Dr. അജയ് നാരായണൻ:
എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).
സൂര്യൻ (കവിത )
°°°°°°°°°°°°°°°°°°°°
(അജയ് നാരായണൻ 0026663156513
Lesotho )
ഭൂമിക്കു മഹാമാരിയത്രെ!
അവളുടെ
നെറ്റിയിൽ തീക്കനലെന്നും,
നിശ്വാസത്തിനു
മൃതിയുടെ ഉന്മദഗന്ധമെന്നും
ആരോ പറഞ്ഞു.
അവളുടെ മാറിടത്തിൽ
മുത്ത് പതിപ്പിച്ച കപാലമാലയെന്നും,
ആലിലവയറ്റിലെത്തടാകച്ചുഴിയിൽ
വ്യാഘ്രങ്ങളെന്നും
അരക്കെട്ടിൽ
തീനക്ഷത്രങ്ങൾ കൊണ്ടലുക്കിട്ട
അരഞ്ഞാണമെന്നും
കല്പനാ ചിത്രങ്ങളെഴുതി.
അവളുടെ ആർത്തവരക്തത്തിൽ നിന്നുതിർന്നു
വീണ വിത്തുകൾ
മഹാമാരിയുടേതെന്നും പലരും പറഞ്ഞു
കഥകൾ പലതായ് മെനഞ്ഞു
അവതാര രൂപം നിറഞ്ഞു
പല വ്യാഖാന പൂക്കൾ വിരിഞ്ഞു.
അതു കേട്ട്
കാറ്റ് കരഞ്ഞു
കടൽ ചിരിച്ചു
ആകാശം മൗനനീലിമയോടെ
പുഞ്ചിരിച്ചു
മേഘങ്ങളോ പെയ്തൊഴിഞ്ഞു.
ഒരിറ്റു പാലിനായ് കരയുന്ന
കുഞ്ഞിനെപ്പോലെ
ഭൂമിയെ വലംവച്ചു കൊണ്ട് ചന്ദ്രൻ
അപ്പോഴും തൊഴുതു, പ്രാർത്ഥിച്ചു, “ദേവീ...”
സൂര്യനോ നിസംഗനായി
ജ്വലിച്ചു നിന്നൂ, വെറുതേ
മിഴിച്ചു നിന്നൂ.
കനവിന്റെ തലയിണയിൽ
മുഖം അമർത്തി
മയങ്ങുകയായിരുന്നു ഞാൻ
ആലസ്യം, അനന്തമായ ആലസ്യം...
ഇവിടെ
ഈ കുടിലിൽ അവളുണ്ട്
അവൾ അസ്വസ്ഥയായിരുന്നു
അവളുടെ മാറിടങ്ങളിൽ
രോമാഞ്ച കൂപങ്ങൾ പൂത്തുലഞ്ഞു
അവളുടെ കണ്ണിൽ
ഉന്മാദ രക്തം വിതുമ്പി നിന്നൂ.
എന്റെ കാമിനി ചോദിച്ചു
ഈ മാരിയിൽ ഞാൻ കുതിർന്നാൽ,
എന്റെ കുളിരിൽ
എന്റെ നെഞ്ചിനു ചൂട് പകരാൻ
നിങ്ങളും പോരുമോ എന്റെ കൂടെ...
എന്നിൽ ജ്വലിക്കുമോ കൂടെ?
ഇതു കേട്ടു ഞാൻ ഒരു സൂര്യനായി
പക്ഷെ
ജ്വലിക്കാൻ മറന്നുപോയി
പിന്നെ
അവളോടൊപ്പം ചേർന്നു കിടന്നു!
========================
മഹാമാരി
---------------
എല്ലാവരും തുല്യരത്രേ
അതിനാൽ
കുനിഞ്ഞ മുഖം പാതി മറച്ചു
അവർ
കൂട്ടിലുറങ്ങണം പോൽ.
അതിനേക്കാൾ തുല്യരായ
ചിലർ
കണ്ണടച്ചു
കാത് പൊത്തി
മനസ്സ് മൂടിയിരുന്നാലും മതി.
മഹാമാരി നിരന്തരം
കൈകഴുകിത്തളർന്നു!
====================
ശ്രദ്ധിക്കുക
------------------
ശ്രദ്ധിക്കുക,
ആത്മഹത്യ
ഒന്നിനും
ഒരു പരിഹാരമല്ല
അത്
പരിഹാരമില്ലാത്ത
ഒരു തുടക്കം മാത്രം,
പ്രശ്നങ്ങളുടെ
ശൂന്യതയുടെ
പ്രഹേളികകളുടെ
അരക്ഷിതത്വത്തിന്റെ
ചോദ്യങ്ങളുടെ
ഭീഷണികളുടെ
എല്ലാറ്റിനും ഒരു തുടക്കം മാത്രം,
ഉറക്കമില്ലാത്ത
രാത്രികൾ ഇനി
അവർക്ക്... !
°°°°°°°°°°°°°
കുറുങ്കവിതകൾ പിന്നെ ഒരു നെടും കവിതയും by അജയ് നാരായണൻ
* * * * * **************************** * *
അവസ്ഥാന്തരങ്ങൾ
----------------------------------
_*വളർച്ച*_
ചിതറിത്തെറിച്ച ഹൃദയത്തിനു
പകരമൊരു സ്വപ്നം
അവർ തുന്നിത്തന്നു
ഇപ്പോൾ നവയൗവനത്താൽ
നാൾതോറും വളരുന്ന അവസ്ഥയെനിക്ക്!
