ഹംസ ഏലംകുളം കവിതകൾ
========================
പൈതൃകങ്ങൾ
==============
കവിതേ നീ പിറന്നിടുന്നെൻ ഹൃദയ ധമനികളിൽ എൻ ചിന്തകളിൽ
ഇനിയുമേറെ കുറിച്ചീടണം
വസന്തകാലത്തിൻ കുളിരോർമ്മകൾ
ചിതലരിച്ചിടാത്തൊരു
മാറാല കെട്ടാത്തൊരെൻ
ചിന്തകളെ
മാറുന്നൊരീ ലോകത്തിൻ
മാറാതെ കാത്തു സൂക്ഷിച്ചിടാമെന്നും
നമ്മുടെ പൈതൃകങ്ങൾ
ചരിത്ര താളുകൾ മറിച്ചിടുമ്പോൾ
ചാരുതയേറും ചിന്തകളിലെൻ മനം തുടിച്ചിടുമ്പോൾ
ഇന്നത്തെ വർത്തമാനത്തിൽ നാം മറന്നിടുന്നെല്ലാം
കാലമാം യവനിക ക്കുള്ളിൽ എരിഞ്ഞു തീരും മുൻപേ
ചെയ്തു തീർക്കാം
നമുക്കിനിയുമേറെ
✍🏻 ഹംസ ഏലംകുളം
കൊയ്ത്തും മെതിയും
---------------------------------------
വറ്റി വരണ്ടു കിടക്കുന്നു വയലുകൾ
വിത്ത് വിതച്ചിടാനും കൊയ്തെടുക്കാനും
നേരമില്ലാത്തൊരു നേരത്തിലായി നാം
ഉഴുതു മറിച്ചു നനച്ചു വിതച്ചതും ഭൂത കാലത്തിനോർമ്മകൾ മാത്രമായി
മറഞ്ഞിടുന്നോരോ കാഴ്ചയും ഇന്നലെയുടെ ഓർമകൾ മാത്രമായിടുന്നു
കാലത്തിൻ മാറ്റങ്ങളിൽ
മാറിടുന്നോ നാം കാത്തു നിൽക്കാതെ കാലമിങ്ങനെ ഓടിയകന്നിടുന്നു
കറ്റ മെതിച്ചൊരു മുറ്റത്തെ കോണിലായ്
വൈക്കോൽ കൂനകൾ
പ്രൗഢിയായ് നിന്നൊരു
കാലമിന്നെങ്ങോ പോയ് മറഞ്ഞു.
കല്ലിട്ടു പാകി വെടിപ്പാക്കി
മുറ്റവും കൊയ്ത്തും മെതിയും പോയ് മറഞ്ഞു.
✍🏻 ഹംസ ഏലംകുളം
ആത്മ സുഹൃത്ത്
--------------------------------
എന്നുമെന്നിൽ നിഴലായ്
തേങ്ങുന്ന മനമിൽ സാന്ത്വനമായ് കുളിരായ്
ഹൃദയത്തോട് ചേർത്ത് വെച്ചു
എന്നിലെ ചിന്തകളും ചിരികളും പങ്കു വെച്ചീടുവാനെൻ ആത്മ സൗഹൃദമായെന്നുമെന്നോട് ചേർന്നു നിന്നു
നേർവഴി കാട്ടി എന്നുമെന്നിൽ സത്യത്തിൻ പാതയിൽ
കാരുണ്യത്തിൻ സ്പർശനമായ്
അകലെയെങ്കിലും
ഹൃദയങ്ങൾ ചേർത്ത് വെച്ച അടുപ്പമെന്നുമെന്നിൽ അരികെയായിരുന്നു
കനവും നിനവും പങ്കു വെച്ചും കാലത്തിനൊപ്പം സഞ്ചരിച്ചീടുകിലും
കാലമൊരിടത്തിറക്കി വെക്കും മുൻപേ തീരത്തണിഞ്ഞിടേണം
ആത്മ സൗഹൃദത്തിനോടൊന്നിച്ചിരിക്കാൻ
പറഞ്ഞു തീരാത്തൊരാ കഥകളിനിയും പറഞ്ഞീടുവാൻ
✍🏻 ഹംസ ഏലംകുളം
പുതു വർഷം
------------------------
കൊഴിഞ്ഞു പോയോരോ പുലരിയും രാവും
തിരികെ മടങ്ങാത്തൊരാ നാളുകൾ
അടർന്നു വീണ പൂവിൻ ദളങ്ങൾ പോൽ
കാത്തിരിപ്പൂ പുതിയ പുലരിക്കായ്
പുതു വർഷത്തെ വരവേൽക്കാനായ്
പത്തൊൻപതിൻ പടിവാതിലിൽ
നവ വർഷ പിറവിക്കായ്
വെൺ മേഘ പാളികൾക്കുള്ളിൽ നിന്നൂർന്നു വീഴും സൂര്യ കിരണങ്ങൾ പോൽ
മഴയുടെ കുളിരേകും
നൈർമല്യ നിമിഷങ്ങൾ പോൽ
മഴ മേഘങ്ങൾ മണ്ണിനെ കുളിരണിയിക്കും പോൽ
പീലി നീർത്തി നർത്തനമാടും മയിലുകൾ പോൽ
പുതിയ പ്രതീക്ഷകൾ തൻ ചിറകിലേറി പാറി പറന്നിടാൻ
പുതു വർഷത്തെ വരവേറ്റിടാനായ്
കാത്തിരിപ്പൂ
✍🏻 ഹംസ ഏലംകുളം
നൻമ
--------------
പിൻ തിരിഞ്ഞു നോക്കിടാതെ ഓടിടുന്നു നാം
