കേരളത്തിന്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ ഒരു സംഗീത പ്രതിഭയാണ് ഇരയിമ്മൻ തമ്പി(1783 - 1862). സ്വാതിതിരുനാളിന്റെ ഗുരുവായും അദ്ദേഹത്തിന്റെ സദസ്സിലെ അംഗമായും ശോഭിച്ചിരുന്നു. തിരുവിതാംകൂറിലെ ആറ് ഭരണാധികാരികളെ സേവിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ചേർത്തലയിലെ വാരനാടുള്ള നടുവിലെ കോവിലകത്ത് കേരളവർമ്മ തമ്പാൻറെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ പാർവ്വതി പിള്ള തങ്കച്ചിയുടേയും പുത്രനായി രവി വർമ്മ തമ്പി 1783 ൽ ജനിച്ചു. അന്നത്തെ രാജാവായിരുന്ന കാർത്തിക തിരുനാൾ രാമവർമ്മയുടെ സഹോദരനായിരുന്ന മകയിരം തിരുനാൾ രവിവർമ്മയുടെ മകളായിരുന്നു, പാർവതി പിള്ള തങ്കച്ചി. കാർത്തിക തിരുനാളാണ് രവി വർമ്മയെ ഇരയിമ്മൻ എന്ന ഓമനപേരിട്ടത്.
അദ്ദേഹത്തിന്റെ ആട്ടക്കഥകളായ കീചക വധവും ഉത്തരാ സ്വയംവരവും ഇരുപതാം വയസ്സിൽ രചിച്ചതാണ്.
“ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മൻ തമ്പിയാണ്. സ്വാതി തിരുന്നാൾ ജനിച്ചപ്പോൾ സ്വാതി തിരുന്നാളിന്റെ അമ്മയായ റാണി ഗൌരി ലക്ഷ്മി ഭായിക്കു വേണ്ടി എഴുതിയതാണ് ഈ താരാട്ടുപാട്ട്. സ്വാതി തിരുനാൾ തൊട്ടിലിൽ കിടക്കുന്നതു കണ്ടു കൊണ്ടാണിതെഴുതിയതെന്നു പറയപ്പെടുന്നു. പ്രാണനാഥനെനിക്കുനൽകിയ പരമാനന്ദ രസത്തെ എന്ന ശൃംഗാരരസഭരിതമായ ഗാനവും രചിച്ചത് അദ്ദേഹം തന്നെ.
കടപ്പാട്: വിക്കിപീഡിയ
കവിതകൾ
ഓമനത്തിങ്കള്‍ക്കിടാവോ
...............................
ഓമനത്തിങ്കള്‍ക്കിടാവോ – നല്ല
കോമളത്താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ – പരി-
പൂര്‍ണ്ണേന്ദു തന്റെ നിലാവോ
പുത്തന്‍ പവിഴക്കൊടിയോ – ചെറു-
തത്തകള്‍ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ – മൃദു-
പഞ്ചമം പാടും കുയിലോ
തുള്ളുമിളമാന്‍ കിടാവോ – ശോഭ
കൊള്ളുന്നൊരന്നക്കൊടിയോ
ഈശ്വരന്‍ തന്ന നിധിയോ – പര-
മേശ്വരിയേന്തും കിളിയോ
പാരിജാതത്തിന്‍ തളിരോ – എന്റെ
ഭാഗ്യദ്രുമത്തിന്‍ ഫലമോ
വാത്സല്യരത്നത്തെ വയ്പാന്‍ – മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ
ദൃഷ്ടിയ്ക്കു വച്ചോരമൃതോ – കൂരി-
രുട്ടത്തു വെച്ച വിളക്കോ
കീര്‍ത്തിലതയ്ക്കുള്ള വിത്തോ – എന്നും
കേടുവരാതുള്ള മുത്തോ
ആര്‍ത്തിതിമിരം കളവാന്‍ – ഉള്ള
മാര്‍ത്താണ്ഡദേവപ്രഭയോ
സൂക്തിയില്‍ കണ്ട പൊരുളോ – അതി-
സൂക്ഷ്മമാം വീണാരവമോ
വമ്പിച്ച സന്തോഷവല്ലി – തന്റെ
കൊമ്പതില്‍ പൂത്ത പൂവല്ലി
പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ – നാവി-
ന്നിച്ഛ നല്‍കും നല്‍ക്കല്‍ക്കണ്ടോ
കസ്തൂരി തന്റെ മണമോ – നല്ല
സത്തുക്കള്‍ക്കുള്ള ഗുണമോ
പൂമണമേറ്റൊരു കാറ്റോ – ഏറ്റം
പൊന്നില്‍ക്കലര്‍ന്നോരു മാറ്റോ
കാച്ചിക്കുറുക്കിയ പാലോ – നല്ല
ഗന്ധമെഴും പനിനീരോ
നന്മ വിളയും നിലമോ – ബഹു-
ധര്‍മ്മങ്ങള്‍ വാഴും ഗൃഹമോ
ദാഹം കളയും ജലമോ – മാര്‍ഗ്ഗ-
ഖേദം കളയും തണലോ
വാടാത്ത മല്ലികപ്പൂവോ – ഞാനും
തേടിവെച്ചുള്ള ധനമോ
കണ്ണിന്നു നല്ല കണിയോ – മമ
കൈവന്ന ചിന്താമണിയോ
ലാവണ്യപുണ്യനദിയോ – ഉണ്ണി-
ക്കാര്‍വര്‍ണ്ണന്‍ തന്റെ കണിയോ
ലക്ഷ്മീഭഗവതി തന്റെ – തിരു-
നെറ്റിമേലിട്ട കുറിയോ
എന്നൂണ്ണിക്കൃഷ്ണന്‍ ജനിച്ചോ – പാരി-
ലിങ്ങനെ വേഷം ധരിച്ചോ
പദ്മനാഭന്‍ തന്‍ കൃപയോ – ഇനി
ഭാഗ്യം വരുന്ന വഴിയോ
===========================
മനസ്സിൽ നിന്നും മായാത്ത മനോഹരമായ മന്ത്രങ്ങൾ
മറുപടിഇല്ലാതാക്കൂഉറക്കുപാട്ടിന് ഇതിനപ്പുറം ഒരു കവിതയില്ല. അമ്മ മനസ്സിന്റെ വാത്സല്യം ഒരു കടൽ പോലെ നിറഞ്ഞു നിൽക്കുന്നു ഈ പാട്ടിൽ. ഇരയിമ്മൻ തമ്പി മലയാളത്തിന്റെ ഓമനത്തിങ്കളായ് ഓരോ മനസ്സിലും ഒഴുകുകയാണ്.. അന്നും ഇന്നും എന്നും..
മറുപടിഇല്ലാതാക്കൂഇതാണ് ഒരു അമ്മയുടെ ഉള്ളിൽ നിന്നും വരുന്ന ഈണം.
മറുപടിഇല്ലാതാക്കൂഇദ്ദേഹത്തിന് പേര് ആദ്യമായി കേൾക്കുന്നു കവിതകളും ആദ്യമാവുന്നു
മറുപടിഇല്ലാതാക്കൂ