത്വനസ്പർശമായി മാറിടുമോ 


പെറ്റവയറിന്റെ കുറ്റമല്ല പോറ്റിയൊരച്ഛന്റെ 

തെറ്റുമല്ല കൂടപിറപ്പിന്റെ പാപമല്ല 

രക്തബന്ധങ്ങൾ തൻ  ശാപമല്ല 

മണ്ണിൽ പിറക്കുന്ന മനുജന് മുമ്പായി 

 ജാതകമെഴുതിയ വിശ്വവ്യാപി 

പെണ്ണിന്റെ മനമായി മണ്ണിലൊരാണായി 

സൃഷ്ടിച്ചെടുത്തതും അഖിലവ്യാപി 


ബാല്യകാലത്തിലെ ഓർമകൾക്കിപ്പോഴും 

മാരിവില്ലിന്റെ നിറങ്ങളാണ് 

കൗമാരത്തിലെ കാമനകൾക്കെല്ലാം 

കാർമുകിലിന്റെ നിറമാണ് 

കണ്ണിലഞ്ജനവും ചുണ്ടത്ത്‌ ചായവും 

വട്ടത്തിലൊരു പൊട്ടും നെറ്റിയിൽ തൊട്ടപ്പോൾ 

ഇവനെന്താ പെണ്ണാണോയെന്നൊരു ചോദ്യം 

ആദ്യമായ് ചോദിച്ചതാരാണ് 

പിന്നെയും കേട്ടു ഒന്നല്ലരൊയിരം വട്ടം 

യിവനെന്താ പെണ്ണാണോയെന്ന ചോദ്യം


മുടി വളർത്തിയതും നഖം വളർത്തിയതും 

നഖത്തിൻമേൽ ചായം പുരട്ടിയതും 

ചുരിദാർ ധരിച്ചതും സാരിയുടുത്തതും 

എന്നിലെയെന്നെ ഉണർത്തുവാനാ 

മുടിയില്ല നീട്ടിയ നഖമില്ല കണ്ണിൽ 

കരിയില്ല ചായങ്ങളൊന്നുമില്ല

എങ്കിലും മുന്നിൽ കാണുന്നൊരെൻ രൂപ

മെന്നിലെ സ്ത്രീയെ ഞാൻ ആസ്വദിക്കും


മനസും ശരീരവുമൊന്നായി  മാറുവാൻ 

വ്യസനങ്ങളേറേ അനുഭവിച്ചു 

ഇന്നു നീ  കാണുന്ന എന്നിലെ രൂപം 

ഒരു ദിനം പൊട്ടി മുളച്ചതല്ല

ഒറ്റയ്ക്കിരുന്നു വിതുമ്പിയൊരെന്നെ 

ചേർത്തണച്ചു നീ മൊഴിഞ്ഞതെന്തേ 

ഓർക്കുന്നവോ നീയന്നു പറഞ്ഞ

മധുരകരമായൊരാ  വാക്കുകളെ


എന്നിലെ പെണ്ണിനെ പെണ്ണാക്കുവാനായി 

ശാസ്ത്രം വളരെ വളർന്നുവല്ലോ 

എന്നിലെ പെണ്ണിനെ അമ്മയാക്കീടുവാൻ 

ശാസ്ത്രം കരുതൽ തുടങ്ങിയല്ലോ 

യാത്ര പറഞ്ഞു നീ പോയൊരു നേരം 

വീണ്ടും നീയെത്തുമെന്നോർത്തിരുന്നു 

എന്നിലെ ജീവനും എന്നിലെ സമ്പാദ്യം

എന്നിലെ എല്ലാം നിനക്കാണല്ലോ 

കാത്തിരുന്നു ഞാൻ വേഴാമ്പലെപ്പോൽ  

മഴയായ് നീയെന്നിൽ പെയ്തിടുവാൻ 

അറിഞ്ഞില്ല നാഥാ മമ  ഹൃത്തിനെ 

നീ  ഇടിമുഴക്കമ്പോൽ മൂരുമെന്ന് 


ദിനരാത്രങ്ങൾ കൊഴിഞ്ഞു വീഴവേ 

വർഷങ്ങളെല്ലാം കടന്നു പോകവേ 

ഒരു ദിനം നിന്നുടെ മംഗല്യവാർത്ത 

ഇടിമുഴക്കം പോൽ ചെവിയിലെത്തി  

പുതുപെണ്ണിനോടൊപ്പം പെരുമ്പറ മുഴക്കി 

മിത്രങ്ങളുമായ്  നീയാർത്തിടുമ്പോൾ 