_*പാഠം*_
വഴിവക്കിൽ കളഞ്ഞുപോയ
അക്ഷരങ്ങൾ എന്നെത്തേടി വന്നു
ഓരോന്നും പെറുക്കിയെടുത്തു
ഞാനിപ്പോൾ സ്വപ്നം കൊരുക്കുന്നു
_*മത്സരം*_
മാതാപിതാഗുരു ദൈവം...
ഈ നിര തെറ്റി
ദൈവം എപ്പോഴും ഇടിച്ചു കേറി
മുൻപിൽ വന്നെന്നെ നോക്കി
നിൽക്കുന്നു സാകൂതം, ഞാനും!
_*നിരാസം*_
മാതാ പിതാ ഗുരു ദൈവം
നിരയിലെ മൂന്നു പേരെ ഞാൻ വിട്ടു
നാലാമൻ എന്നെയും
ഞാനിപ്പോൾ അരൂപി!
_*മോക്ഷം*_
ഒന്നായ നിന്നെ രണ്ടെന്നും
മൂന്നെന്നും നാലെന്നും കണ്ട്
എണ്ണം തെറ്റി
ഒടുവിൽ ഒന്നിലൊതുക്കി
ഞാനുമൊടുങ്ങി.
(Note : ഇതൊരു പരീക്ഷണം, കുറുംകവിതകൾ. കവിത ഉത്തേജനമാണ്, എനിക്കതിനു സാധ്യമോ എന്നറിയാൻ ആകാംക്ഷ... എന്റെ രീതിയല്ല, എന്നിട്ടും ഒരു ശ്രമം...
ഇതു കുറുംകവിതകളുടെ യാത്ര എന്നതാണ് ശരി. Aj🌹
ഇതിന്റെരണ്ടാം ഭാഗം താഴേ, നെടുംകവിത എന്നു ഞാൻ വിളിക്കും.
കുറുംകവിതക്കും നെടുംകവിതക്കും ഇടയിൽ ഞാനിട്ട പാലമാണ് ഈ വിശദീകരണം!)
_*മോക്ഷത്തിന് ശേഷം*_
-------------------------------
എന്റെ ചിന്തകൾക്ക്
പ്രായം ഇരുപത്തിയൊന്ന്
(ഹൃദയത്തിന് ഭാരം അതിലും കൂടും)
കിനാവുകൾ എന്റെയുറക്കം
കെടുത്തിത്തുടങ്ങിയിരിക്കുന്നു...
ഇരുട്ടിന്‍റെ കാൻവാസിൽ
ഞാൻ നിറമുള്ള
ചിത്രങ്ങൾ കോറിക്കൊണ്ടേയിരുന്നു
എന്തോ
ഇരുട്ടിനെന്നെ ഇഷ്ടമായി!
എന്റെ ചിന്തകൾക്കിപ്പോൾ
പറക്കാനാണ് മോഹം,
സ്വപ്നത്തിലും ഞാൻ കണ്ടത്
രണ്ട് ചിറകുകളായിരുന്നല്ലോ,
പക്ഷെ
ഇനിയും ചിറകു മുളയ്ക്കില്ലെന്നവർ
അടക്കിയ ചിരിയോടെ പറഞ്ഞു
കൺസൾട്ടിങ് ഫീ വാങ്ങിയ ശേഷം
മരുന്നിന് കുറിപ്പടിയും തന്നു,
‘രാത്രി, ഭക്ഷണത്തിനു ശേഷം,
സ്വപ്നം കാണുന്നതിന് മുമ്പേ, ഓരോന്ന്’...!
മരുന്ന് ഫലിച്ചു
എനിക്കിപ്പോൾ
പത്തുനിലയുള്ള കെട്ടിടത്തിന്
മുകളിൽ നിന്നുവരെ
താഴേക്ക് പറക്കാൻ കഴിയും
ഭൂമിയുടെ ആത്മാവിലേക്ക്
ഇനിയും
ആഴത്തിലേക്ക്...!
_*AJ*_🌹
===================
കണക്കുകൾ
---------------------
കണക്കിലെ കളി
അറിയാമോ?
ജീവിച്ചിരിക്കുമ്പോൾ നേരിട്ട്
തീർക്കാൻ പറ്റണ
കളികളേ കണക്കിലുള്ളു
ജീവനോടെയിരുന്നാൽ
ഉത്തരിപ്പ് കണക്ക് കൂട്ടി നോക്കാം
കണക്കുകൾ
പരസ്പരം കൊടുത്തു തീർക്കാം
പിടിച്ചു വാങ്ങാം
അല്ലെങ്കിൽ വലിച്ചെറിയാം.
ഉത്തരം ശരിയല്ലെങ്കിൽ
പറഞ്ഞു തീർക്കാം
പറ്റിയില്ലെങ്കില്‍
എങ്കിൽ മാത്രം
അരിഞ്ഞും കരഞ്ഞും തീർക്കാം
കണക്ക് കൂട്ടാതെയും തീരാം!
മരിച്ചുകഴിഞ്ഞാൽ അവരിറങ്ങും.
