ജീവിത വഴി
=============
കോഴിക്കോട് ജില്ലയിലെ അവിടനല്ലൂർ എന്ന ഗ്രാമത്തിൽ 1927 ജൂലൈ 14നാണ് എൻ.എൻ. കക്കാട് ജനിച്ചത്. കക്കാട് നാരായണൻ നമ്പൂതിരിയും ദേവകി അന്തർജനവുമാണ് മാതാപിതാക്കൾ. 1955 ഏപ്രിൽ 26ന് ചെർപ്പുളശ്ശേരിക്കാരിയായ ശ്രീദേവിയെ വിവാഹം ചെയ്തു
അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം ജീവിതത്തിന്റെ ഏറിയ പങ്കും കോഴിക്കോട് ആകാശവാണിയിലാണ് ജോലിചെയ്തത്. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ഇടതുപക്ഷത്തേക്ക് ചേർന്നു. 1960-കളിൽ ഇന്ത്യ ചൈന യുദ്ധത്തിൽ ചൈനയെ അനുകൂലിച്ചു എന്ന് അദ്ദേഹം ആരോപിക്കപ്പെട്ടു. ജീവിതത്തിലെ ഇത്തരം ഗതിവിഗതികൽ അദ്ദേഹത്തിന്റെ കവിതകളിലും പ്രതിഫലിച്ചു കാണാം.
നടുവണ്ണൂർ സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചുവെങ്കിലും മാനേജുമെൻറുമായുണ്ടായ തർക്കത്തെത്തുടർന്ന് അദ്ദേഹം ആ ജോലി ഉപേക്ഷിച്ചു. കോഴിക്കോട് ട്യൂട്ടോറിയൽ കോളേജിൽ അദ്ധ്യാപകനായി കുറച്ചുകാലം ജോലി ചെയ്തു. മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പിന്തുണയോടെ ബാലുശ്ശേരിയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചുവെങ്കിലും പരാജയപ്പെട്ടു. ആകാശവാണിയിൽ ഉദ്യോഗസ്ഥനായ അദ്ദേഹം അവിടെ കലാകാരന്മാരുടെ അസോസിയേഷൻ ഉണ്ടാക്കി സേവന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ ശ്രമിച്ചവരിൽ ഒരാളാണദ്ദേഹം. കേരള സാഹിത്യ സമിതി, വള്ളത്തോൾ വിദ്യാപീഠം എന്നിവയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1985ൽ അദ്ദേഹം ആകാശവാണിയിലെ പ്രൊഡ്യൂസർ സ്ഥാനത്തു നിന്ന് വിരമിച്ചു. കേരള സാഹിത്യ അക്കാഡമിയിലും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിലും അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. അർബുദരോഗ ബാധയാൽ അദ്ദേഹം മരിച്ചശേഷമാണ് നാടൻചിന്തുകൾ , പകലറുതിക്ക് മുമ്പ് എന്നീ കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകൃതമായത്
കടപ്പാട്: വിക്കിപീഡിയ
കവിതകൾ
.....................................................................
ആതിര വരും മുമ്പു നീ പോയി, ധനുമാസ-
രാവുകളിലാര്‍ദ്രയെക്കണ്ടറിയുന്നവരാരുണ്ടു്?
കൈകോര്‍ത്തെതിരേല്‍ക്കുവാനുള്ളൊരാകാംക്ഷയാര്‍ക്കുണ്ടു്?
ശാന്തനായ്, സൌമ്യനായ് നീയെതിരേറ്റു നിന്നാതിരയെ, നിന്നോടു
കൂടിയൊരു നല്ലൂന്നുവടിയായി നിന്നീക്കൊടും യാത്ര സഫലമാക്കീടാന്‍,
വരും കാലമെല്ലാത്തിരുവോണവും വിഷുവും വര്‍ഷവും
തരുവും സുമവും ഫലങ്ങളും
ഊഴമിട്ടൂഴമിട്ടണയവേ,
ശാന്തനായ്, സൌമ്യനായ് നിന്നവയെല്ലാമെതിരേറ്റൊരാതിരയ്ക്കായ് കാത്തു നില്‍ക്കാന്‍ കൊതിക്കുന്നു ഞാന്‍…
സഫലമാകാം നിന്റെ യാത്ര, പക്ഷേയിതിനെ
വിഫലമെന്നനുനിമിഷമോര്‍ക്കുന്ന ഞങ്ങള്‍ക്കു,
വിഫലമെന്നനുനിമിഷമറിയുന്ന ഞങ്ങള്‍ക്കു,
വിഷുവെവിടെ, യാതിരയുമോണവും വര്‍ഷവും
തളിര്‍പൂക്കള്‍ കായ്കളും തടിനികളുമെവിടെ?