പുതു വർഷ പിറവിയുടെ ആഘോഷ തിമിർപ്പിൽ
കൊഴിഞ്ഞു വീണൊരായുസിൻ ഇതൾ കൂടി ജീവിത വഴിയിലായ്
ഭൂത കാലത്തെ മറന്നോടിടുന്നു നാം
പുതിയ തലങ്ങൾ തേടി
ഓർത്തിടുന്നില്ലൊന്നുമീ
പാതി മയക്കത്തിലെന്നപോൽ
ഏതോ കിനാവിന്റെ കൂട്ടിൽ നിന്നുമു തിർന്നു വീഴുന്ന പവിഴ മുത്തുകൾ തേടി അലയും പോൽ
കാലത്തിൻ പിറകേ ഓടിടുന്നു
പുതിയ ചുവടുകളോരോന്നും നൻമ തൻ വഴിയിലായിടട്ടെ
പുത്തൻ ചിന്തകൾ ജീവിത വിജയത്തിനുതകിടട്ടെ
സ്നേഹത്തിൻ ദീപ നാളമായെന്നും ജ്വലിച്ചിടട്ടെ
കരുണ തൻ കരങ്ങളായെന്നും മാറിടട്ടെ
മാറിടട്ടെ നമ്മിലെ തിന്മ തൻ ശീലങ്ങൾ
നൻമയേറെ ചെയ്യുവാൻ
സ്നേഹത്തിൻ പുഞ്ചിരി നൽകുവാൻ
ഒന്നായി എന്നും ഒന്നിച്ചു നിന്നീടാൻ
ഒരുമയെന്നും വാണിടട്ടെ
.മതിലുകൾ
--------------------------
ബന്ധങ്ങളെല്ലാം സുദൃഢമായിരുന്ന കാലം
മതിൽ കെട്ടിനുള്ളിലെ അപരിചിതമല്ലാത്തൊരാ
സ്നേഹ ബന്ധത്തിൻ നാളുകൾ
നമുക്കന്യമായിപ്പോയിതാ
അതിരുകൾ തീർത്ത മതിൽ കെട്ടിനുള്ളിൽ
മനസുകൾ പോലുമിന്നിതാ മതിലുകൾ തീർത്ത അപരിചിത്വത്തിൻ വഴിയിലായ് മാറിയല്ലോ
മന്ദസ്മിതം തൂകാൻ മറന്നു പോയെങ്ങോ
അതിർ തീർത്ത മതിലുകൾ മനസുകൾ തീർത്ത മതിലുകളായി
നാം അകലുകയാണിന്ന്
സ്വന്തമെന്ന ചിന്തകൾക്കപ്പുറം
ബന്ധങ്ങളെ നാം മറന്നിടുന്നു
ഓരോ പുതു വത്സരങ്ങൾ
വന്നണഞ്ഞിടുമ്പോഴും
ഓർത്തിടുന്നില്ലൊന്നുമേ നാം
മാറിടട്ടെ നമ്മിലെ സ്വാർത്ഥയെല്ലാം
ബന്ധങ്ങളല്ലോ കെട്ടുറപ്പുള്ളോരു മതിലുകളെന്നും
അറിഞ്ഞിടട്ടെ
✍🏻 ഹംസ ഏലംകുളം
ഹർത്താൽ
----------------------
ശൂന്യതയാണിവിടം
കമ്പോളത്തിരക്കില്ല
വാഹനങ്ങളുടെ ചീറി പാച്ചിലിലില്ല
നിരത്തിലെങ്ങുമൊരു
കച്ചവടക്കാരുമില്ല
അങ്ങിങ്ങായി മേഞ്ഞു നടക്കും നാൽ കാലികൾ മാത്രം
എന്തിനോ വേണ്ടി ആർക്കോ വേണ്ടി ദുസ്സഹമാക്കിടുന്നു ജന ജീവിതം.
എന്ത് നേടുവാൻ എന്തിന്ന് വേണ്ടി
അർത്ഥമില്ലാതെ വ്യർത്ഥമാക്കിടുന്നു ജീവിതങ്ങൾ
കളിപ്പാവകളായ് മാറിടുന്നോ
ആഞ്ജാനുവർത്തികളായ് മാറിടുന്നോ
തീറെഴുതിയിട്ടില്ലാരുമേ ആർക്കും
നമ്മുടെ നാടിന്റെ ശാപമായ് മാറിയിരിക്കുന്നൊരീ ഹർത്താൽ
തീർന്നിടും നേരമേ
നമ്മുടെ നാടും
നേർ വഴിക്കാവൂ
✍🏻 ഹംസ ഏലംകുളം
കലഹം
------------------
ഉഗ്ര രൂപിണിയായ് പ്രളയം
താണ്ഢവമാടിയ നേരം
എല്ലാം വെള്ളത്തിലാഴ്ന്നു പോയ നിമിഷങ്ങളിൽ
നാം നമ്മെ തിരിച്ചറിഞ്ഞു
അതിർ വരമ്പുകളില്ലാത്ത സ്നേഹത്തിൻ കുടക്കീഴിൽ ഒന്നിച്ചിരുന്നു
ഒന്നിച്ചുണ്ടും ഒരേ കൂരക്കു കീഴെ അന്തിയുറങ്ങിയും
സമത്വ സാഹോദര്യം നിറഞ്ഞ് പകർന്നു നൽകി
ഇന്നിതാ മണ്ണിട്ടുമൂടിയെല്ലാം
തെരുവിലായ് തമ്മിലായ്
ആർക്കോ വേണ്ടി ചുടു ചോര ചിന്തിടുന്നു
ദുരന്തങ്ങളേറെ വന്നു പോകിലും മർത്യന്റ ചെയ്തിയിൽ മാറ്റമൊന്നുമേ വന്നീടുകില്ല.
ക്ഷണികമെന്നോർക്കാതെ
അനശ്വരമെന്ന് നടിച്ചു നടന്നിടുന്നു.