ഭൂതത്തെ കാക്കുന്ന കോമരങ്ങൾ
ആത്മാക്കളുടെ ദല്ലാളന്മാർ,
അവർ കണക്കുമായി വരും
വട്ടംകൂടാത്ത ചതുരപ്പലകയിൽ
വരച്ച കളങ്ങളിൽ
വെളുത്ത കണക്കുകൾ നിരത്തും
കൊടുക്കാതെ നിവർത്തിയില്ല
പരേതാത്മാക്കളുടെ കണക്കാണ്
ശാസ്ത്രമാണ്
തീരണം, കണക്ക് തീർക്കണം!
എല്ലാം കണക്കാണ്,
കണക്കിലാണ് കാര്യം
കൂട്ടലും കിഴിക്കലുമാണ്
പ്രാഥമിക പാഠം.
ബന്ധങ്ങൾ അങ്ങിനെ
കണക്കുശാസ്ത്രമായി
ഒതുങ്ങിപ്പോകുന്നു...
=================
വായന
-----------
നീയെന്റെ സ്വപ്നത്തിന്റെ നിറങ്ങൾ ചോർത്തി
മഴവില്ലിന് ചാർത്തിക്കൊടുത്തു
പ്രതീക്ഷയുടെ വെട്ടം കവർന്നു
പൂനിലാവിനും കൊടുത്തു
വസ്ത്രങ്ങൾ ദേഹിയിൽ നിന്നും പറിച്ചെടുത്തു ഭിക്ഷയേകി
എന്റെ സ്വരങ്ങൾ നീ
പാണന്റെ ഉടുക്കിനെറിഞ്ഞു കൊടുത്തു
പക്ഷെ
എന്റെ കല്പനയെ നിനക്ക് ഞാൻ തരില്ല...
അതെന്റെ ഓരോ രോമകൂപങ്ങളിലും
സ്വേദങ്ങളായി മിന്നട്ടെ
അതിന്റെ വെട്ടത്തിൽ
എന്റെ പ്രണയം മറ്റുള്ളവർ വായിച്ചെടുക്കും...
=======================
വരികൾക്കിടയിൽ
1.
അവൻ
സ്വപ്നം കാണുമായിരുന്നു
അവനെയവർ
വ്യാസനെന്നു വിളിച്ചു
ഇപ്പോൾ
ഭാരതഗാഥ തോളിൽ തൂക്കി
തെരുവീഥിയിലൂടെ
വിറ്റു നടക്കുന്നു
അവൻ, വ്യാസൻ...
2.
ഗുരു പറഞ്ഞു
വരികൾക്കിടയിലൂടെ തിരയൂ
നിസ്സംഗനായി കവി തുടങ്ങി
വായന...
ഇനിയും തീർന്നിട്ടില്ല!
3.
ദ്രോണർ ശിഷ്യരെ തേടി
ഏകലവ്യൻ ഗുരുവിനെ തേടി
ഇരുവർക്കുമിടയിലെ പാലം
ദ്രുപദന്‍റെ ജാതകം!
4.
സാന്ദീപനിയും ഭരധ്വാജനും ശരി
സുദാമനും ദ്രോണരും തെറ്റ്
ശരിക്കും തെറ്റിനുമിടയിൽ
കൃഷ്ണനും ദ്രുപദനും കുതറി
ധൃഷ്ടദ്യുമ്നൻ
കഥ തിരുത്തി
ഭാരതം നിർവചിച്ചു.
5.
കാലിയെ മേച്ചു നടന്ന ചെക്കൻ
കാലുകൊണ്ട് കാളിയനെ കൊന്നു
കാളിന്ദിയെ കറുപ്പിച്ചു.
കലികൊണ്ട കാട്ടുകറുമ്പൻ
കാലിൽ അമ്പെയ്തു ചെക്കനെ കൊന്നു
ആശയങ്ങളുടെ അനിവാര്യമായ സംഘട്ടനം
അന്ധന്റെ ഭാര്യ പ്രവചിച്ചിരുന്നു!
=========================
കണക്കുകൾ
---------------------
കണക്കിലെ കളി
അറിയാമോ?
ജീവിച്ചിരിക്കുമ്പോൾ നേരിട്ട്
തീർക്കാൻ പറ്റണ
കളികളേ കണക്കിലുള്ളു
ജീവനോടെയിരുന്നാൽ
ഉത്തരിപ്പ് കണക്ക് കൂട്ടി നോക്കാം
കണക്കുകൾ
പരസ്പരം കൊടുത്തു തീർക്കാം
പിടിച്ചു വാങ്ങാം
അല്ലെങ്കിൽ വലിച്ചെറിയാം.
ഉത്തരം ശരിയല്ലെങ്കിൽ
പറഞ്ഞു തീർക്കാം
പറ്റിയില്ലെങ്കില്‍
എങ്കിൽ മാത്രം
അരിഞ്ഞും കരഞ്ഞും തീർക്കാം
കണക്ക് കൂട്ടാതെയും തീരാം!
മരിച്ചുകഴിഞ്ഞാൽ അവരിറങ്ങും.
