ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

മുരുകൻ കാട്ടാക്കടയുടെ കവിതകൾ


ഒരു നാത്തൂൻ പാട്ട്
........................................

നാത്തൂനേ നാത്തൂനേ

നാമെങ്ങോട്ടോടണു നാത്തൂനേ ?

നാടോടുമ്പം നടുവേ ഓടണു


നടുവൊടിഞ്ഞില്ലെങ്കിലിരുന്നോളൂ

നാത്തൂനേ നാത്തൂനേ

നാമെന്ത് കുടിക്കണു നാത്തൂനേ?

കാടിയെ മൂടിയും കോളമൂടാതെയു-

മാടിക്കും മോടിക്കുമെന്ത് ചേതം!

നാത്തൂനേ നാത്തൂനേ

നാമെന്തൊക്കെ തിന്നണു നാത്തൂനേ?

ചേര നടുക്കണ്ടം ചോരകലക്കിയ

പാരമ്പര്യക്കുരു ചെന്നായം

നാത്തൂനേ നാത്തൂനേ

നാമെന്താണറിയണേ നാത്തൂനേ?

കണ്ടാലറിയാത്ത കൊണ്ടാലറിയണ

കണ്ടുകെട്ടൽ കടച്ചെണ്ടകൊട്ടൽ

നാത്തൂനേ നാത്തൂനേ

നാമെന്ത് കളഞ്ഞിന്നു നാത്തൂനേ

ചുണ്ടിലെ പുഞ്ചിരി ചോട്ടിലെ മൺതരി

നാട്ടുമാവിൻ ചുന നാട്ടുമണം

നാത്തൂനേ നാത്തൂനേ

നാമാരൊക്കെയെന്തൊക്കെ നാത്തൂനേ

ആയിരം ജാതികളായിരം ചേരികൾ

അമ്പതിനായിരം നീയും ഞാനും

നാത്തൂനേ നാത്തൂനേ

നാമോടിയടുക്കണതെങ്ങോട്ട്?

വെള്ളത്തൊലിയുള്ള പുള്ളിയുടുപ്പിട്ട

കങ്കാണിമാളക്കുടുക്കിലേക്ക്

കങ്കാണിമാളക്കുടുക്കിന്നെന്തൊക്കെ

കാത്തിരിപ്പുണ്ടെന്റെ നാത്തൂനേ

കുപ്പിയിൽ വെള്ളത്തിനഞ്ച് കാശ്

ജീവവായു പൊതിഞ്ഞതിനെട്ട് കാശ്

സെന്റ് പുരണ്ട വിയർപ്പ് മണം പിന്നെ

ഓട്ടക്കാലഞ്ചണ വിറ്റുബാക്കി

കാണം വിറ്റാലെന്ത് നാണംവിറ്റാലെന്തി-

ന്നോണം വിറ്റാലെന്ത് നാത്തൂനേ

ഓട്ടക്കാലഞ്ചണ കിട്ടുമെങ്കിൽ പിന്നെ

ഞാനോടട്ടെ നാത്തൂനേ നിന്റെ

പോഴവും വേഴവും പിന്നെ പിന്നെ

===================================

ഉണരാത്ത പത്മതീർത്ഥങ്ങൾ‌
.....................................................
നിൽക്കുന്നു ഞാൻ പത്മതീർത്ഥത്തക്കുളത്തിന്റെ
ഭിത്തിയിൽ, കയ്യൂന്നി താടി താങ്ങി
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ..

കത്തിജ്ജ്വലിക്കാതെ സൂര്യൻ
കരിമ്പട്ടു ചുറ്റിപ്പതുങ്ങിയൊളിഞ്ഞു നിൽ‌പ്പൂ
ഇത്തിൾ മരത്തിന്റെ കൊമ്പിൽ ബലിക്കാക്ക
വറ്റുകൾ‌ തേടിപ്പറന്നിറങ്ങി

പത്മമില്ല തീർത്ഥപുണ്യമില്ലാ, ജലം
നിശ്ചലം വശ്യാംഗിതൻ‌ ജഢം പോൽ‌
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ‌

താഴേക്കുളത്തിൻ‌ അകപ്പടിയിൽ നിൽ‌പ്പാണ്
ബോധവീണക്കമ്പി പൊട്ടിയോൻ
മന്തിടം കാൽ വലം കാലേറ്റ് വങ്ങിയോരു
വരരുചിപ്പുത്രന്റെ പിൻപറ്റിയോൻ

താഴേക്കുളത്തിൻ‌ അകപ്പടിയിൽ നിൽ‌പ്പാണ്
ബോധവീണക്കമ്പി പൊട്ടിയോൻ
മന്തിടം കാൽ വലം കാലേറ്റ് വങ്ങിയോരു
വരരുചിപ്പുത്രന്റെ പിൻപറ്റിയോൻ

ചാരേയൊരാൾ‌ നിൽ‌പ്പൂ, ഏറെ കൃശഗാത്രൻ‌
ഭീതിയോടെങ്കിലും യാചിപ്പൂ
സോദരാ.. പോരൂ വഴുക്കും പടികൾ‌കേറി

പെട്ടെന്ന് പൊട്ടിച്ചിരിക്കുന്നു
തന്നിലേക്കെറ്റി വീഴ്ത്തുന്നു ബലിഷ്ഠകായൻ‌
ഇറ്റുനേരം കൊണ്ട് ചേറ്റിലേക്കാഴ്ത്തി
തൻ നഗ്നപാദത്താൽ‌ ചവിട്ടി നിന്നു

പച്ചജീവൻ കാൽ‌ച്ചുവട്ടിൽ പിടയ്ക്കുമ്പോൾ‌
നിഷ്ക്കളങ്കൻ, ഭ്രാന്തച്ചിത്തൻ‌ ചിരിക്കുന്നു
പച്ചജീവൻ കാൽ‌ച്ചുവട്ടിൽ പിടയ്ക്കുമ്പോൾ‌
നിഷ്ക്കളങ്കൻ, ഭ്രാന്തച്ചിത്തൻ‌ ചിരിക്കുന്നു
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ‌

തൊടിയിലായോടിക്കളിക്കുന്ന പൈതലെ
പടിയിലായ് കൺ‌പാർത്തിരിക്കുന്ന പത്നിയെ
തൊടിയിലായോടിക്കളിക്കുന്ന പൈതലെ
പടിയിലായ് കൺ‌പാർത്തിരിക്കുന്ന പത്നിയെ
പാതിയിൽ നിർ‌ത്തിയ ജന്മകർ‌മ്മങ്ങളെ
പാടേ മറന്നുഛ്വസിക്കാൻ‌ മാത്ര കിട്ടാതെ
ചേറിൽ‌പ്പുതഞ്ഞു പാഴ്ജന്മം പൊലിഞ്ഞുപോയ്

കത്തിജ്ജ്വലിക്കാതെ സൂര്യൻ
കരിമ്പട്ടു ചുറ്റിപ്പതുങ്ങിയൊളിഞ്ഞു നിൽ‌പ്പൂ
ഇത്തിൾ മരത്തിന്റെ കൊമ്പിൽ ബലിക്കാക്ക
വറ്റുകൾ‌ തേടിപ്പറന്നിറങ്ങി