തമ്മിലൊന്നായ് ഒന്നിച്ചു നിന്നവർ തമ്മിലടിച്ചു കലഹിച്ചിടുന്നു
ദൈവത്തിൻ സ്വന്തം നാടെന്ന നാമം തിരികെ വരുമോ സ്നേഹത്തിലായ് വർത്തിച്ചൊരാ നല്ല നാളെകളും.
ആർക്കോ വേണ്ടി ചുടു ചോര ചിന്താതെ മർത്യരെല്ലാരുമൊന്നെന്ന ചിന്തയതിൽ തെല്ലുമില്ല കലഹമൊന്നുമീ ഉലകിൽ
✍🏻 ഹംസ ഏലംകുളം
വായന
-------------------
കുഞ്ഞു കൈകളിൽ കുഞ്ഞു നാളിലേന്തിയ പുസ്തകങ്ങൾ
കൗതുകത്താൽ വായിക്കാൻ പഠിച്ചൊരക്ഷരങ്ങൾ
കൂട്ടിന് വന്നൊരക്ഷരങ്ങളെ കൂട്ടി എഴുതാൻ ശീലിച്ച നാളുകൾ
വാക്കുകൾ വർണങ്ങളായി കടലാസിൽ പകർത്തിയ നേരം
പുസ്തകങ്ങളെ സ്നേഹിച്ച നാളുകൾ
വായിച്ചു വളരാൻ അറിവ് നേടാൻ വായന ശീലമാക്കിയ ദിനങ്ങൾ
പതിയെ പതിയെ മറഞ്ഞ് പോയിടുന്നെല്ലാം
വായിക്കുവാനില്ല നേരം
പുസ്തകങ്ങളെ അറിയുവാൻ അറിവിന്റെ മധുരം നുകരാൻ നേരമില്ലാത്തൊരു യുഗത്തിലായി നാം
വായിക്കുവാൻ വളരുവാൻ അറിവിന്റെ സന്ദേശം നൽകീടുക നാം
പഞ്ചേന്ദ്രിയങ്ങൾക്കനുഭൂതി നൽകും വായന ശീലങ്ങൾ മടങ്ങി വന്നീടുവാൻ
അറിവുള്ളൊരു പുതു തലമുറയെ വാർത്തെടുത്തീടുവാൻ നമുക്കുമൊന്നായ് അണി ചേരാം.
ഹംസ ഏലംകുളം
പുസ്തകങ്ങൾ
----------------------------
അക്ഷരങ്ങൾ കടലാസിൽ പിറവി എടുത്തിട്ടും അറിവിന്റെ വാതായനങ്ങൾ തുറന്നിട്ട പുസ്തകങ്ങൾ ആർക്കുമേ വേണ്ടാതെ
മാറാല പിടിച്ചു കിടപ്പൂ
ഞൊടിയിടയിലറിയുവാൻ
ചതുരക്കൂട്ടിലൂടെ പരതി നടപ്പൂ നാം
മാറിപ്പോയതാ പഴയ കാലമല്ലെന്നോർത്തീടുക നാം
മാറിപ്പോയത് കാലമല്ല
നാമാണെന്നറിഞ്ഞീടുക
തൊട്ടു നീക്കുന്ന ചതുരക്കൂട്ടിനുള്ളിൽ
നാം നമ്മെ തളച്ചിടുന്നു
നല്ലതെന്നോ ചീത്തയൊന്നോ നോക്കിടാതെ കിട്ടുന്നതൊക്കെയും പങ്കു വച്ചിടുന്നീ ചതുരക്കൂട്ടിലായ്
ഇത്തിരി നേരം പിരിയാൻ കഴിയാത്ത കൂട്ടായി മാറിയിന്നു നമ്മിലാ ചതുരക്കൂട്ടിലെ ചതുരംഗം
കാണുന്ന കാഴ്ചകളെ ചതുരക്കൂട്ടിനുള്ളിലാക്കാൻ
തിരക്ക് കൂട്ടുന്നു നാം
ചെയ്യുന്നതൊക്കെ നന്മയോ തിൻമയോ വേർ തിരിച്ചറിഞ്ഞിടാതെ
അറിഞ്ഞീടുക നന്മയും തിന്മയും
നേർ വഴിക്കായ് നടന്നീടുക.