ഭൂതത്തെ കാക്കുന്ന കോമരങ്ങൾ
ആത്മാക്കളുടെ ദല്ലാളന്മാർ,
അവർ കണക്കുമായി വരും
വട്ടംകൂടാത്ത ചതുരപ്പലകയിൽ
വരച്ച കളങ്ങളിൽ
വെളുത്ത കണക്കുകൾ നിരത്തും
കൊടുക്കാതെ നിവർത്തിയില്ല
പരേതാത്മാക്കളുടെ കണക്കാണ്
ശാസ്ത്രമാണ്
തീരണം, കണക്ക് തീർക്കണം!
എല്ലാം കണക്കാണ്,
കണക്കിലാണ് കാര്യം
കൂട്ടലും കിഴിക്കലുമാണ്
പ്രാഥമിക പാഠം.
ബന്ധങ്ങൾ അങ്ങിനെ
കണക്കുശാസ്ത്രമായി
ഒതുങ്ങിപ്പോകുന്നു...
===============
ജീർണ്ണവസ്ത്രങ്ങൾ
( അജയ് നാരായണൻ)
മരണം സംഭവിക്കുന്നില്ല
പഴയതുപേക്ഷിച്ചു പുതുവസ്ത്രം
ധരിക്കുന്നേയുള്ളൂ.
ദ്വാപരയുഗത്തിൽ
ഗുരുസാന്ദീപനി
സുദാമന് പറഞ്ഞുകൊടുത്ത
ജീവന മന്ത്രമാണ്,
“കരുതൽ വേണം,
പുതുവസ്ത്രങ്ങൾ
യാചിച്ചാൽ കിട്ടുന്നതല്ല”...
പാണരെ, നമുക്കിനിയും പാടിനടക്കാം
വഞ്ചിപ്പാട്ടിന്റെയീണത്തിൽ,
ഒടുക്കമെങ്ങാനും
പുതുവസ്ത്രം ദാനമായ് കിട്ടിയാലോ...
കവി നടന്നുപാടും
യാചകൻ ഇരുന്നും പാടും
പട്ടുടുപ്പ് കിട്ടിയിലായി!
മുഷിഞ്ഞതും ജീർണ്ണിച്ചതും മാറ്റി
പട്ടുവസ്ത്രം ധരിച്ച
സുമുഖരെ നിങ്ങൾ കണ്ടിട്ടുണ്ടോ...
കോടിയുടുത്തു കിടക്കുമ്പോൾ
എന്തുചന്തമാണീ യുവാക്കളെ കാണാൻ!
അതുകൊണ്ടു തന്നെ
ജീർണ്ണവസ്ത്രങ്ങൾ ഉപേക്ഷിക്കാൻ
എനിക്ക് സാധ്യമായിരുന്നില്ല
സാന്ദീപനിയുടെ ശാപം...!
കോടി മണക്കണ തുണി
ഒരാവരണമാണ്
ജീർണ വസ്ത്രങ്ങൾ
അഴിച്ചുമാറ്റാനുള്ള ത്വരയുടെ,
ഇരയുടെ
ആവരണം...
അതിന് അതിജീവനത്തിന്റെ
രൂക്ഷഗന്ധമുണ്ട്
ചിലർ അലറിവിളിച്ചു കരഞ്ഞു.
പുതിയ വസ്ത്രങ്ങൾക്ക്
പുതിയ ബ്രാൻഡുകൾ
അവതരിച്ച നിമിഷം
സുന്ദരന്മാർ അതുടുത്തു
ചമഞ്ഞുകിടന്നു
ആലസ്യത്തോടെ കണ്ണടച്ചു.
ദേഹംവിട്ട ദേഹികൾ
വസ്ത്രം വേണ്ടാപക്ഷികളുടെ
ചിറകുകളായ്...
പഴയതും പുതിയതും പിച്ചിച്ചീന്തി
സുന്ദരികൾ പക്ഷെ, നഗ്നതയെ വരിച്ചു.
അവർക്ക് ഒരു വസ്ത്രത്തിലും
വിശ്വാസമില്ലാതായല്ലോ...
ദേഹിയെ കഴുക്കോലിൽ തൂക്കിയിട്ട്
അവരും കിടന്നു
തെളിയാതെ, വിരിയാതെ
വാടിക്കരിഞ്ഞ മൊട്ടുകളായി
അമ്മയുടെ ചതഞ്ഞ മാറിൽ
തലചായ്ച്ചു കിടന്നു.
അമ്മ ചുരന്നു
രക്തനിറമുള്ള പാല്...
എവിടെയാണ് ശാസ്ത്രം പിഴച്ചത്,
എന്തിനാണ് നിർവ്വചനങ്ങൾ
പുനരാവിഷ്‌ക്കരിക്കപ്പെട്ടത്,
എങ്ങനെയാണെനിക്ക്
കുചേലനെന്ന പേരുവീണത്?
സുദാമന്റെ ഉത്തരമില്ലാചോദ്യങ്ങളാൽ
പൊറുതിമുട്ടി
നനഞ്ഞവസ്ത്രം പോലെ
വേതാളം സമസ്യയുടെ മരക്കമ്പിൽ
ഞാന്നു കിടന്നു...
എന്റെ പാഴ്‌വസ്‌ത്രത്തിലാണ്
ഞാനിപ്പോഴും കിടക്കുന്നതും ഉറങ്ങുന്നതും
തൂങ്ങിയാടുന്നതും.