രാജപ്രതാപം മറന്ന മേത്തൻ‌മണി
വാ തുറന്നൊച്ചയുണ്ടാക്കാതെ പൂട്ടി
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ

ആരോ പറയുന്നുണ്ടെന്തു ഭാഗ്യം
‘ലൈവു’ കാണുവാനൊത്തതിന്നെന്റെ ഭാഗ്യം
എത്ര നേരം കുമിള പൊന്തുമെന്നെണ്ണുവാൻ‌
കുട്ടികൾ മാത്സര്യമേറ്റിടുന്നു

കോളപ്പരസ്യത്തിനൊപ്പമാ
പ്രേക്ഷകർ‌ കോരിത്തരിക്കുമീ കാഴ്ച പകർ‌ത്തുവാൻ‌
ചാനൽ‌പ്പരുന്ത് പറക്കുന്നു ചുറ്റിലും

നിശ്ശബ്ദരായ് കാഴ്ച കാണുവാൻ
കൽ‌പ്പിച്ചുനിൽക്കുന്നു നിശ്ചലം നിയമപാലർ
ഫയർ‌ഫോർ‌സ് വണ്ടിയിൽ‌ അക്ഷമരായ്
രണ്ട് രക്ഷകർ‌ തമ്മിൽ പിറുപിറുത്തു..

“ചാവാതിറങ്ങുവാൻ നിയമമില്ലിന്നെത്ര
നേരമായ് കാത്തിരുപ്പാണ് നാശം..”

നിശ്ശബ്ദനായ് ഭ്രാന്തച്ചിത്തൻ കരയേറി
നിശ്ചലം നിന്നോർ മടക്കമായി
നിശ്ശബ്ദനായ് ഭ്രാന്തച്ചിത്തൻ‌ കരയേറി
നിശ്ചലം നിന്നോർ മടക്കമായി..
കത്താക്കരിന്തിരിയായി നമ്മിൽ നന്മകൾ
കല്ലുകൊത്തിപ്പണിഞ്ഞു മനസു തമ്മിൽ..

ഉണരാത്ത പത്മതീർത്ഥങ്ങളും പേറി
നാം പിരിയുന്നു, നിസ്വരായ്, നിസ്സംഗരായ്

ഉണരാത്ത പത്മതീർത്ഥങ്ങളും പേറി
നാം പിരിയുന്നു, നിസ്വരായ്, നിസ്സംഗരായ്..!

=========================================

നിരാലംബന്‍
.....................................
സുഖമുള്ളതാണെനിക്കെല്ലാ ദിനങ്ങളും

കരയുമ്പോഴാണെനിക്കാത്മസുഖം

ഒറ്റക്കിരിക്കുവാന്‍, സങ്കടത്തീക്കുമേല്‍

വെട്ടിത്തിളങ്ങുവാനേറെയിഷ്ടം

കണ്ണീരിനോടു ഞാനിപ്പോള്‍ പിണക്കമാ -

ണൊറ്റിക്കൊടുക്കുവോനാണു കണ്ണീര്‍

കയ്യില്‍ നിന്നൂര്‍ന്ന പൂ പൊയ്കയില്‍

നീന്തുന്ന കണ്ടു കരഞ്ഞിടും കുട്ടിപോലെ

വര്‍ണങ്ങളൂര്‍ന്നുപോകുന്നതും നോക്കി ഞാന്‍

മിണ്ടാതിരിക്കയാണിന്നു വീണ്ടും

അപ്പോഴെന്നുള്ളിലെ സ്നേഹിതന്‍ യാചിച്ചു

ഒറ്റക്കിരിക്കാമൊരല്പ നേരം

വൈദ്യതസ്പര്‍ശമാകുന്നു, ഞാനൊറ്റക്ക്

വാതിലടച്ചിരിക്കുമ്പോള്‍ നിരാലംബന്‍

നീ അരുതാത്തതു ചെയ്തു നീ നിര്‍മ്മമന്‍

നീ വെറുക്കപ്പെടാനുചിത നീ വാക്കിനാല്‍

നീ തീയകന്നു കരിഞ്ഞ കനല്‍ക്കണം

നീ ഒഴുക്കെന്നോ മറന്ന മഹാനദി

ആരവമാര്‍ത്തിരമ്പൂന്നൂ ഞാനറിയുന്നൂ

ഞാന്‍ കൊടുതിതീര്‍ന്നുത്സവം തീര്‍ന്നൊരങ്കണം

ഞാന്‍ നിരാലംബനാത്മശൂന്യന്‍ വെറും

പേരിന്നു ചലനവും വചനവും പേറുവോന്‍
===========================================

കൂട്ടുകാരി
.......................
പറയുവാനാകാത്തൊരായിരം കദനങ്ങള്‍
ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു പാടുവാന്‍
കഴിയുമോ രാക്കിളി കൂട്ടുകാരി ?

ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട
അടപൊട്ടിവിരിയുമോ പാട്ടുകാരീ ?
ഇനിയെന്റെയോര്‍മകളില്‍ നിറമുള്ള പാട്ടുകള്‍
മണിവീണ മൂളുമോ കൂട്ടുകാരീ ?

നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ
ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണ്ണരാഗം ചേര്‍ത്തു
പട്ടുനെയ്യുന്നു നീ പാട്ടുകാരീ

നിറമുള്ള ജീവിതസ്പന്ദനങ്ങള്‍
തലചായ്ച്ചുറങ്ങാനൊരുക്കമായി
ഹിമബിന്ദുയിലയില്‍ നിന്നൂര്‍ന്നു വീഴും പോലെ
സുഭകം ക്ഷണികം ഇതു ജീവിതം

വീണ്ടുമൊരുസന്ധ്യമായുന്നു വിഷാദാര്‍ദ്ര
രാഗമായി കടലുതേങ്ങിടുന്നു
ആരോവിരല്‍ത്തുമ്പുകൊണ്ടെന്റെ തീരത്തു
മായാത്ത ചിത്രം വരച്ചിടുന്നു
തിരയെത്ര വന്നുപോയെങ്കിലും തീരത്തു
വരയൊന്നും മാഞ്ഞതേയില്ലിത്ര നാള്‍
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു തിരകളെ
തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ

പറയാന്‍ മറന്നൊരു വാക്കുപോല്‍ ജീവിതം
പ്രിയമുള്ള നൊമ്പരം ചേര്‍ത്തുവച്ചു
ഒപ്പം നടക്കുവാനാകാശവീഥിയില്‍
ദുഃഖചന്ദ്രക്കല ബാക്കിയായി
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കുറങ്ങുവാന്‍
മൗനരാഗം തരൂ കൂട്ടുകാരീ