✍🏻 ഹംസ ഏലംകുളം
മാമല നാട്
----------------------
ഏകാന്ത സന്ധ്യയിൽ വിരഹമെന്നിൽ മൗനത്തിൻ നേർത്ത തേങ്ങലായ് മിന്നിടുമ്പോൾ
ഏകാന്തതയുടെ തടവറയിൽ വാക്കുകൾ
അലിഞ്ഞു ചേർന്നുവോ
എന്തോ പറയാൻ വിതുമ്പി നിൽക്കവേ എൻ വാക്കുകൾ പറയാതെ മൗനമായ് തീർന്നുവോ
ഇതൾ കൊഴിഞ്ഞ പൂക്കളെപ്പോൽ
പെയ്യാതകന്നു പോയ മുകിലുകൾ പോൽ
ഊർന്നു വീഴുന്നൊരീ
ആയുസിൻ ദലങ്ങളെന്നറിഞ്ഞിടുമ്പോൾ
വേനലും മഴയും കോട മഞ്ഞും
വയലേലകളും പുഴകളും
ഇട തൂർന്ന മരങ്ങളാലുള്ളൊരാ കാനനവും
നെൽ കതിർ കൊത്തി
പറന്നകലും പറവകളുമുള്ളൊരെൻ മാമല നാടിൻ
തീരത്തണിഞ്ഞിടാനായ്
കൊതിപ്പൂ വേഗം
✍🏻 ഹംസ ഏലംകുളം
എന്റ ഭാരതം
--------------------------
അന്നാ വിദ്യലയ മുറ്റത്തെന്നും നാം പ്രതിജ്ഞ ചൊല്ലിയിരുന്നു
ഭാരതമെന്നൊരു നാടിൻ
ഐക്യവും അഖണ്ഡതയുമെന്നുമെന്നും കാത്തു സൂക്ഷിച്ചീടുമെന്ന്
ഭാരതീയരേവരുമെന്നുടെ സഹോദരങ്ങളെന്ന്
ഇന്നീ ഭാരത മണ്ണിലില്ല ഐക്യമില്ല സാഹോദര്യമില്ല
തമ്മിൽ തമ്മിൽ പക പോക്കിടുന്നു
ആചാരങ്ങളെ പാടെ മാറ്റി മറിച്ചിടുന്നു
ശാശ്വതമീ ജീവിതം ഭൂമിയിലെന്നറിയാതെ
വ്യർത്ഥമാക്കിടുന്നു ജീവിതങ്ങൾ
ദുസ്സഹമാക്കിടുന്നീ ജനതയെ
പാശ്ചാത്യർ തൻ കാട ഭരണം ഭാരത മണ്ണിൽ
വേരൂന്നിയ നേരം
ഭാരത ജനക്കായ് അടരാടി വീര മൃത്യു വരിച്ചൊരു നമ്മുടെ പൂർവ്വികർ
ഭാരതമെന്നൊരു നാടെന്നും ഉന്നതിയിലെത്താനായ് കൈ മെയ് മറന്നെന്നെന്നും ഒന്നായ് നിന്നവർ
പാടെ മറന്നിടുന്നിന്നെല്ലാം
എന്തിനോ വേണ്ടി തകർത്തിടുന്നീ ഭാരത മണ്ണിൻ ആചാരങ്ങളെ
ഒന്നിച്ചു നിന്നീടാം
ഒന്നായി പൊരുതീടാം
ഭാരത മണ്ണിൻ ഐക്യമെന്നും നില നിന്നിടട്ടെ
✍🏻 ഹംസ ഏലംകുളം
പോയ് മറഞ്ഞ വസന്തം
.............................…............
വസന്തം വന്നണഞ്ഞ വീഥികളിൽ
കുളിർ തെന്നൽ വീശിയടിച്ച പാതയോരങ്ങളിൽ
തളിർത്തു പൂവിട്ടു സുഗന്ധം പരത്തിയ
പൂക്കളിൽ
തെളിനീരൊഴുകിയ അരുവികളിൽ
കുഞ്ഞാറ്റക്കിളി കൂട് കൂട്ടിയ മരച്ചില്ലകളിൽ
കുളിരുള്ള രാവിൽ
നിലാവിന്റെ നീലിമയിൽ
മിന്നി തിളങ്ങുന്ന താരങ്ങളാൽ മനോഹരമായ രാവുകളിൽ
പേമാരിയായ് കുഞ്ഞു ജലകണമായ് കാർമുകിൽ പെയ്തിറങ്ങിയ നാളുകളിൽ
മനസിനേറെ കുളിരേകിയൊരു വസന്തകാലമായിരുന്നു
ഇന്നിതാ മാറിടുന്നു പ്രകൃതി തൻ പ്രതിഭാസങ്ങൾ
ഇനി വന്നീടുമോ കാലത്തിൻ കുളിരുള്ളൊരാ വസന്ത കാലം
പോയ് മറഞ്ഞെല്ലാം
തിരികെ വരാത്ത വസന്ത കാലം
✍🏻 ഹംസ ഏലംകുളം
പഴമ
----------------
കൂട്ടു കുടുംബമായ് വസിച്ച കാലം
ഒരുമയായ് എന്നും കഴിഞ്ഞ കാലം
കൃഷി ചെയ്തു മണ്ണിനെ അറിഞ്ഞ കാലം
അധ്വാന ശീലരായ് നടന്ന കാലം
ആ കാലമെത്രയോ പെരുമയുള്ള കാലം
ഇന്നില്ല കൂട്ടില്ല കൂട്ടു കുടുംബമില്ല
തനിയെ വസിച്ചിടാനേറെ ഇഷ്ടം
കൃഷി ചെയ്യുവാൻ
മണ്ണിലിറങ്ങുവാൻ മണ്ണിനെ അറിയുവാൻ
ഇന്നാർക്കുമേ നേരമില്ല
അധ്വാന ശീലരായ് വാണിരുന്ന കാലം
ആരോഗ്യമുള്ള തലമുറയായിരുന്ന കാലം
ഇന്നില്ല പഴയ അധ്വാന ശീലമില്ല
ആരോഗ്യമുള്ളൊരു തലമുറയുമില്ല
അറിഞ്ഞിടേണം നാം ആ പഴയ തലമുറകളെ
അധ്വാന ശീലരായിരുന്നൊരു നല്ല പൂർവ്വീകരെ
നമുക്കും ചെയ്ത് തീർത്തിടാം നൻമകളേറെയായ്
ഒന്നിച്ചു നിന്നീടാം
ഒരുമയോടെ വസിച്ചിടാം