എനിക്കുള്ള കോടിമുണ്ടുമായ്
വരുന്നൊരു തോഴനെ
പ്രിയ മാനസചോരനെ
എന്റെ (മാത്രം) കണ്ണനെ
ഞാനിന്നും കാത്തിരിക്കുന്നു,
സാന്ദീപനിയെ ശപിച്ചു കൊണ്ട്...!
അടിക്കുറിപ്പ്: എന്നെ എന്നും സ്വാധീനിച്ച ഒരു പുരാണകഥാപാത്രമാണ് ശ്രീകൃഷ്ണൻ, എല്ലാവരുടെയും കണ്ണൻ! ഗീത ചൊല്ലിയോൻ, യാദവ നായകൻ. ഓർത്താൽ, ഗുരു സന്ദീപനിയുടെ സ്വാധീനം കൃഷ്ണനിൽ കാണില്ലേ?
ഈയൊരു ചിന്തയിൽ നിന്നും ഒരു satire രീതിയിൽ കഥയെഴുതി, പിന്നെ കവിതയും. എന്റെ സമസ്യ ഇതാണ്, കുചേലൻ പഠിച്ചതും ഇതേ ഗുരുവിന്റെ കീഴിൽ, കണ്ണന്റെ കൂടെ... എന്നിട്ടും... ഉച്ചനീചത്വങ്ങളുടെ ഒരു നേർക്കാഴ്ച എന്നെ വിമ്മിഷ്ടനാക്കുന്നു.
നമ്മുടെ കുട്ടികൾ ഇതിന്റെയെല്ലാം ഇരകളാണോ... ?
ഞാൻ അസ്വസ്ഥനാണ്.
======================
അഭിജ്ഞാന ശാകുന്തളം
°°°°°°°°°°°°°°°°°°°°°°°°°°
(അജയ് നാരായണൻ
Lesotho )
ആകാശഗംഗയിലെ
പർണ്ണകുടീരത്തിന്നരികെ
ഒരു മായാമാലിനീനദിക്കരയിൽ
വച്ചാണ് ശകുന്തളയും ദുഷ്യന്തനും
രണ്ടു കാർമേഘങ്ങളായി
കണ്ടുമുട്ടിയതും,
പ്രണയ പാരമ്യത്തിന്റെ
ക്ളൈമാക്സിൽ ആൺമേഘം
പെൺമേഘത്തിനു
ഒരു പ്രണയമോതിരം
ഓർമ്മക്കായ് കൊടുത്തതും.
ശേഷം അയാൾ പെയ്തൊഴിഞ്ഞു
അങ്ങ് താഴെ ഭൂമിയുടെ
താഴ്‌വാരങ്ങളിൽ പച്ചപ്പുകളുടെ
ആകർഷണവലയത്തിലേക്ക്
കുതിച്ചു കുതിച്ചൊഴുകി.
കാമുകൻ തേച്ചുപോയതിന്റെ
ഓർമയിൽ
അവളാ മുദ്രമോതിരം
സൂക്ഷിച്ചുവച്ചു.
വല്ലപ്പോഴും പെയ്തൊഴിയുന്ന
ഏകാന്തതയുടെ ഇടവേളകളിൽ
തുരുമ്പെടുത്ത ഓർമ്മപ്പെട്ടി തുറന്നവൾ
ആ മോതിരം
എടുത്തണിയാറുണ്ട്.
പക്ഷെ, തന്നതാരെന്നു അവൾ
മറന്നു പോയിരിക്കുന്നു.
===================
ധർമ്മക്ഷേത്രം
--------------------
സൂതരെ
നമുക്കിനി നാട്ടിലെ
ദൈവങ്ങളേ വാഴ്ത്താം
കണ്ണടച്ച് ചിരിക്കണ
കാത് കൊട്ടിയടച്ചു
പെരുമ്പറ കൊട്ടണ
വായില്ലാ കുന്നില്ലപ്പന്മാരെ
വായ്കുരവയിട്ടു
വരവേൽക്കാം ..
തോഴരെ
നമുക്കിനി
പട്ടിണി വാരിത്തിന്നു
എല്ലുന്തി കൈ വിറച്ചു
ഒഴിഞ്ഞ മുഖമുള്ള
തള്ളയെ നിർത്താതെ
ശപിക്കാം
മുഖം മൂടി കൂനിയിരിക്കണ
തന്തയെ
പരബ്രഹ്മത്തിന്റെ
നനഞ്ഞ അവതാരത്തെ
ചവിട്ടി താഴ്ത്താം
പാതാളത്തിലേക്ക് ...
എന്നിട്ടും
കലിയൊടുങ്ങിയില്ലെങ്കിൽ
വീട്ടിൽ കുടിയിരിക്കണ
ദൈവങ്ങളെ
ഇനി ശപിച്ചു തുടങ്ങാം...
ഒടുവിൽ
ബാലകരെ,
നമുക്ക്
രക്തസാക്ഷികളാകാം...
അസ്ഥിവാരം തീർക്കാമിനി
ധർമ്മക്ഷേത്രമൊരുക്കാം.
=====================
ടെലിഫോൺ സംഭാഷണം കൊറോണാ വ്യഥകൾ
സൗഹൃദ സംഭാഷണം
-------------------------------
ഹലോ ഇതു ഞാനാ...
ഞാൻ കാത്തിരുന്നു
വിളിച്ചില്ലല്ലോ ഇന്നലെ..?