ഇടവുള്ള ജനലിലൂടാര്‍ദ്രമായ്‌ പുലരിയില്‍
ഒരുതുണ്ടു വെട്ടം കടന്നുവന്നു
ഓര്‍മപ്പെടുത്തലായപ്പൊഴും ദുഃഖങ്ങള്‍
ജാലകപ്പടിയില്‍ പതുങ്ങിനിന്നു

ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു തിരകളെ
തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ

കൂട്ടിക്കുറച്ചു ഗുണിക്കുമ്പോഴൊക്കയും
തെറ്റുന്നു ജീവിത പുസ്തകത്താള്‍
കാണാക്കണക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍
പേനത്തലപ്പില്‍ നിന്നൂര്‍ന്നു വീണു

ദുഃഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കുവേണ്ടി ?
പ്രിയമുള്ള രാക്കിളീ നീ നിന്റെ പാട്ടിലെ
ചോദ്യം വിഷാദം പൊതിഞ്ഞുതന്നു

ഒറ്റയ്ക്കിരിക്കുമ്പോഴോക്കെയും കണ്ണുനീരൊ-
പ്പമാ പാഥേയമുണ്ണുന്നു ഞാന്‍

ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു കരയുവാന്‍

കണ്ണീരു കൂട്ടിനില്ല!

=============================================

ഓണം
.......................
ഓര്‍മ്മയ്ക്ക് പേരാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം

പൂര്‍വ്വ നേരിന്റെ നിനവാണിതോണം

ഓര്‍കക്കുവാന്‍ എന്തെങ്കിലും വേണമെന്നുള്ള

വാക്കിന്റെ നിറവാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം

ഇല്ലായ്മ കൊല്ലാത്ത യൌവ്വനങ്ങള്‍

മുറ്റത്തെ മുക്കിറ്റി മുത്തകങ്ങള്‍

മുഷ്ടിക്കരുത്താല്‍ മുഖം ചതഞ്ഞാത്മാവ്

നഷ്ടപ്പെടാ ഗോത്ര സഞ്ചയങ്ങള്‍

ഓര്‍മ്മയ്ക്ക് പേരാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം

മഞ്ഞ നെല്‍ കതിര്‍ ചാഞ്ഞുലഞ്ഞപാടം

മാമ്പൂ മണക്കുന്ന നുഗ്ദബാല്യം

മഞ്ഞ നെല്‍ കതിര്‍ ചാഞ്ഞുലഞ്ഞപാടം

മാമ്പൂ മണക്കുന്ന നുഗ്ദബാല്യം

കൊച്ചൂടു വഴികളില്‍ പൂക്കള്‍ക്കുവളയിട്ട

കൊച്ചു കൈ താളം പിടിയ്ക്കുന്ന കൂട്ടുകാര്‍

ഊഞ്ഞാലുയര്‍ന്നുയര്‍ന്ന ആകാശസീമയില്‍

മാവില കടിച്ചുകൊണ്ടൊന്നാമനായ നാള്‍

ഉച്ചയ്ക്ക് സദ്യയ്ക്ക് മുമ്പ് നെയ്യാറിന്റെ നെഞ്ചില്‍

നീര്‍ തെറ്റി കുളിക്കുറുമ്പോണം

മഞ്ഞ നെല്‍ കതിര്‍ ചാഞ്ഞുലഞ്ഞപാടം

ഓര്‍മ്മയ്ക്ക് പേരാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം

അച്ഛന്‍ ഉടുപ്പിച്ച കൊച്ചു മഞ്ഞക്കോടി

ചുറ്റി കിളിത്തട്ടുലഞ്ഞകാലം

അത്തമിട്ടത്തം മുതല്‍ പത്തു സ്വപ്നത്തിലെത്തും

നിലാവില്‍ ചിരിചന്തമോണം

മുത്തച്ഛനും മുല്ലവള്ളിയും സ്വപ്നത്തില്‍

മുട്ടിവിളിയ്ക്കുന്നൊരു ഉത്രാട രാത്രികള്‍

ഓര്‍മ്മയ്ക്ക് പേരാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം

പൂക്കളും തേനും പഴം കണി ചന്തവും

കാട്ടികൊതിപ്പിച്ചു സസ്യജാലം

പാറിപ്പറന്നും ചിലമ്പി കുറുമ്പുകള്‍

കാട്ടി ചിരിപ്പിച്ചു പക്ഷിജാലം

കുഞ്ഞിളം ചൂടിന്റെ തൂവാല തുന്നി

പ്രഭാതം പതുക്കെ പുറം തലോടി

കോലാഹലങ്ങളില്‍ കോലായിലെ

കളി പന്തിന്റെ താളവും കവടിയോടീ

പൂവിന്നു പൂവിനു പൂവുതോടി

തൊടിയിലാടിപ്പറന്നു കുറുമ്പി കുരുന്നുകള്‍

പപ്പടം പൊരിയുന്ന മണവുമുപ്പേരികള്‍

പൊട്ടിത്തിളയ്ക്കുന്നടുക്കള തൊടികളില്‍

ഓര്‍മ്മയ്ക്ക് പേരാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം

എന്നും ചിരിയ്ക്കിത്തൊരമ്മതന്‍ ചുണ്ടില്‍-

വന്നെന്നോ പിറക്കും സ്മിതതുമ്പയോണം

എന്നും ചിരിയ്ക്കിത്തൊരമ്മതന്‍ ചുണ്ടില്‍-

വന്നെന്നോ പിറക്കും സ്മിതതുമ്പയോണം

എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം

അന്നെന്നോ വിതച്ചോരു നന്മയോണം

എന്നും ചിരിയ്ക്കിത്തൊരമ്മതന്‍ ചുണ്ടില്‍-

വന്നെന്നോ പിറക്കും സ്മിതതുമ്പയോണം

എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം

അന്നെന്നോ വിതച്ചോരു നന്മയോണം

ഒപ്പത്തിനൊപ്പമാണെല്ലാരുമെന്ന

നല്‍ സത്യത്തിളക്കമാണോണം

ഒരുവരിയില്‍ ഒരു നിരയിലൊരുമിച്ചിരുന്നില

ചുരുളിലെ മധുരം നുണഞ്ഞതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം

ഓര്‍മ്മയിലെ ഓണം വിളിയ്ക്കുന്നു പിന്നെയും

ഓര്‍മ്മയിലെ ഓണം വിളിയ്ക്കുന്നു പിന്നെയും

പൂക്കള്‍ വിളിച്ചില്ല, പാടം വിളിച്ചില്ല

ഊഞ്ഞാലുമില്ല, കിളിത്തട്ടുമില്ല

ഇലയിട്ടു മധുരം വിളമ്പിയില്ല

എങ്കിലും ഓര്‍മ്മയിലെ ഓണം വിളിയ്ക്കുന്നു പിന്നെയും

ഓര്‍മ്മയ്ക്ക് പേരാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം

പൂര്‍വ്വ നേരിന്റെ നിനവാണിതോണം

ഓര്‍കക്കുവാന്‍ എന്തെങ്കിലും വേണമെന്നുള്ള

വാക്കിന്റെ നിറവാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം

======================================

അഗ്നിശലഭങ്ങള്‍
.......................................