✍🏻 ഹംസ ഏലംകുളം
മൗനം
----------------
നിൻ മൗനങ്ങളിൽ നേർത്ത തേങ്ങലുകൾ
കേൾക്കുവതുണ്ടോ
പറയാൻ വിതുമ്പി നിൽക്കും വാക്കുകൾ പറയാതെ മൗനത്തിലൂടെ പറഞ്ഞിരുന്നോ
തേങ്ങുന്ന നിൻ മനസിൻ വിങ്ങലുകൾ അശ്റു കണങ്ങളാൽ പെയ്തിറങ്ങിയപ്പോഴും
എല്ലാം മൗനത്തിലൊതുക്കിയെന്തേ
ഒരു വാക്ക് പോലും മൊഴിഞ്ഞിടാതെ എല്ലാം
ഉള്ളിലൊതുക്കിയതെന്തേ
ഇത്ര മേൽ സഹനം നിന്നിലുണ്ടായിരുന്നിട്ടും
ആരുമേ നിന്നെ തിരിച്ചറിയാഞ്ഞതെന്തേ
മൗനത്തിൻ വേലികൾക്കപ്പുറത്തെന്തോ
പറയാൻ കൊതിച്ചു നിൽക്കയോ
ഒരിക്കലെങ്കിലും നിൻ മൗനത്തിൻ അർഥം മൊഴികളിൽ നിറഞ്ഞിരുന്നെങ്കിൽ
പറയാൻ മറന്ന വാക്കുകൾ കൊണ്ട് വാചാലമായെങ്കിൽ
ആ മൗനത്തിനർഥം ഗ്രഹിക്കാനായെങ്കിൽ
✍🏻 ഹംസ ഏലംകുളം
എന്റ ഗ്രാമം
------------------------
നീർമാതളവും വയലേലകളും അരുവികളും കാനന ഭംഗിയും കളിയാടിടുന്നൊരെൻ ഗ്രാമ ഭംഗി
വയലേലകൾ തഴുകി ഒഴുകി വരും മന്ദ മാരുതനും കുഞ്ഞു കിളി കൊഞ്ചലും നിറഞ്ഞൊരെൻ ഗ്രാമം
ഹേമന്തവും ഗ്രീഷ്മവും മാറി വരുന്നൊരെൻ കൊച്ചു ഗ്രാമ ഭംഗിയിൽ
അകലെ മരുഭൂമിയിലെ
മാനത്തോളമുയർന്ന് നിൽക്കും ഗോപുരങ്ങൾക്ക് നൽകിടാനുകുകില്ല
ഇറ വെള്ളത്തിൽ കളിത്തോണി ഒഴുക്കിയ ബാല്യവും സ്വപ്നങ്ങൾക്ക്
വർണ്ണങ്ങൾ നെയ്ത കൗമാരവും സൗഹൃദങ്ങൾ
പൂവിട്ടു തളിർത്ത പള്ളിക്കൂടവും
ഇന്നലെയുടെ ഓർമകളിലൂടെ കടന്ന് പോയിടുമ്പോൾ
മണലരാണ്യത്തിലൊരായുസിൻ പകുതിയും തീർന്നു പോയൊരു വ്യഥയിൽ ഒരു നെടുവീർപ്പിനാലെൻ മനം
തേങ്ങിടുമ്പോൾ
അകലെ എൻ ഗ്രാമ ഭംഗി എന്നെ തിരികെ മാടി വിളിച്ചിടുന്നു.
✍🏻 ഹംസ ഏലംകുളം
അമ്മക്കിളിയുടെ നൊമ്പരം
-----------------------------------------------
സന്ധ്യ മയങ്ങിയ നേരമിൽ
അമ്മക്കിളി കൂട് തേടി പാറിപ്പറന്നു നടക്കവേ കൊക്കിലൊതുക്കിയ ധാന്യവുമായ് തന്റെ
കൂട് തേടി പറന്നടുക്കവേ
മരമില്ല കൂടില്ല കുഞ്ഞു കിളികളില്ല
മഴു തിന്ന മരത്തിന്റ ബാക്കി മാത്രം
ചലനമറ്റു കിടക്കുന്നതാ
തന്റെ പറക്കമുറ്റാത്ത കുഞ്ഞു കിളികൾ
പറക്കമുറ്റാത്തൊരാ കുഞ്ഞു കിളികളെ പോലും കണ്ടില്ലെന്നു നടിച്ചിടും മർത്യന്റ ചെയ്തിയിൽ അമ്മക്കിളി
മൂകമായ് തേങ്ങിടുന്നു
ചിറക് മുളക്കാത്ത കുഞ്ഞു കിളികളെ
ചിറകിന്നിടിയിലെ ചൂട് പറ്റി പതുക്കെ ഉറക്കിയ തൻ കുഞ്ഞുങ്ങളിന്നിതാ
ചലനമറ്റു കിടക്കുന്ന കാഴ്ച കണ്ടാ അമ്മക്കിളി
പാടിടുന്നു
ചിറകിനടിയിലുറങ്ങാനിനി
കുഞ്ഞു കിളികളില്ല
ഏകയായ് ഞാനിന്ന്
കൂടില്ല കൂട്ടില്ല കുഞ്ഞു കിളികളില്ല.
✍🏻 ഹംസ ഏലംകുളം
നദികൾ
------------------
ഒരു നേർത്ത തേങ്ങലായ് ഓളങ്ങൾ തേങ്ങിടുമ്പോൾ
അരുവി തൻ നൊമ്പരം
കേട്ടിടുന്നോ
കര കവിഞ്ഞൊഴുകിയിരുന്നൊരീ നദികൾ വെറും
നീർ ചാലുകളായി മാറിയല്ലോ
നദി തൻ മാറിടം വറ്റി വരണ്ടു പോയി
വരും തലമുറയ്ക്കെങ്കിലും
കാത്തു വച്ചിടാതെ
നശിപ്പിച്ചിടുന്നു നാം പ്രകൃതിയെ
നദികൾ കേഴുന്നുണ്ടാവാം
ഇനിയുമരുതേ എന്നെ ചൂഴ്ന്നെടുത്തീടല്ലേ
ഒഴുകിടട്ടെ ഞാൻ ഇനിയുമിനിയും
ഒഴുക്ക് തടഞ്ഞൊരു
നദികൾ
നദികൾ തൻ പ്രതികാരമായിരുന്നിടാം
ഒന്നിച്ചൊഴുകി മർത്യരോട് പ്രതികാര താണ്ഡവമാടിയതാണോ
നാം അനുഭവച്ചൊരീ സംഹാര താണ്ഡവമാടിയൊരാ പ്രളയം.