അതേ, ആകെ തിരക്കായിരുന്നു
അത്തം പിറന്നു
ചോതി പുഴുങ്ങാൻ
നെല്ല് കിട്ടുമോ ആവോ
തിരക്കിയിറങ്ങി രാവിലേ, ഏട്ടന്റച്ഛൻ.
ഓ, ഇവിടത്തെ അടയ്ക്കാകുരുവികൾ
വട്ടിയുമായിറങ്ങി
പൂ പറിക്കാൻ പോരുമോന്ന്
പാടി, അയലോക്കത്തെ
കുട്ട്യോളുമായി കലപില.
കാളികൂളികൾ എല്ലാവരും ദാ
മുറ്റം ചവിട്ടി മെഴുക്കുന്നു
ആകെയൊരു മേളം തന്നെയെന്റെ പെണ്ണേ...
ആണോ...
വേനൽമഴ ഇവിടെയും ചാറണ്,
ചിങ്ങം ഞാറ്റിലയാണ് കുണുങ്ങി വരണത്
ഓണം തിമിർക്കുമോ ആവോ?
ഓർത്താൽ നെഞ്ചകം വിങ്ങണ്.
അയ്യോ, പയ്യാരം ചൊല്ലിച്ചൊല്ലി മറന്നു
നിന്റെ കൂട്ടിലെ വിശേഷം പറയൂ...
ഉം...ഞാറ്റിലക്കിളിക്കുഞ്ഞുങ്ങൾ
മൗനത്തിലാണ്
അവരുടെ അച്ഛൻ
എന്റെയിണക്കിളി പറന്നെത്തുമെന്നു
പറഞ്ഞെങ്കിലും
കൂട്ടിലായ് പെട്ടുപോയ്.
ഏഴാം കടലിനക്കരെ
മഹാമാരിയൊഴിഞ്ഞില്ല പോലും.
എന്റെ നെഞ്ചിന്നിടവഴിയാകെ
തുലാവർഷം പെയ്തു നിറഞ്ഞു
എന്നിട്ടും ഉള്ളിലെ തീ
തോരണില്ല പെണ്ണേ.
നീയൊന്നു സമാധാനിക്കു...
നാടുകാക്കണ അമ്മ കൂടെയുണ്ടല്ലോ.
അത്തമല്ലേ, നൂൽമഴയിൽ
നനഞ്ഞാണേട്ടൻ പോയത്
നൂറ്റൊന്നു പെയ്യുമെന്നറിഞ്ഞു
പത്തായം നിറയാനുള്ള
കൊതിയൊന്നുമല്ല കേട്ടോ
വയറഞ്ചാറല്ലയോ
ആഴത്തിലുഴുത് അകലത്തിൽ
വിത്തെറിയാൻ
ഏട്ടൻ കൂട്ടരുമൊത്തു പോയതാ
ഉത്രാടത്തിനു മുൻപേ വരുമെന്നും പറഞ്ഞു
ആളുന്ന എന്റെ നെഞ്ചന്നേ തണുക്കൂ
നീയുറങ്ങൂ പെണ്ണേ...
നിന്റെ ഉടയോനുടനേ വരും,
നിന്റെ നെഞ്ചിലും രാമഴയൊഴുകും,
ആരോ വരുന്നു, ഏട്ടനോ, എന്തോ,
പോകട്ടെ ഞാൻ...
കുഞ്ഞിക്കിളികൾക്കുമ്മ കൊടുക്കണേ.
അങ്ങിനെയാവട്ടെ...
ഉത്രാടമൊരുക്കൂ
നിന്റെ നെഞ്ചിലെയാന്തലെങ്കിലും
ഒടുങ്ങട്ടെയിപ്പോൾ,
എന്റെയുള്ളിലെ തീയണയാനൊരു
നീർമഴയാവാൻ നാളെ വിളിക്കണേ...
ടെലിഫോൺ സംഭാഷണം
°°°°°°°°°°°°°°°°°°°°°°°°°°°°°
ഹലോ, നീയാണോ...
പറയൂ, ഞാനാണ്
അവിടെയെന്താ വിശേഷം?
ഓ, കോറോണയല്ലേ, പണിപാളി
എന്റെ പണി പോയി,
ഇനി വേറെയെന്തെങ്കിലും...
അവിടെയോ?
ഇവിടെ ഞാൻ അകത്താ...
വീട്ടിനകത്തൊരു കൂട്ടിൽ
ഈരേഴു പതിനാലു നാൾ
കൊണ്ടു തീർക്കണം ബന്ധനം,
എനിക്കു പണികിട്ടീ!
നീയെങ്ങിനെ...?
കുഴപ്പമില്ല, വേറെന്താ നാട്ടിലെ വിശേഷം,
മഴയുണ്ടോ, കാവിലെ
തിരുവാതിര വേല തുടങ്ങിയോ?
അത്തം തെളിഞ്ഞെന്നാരോ പറഞ്ഞല്ലോ
അന്നേരം തിരുവാതിര കുതിരും അല്ലേ?
ഞാനിപ്പോൾ പുകഞ്ഞ മഴയിൽ
കുതിർന്ന കിളിയെപ്പോലെ
എന്റെ കിളി പോയപോലെ
നെഞ്ചിലെ ഞാറ്റിലക്കിളി
കൂട്ടില്ലാക്കിളി
തേങ്ങുന്നുണ്ട്
എന്തുചെയ്യാൻ
കതകടഞ്ഞ കൂട്ടിലിനി എത്ര നാളോ...