ഇന്നവയൊക്കെ മരവിച്ചു പോയൊരിച്ചിത്തത്തിലെന്നോ മറഞ്ഞടിഞ്ഞോരു കബന്ധങ്ങള്‍ മാത്രമാം;
ഇരുപത്തിയൊന്നാം ശതാബ്ദത്തിലേക്കോടിയണയുന്ന മന്നിന്റെ മുന്‍കാലചരിതത്തിലെച്ചില മങ്ങിമറഞ്ഞ ദുരൂഹദുര്‍ഗ്രാഹ്യശിലാശാസനങ്ങളാം;
കുളിരെങ്ങു പോയെന്നറിയാത്തൊരാതിരയും,
അലര്‍കളെക്കണി കണ്ടിടാത്തതാമാവണിയും,
അവനിയെ മഴയാല്‍ മുടിക്കുന്ന മകരവും,
ശുനകരൊറ്റയ്ക്കു കൊയ്തീടുന്ന കന്നിയും,
പഴമൊക്കെയോര്‍മ്മയായ് മാറിയ മേടവും,
ചുടുവെയിലില്‍ ദാഹജലമരുളാത്തൊരിടവവും,
പരിചിതമായിക്കഴിഞ്ഞിന്നു ഞങ്ങള്‍ക്കു
മിഴി പാര്‍ത്തു കാത്തിരിക്കുന്നതാ “കമ്പ്യൂട്ട”-
റരുളും മനോജ്ഞമാം “സോഷ്യലിസ”ത്തിനാം;
ചെവിയോര്‍ത്തു കാത്തിരിക്കുന്നതാപ്പോര്‍വിമാനങ്ങളുടെ,
കത്തിജ്വലിക്കും മിസൈലിന്റെ മധുരനാദത്തിനാം.
സഫലമല്ലീ യാത്ര, യനുനിമിഷമേറുമസംതൃപ്തി ഞങ്ങളുടെ-
യകതാരിനെക്കാര്‍ന്നു തിന്നുന്നു നിത്യവും.
സഫലമാവില്ലൊരു നാളുമീ യാത്ര, യീ
ധരയിലിനിയും – പ്രളയമുണ്ടാകണം, സകലമൊഴിയണം, പഴയതാമാലില പോലും നശിക്കണം -
പിന്നൊരു നൂതനഭൂമിയുമാകാശവും പിറന്നീടണം -
ഇനിയുമേതെങ്കിലും യാത്ര സഫലമായ്ത്തീരുവാന്‍!
=============================================
വഴിവെട്ടുന്നവരോട്
........................................................
എൻ.എൻ.കക്കാട്
ഇരു വഴിയിൽ പെരുവഴി നല്ലൂ
പെരുവഴി പോ ചങ്ങാതീ.
പെരുവഴി കണ്മുന്നിലിരിക്കെ
പുതുവഴി നീ വെട്ടുന്നാകിൽ
പലതുണ്ടേ ദുരിതങ്ങൾ.
വഴിവെട്ടാൻ പോകുന്നവനോ
പല നോമ്പുകൾ നോൽക്കേണം
പലകാലം തപസ്സു ചെയ്ത്
പല പീഡകളേൽക്കേണം..
കാടുകളിൽ കഠിനത കുറുകിയ
കല്ലുകളും കോമ്പല്ലുകളും
നട്ടുച്ച കിനിഞ്ഞു തിളങ്ങും
കാട്ടാറിൻ കുളിരുകളിൽ
നീരാടി തുറു കണ്ണുകളിൽ
ഉതിരക്കൊതി കത്തിച്ച്
ഇരുളു പുതച്ചരുളുന്നു
പശിയേറും വനവില്ലികളു.