കാത്തു സൂക്ഷിച്ചിടാം നമുക്കീ നദികളെല്ലാം
തെളിനീരൊഴുകും അരുവികളെന്നുമെന്നും
ഒഴുകിടട്ടെ
✍🏻 ഹംസ ഏലംകുളം
തിരിച്ചറിവ്
--------------------
തിരിച്ചറിഞ്ഞീടുക നാം
പിൻ തിരിഞ്ഞു നോക്കാതെ ഓടിടും നേരം
കുത്തു വാക്കുകളാൽ
കുത്തി നോവിക്കുന്നവരെ
പുറമെ പുഞ്ചിരി തൂകി അകമെ പക വെക്കുന്നവരെ
ദുഃഖത്തിൽ പങ്കു ചേരുന്നവരെ തിരിച്ചറിഞ്ഞീടുക നാം
സ്നേഹത്തിൻ തലോടലായ് കൂടെ നിൽക്കുന്നവരെ നാം ചേർത്ത് നിർത്തീടുക
നിഷ്കളങ്കമായ സ്നേഹത്തിന്
കുത്തി നോവിച്ചിടാനാവില്ലൊരിക്കലും
തിരിച്ചറിഞ്ഞീടുക നാം
പിൻ തിരിഞ്ഞു നോക്കിടാതെ
ഓടിടും നേരം
✍🏻 ഹംസ ഏലംകുളം
ആലപ്പാട്
----------------------
വസിച്ചിടുന്നൊരു മണ്ണിനെ കാർന്നെടുക്കും നേരം
ഇനിയുമരുതേ എന്ന് കേഴുന്നു
മണ്ണിനെ ചൂഴ്ന്നെടുത്തീ കരയെ നശിപ്പിച്ചിടാതെ
കരതൻ പകുതിയോളം കടലു വിഴുങ്ങിയല്ലോ
ഈ വിലാപമാരും കേൾക്കാത്തതെന്തേ
പ്രളയം കേരളക്കരയാകെ കാർന്നു തിന്ന നേരം
മാലാഖമരെപ്പോൽ വന്നവർ
പിറന്ന് വീണ മണ്ണിനെ ചൂഴ്ന്നെടുക്കും നേരം
അരുതേയെന്ന് കേണിടുമ്പോൾ
കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുവതോ
ഉയരണം ശബ്ദം
നമുക്കുമണി ചേരാം
നാടിന്റെ നന്മക്കായ്
കൈ കോർത്ത് മുന്നേറാം
തടയിടട്ടെ മണ്ണിനെ ചൂഴ്ന്നെടുക്കുവത്
കടലെടുക്കും മുൻപേ
കരയെ കാത്തിടാം നമുക്കുമൊരുമയോടെ
✍🏻 ഹംസ ഏലംകുളം
കാത്തിരിപ്പ്
-----------------------
മോഹങ്ങൾക്ക് ചിറകു മുളച്ചു തുടങ്ങി
കാത്തിരിപ്പിന്റെ ദൈർഘ്യം കൂടുന്ന പോലെ
പുലരിയും രാവും മന്ദ ഗതിയിൽ ചലിച്ചിടും പോൽ
എണ്ണി എണ്ണി കാത്തിരിക്കും ദിനങ്ങൾ
വന്നണഞ്ഞിരുന്നെങ്കിലതിവേഗം
ദൂരെ ദൂരെ എൻ മാമല നാടെന്നെ മാടി വിളിച്ചിടുന്നു
നദിയും തീരവും ഓളങ്ങളെ തഴികിടുന്നു
കാറ്റെന്തോ പൂക്കളോട് കിന്നാരം പറയുന്നെൻ
മാമല നാട്ടിൽ
കൊട്ടും മേളവുമായ്
പൂരം കൊടിയേറിടുന്നുണ്ട്
മനക്കോട്ട കെട്ടി കാത്തിരിക്കുന്നു
കാത്തിരിപ്പിൻ ദൈർഘ്യം
കൂടുന്നുണ്ടെങ്കിലും
മനസെന്ന പൂന്തോട്ടത്തിൽ
പൂക്കൾ വിരിഞ്ഞു സുഗന്ധം പരത്തിടുന്നു
✍🏻 ഹംസ ഏലംകുളം
സൗഹൃദം
-----------------
സ്നേഹത്തിൻ ആഴം അളക്കുവാനാകുകില്ല
മനസറിഞ്ഞ് സ്നേഹിച്ചീടുന്നു ഞാൻ
എൻ ഹൃദയത്തിൽ ഞാൻ നിനക്കായ് നൽകിയ സ്ഥാനം
വർണിച്ചീടുവാനാകുകില്ല
നിൻ സ്നേഹത്തിനായ് പകരം നൽകീടുവാനെന്നിലൊന്നുമില്ല
സ്നേഹിച്ചീടാം ഞാൻ എന്നുമെന്നും എന്ന വാക്ക് മാത്രം
പരസ്പരം സ്നേഹിച്ചിടാം നമുക്ക്
ഈ ആയുസീ ഭൂമിയിൽ തീർന്നു പോയിടും മുൻപേ
കടലിനിനഗാധമാം ഗർത്തങ്ങളിലെ പവിഴ മുത്തുകൾ പോലെ
നിന്നിലെ സ്നേഹം
തിളങ്ങുന്ന താരങ്ങൾ പോലെ
പ്രകാശ പൂരിതമായ്
എന്നെന്നും നില നിന്നീടട്ടെ
✍🏻 ഹംസ ഏലംകുളം
കദനം
--------------
ഹൃദയം തേങ്ങിടുന്നു
പറയാൻ വിതുമ്പി നിൽക്കും വാക്കുകൾ മൗനത്തിലൊതുക്കവെ