മുഴങ്ങിയ പെരുമ്പറ എന്നുള്ളിലാണെന്നു 

എന്തേ നീ നാഥാ അറിയാത്തത് 


ഒരു പിടി കയറിൽ കഴുത്ത് മുറുകീടവേ 

വീണ്ടുമെൻ കാതുകളിൽ കേട്ടിടുന്നു 

നീയെന്റെ പെണ്ണ് നീയെന്റെ പൊന്ന് 

നീയെന്റെ ജീവന്റെ ജീവനാണ് 

നീയെന്റെ മുത്ത്‌ നീയെന്റെ സ്വത്ത്‌ 

നീയെന്റെ പ്രാണന്റെ പ്രാണനാണ്


                       ഷിജിന തൻസീർ

2020, ഓഗ 3

നിഴൽ

"നിഴൽ" 
•••••••••

പറയാതെ വന്നതും,
പറയാതെ പോയതും, 
പ്രപഞ്ച നിയമത്തിന്റെ സത്യം മാത്രം.
വെളുത്ത പുഞ്ചിരിയിൽ 
അകത്ത് അമരുന്ന വെളുത്ത പല്ലുകൾ
ആരും മോഹിച്ച് പോകും 
ശില്പഭംഗി കണ്ട് നിൽക്കുന്ന നിമിഷം.
ഇളം ചുവപ്പ് നിറത്തിലൂടെ വന്നിരുന്ന
അധരങ്ങൾ
ഏതോ സുന്ദര കാഴ്ച്ചകൾ...!
നടനവും നടത്തവും ആരും നോക്കുന്ന
ദമയന്തിയാണോ നീയെന്ന് തോന്നുന്ന രൂപം
ഭൂമിയിൽ വന്ന അപ്സരസാണോ
നീ എല്ലാം കഴിഞ്ഞ നൂറ്റാണ്ടുകൾ ...!
വല്ലതും പൊലിഞ്ഞിടാൻ ഒന്നും നിന്നക്കില്ല
എല്ലാം ഉള്ളതേ സൗന്ദര്യം മാത്രം.

••••••••••••••••••••••••••••••••
മണികണ്ഠൻ സി നായർ, 
തെക്കുംകര. 
⚫️

രീതി ശാസ്ത്രം

രീതി ശാസ്ത്രം 
------- അജയ് 

വല്ലാതെ കൊതിക്കുന്നു ഞാൻ
ഒരു ശാസ്ത്രജ്ഞനാകുവാൻ 
രീതികളുടെ ശാസ്ത്രജ്ഞൻ
ശാസ്ത്രത്തിന്റെ 
രീതികളെക്കുറിച്ച് പഠിച്ചതിൽ പിന്നെ 
രീതികളുടെ തത്വശാസ്ത്രത്തെയും 
ചാലനശക്തികളെക്കുറിച്ചും 
പഠിച്ചു
കണ്ടും കാണാതെയും 
രീതികൾ പലതും 
പറഞ്ഞും പറയാതെയും നോക്കി 
ഒടുവിൽ ഒരു രീതിയും 
വരുതിയിലാക്കാൻ പറ്റാതെ 
ഒരുമാതിരിയായി 
ഇപ്പോൾ ഞാൻ അറിയപ്പെടുന്നത് 
ഒരുമാതിരി ശാസ്ത്രജ്ഞൻ എന്നാണ്...

പ്രണയം

പ്രണയം
-------------

വഴിയരികിൽ 
യുവ 
മിഥുനങ്ങൾ 
സായാഹ്ന 
സവാരിക്കിടയിൽ
കൈവിരലുകൾ 
തമ്മിൽ 
കൊരുത്ത്
പ്രണയം 
പങ്കുവെക്കുന്നു.

അവൾ 
അവനോടുള്ള
അവളുടെ 
സ്നേഹം
ആവർത്തിച്ചു
കൈവിരലുകൾ
മുറുക്കിപ്പിടിക്കുന്നു 

പ്രാണനുള്ള 
കാലം 
വരെ 
പ്രണയിക്കാമെന്ന
ഉറപ്പ്
താങ്ങും 
തണലുമാവുമെന്ന
വാഗ്ദാനം

അവളുടെ 
മനസിൽ
അവനെക്കുറിച്ചുള്ള
ചിന്തകൾ 
മാത്രം

അവനോ
ചിന്തകളില്ലാതെ
നടത്തത്തിൽ 
മാത്രം
ശ്രദ്ധിച്ച്... 
അവളുടെ 
കയ്യിൽ തന്റെ 
പ്രണയം,
വിരലുകളാൽ
കവിതകളാക്കി