അഗ്നിശലഭങ്ങളായിന്നു കുട്ടികള്‍

ചത്തുവീഴുന്നു ചാവേര്‍ക്കളങ്ങളില്‍

കാട്ടുതീപോലെ കുരുവിക്കുരുന്നിന്റെ

കൂട്ടില്‍ വീഴും പരുന്തിന്‍ നിഴല്‍‌പോലെ

കുന്നിറങ്ങും കൊടുങ്കാറ്റിന്‍ മൂളലായ്

രാത്രിയില്‍ പേടി പൂക്കുന്ന സ്വപ്നമായ്

ഞെട്ടിയാര്‍ത്തു നിലത്തുവീണുടയുന്നു

ഞെട്ടില്‍‌നിന്നൂര്‍ന്നുവീഴുന്ന മൊട്ടുകള്‍

പാലുനല്‍കും കരം വിഴുങ്ങുന്നോരും

ഭൂതഭീകരക്കാട്ടുന്യായങ്ങളില്‍

പാതയേതെന്നറിയാത്ത പഥികരായ്

മാതൃഹൃദയം പിളര്‍ന്നാര്‍ത്തലയ്ക്കുന്നു

കംസനീതിയാല്‍ കൂട്ടം പിരിഞ്ഞവര്‍

ചത്തുവീഴുന്നു ചാവേര്‍ക്കളങ്ങളില്‍

ഉമ്മതന്നു വളര്‍ത്തിയ നാടെന്റെയമ്മ

പുഴതന്നവള്‍ പൂത്ത മരവും മരത്തിലെ

കിളിയും കിളിച്ചൊല്ലുകവിതയും തന്നവള്‍

സര്‍വ്വലോകസുഖം ഭവിയ്ക്കേണമെ-

ന്നുണ്ണി നാവില്‍ ഹരിശ്രീ കുറിച്ചവള്‍

ഔദ്ധസഞ്ചാരവീഥികള്‍ തന്നവള്‍

ഗീത തന്നവള്‍ ഗായത്രി തന്നവള്‍

നബിയെ നന്മതന്‍ നിസ്കാരവീഥിയെ

ജറുസലേമിന്റെ കഥയില്‍ കരഞ്ഞവള്‍

എന്റെ നാടമ്മ നമ്മെയൊക്കെയും

പെറ്റുപോറ്റിവളര്‍ത്തി വിരിയിച്ചവള്‍

ഗര്‍ഭപാത്രത്തിലഗ്നിനൂല്‍ത്തിരികളെ

അഗ്രജന്മാര്‍ കൊളുത്തിയെറിയുമ്പൊഴും

പുത്രദുഃഖക്കണ്ണുനീര്‍ച്ചാല്‍ തുടയ്ക്കുന്ന

കൃഷ്ണവര്‍ണ്ണയാം സൈരന്ധ്രിയാണവള്‍

കണ്ണുകെട്ടി മുഖം മറച്ചിരുളില്‍ വന്ന-

മ്മതന്‍ മാറില്‍ ഉന്നം തെരക്കുമ്പോള്‍

ഗര്‍ഭപാത്രം പിളര്‍ന്നുമ്മപറയുന്നോരു

നക്ഷത്രദീപ്തമാം വാക്കുകള്‍ കേള്‍ക്കുക

പുത്രനെക്കാളും വലുതെന്റെ പെറ്റനാട്

വാക്കിന്റെയഗ്നിയില്‍ ചുട്ടുപോകും

നിന്റെ തോക്കും നിണം വീണ നിന്നട്ടഹാസവും

സിംഹനാദം‌പോല്‍ മുഴങ്ങുമീയമ്മതന്‍

മന്ത്രമധുരമാം വാക്കാണു കേരളം

അറിയുക നിങ്ങളഗ്നിശലഭം

ചതിച്ചിറകരിഞ്ഞഗ്നിവഴികളില്‍ വീഴുവോര്‍

വഴിപിഴയ്ക്കുന്ന വിഘടനക്കഴുകന്റെ

ചിറകരിഞ്ഞതിന്‍ തൂവലാല്‍ മാനവ-

പ്രണയവര്‍ണ്ണക്കൊടിക്കൂറ തുന്നിടാം

ഒരു പുലര്‍കാലസൂര്യാംശുതന്‍

ചെറുകുളിര്‍വെയില്‍ച്ചൂടില്‍

വിരിയട്ടെ പൂവുകള്‍

===================================


കളഞ്ഞുപോയ സുഹൃത്ത്

..................................................

കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍

കനലു ചിന്തുന്ന വാക്കിന്റെ തീരത്ത്

കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍

വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ

കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍

കനലു ചിന്തുന്ന വാക്കിന്റെ തീരത്ത്

കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍

വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ

ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു

മ്രിദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി

വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ

താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള

തോന്നലെന്നെ നയിക്കുന്നതിപ്പോഴും

ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു

മ്രിദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി

വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ

താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള

തോന്നലെന്നെ നയിക്കുന്നതിപ്പോഴും

പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും പ്രണയവും

നീ പറഞ്ഞു നിറുത്തവേ

അകലെ മായുന്ന കടല്‍ മുഴക്കം കേട്ടു

സമയമായി നമുക്കെന്നു ചൊല്ലി നീ

പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും പ്രണയവും

നീ പറഞ്ഞു നിറുത്തവേ

അകലെ മായുന്ന കടല്‍ മുഴക്കം കേട്ടു

സമയമായി നമുക്കെന്നു ചൊല്ലി നീ

ഒടുവില്‍ മഞ്ചാടി മുത്തു കൈ വിട്ടൊരു

ചെറിയ കുട്ടിതന്‍ കഥയോന്നുരച്ചു നീ

വിളറി വദനം വിഷാദം മറച്ചു നീ

കഥയില്‍ മൌനം നിറച്ചിരിക്കുമ്പോഴും

അകലെ ആകാശ സീമയില്‍ ചായുന്ന

പകല് വറ്റി പതുക്കെ മായുന്നോരാ

പ്രണയ സൂര്യന്‍ ചുവപ്പിച്ചു നിര്‍ത്തിയ

ചെറിയ മേഘം വിഷാദ സ്മിതം തൂകി

ഇരുളില്‍ ഇല്ലാതെയാകുന്ന മാത്രയെ

തപസ്സു ചെയ്യുന്ന ദിക്കില്‍ നിന്‍ ഹൃദയവും

മിഴിയും അര്‍പ്പിച്ചിരിക്കുന്ന കാഴ്ച്ചയെന്‍

മിഴികള്‍ അന്നേ പതിപ്പിച്ചിതോര്‍മതന്‍

ചുവരില്‍ ചില്ലിട്ട് തൂക്കി ഞാന്‍ ചിത്രമായ്‌...

ദുഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ

നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടി

ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്‍ക്കൊരുത്തരം

പോലീ പുകച്ചുരുളുകള്‍

ദുഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ

നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടി

ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്‍ക്കൊരുത്തരം

പോലീ പുകച്ചുരുളുകള്‍

പിരിയുവാനെന്നില്‍ ഒറ്റയ്ക്കു പാതകള്‍

പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌

ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന

ചിത കരിമ്പുകച്ചുരുളുയര്‍ത്തീടുന്ന

പഴയ തീരത്തിരുന്നു ഞാന്‍ കാണുന്ന

കനവില്‍ നീ പുഞ്ചിരിക്കുന്നു പിന്നെയും

പിരിയുവാനെന്നില്‍ ഒറ്റയ്ക്കു പാതകള്‍

പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌

ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന

ചിത കരിമ്പുകച്ചുരുളുയര്‍ത്തീടുന്ന

പഴയ തീരത്തിരുന്നു ഞാന്‍ കാണുന്ന

കനവില്‍ നീ പുഞ്ചിരിക്കുന്നു പിന്നെയും

========================================

കണ്ണട
...................

എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം

മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..

കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം

മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..

കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

രക്തം ചിതറിയ ചുവരുകള്‍ കാണാം

അഴിഞ്ഞ കോല കോപ്പുകള്‍ കാണാം

രക്തം ചിതറിയ ചുവരുകള്‍ കാണാം

അഴിഞ്ഞ കോല കോപ്പുകള്‍ കാണാം

കാതുകള്‍ വെള്ളിടി വെട്ടും നാദം

ചില്ലുകള്‍ ഉടഞ്ഞ് ചിതറും നാദം

പന്നിവെടി പുക പൊന്തും

തെരുവില്‍പതി കാല്വര കൊള്വത് കാണാം

ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും കുരുന്ന്

ഭീതി കണ്ണുകള്‍ കാണാം

മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..

കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

സ്മരണകുടീരങ്ങള്‍ പെരുകുമ്പോള്‍

പുത്രന്‍ ബലി വഴിയേ പോകുമ്പോള്‍

മാതൃവിലാപ താരാട്ടില്‍

മിഴിപൊട്ടി മയങ്ങും ബാല്യം

കണ്ണില്‍ പെരുമഴയായി പെയ്തൊഴിവത് കാണാം

സ്മരണകുടീരങ്ങള്‍ പെരുകുമ്പോള്‍

പുത്രന്‍ ബലി വഴിയേ പോകുമ്പോള്‍

മാതൃവിലാപ താരാട്ടില്‍

മിഴിപൊട്ടി മയങ്ങും ബാല്യം

കണ്ണില്‍ പെരുമഴയായി പെയ്തൊഴിവത് കാണാം

മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..

കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

പൊട്ടിയതാലി ചരടുകള്‍ കാണാം

പൊട്ടാ മദ്യ കുപ്പികള്‍ കാണാം

പൊട്ടിയതാലി ചരടുകള്‍ കാണാം

പൊട്ടാ മദ്യ കുപ്പികള്‍ കാണാം

പലിശ പട്ടിണി പടി കേഋമ്പോള്‍

പുറകിലെ മാവില്‍ കായറുകള്‍ കാണാം

പൊട്ടിയതാലി ചരടുകള്‍ കാണാം

പൊട്ടാ മദ്യ കുപ്പികള്‍ കാണാം

പൊട്ടിയതാലി ചരടുകള്‍ കാണാം

പൊട്ടാ മദ്യ കുപ്പികള്‍ കാണാം

പലിശ പട്ടിണി പടി കേഋമ്പോള്‍

പുറകിലെ മാവില്‍ കായറുകള്‍ കാണാം

തറയില്‍ ഒരു ഇലയില്‍ ഒരല്‍പം ചോരയില്‍

കൂനനുറുമ്പിന്‍ തേടല്‍ കാണാം

മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..

കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

പിഞ്ചു മടി കുത്തമ്പതുപേര്‍

ചേര്‍ന്നിരുവതു വെള്ളി കാശു കൊടുത്തു

തൊഴുതു മറിക്കും കാഴ്ചകള്‍ കാണാം

പിഞ്ചു മടി കുത്തമ്പതുപേര്‍

ചേര്‍ന്നിരുവതു വെള്ളി കാശു കൊടുത്തു

തൊഴുതു മറിക്കും കാഴ്ചകള്‍ കാണാം

തെരുവില്‍ സ്വപ്നം കരിഞ്ഞു മുഖവും

നീറ്റിയ പിഞ്ചു കരങ്ങള്‍ കാണാം

അരികില്‍ ഷീമ കാരിന്‍ ഉള്ളില്‍

സുഖ ശീതള മൃദുമാരിന്‍ ചൂരില്‍

ഒരു ശ്വാനന്‍ പല്‍ നുനവത് കാണാം

മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..

കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

തിണ്ണയില്‍ അമ്പത് കാശിന്‍ പെന്‍ഷന്‍

തെണ്ടി ഒരായിരം ആളെ കാണാം

തിണ്ണയില്‍ അമ്പത് കാശിന്‍ പെന്‍ഷന്‍

തെണ്ടി ഒരായിരം ആളെ കാണാം

പൊടി പാറും ചെറു കാറിലൊരാള്‍

പരിവാരങ്ങളുമായ് പായ്‌വതു കാണാം

മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..

കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

കിളിനാദം ഗദ കാലം

കനവില്‍ നുണയും മൊട്ടകുന്നുകള്‍ കാണാം

കിളിനാദം ഗദ കാലം

കനവില്‍ നുണയും മൊട്ടകുന്നുകള്‍ കാണാം

കുതി പായാന്‍ മോഹിക്കും പുഴ

വറ്റിവര്‍ണ്‍റ്റത് കിടപ്പത് കാണാ,

വിളയില്ലാ തവള പാടില്ലാ

മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..

കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

കൂട്ടം കുഴികള്‍ കുപ്പ തറകള്‍

ഒരാള്‍ ഒരിക്കല്‍ കണ്ണട വെച്ചു

കല്ലേറി കുരിശേറ്റം

വേറെ ഒരാള്‍ ഒരിക്കല്‍ കണ്ണ്ട വെച്ചു

ചെകിടടി വെടിയുണ്ട

ഒരാള്‍ ഒരിക്കല്‍ കണ്ണട വെച്ചു

കല്ലേറി കുരിശേറ്റം

വേറെ ഒരാള്‍ ഒരിക്കല്‍ കണ്ണ്ട വെച്ചു

ചെകിടടി വെടിയുണ്ട

കോതിയുടുക്കുക തിമിര കാഴ്ചകള്‍

സ്ഫടിക സരിതം പോലെ സുകൃതം

കാട് കരിച്ചു മറിഞ്ഞ് ഒഴുകുന്നൊരു

മാവേലി താര കണ്ണും നാം

ക്കൊതിയുടുക്കുക കാഴ്ചകള്‍

ഇടയാന്‍ മുട്ടി വിളിക്കും... കാലം കാക്കുക

എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം

എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം

മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..

കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..

കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം..
==================================

രേണുക
.........................

രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു..

പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍..

രേണുകേ നാം രണ്ടു മേഘശകലങ്ങളായ്  അകലേക്ക് മറയുന്ന ക്ഷണഭംഗികള്‍..

മഴവില്ലു താഴെ വീണുടയുന്ന മാനത്ത്-വിരഹമേഘ ശ്യാമ ഘനഭംഗികള്‍..

പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌-ഒഴുകിയകലുന്നു നാം പ്രേമശ്യൂന്യം..

ജല മുറഞ്ഞൊരു ദീര്‍ഘശില പോലെ നീ- വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍..
ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം-ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം..

എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും-കണ്ടുമുട്ടാമെന്ന വാക്കു മാത്രം..

നാളെ പ്രതീക്ഷതന്‍ കുങ്കുമ പൂവായി-നാം കടം കൊള്ളുന്നതിത്ര മാത്രം..
രേണുകേ നാം രണ്ടു നിഴലുകള്‍-ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍-
പകലിന്റെ നിറമാണ് നമ്മളില്‍ നിനവും നിരാശയും.

.കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍-വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി..

നിറയുന്നു നീ എന്നില്‍ നിന്‍റെ കണ്മുനകളില്‍ നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ..

ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം..

എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം..



സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ മൂകാന്ധകാരം കനക്കുന്ന രാവത്തില്‍

മുന്നില്‍ രൂപങ്ങളില്ലാ കണങ്ങലായ് നമ്മള്‍ നിന്നു നിശബ്ദ ശബ്ദങ്ങലായ്..

പകല് വറ്റി കടന്നു പോയ് കാലവും പ്രണയ മൂറ്റിച്ചിരിപ്പു രൌധ്രങ്ങളും..

പുറകില്‍ ആരോ വിളിച്ചതായ് തോന്നിയോ-പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ..

ദുരിത മോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്‌-ചിതറി വീഴുന്നതിന്‍ മുന്പല്‍പ്പമാത്രയില്‍ -

ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ- മധുരം മിഴിപൂ നനച്ചുവോ രേണുകേ?...

രേണുകേ നീ രാഗ രേണു കിനാവിന്റെ-നീല കടമ്പിന്‍ പരാഗ രേണു..

പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു- നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍....................
==============================================================

ഒരു കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ്
.........................................................................

ഇതു പാടമല്ലെന്റെ ഹൃദയമാണ് ...
നെല്കതിരല്ല കരിയുന്ന മോഹമാണ്..ഇനിയെന്റെ കരളും പറിച്ചു കൊള്‍ക..
പുഴയല്ല കണ്ണീരിനുറവയാണ് ...വറ്റി വരളുന്നതുയിരിന്റെ ഉറവയാണ്
ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക

കതിരു കൊത്താന്‍ കൂട്ടുകിളികളില്ല
കിളിയകട്ടാന്‍ കടും താളമില്ല
നുരിയിട്ടു നിവരുന്ന ചെറുമി തന്‍ ചുണ്ടില്‍ വയല്‍ പാട്ടു ചാര്‍ത്തും ചുവപ്പുമില്ല
നാമ്പുകളുണങിയ നുകപ്പാടിനോരത്ത് നോക്കുകുത്തി പലക ബാക്കിയായി
ഇനിയെന്റെഇനിയെന്റെഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക... ബോധവുമെടുത്തു കൊള്‍ക......................... പാട്ടുകളെടുത്തു കൊള്‍ക............

കര്‍ക്കിട കൂട്ടങ്ങള്‍ മേയുന്ന മടവകള്‍
വയല്‍ ചിപ്പി ചിത്രം വരക്കും ചതുപ്പുകള്‍
മാനത്തു കണ്ണികള്‍ മാരശരമെയ്യുന്ന മാനസ സരസ്സാം ജലചെപ്പുകള്‍
ധ്യാനിച്ചു നില്‍കുന്ന ശ്വേത സന്യാസികള്‍.....
നാണിച്ചു നില്ക്കും കുളക്കോഴികള്‍ ...

പോയ്മറഞെങൊ വിളക്കാല ഭംഗികള്‍ ...
വറുതി കത്തുന്നു കറുക്കുന്നു ചിന്തകള്‍
ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക.........................

വൈക്കോല്‍ മിനാരം മറഞ്ഞ മുറ്റത്തിന്നു
ചെണ്ട കൊട്ടി കടത്തെയ്യങ്ങളാടുന്നു
ഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക...

ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക
ഇനിയെന്റെ കരളും പറിച്ചു കൊള്‍ക...
ഇനിയെന്റെ പാട്ടുകളെടുത്തു കൊള്‍ക............
ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക.......................
=========================================

ബാഗ്ദാദ്
.....................
മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു
താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങൾ(2)

ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്(2)
കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു

ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികൾ(2)
കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു

അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം(2)
ഇതു ബാഗ്ദാദാണമ്മ..(2)

തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട്
പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട്

അമ്മക്കാലു തെരഞ്ഞു തകര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം
എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴി

സൂര്യനെവെല്ലും കാന്തിയെഴും തേജസ്വാര്‍ന്നൊരു ബാല്യമുഖം
കീറിവരഞ്ഞു ജയിക്കുകയാണൊരു പാരുഷ്യത്തിന്‍ ക്രൌര്യമുഖം
ഇതു ബാഗ്ദാദാണമ്മ..(2)

ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍
വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാര്‍ദ്രം (2)

സ്വപ്നത്തില്‍ അവനൊത്തിരിയകലെ കൊച്ചുപശുക്കെന്നൊപ്പമലഞ്ഞു
പൊയ്കയിലാമ്പലിറുത്തൊരു കയ്യില്‍ കൊള്ളിത്തടഞ്ഞു മയക്കമുടഞ്ഞു(2)

കരയാതരികിലിരുന്നമ്മ ഇനിയെന്‍ കണ്ണുകള്‍ നിന്‍ കൈകൾ(2)
ഇതു ബാഗ്ദാദാണമ്മ..(2)

ദൂരെയിരുന്നവര്‍ ചോദിച്ചൂ, ആരാ നിന്നുടെ സ്വപ്നത്തിൽ
പ്രായോജകരില്ലാത്തൊരു സ്വപ്നം തട്ടിപ്പായിക്ക

ചൂടുകിനാക്കള്‍ നല്‍കാം നീ നിന്‍ നേരും വേരുമുപേക്ഷിക്ക
അല്ലെങ്കില്‍ തിരി ആയിരമുള്ളൊരു തീക്കനി‍ തിന്നാന്‍ തന്നീടും

രാത്രികളില്‍ നിന്‍ സ്വപ്നങ്ങളില്‍ അതിപ്രേത കൂട്ടു പകര്‍ത്തീടും
അഗ്നിയെറിഞ്ഞു കുടങ്ങളുടഞ്ഞു കടല്‍ഭൂതങ്ങളുറഞ്ഞീടും