ചില നേരങ്ങളിൽ വാക്കുകളേക്കാൾ ഏറെ നല്ലത് മൗനമായിരിക്കാം
എതിരെ വരും ചോദ്യ ശരങ്ങളെല്ലാം മൗനത്തിലൊതുക്കിടും നേരം
ഉള്ളിന്റെ ഉള്ളിൽ കദനത്തിൻ കണ്ണു നീർ തുള്ളികൾ കൊണ്ട് സ്വയം
നിയന്ത്രിച്ചീടുവാൻ
ശീലിച്ചുവോ
മറു വാക്ക് മൊഴിയണമെന്നാകിലും
ഒരു വാക്ക് മിണ്ടാതെ
അകലുകയാണോ
എന്നിലെ കദനത്തിൻ കഥകൾ എന്നിൽ മാത്രം
ഒതുങ്ങിടട്ടെ
ഇത്തിരി നേരം ഏകാന്തതയുടെ ശൂന്യത യിൽ മാത്രം ഇരുന്നിടേണം
ചിന്തകൾക്ക് കടിഞ്ഞാണിടേണം
മനസ് ശാന്തമായിടട്ടെ
✍🏻 ഹംസ ഏലംകുളം
വേനൽ മഴ
--------------------
നേർത്ത വെയിലിൽ മഴയെത്തിടും നേരം
കുഞ്ഞു ജല കണങ്ങൾ ഭൂമിയെ കുളിരണിയിച്ചിടും നേരം
മഴയും വെയിലും കുറുക്കന്റെ കല്യാണമെന്ന്
കുഞ്ഞു നാളിൽ കേട്ട വളർന്നൊരാ പഴമ തൻ ശീലുകളും
മഴയെ പ്രണയിച്ച മഴയോർമ്മകളും
പതിയെ തഴുകി തലോടിടുന്നു
ഇലകളിൽ തങ്ങി നിൽക്കും മഴത്തുള്ളികൾ സ്നേഹിതർ തൻ ശിരസിൽ വീഴ്ത്തിടുമ്പോൾ
കുണുങ്ങി ചിരിച്ചൊരാ ചിരിയും കാലത്തിൻ പുസ്തകത്താളിൽ
ഒളി മങ്ങിടാതെ കിടപ്പുണ്ട്
മഴയെത്തും നേരം മഴ നൽകിയ കുളിരോർമ്മകൾ
കുളിരുള്ള ജല കണങ്ങളായ്
മനസിനെ കുളിരണിയിച്ചിടുന്നു
✍🏻 ഹംസ ഏലംകുളം
രാഗം
--------------
താളമായ് ഈണമായ് ആത്മാവിനെ തൊട്ടുണർത്തും ഗാനം
സ്വരങ്ങളായ് അകലെയേതോ മായാ ലോകത്തിലായ്
വെൺ മേഘ പാളികൾക്കുള്ളിലൂടെ തൂവെള്ള ചിറകുമായ്
പറന്നു പറന്ന് കാറ്റിനോട് കിന്നാരം ചൊല്ലി പൂവിതളിൽ ചുംബിച്ചു തഴുകി തലോടിടും ലയമായ് ഭാവ തളമായ്
അനു രാഗത്തിൻ പൂന്തോപ്പിലെ മധുവായ്
മന്ദ സ്മിതം തൂകി അരുവികൾ തൻ ഓളമായ് കുയിലിൻ സ്വര മാധുര്യം പോൽ നിലാവിന്റെ നീലിമ പോൽ
മിന്നി തിളങ്ങും താരങ്ങൾ പോൽ
താഴ്വാരം മൂടി നിൽക്കും ഹിമ കണങ്ങൾ പോൽ
ഒഴുകി ഒഴുകി തഴുകി തലോടിടും ഗാനം
അലിഞ്ഞു ചേർന്നിടുന്നൊരാ മൃദുല മനോഹരമാം രാഗത്തിലായ്
ശ്രവണ മനോഹരമാം ആലാപനത്തിലായ്
✍🏻 ഹംസ ഏലംകുളം
നിലാവ്
-----------------
നേർത്ത കുളിരായ് നിലാവിന്റെ നീലിമയിൽ
ഇലകളെ തഴുകി ചുംബിച്ചു തലോടിടും കാറ്റ്
മെല്ലെ മേനി തഴുകി അകലുമ്പോൾ
നിശബ്ദമാം രാവിലെ കുളിരുള്ള കാറ്റെന്തോ മെല്ലെ കാതിൽ മൂളുന്നുവോ
ദൂരെ ഏതോ രാപ്പാടി പാടും പാട്ടിന്റെ താളത്തിൽ താരങ്ങൾ മിന്നി തിളങ്ങിയോ
കാറ്റിലാടും ഇലകളും
താളം പിടിക്കുന്നുവോ
മനസിനേറെ കുളിർമ നൽകും നിലാവിന്റെ സൗന്ദര്യത്തിൽ ലയിച്ചുവോ
കള കള കളമൊഴുകീടും അരുവികളും ആടിയുലയും മരച്ചില്ലകളും
നിലാവിന്റെ കൂട്ടായ് കൺ ചിമ്മാതെ ഇരിക്കും കുഞ്ഞു കിളി കുഞ്ഞുങ്ങളും
നിലാവിലലിഞ്ഞു ചേരും തീരങ്ങളും
രാവിനെ മനോഹരമാക്കിടുന്നോ
സുഗന്ധം പരത്തും പൂക്കളും നിലാവിനെ കൂടുതൽ സൗന്ദര്യവതിയാക്കിടുന്നോ
✍🏻 ഹംസ ഏലംകുളം
പൂരം
------------
തലയെടുപ്പായ് പട്ടം കെട്ടി നിരയായ് നിൽക്കും ഗജ വീരൻമാർ
വർണ്ണക്കുടകൾ ചൂടി ഗജ കേസരിമാർ തൻ പുറത്തിരുന്നെഴുന്നള്ളും പാപ്പാൻമാർ