വേലകളി തീരും മുൻപേ
ഞാനെത്തും
ജീവനൊടുണ്ടെങ്കിൽ കാണാമെടോ
നീയില്ലെങ്കിലും നമ്മുടെ
ആതിര ഞാറ്റുവേലയുണ്ടാകുമല്ലോ
എന്റെ മണ്ണും മനസ്സും അവിടെയല്ലോ
വച്ചോളൂ, എനിക്ക് തിരക്കുണ്ട്
ആകട്ടെ, നിന്റെ ഞാറ്റിലാക്കിളിയോട്
എന്റെ സ്നേഹം പറയണേ
ഇനിയും വിളിക്കണേ, നാളെ...
=============================
രീതി ശാസ്ത്രം
(അജയ് )
വല്ലാതെ കൊതിക്കുന്നു ഞാൻ
ഒരു ശാസ്ത്രജ്ഞനാകുവാൻ
രീതികളുടെ ശാസ്ത്രജ്ഞൻ
ശാസ്ത്രത്തിന്റെ
രീതികളെക്കുറിച്ച് പഠിച്ചതിൽ പിന്നെ
രീതികളുടെ തത്വശാസ്ത്രത്തെയും
ചാലനശക്തികളെക്കുറിച്ചും
പഠിച്ചു
കണ്ടും കാണാതെയും
രീതികൾ പലതും
പറഞ്ഞും പറയാതെയും നോക്കി
ഒടുവിൽ ഒരു രീതിയും
വരുതിയിലാക്കാൻ പറ്റാതെ
ഒരുമാതിരിയായി
ഇപ്പോൾ ഞാൻ അറിയപ്പെടുന്നത്
ഒരുമാതിരി ശാസ്ത്രജ്ഞൻ എന്നാണ്...
==============================
കാവൽ
(അജയ് നാരായണൻ)
----------------------------------
അച്ഛനുണരാതിരിക്കുവാൻ കാവലായ്
കാത്തിരിക്കുന്നു നാളേറെയായി
താരാട്ടുപാട്ടിൻ സ്വരങ്ങൾ ഞാൻ തീർക്കാം
കിടന്നുറങ്ങൂയിനി ശാന്തമായി.
ജന്മങ്ങളായ് കിടപ്പല്ലോത്തറയിൽ
ചിതറിയ ചില്ലുപോലെന്നച്ഛനും
കൂട്ടിനായമ്മതൻ തോരാത്ത വ്യാധിയും
കൂട്ടിയാൽ കൂടാത്ത സ്വപ്നങ്ങളും.
കൂടിക്കുഴഞ്ഞു മറിഞ്ഞിടതൂർന്നുള്ള
യാമങ്ങളെത്രയോ വാർന്നുപോയി
അച്ഛനുറങ്ങട്ടെയിത്തിരിയെങ്കിലും
കാവലിനായ് ഞാനുണർന്നിരിക്കാം.
ഭൂതകാലത്തിനു കണ്ണേറുകിട്ടാ-
തിരിക്കുവാൻ വീട്ടിലെ ഭൂതമായി
ഞാനിരിപ്പുണ്ടേയുറങ്ങാതെ കാവലായ്
അച്ഛനുറങ്ങട്ടെ ദൈവങ്ങളേ...!
പുഞ്ചിരിമാത്രം നിറഞ്ഞ ഘോഷങ്ങളിൽ
പാതയോരത്തെ തിരക്കിലൂടെ
കൈകോർത്തു മാത്രം നടക്കുമെന്നച്ഛൻ
വെളിച്ചമായീ ദിവാസ്വപ്നമായി.
അന്നുകേട്ടെത്രയോ ഗാഥകൾ തൂലിക-
ത്തുമ്പിൽ തുളുമ്പും നിറങ്ങളാലേ
അത്താണിയന്നേ തിരയുമോരേകാന്ത
സ്വപ്നസഞ്ചാരിയാണെന്റെയച്ഛൻ...!
വാത്സല്യമോടെ പൊതിഞ്ഞുനീട്ടും ചുടു-
കപ്പലണ്ടി കടലാസ്സു മാറ്റി
പൊട്ടിപ്പൊളിച്ചെടുത്താസ്വദിച്ചീടവേ
പൊട്ടിവിരിഞ്ഞു നിൻ വാത്സല്യവും.
സായന്തനങ്ങളിൽ ചേർന്നു നടക്കും, സ്വ-
കാര്യമായ് ചോദിക്കുമാരെയിഷ്ടം?
“അച്ഛനെ മാത്രമാണേറെയിഷ്ടം”, കേട്ടു
കെട്ടിപ്പിടിച്ചൊരു മുത്തമേകും.
അച്ഛനുറങ്ങിനി നേരം വെളുക്കട്ടെ
ചാടിപ്പിടഞ്ഞെഴുന്നേൽക്കവേണ്ടാ
കാവലായുണ്ട് ഞാനച്ഛന്റെ മുണ്ടിന്റെ
കോന്തലത്തുമ്പിൽപ്പിടിച്ചിരിക്കാം...!