വഴിവെട്ടാൻ പോയവരെല്ലാം
മുടിയും തലയോട്ടിയുമായി
അവിടെത്താൻ മറ്റൊരു കുന്നായ്
മരുവുന്നൂ ചങ്ങാതീ.
കാടിനകം പുക്കവരാരും
തന്നിണയെ പൂണ്ടില്ലല്ലൊ
കാടിനകം പുക്കവരാരും
തന്നില്ലം കണ്ടില്ലല്ലൊ.
ഒരുമട്ടാ കുന്നു കടന്നാൽ
കരമുട്ടിയ പുഴയല്ലോ
വിരൽ വെച്ചാൽ മുറിയുമൊഴുക്കും
മലരികളും കയവും ചുഴിയും
പാമ്പുകൾ ചീങ്കണ്ണികളുണ്ടതിൽ
അതു നീന്തണമക്കരെയെത്താൻ.
അതു നീന്താമന്നാലപ്പുറ-
മുണ്ടിനിയും പുഴ രണ്ടെണ്ണം
കടു വിഷമാണൊന്നിൽ,മറ്റതി-
ലെരി തീയും ചങ്ങാതീ.
കാവലുമുണ്ടൊന്നിൽ വിഷപ്പുക
തേവി വിടും പൂതത്താൻ.
മറ്റതിലോ തീക്കനൽ കാറി-
ത്തുപ്പും നെടുനെട്ടനരക്കൻ.
ദംഷ്ട്രകളും വിഷവും തീയും
പറ്റാത്തൊരു കവചം നേടി
പല കാലം കൊണ്ടിവതാണ്ടി
പുതു വഴി നീ വെട്ടുന്നാകിൽ
ആ വഴിയേ പൂമാലകളും
തോരണവും കുലവാഴകളും
നിറപറയും താലപ്പൊലിയും
കുരവകളും കുത്തുവിളക്കും
പൊൻ പട്ടം കെട്ടിയൊരാന-
ക്കൊമ്പനുമമ്പാരിയുമായി
ഊരെഴുനെള്ളിപ്പോം നിന്നെ.
വഴി വെട്ടിയ ഞങ്ങടെ മൂപ്പനെ
വഴിപോൽ മാനിക്കണമല്ലോ.
പകലങ്ങനെ മേളം കൂട്ടി-
ക്കഴിയുമ്പോളന്തി കറുക്കും.
നിഴലുകൾ മേഞ്ഞണയും മേട്ടിൽ
പാല കാഞ്ഞിരം പൂത്തു ചൊരിഞ്ഞ്
ചരലുകളിൽ മണമിഴയുമ്പോൾ...
വഴിവില്ലിയൊഴിക്കാൻ നിന്നെ
ബലി ചെയ്‌വോം കാളിക്കൊടുവിൽ.
ദീവെട്ടിച്ചോപ്പിലിരുട്ടിൽ
നെഞ്ചു കുളിർത്തമ്മ രസിക്കും.
അമ്മ തകും പാലച്ചോട്ടിൽ
നന്മ തകും പാറക്കൂട്ടിൽ
വഴി വെട്ടിയ ഞങ്ങടെ മൂപ്പനു
മണ്ഡപമൊന്നുടനുണ്ടാക്കും.
വഴിപാടായ് കാലാകാലം
'വഴിവെട്ടും വേല' കഴിക്കും.
പലവഴിയിൽ പുതുവഴിയേതെ-
ന്നെങ്ങൾക്കു പകപ്പു പെടായ്‌വാൻ
പെരുമൂപ്പൻ വഴിയെന്നിതിനെ
തൃപ്പേരു വിളിപ്പോമല്ലോ.
നീ വെട്ടിയ വഴിയിലൊരുത്തൻ
കാൽകുത്തിയശുദ്ധി വരുത്താൻ
ഇടയാകാതെങ്ങളു കാപ്പോം
ഇനി നീ പോ ചങ്ങാതീ.
പെരുവഴിയേ പോകും ഞങ്ങൾ
പുതുവഴി വഴിപാടിനു മാത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