ചെണ്ട മേളവും വേലയും
പൂതം കളിയും വെടിക്കെട്ടും നിറഞ്ഞാടിടുന്നൊരെൻ മാമല നാടിൻ ആഘോഷം പൂരാഘോഷം
ചിഞ്ചിലം ചില്ലം കൊട്ടിപ്പാടി
മാറ്റ് കൂട്ടിടുന്നൊരു ശിങ്കാരി മേളങ്ങൾ
ആട്ടവും പാട്ടുമായ് തകർത്താടിടുന്നൊരു വേലകൾ
കൊടിയേറിടുന്നിതാ
വരവേറ്റിടുന്നിതാ പൂര മേളങ്ങൾ
കൊട്ടും കൊരവയുമായ്
അമ്പലമുറ്റത്തരങ്ങ് തീർത്താടിടുന്നിതാ
പൂരത്തിൻ നാളുകൾ വന്നണഞ്ഞിതാ
ആഘോഷത്തിൻ നാളുകൾ കൊണ്ടാടിടുന്നിതാ
✍🏻 ഹംസ ഏലംകുളം
വരൾച്ച
----------------
ചുടു കാറ്റ് വീശുന്നുണ്ട്
ഭൂമി ചുട്ട് പഴുക്കുന്നുണ്ട്
സൂര്യ താപത്താൽ വെന്തുരുകുന്നുണ്ട്
ജലാശയങ്ങൾ വറ്റി വരളുന്നുണ്ട്
ദാഹ ജലത്തിനായ് നെട്ടോട്ടമോടിടും കാലം വിദൂരമല്ല
മഴയെ കാത്തിരിക്കുന്നുണ്ട്
മഴ വന്ന് പ്രളയമായ് മാറിയ നേരം
മഴയെ പഴി പറഞ്ഞു
ഇന്നിതാ മഴക്കായ് കേഴുന്നു
ഊഷരമാം ഭൂമി ദാഹിക്കുന്നു ദാഹ ജലത്തിനായ്
താപത്തിനാൽ ഉരുകി തീരും മുൻപേ മഴ മേഘങ്ങൾ കനിഞ്ഞെങ്കിൽ
കാത്തിരിക്കാം മഴയുടെ വരവിനായ്
താപത്തിൽ നിന്നുമുള്ള വിമുക്തിക്കായ്
കാത്തു വച്ചിടാം വൃക്ഷങ്ങളെ
നട്ടു വളർത്തിടാം തൈകളെ
മഴ കനിഞ്ഞിടട്ടെ
ഭൂമി തന്നുടെ ദാഹം ശമിച്ചിടട്ടെ
✍🏻 ഹംസ ഏലംകുളം
കാവൽ ഭടൻമാർ
--------------------------------
രാവെന്നോ പകലെന്നോ ഭേദമന്യേ കാവലായ് നിന്നിടുന്നോർ
അവസാന ശ്വാസം വരെ
മാതൃഭൂമിക്കായ് പൊരുതി
ചുടു ചോര ചിന്തി വീര മൃത്യു വരിച്ചവരിവർ
ധീര ദേശാഭിമാനികളിവർ
അതി ശൈത്യത്തിലും കൊടും താപത്തിലും പിറന്ന നാടിനായ് കാവൽ നിൽക്കുമിവർ
നാടിൻ കാവൽ ഭടന്മാരിവർ
അതിര് കാക്കും മാതൃഭൂമിയുടെ പടയാളികളിവർ
എതിരെ വരും വെടിയുണ്ടകൾ നെഞ്ചകം പിളർത്തിടുമ്പോഴും രാജ്യത്തിൻ രക്ഷക്കായ് പോരാടിടുന്നവരിവർ
നമ്മുടെ നാടിൻ സൈനികർ
എന്നുമെന്നും കാവലായ്
മാതൃഭൂമിയെ കാത്തു സംരക്ഷിച്ചീടും ധീര ജവാർമാരിവർ
നമുക്കുമേകാം
നമ്മുടെ നാടിൻ കാവൽ ഭടൻമാർക്കായ്
അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ആയിരമായിരം അഭിവാദ്യങ്ങൾ
✍🏻 ഹംസ ഏലംകുളം
വായന ശാലകൾ
------------------------------
ചില്ലലമാരയിലെ പുസ്തകങ്ങൾ കൗതുകത്താൽ തിരഞ്ഞെടുത്ത കാലം
വായിച്ചു വളർന്നിരുന്നൊരാ കാലം
അറിവിന്റെ മധുരം നുകർന്ന്
മലയാള ഭാഷയെ അറിഞ്ഞ കാലം
എഴുത്തച്ഛനെയും ചെറുശ്ശേരിയേയും അറിഞ്ഞ കാലം
ഇന്നില്ല നേരമില്ല പുസ്തകങ്ങൾ വായിക്കുവാൻ അറിയുവാൻ നേരമില്ല
എല്ലാം ഭൂത കാലത്തിനോർമ്മകൾ മാത്രമായി
ഒന്നിച്ചിരുന്നാലും പരസ്പരം മിണ്ടുവാൻ
നേരമില്ലാത്തൊരാ വിരൽ തുമ്പിലെ ജാലക കൂട്ടിലായി നാം
വായന ശാലകൾ അന്യമായിടും കാലത്തിലായി നാം
ഇനി തിരികെ വന്നീടുമോ
ആ പഴയ കാലം
പുസ്തകങ്ങളെ സ്നേഹിച്ച കാലം
മലയാള ഭാഷയെ അറിഞ്ഞ കാലം
✍🏻 ഹംസ ഏലംകുളം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