വിനോദ് കുമാർ ടി.വി.
രാമപുരം, കണ്ണൂർ

റിസൾട്ട്

റിസൾട്ട്

എഴുതി തീർത്ത
പരീക്ഷകളുടെ
ഫലവും കാത്ത്
നാലു ചുവരി
നുള്ളിലിരിപ്പാണ് യുവത്വം
 ചകിതരെങ്കിലും
പുറമേ ചിരിക്കുന്നുണ്ട്
 പ്രതീക്ഷയുടെ 
കിരണങ്ങളുള്ളിലുണ്ടെങ്കിലും
കുഞ്ഞു തോൽവിക്കും
ആശ്വസിപ്പിക്കുന്നതിനുപകരം
ശ്വാസം മുട്ടിക്കുന്ന രക്ഷിതാക്കൾ,
ഇത്തിരി കുഞ്ഞൻ വൈറസ്
ഉലകം ചുറ്റുമ്പോഴും
പ്രതിരോധ നിയമങ്ങൾ
അനുധാവനം ചെയ്ത്
എഴുതി തീർത്ത പേപ്പറുകളും ആ
കൂട്ടത്തിലുണ്ട്.
പരീക്ഷയും ഒരു പരീക്ഷണം
മാത്രം, 
പരീക്ഷണത്തെ
അതിജീവിനം
അത്മഹത്യ കൊണ്ടല്ല,
പോയ വിഷയം 
വീണ്ടെടുക്കലാണ്.
മനുഷ്യനു ഭൂമിയിൽ
വായു ആവശ്യമെന്നെ
പ്രാധാന്യം പോലെ,
എല്ലാവരുടെയും പിന്തുണ 
കുട്ടിക്ക് അത്യാവശ്യം.

*ശാഫി വേളം*

2020, ജൂലൈ 17

മുഖംമൂടിയ അനുസരണ

മുഖംമൂടിയ അനുസരണ 
--------------------------------------

പുരുഷന്മാരും സ്ത്രീകളും 
നഗ്നരായി നടക്കുന്ന
പ്രബലരാജ്യങ്ങളുടെ 
തെരുവുകളിലൂടെ 
മുന്തിയ വസ്ത്രം ധരിച്ചു 
അവൻ നടക്കുന്നു ...

എല്ലാവരെയും നോക്കാൻ 
അവന്റെ കണ്ണുകളായാസപെടുന്നു 
മാറിമാറി നോക്കി 
നല്ല അഴകുള്ളവർ 
സ്വർണനിറം 
മുടിക്ക് പലനിറം 
മേനി യന്ത്രത്തിൽ വാർത്തപോലെ !
അല്പവസ്ത്രം ധരിക്കാൻ ശ്രമിച്ചവരെ 
തെരുവ് ആട്ടിപ്പായിക്കുന്നു 
എല്ലാവരും അവരുടെ കൂടയൂള്ളവരെ 
പുകഴ്ത്തുന്നു !

അവനെയാരും  നോക്കുന്നില്ല 
വസ്ത്രങ്ങളെല്ലാം ഊരി 
തെരുവിനു നൽകി 
നഗ്നനായി നടന്നു നീങ്ങി !

രാജ്യം വേറെയാണെന്ന് തോന്നുന്നു 
നല്ല അനുസരണ !
എന്നിട്ടുമാരും നോക്കിയില്ല !

നഗ്‌നമേനി നോക്കുന്നതിന് 
ഇടയ്ക്ക് 
ഒന്നവൻ  കണ്ടില്ല 
അനുസരണ അവ്യക്തമായ 
തെരുവിൽ എല്ലാരും 
മുഖം മറച്ചിരിക്കുന്നു .... 

ഇന്നവൻ നടക്കാത്ത തെരുവുകളില്ല 
ലോകത്തിലെ തെരുവുകളെല്ലാം 
" അനുസരണ "എന്ന 
ഗാനമാലപിക്കുന്നു ...
ഒറ്റനിറത്തിൽ മുഖം മറച്ചിരിക്കുന്നു!
മനുഷ്യനെന്ന നിറത്തിൽ ...

മനുഷ്യ നിന്ന് 
     ഒരുമതം    - "അനുസരണ "
        ഒരു ജാതി  -"അനുസരണ "
           ഒരുദൈവം -"അനുസരണ "
              ഒരു നിറം     -"അനുസരണ "

മനുഷ്യനിന്നു 
                       - ഒരു ഭയം 
           
              " മരണം "

മരണം .... 
                      മരണം ....

വിഷ്ണു ശിവദാസ്
Gibin Mathew Chemmannar | Create Your Badge