നട്ടുനനച്ചൊരു സംസ്ക്കാരത്തരു വെട്ടിച്ചിത തീര്‍ത്തീടും
തണലുതരുന്ന മഹാവൃക്ഷം നാം ചുവടു മുറിക്കുകയാണിന്ന്

പകരം നല്‍കാം സ്വപ്നസുഖങ്ങള്‍ നിറച്ചൊരു വര്‍ണ്ണക്കൂടാരം
പേരും വേരുമുപേക്ഷിക്ക പടിവാതില്‍ തുറന്നു ചിരിക്കുക നീ(2)

പുല്ലുപറഞ്ഞു കിളക്കുക പുത്തന്‍ ചൊല്ലുകിളിര്‍ക്കാന്‍ ഹൃദയങ്ങൾ(2)
കത്തും കണ്ണു കലങ്ങീല, മൊഴിമുത്തുമൊരല്പമുടഞ്ഞീലാ

മറുമൊഴി ചൊല്ലി തീക്കനി തിന്നാം നരകത്തീമഴയേറ്റീടാം(2)
എങ്കിലുമെന്നുടെ പേരും വേരും എന്നും പ്രാണനുമാത്മാവും (2)
ഇതു ബാഗ്ദാദാണമ്മ..(2)

ഇതു ബാഗ്ദാദ്, ദുശ്ശാസനകേളിയില്‍ കൂന്തലഴിഞ്ഞ സഭാപര്‍വ്വം
ഇതു ഗാന്ധാരി ഒരായിരമരുമ കുരിതിയിലന്ധതയാര്‍ന്ന മനം

ഇതു കോവിലപത്നി മുറിച്ച മുലപ്പാടയഗ്നിയെരിച്ച മഹാചരിതം
ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്(2)
അറബിക്കഥയിലെ ബാഗ്ദാദ്…(4)

=============================================
തിരികെയാത്ര
......................................
മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും

വാമനന്മാരായ് അളന്നളന്നവരെന്‍റെ
തീരങ്ങളില്‍ വേലിചാര്ത്തി
വേദന പാര്തന്ത്രത്തിന്‍റെ വേദന
പോരൂ ഭഗീരഥാവീണ്ടും

തുള്ളികളിച്ചു പുളിനങ്ങളെ പുല്കി
പുലരികളില്‍ മഞ്ഞാട ചുറ്റികഴിഞ്ഞ്നാള്‍
വെയിലാറുവോളം കുറുമ്പന്‍ കുരുന്നുകള്‍
നീര്തെറ്റിനീരാടി നീന്തികളിച്ചനാള്‍

വയലില്‍ കലപ്പക്കൊഴുവിനാല്‍ കവിതകള്‍
വിരിയിച്ചുവേര്‍പണിഞ്ഞവനും കിടാക്കളും
കടവിലാഴങ്ങളില്‍ കുളിരേറ്റുനിര്വ്രുതി
കരളില്‍ തണുപ്പായ് പുതച്ചോരുനാളുകള്‍

കെട്ടുപോകുന്നുവസന്തങ്ങള്‍ പിന്നെയും
നഷ്ടപ്പെടുന്നെന്‍റെ ചടുലവേഗം
ചൂതിന്‍റെ ഈടു ഞാന്‍ ആത്മാവലിഞ്ഞുപോയ്
പോരൂ ഭഗീരഥാ വീണ്ടും

എന്‍റെ പൈകന്നിന്നു നീര്‍ കൊടുത്തീടതെ
എന്‍റെ പൊന്മാനിനു മീനുനല്കീടാതെ
എന്‍റെ മണ്ണിരകള്‍ക്കു ചാലുനല്കീടാതെ
കുസ്രുതി കുരുന്നുകള്‍ ജലകേളിയാടാതെ

കുപ്പിവളത്തരുണി മുങ്ങിനീരാടാതെ
ആറ്റുവഞ്ചി കുഞ്ഞിനുമ്മ നല്കീടാതെ
വയലുവാരങ്ങളില്‍ കുളിരു കോരീടാതെ
എന്തിന്നു പുഴയെന്ന പേരുമാത്രം

പോരൂ ഭഗീരഥാ വീണ്ടും
കൊണ്ടു പോകൂ ഭഗീരഥാ വിണ്ണില്‍

നായാടി മാടിനെ മേച്ചു പരസ്പരം
പോരാടി കാട്ടില്‍ കഴിഞ്ഞ മര്‍ത്ത്യന്‍
തേടിയതൊക്കെയെന്‍ തീരത്തു നല്കി ഞാന്‍
നീരൂറ്റി പാടം പകുത്തു നല്കി

തീറ്റയും നല്കി തോറ്റങ്ങള്‍ നല്കി
കൂട്ടിന്നു പൂക്കള്‍ പുല്‍ മേടുനല്കി
പാട്ടും പ്രണയവും കോര്ത്തു നല്കി
ജീവന സംസ്ക്രുതി പെരുമ നല്കി

സംഘസംഘങ്ങളായ് സംസ്കാരസഞ്ചയം
പെറ്റു വളര്‍ത്തി പണിക്കാരിയമ്മപോല്‍
പൂഴിപരപ്പായി കാലം അതിന്നുമേല്‍
ജീവന്‍റെ വേഗത്തുടിപ്പായി ഞാന്‍

വിത്തെടുത്തുണ്ണാന്‍ തിരക്കുകൂട്ടുമ്പൊഴീ
വില്പനക്കിന്നുഞാന്‍ ഉത്പന്നമായ്
കൈയില്‍ ജലം കോരി സൂര്യബിംബം നോക്കി
അമ്മേ ജപിച്ചവനാണു മര്‍ത്ത്യന്‍

ഗായത്രി ചൊല്ലാന്‍ അരക്കുമ്പിള്‍ വെള്ളവും
നീക്കാതെ വില്ക്കാന്‍ കരാറു കെട്ടി
നീരുവിറ്റമ്മതന്‍ മാറുവിറ്റു
ക്ഷീരവും കറവകണക്കു പെറ്റു

ഇനിവരും നൂറ്റാണ്ടില്‍ ഒരു പുസ്തകത്താളില്‍
പുഴയെന്ന പേരെന്‍റെ ചരിതപാഠം
ചാലുകളിലെല്ലാമുണങ്ങിയ മണല്‍ കത്തി
നേരമിരുണ്ടും വെളുത്തും കടന്നുപോം
ഒടുവില്‍ അഹല്യയെപ്പോലെ വസുന്ധര
ഒരു ജലസ്പര്‍ശമോക്ഷം കൊതിക്കും

അവിടെയൊരുശ്രീരാമ ശീതള സ്പര്‍ശമായ്
തിരികെ ഞാനെത്തുംവരേക്കാനയിക്കുക
മാമുനീശാപം മഹാശോകപര്‍വം
നീ തപം കൊണ്ടെന്‍റെ മോക്ഷഗമനം

