പുഴ ഒഴുകുകയാണ്....
ഇന്നലെയുടെ കണ്ണീർചോലകൾ
വഹിച്ചു പുഴ പിന്നെയും
ഒഴുകുകയായിരുന്നു
മഴപെയ്‌തുകളിൽ
ഉള്ളം നിറച്ചും കൊടുംവേനലിൽ
കരളുരുക്കിയും സ്വയം
തുഴഞ്ഞും നിർത്താതെ..
പൂങ്കാടിനോട് സല്ലപിച്ചും
ഇടിഞ്ഞു വീഴുന്ന മൺകട്ടകളെ
ചേർത്തു നിർത്തിയും
അനസ്യൂതം....
വഴിയാത്രക്കാരുടെ
സങ്കടങ്ങളേറ്റു വാങ്ങിയും
വേദനകൾ ഉള്ളാഴങ്ങളിൽ
ഒളിപ്പിച്ചും...
എന്തെന്നാൽ പുഴയുടെ
ഉള്ളിൽ ഒരുപാട് പച്ചയായ
ജീവനുകൾ തുടിച്ചിരുന്നു
പായലുകൾ പുഴയുടെ
ഓരങ്ങളിൽ ചിത്രം വരച്ചു
രസിച്ചിരുന്നു
കാട്ടുമൃഗങ്ങൾ ദാഹം
ശമിപ്പിക്കാൻ പുഴയുടെ
തെളിനീരൂറ്റി കുടിച്ചിരുന്നു
ദേശാടനക്കിളികൾ
പുഴക്കരയിൽ കൂടു
കൂട്ടി താമസിച്ചിരുന്നു
പിന്നീടൊരിക്കൽ പുഴയിലൂടെ
പേരില്ലാത്ത ആത്മാക്കൾ
ഒഴുകി നടക്കാൻ തുടങ്ങി
പുഴയുടെ ആഴം കൂടിയും
കാഴ്ചയിൽ കരിനീല
നിറം കൂടിയും വന്നു
പുഴയുടെ കണ്ണാടിയിൽ
തിരിച്ചറിയാനാകാത്ത
മുഖങ്ങൾ മാത്രം
ആളും തോണിയുമൊഴിഞ്ഞ
തീരങ്ങളിൽ പുഴയുടെ
ഏകാന്തവാസം
മിടിപ്പുകൾ നിൽക്കാറായ തന്റെ
ഹൃദയത്തെ ഓളങ്ങളിൽ
ഒളിപ്പിച്ചു കണ്ണീർ തുടച്ചു
പുഴ പിന്നെയും ഒഴുകുകയാണ്...
പുഴ പിന്നെയും ഒഴുകുകയാണ്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