ഇന്നലെയെല്ലാം കഴിഞ്ഞപോലെ, കട-
ബാധ്യതയിപ്പൊഴും ബാക്കിയല്ലോ
തർപ്പണംചെയ്യാതെ, ആത്മാവിനായൊരു
വറ്റുകാട്ടാതെ പിടഞ്ഞൂ മനം...!
വാതിൽപ്പടിക്കൽ വിളിക്കുന്നതാരു നീ
പാതിരാക്കാറ്റോ ബലിക്കാക്കയോ?
കൂട്ടിരിക്കുന്നൂ വ്യഥകളുമായി ഞാൻ
അച്ഛനിനിയും ഉറങ്ങിയില്ലേ?
അമ്മയബോധതലത്തിൽ വിരിഞ്ഞ പൂ
നുള്ളാതെ ചൂടും, പിറുപിറുക്കും
പൂക്കാത്തപൂവിന്റെ സൗരഭം, രാവിന്റെ
കാണാക്കതിരുകൾ, നോവറകൾ...!
അച്ഛനുണരാതുറങ്ങട്ടെ ഭൂമിയിൽ
അമ്മയോ, നീർച്ചോലയായിടട്ടെ
കൂട്ടിരിക്കാമിനി കാവതിക്കാക്കയായ്
കാത്തിരിക്കാമെന്നുമോർമ്മകളായ്.
ഏതോ വികല്പസ്വപ്‌നങ്ങൾ നിറയും
പ്രഹേളികയോ പഴംചൊല്ലുകളോ
സാന്ത്വനമേകുന്ന സ്പർശങ്ങളോയിത്
മന്ദഹാസത്തിൻ നിലാവുകളോ?
കാത്തിരിക്കാമിനി കണ്ണിമ ചിമ്മാതെ
അച്ഛനുണരാതിരിക്കുവാനായ്
പൊട്ടിച്ചിരിക്കണ ചില്ലുപോലെയിനി
അമ്മയൊഴുകട്ടെ കൂട്ടിനായി.
=======================
തുടക്കം
------------
തൊട്ടു നിൽക്കാതെയിനി
നോക്കി നിൽക്കാതെ-
യരികത്തണഞ്ഞു
കൈകോർക്കാതെ,യീ മുഖം
പാതി മറച്ചിനി നേരിടാമൊന്നായ്
കൊറോണയാൽ
തീർത്തോരിരുണ്ടകാലം.
മാരിയല്ലോ മഹാമാരിയല്ലോ...
ദീപനാളം കൊളുത്തുക
മാറട്ടെ,
സൗഖ്യം വരിക്കുക നാം...
ഒടുക്കം
------------
കൈക്കഴുകിക്കഴുകിക്കുഴഞ്ഞെന്റെ
തേവരെ..
എത്ര നാളായിനിയെത്ര നാളോ
മുഖം പാതിമറച്ചൂ
നടന്നെന്റെയോർമ്മകൾ പാതിയും
വേരറ്റു, നീരറ്റടർന്നു പോയീ...
കാക്കുവാൻ വയ്യിനി തേവരേ നീയെന്റെ
വീട്ടിലേക്കുള്ള വഴി തെളിക്കൂ. ..!
=========================
ചൂണ്ടക്കാരാ, ചങ്ങാതി
നിന്‍റെ ചൂണ്ടയിലിന്നു
കൊത്തിയ മീനേത്?
നിന്റെ സ്വപ്നങ്ങളെ
ആകാശഗംഗയുടെ
അങ്ങേക്കരയിലേക്കു
തുഴഞ്ഞു കൊണ്ടുപോകുന്ന
പരൽമീൻകണ്ണുള്ള
കടത്തുകാരിയോ,
കരിമീൻപോലെ
പെടയ്ക്കണ നിന്റെ ചങ്കിൽ
നീ കുറിച്ചുവച്ച പ്രണയഗീതങ്ങൾ
മാത്രം പാടുന്ന യക്ഷഗായികയോ,
അതോ
കൊള്ളിമീൻ പായണപോലെ
ചാട്ടുളിയെറിഞ്ഞു
തീരാപരിദേവനങ്ങളാൽ
നിന്റെയിടനെഞ്ചു തകർക്കണ
അറബിക്കഥയിലെ മൊഞ്ചത്തിയോ...?
പറയൂ ചൂണ്ടക്കാരാ
ഇന്നേതു മത്സ്യകന്യകയാണ്
നിന്റെ കിനാവിലെ ചൂണ്ടയിൽ
കൊത്തിയത്?
കളിക്കൂട്ടുകാരാ
ഇന്നെന്റെ ചൂണ്ടയെ
കൊത്തിപ്പുണർന്നത്
വിരിയാൻ തുടിക്കണ
നെഞ്ചിലെ മൊട്ടിനു
കസ്തൂരിവേർപ്പിന്റെ
മണമുള്ള പെണ്ണ്
അവളുടെ ചുണ്ടിലെ
തേൻവണ്ടുകൾ
എന്റെ ജീവന്റെ
ചൂണ്ടച്ചരടിൻത്തുമ്പിൽ
വിരിഞ്ഞുവന്ന പ്രണയപുഷ്പത്തെ
കവർന്നെടുത്തു, കള്ളിയവളതു
സ്വന്തമാക്കി.
ഇനി ഞാൻ
അവൾക്കുവേണ്ടിമാത്രം
ചൂണ്ടയിട്ടുകൊണ്ടേയിരിക്കും
=======================
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