ഉള്ളുചുരന്നൊഴുകി സകര താപം കഴുകി
പിന്നെയുംഭൂമിക്കു പുളകമേകി
അളവുകോലടിവച്ചളന്നു മാറ്റുന്നെന്‍റെ
കരളിലൊരു മുളനാഴിയാഴംതെരക്കുന്നു

ഒരു ശംഖിലാരും തൊടാതെന്‍റെ ആത്മാവു
കരുതി വയ്കൂന്നു ഭവാനെയും കാത്തുഞാന്‍
വന്നാകരങ്ങളിലേറ്റുകൊള്‍കെന്നെ ഈ
സ്നേഹിച്ച ഭൂമി ഞാന്‍ വിട്ടുപോരാം

മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
വരിക ഭഗീരഥാ വീണ്ടും
============================
പക
.......................
ദുരമൂത്തു നമ്മൾക്ക്, പുഴ കറുത്തു

ചതി മൂത്തു നമ്മൾക്ക്, മല വെളുത്തു

തിരമുത്തമിട്ടോരു കരിമണൽ‌ തീരത്ത്-

വരയിട്ടു നമ്മൾ പൊതിഞ്ഞെടുത്തു

പകയുണ്ട് ഭൂമിക്ക്, പുഴകൾക്കു, മലകൾക്കു,

പുകതിന്നപകലിനും ദ്വേഷമുണ്ട്

രാസതീർത്ഥം കുടിച്ചാമാശയം വീർത്ത്

മാത്രാവബോധം‌ മറഞ്ഞ പേക്കുട്ടികൾ‌

രാത്രികൾ‌ പോലെ കറുത്ത തുമ്പപ്പൂവ്

രോഗമില്ലാതെയുണങ്ങുന്ന വാകകൾ‌

മാനത്ത് നോക്കൂ കറുത്തിരിക്കുന്നു

കാർ‌മേഘമല്ല, കരിമ്പുകച്ചുരുളുകൾ‌

പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നൂ

പിച്ചിയല്ല, വിഷം തിന്ന തെച്ചി.

കാറ്റിനെയൊന്ന് മണത്തു നോക്കൂ, മണം‌

ഗന്ധകപ്പാലപൂത്തുലയുന്ന മാദകം‌

പോക്കുവെയിലേറ്റൊന്നിരുന്നു നോക്കൂ

പുറം‌ തോലറ്റിറങ്ങുന്നതഗ്നി സർ‌പ്പം‌

മഴയേറ്റു മുറ്റത്തിറങ്ങി നിൽ‌ക്കൂ മരണ-

മൊരു തുള്ളിയായണുപ്രഹരമായി

ഉപ്പുകല്ലൊന്നെടുത്തുനോക്കൂ കടൽ‌

കണ്ണീരിനുപ്പിൻ‌ ചവർപ്പിറക്കൂ

പകയുണ്ട് ഭൂമിക്ക്, പുഴകൾക്കു, മലകൾക്കു,

പുകതിന്നപകലിനും ദ്വേഷമുണ്ട്

ഇരുകൊടുങ്കാറ്റുകൾ‌ക്കിടയിലെ ശാന്തിതൻ‌

ഇടവേളയാണിന്ന് മർത്യജന്മം‌

തിരയായി തീരത്തശാന്തിയായ് തേങ്ങലായ്

പതയുന്നു പുകയുന്നു പ്രകൃതിപ്പക..

ഇതു കടലെടുത്തൊരാ ദ്വാരകാപുരിയിലെ

കൃഷ്ണപക്ഷക്കിനാവുള്ള ദ്വാപരർ‌

ആരുടേതാണുടഞ്ഞൊരീ കനവുകൾ‌?

ആരുടച്ചതാണീ കനൽചിമിഴുകൾ‌?

ആരുടേതീ നിരാലംബ നിദ്രകൾ‌?

ആരുറക്കിയീ ശാന്തതീരസ്മൃതി
നീ, ജലാദ്രി, തമോഗർ‌ത്ത സന്തതി

നീ, ജലാദ്രി, തരംഗരൂപിപ്പക!

അലറി ആർത്തണയുന്ന തിര തമോഗർ‌ത്തത്തില-

ടവച്ചു വിരിയിച്ച മൃതി വിളിച്ചു

അലമുറകളാർ‌ത്തനാദങ്ങൾ‌ അശാന്തികൾ‌

അവശിഷ്ടമജ്ഞാതമൃതചിന്തകൾ‌

അം‌ഗുലീയാഗ്രത്തിൽ‌‌ നിന്നൂർന്നു തിരതിന്ന

പുത്രനായ് കേഴുന്ന പിതൃസന്ധ്യകൾ‌

ഇനിയെത്ര തിരവന്നു പോകിലും‌

എന്റെ കനൽ‌മുറിവിൽ നിൻ‌മുഖം  മാത്രം

എന്റെ ശ്രവണികളിൽ‌ നിൻ‌ തപ്ത നിദ്രമാത്രം‌

തൊട്ടിലാട്ടുന്ന താരാട്ടുകയ്യുകൾ‌

കെട്ടി അമ്മിഞ്ഞ മുത്തുന്ന മാറുകൾ‌

കവിളിലാരാണു തഴുകുന്നൊതീ കുളിർ‌

കടൽ‌ മാതാവ് ഭ്രാന്തവേഗത്തിലോ..?

അരുത് കാട്ടിക്കുറുമ്പ് കാട്ടേണ്ടൊരീ

തരളഹൃദയത്തുടിപ്പസ്തമിച്ചുവോ?

നിഴലുകെട്ടിപ്പുണർന്നുറങ്ങുന്നുവോ

പുലരികാണാപ്പകൽ‌ക്കിനാച്ചിന്തുകൾ‌

ഇന്നലെ ഹിന്ദുവായ് ഇസ്ലാമിയായ് നാം‌

കൊന്നവർ‌ കുന്നായ്മ കൂട്ടാ‍യിരുന്നവർ‌

ഇന്നൊരേകുഴിയിൽ കുമിഞ്ഞവർ‌ അദ്വൈത –

ധർമ്മമാർ‌ന്നുപ്പു നീരായലിഞ്ഞവർ‌

ഇരു കൊടുങ്കാറ്റുകൾ‌ക്കിടയിലെ ശാന്തിതൻ‌

ഇടവേളയാണിന്നു മർത്യജന്മം‌

തിരയായി തീർത്തശാന്തിയായ് തേങ്ങലായ്

പതയുന്നു പുകയുന്നു പ്രകൃതിപ്പക

അരുമക്കിടാങ്ങളുടെ കുരലു ഞെക്കിക്കൊന്ന

സ്ഥിരചിത്തയല്ലാത്തൊരമ്മയെപ്പോൽ‌

കടലിതാ ശാന്തമായോർ‌മ്മകൾ‌ തപ്പുന്നു

ഒരു ഡിസംബർ‌ ത്യാഗതീരം കടക്കുന്നു.
==================================

നിങ്ങളുടെ ശക്തമായ വിമർശനങ്ങളും,നിർദേശങ്ങളും   അറിയിക്കുക  ഒപ്പം കവിതകളും  2malayalam2@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge