ജീവിതവഴി
..............................................
1957 ജൂലൈ 30 ന് പറവൂരിൽ ജനിച്ചു.എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. അടിയന്തരാവസ്ഥക്കാലത്തും പിന്നീടും സി.പി.ഐ അനുഭാവം പുലർത്തി. ജനകീയസാംസ്കാരികവേദി രൂപവത്കരിച്ചപ്പോൾ അതിന്റെ പ്രവർത്തനവുമായും സഹകരിച്ചു. പല തൊഴിലുകൾ ചെയ്ത ശേഷം1987ൽ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 1999ൽ ബുദ്ധമതം സ്വീകരിച്ചു.തിരക്കഥകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിൽ അഭിനേതാവായി പ്രവർത്തിക്കുന്നു. ഭാര്യ: വിജയലക്ഷ്മി. മകൻ : അപ്പു.
കടപ്പാട് : വിക്കി പീഡിയ
താതവാക്യം
..................................
അച്ഛന്റെ കാലപുരവാസി കരാളരൂപം
സ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു;
മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടും
വട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും
ബോധങ്ങളൊക്കെയൊരബോധ തമസ്സമുദ്രം
ബാധിച്ചു മുങ്ങിമറയും പടി താതഭൂതം
പ്രേതപ്പെരുമ്പറ നടുങ്ങി മുഴങ്ങു, മന്ധ
നാദത്തിലെന്നൊടുരചെയ്തു ദുരന്തവാക്യം:
ആയുസ്സു തീര്‍ന്ന സമയത്തൊരു തുള്ളി വെള്ളം
വായില്‍പ്പകര്‍ന്നു തരുവാനുതകാതെ പോയ
നീയാണു മൂത്തമകനെന്നതുകൊണ്ടു മാത്രം
തീയാണെനിക്കു ഭുവനസ്‌മരണാവശിഷ്ടം
നിന്നമ്മ തന്നണുവില്‍ ഞാന്‍ കലരുന്ന നേരം
അന്നാദിയാമഖില ഭൂതവുമാര്‍ത്തിരമ്പി
ഒന്നായി ഞങ്ങളൊരു മാത്ര നിറഞ്ഞ നേരില്‍
നിന്നാണു നിന്നുരുവമെന്നു മറന്നുപോയ് നീ.
സാനന്ദമമ്മ കരുണാമയി നിന്റെ നാവില്‍
തേനും വയമ്പുമൊരുനാളിലരച്ചു ചേര്‍ത്തു
മാനക്ഷയത്തിലെരികാച്ചി നിനക്കു നല്‍കാം
ഞാനെന്റെ ജീവിതവിഷാന്തകഥാകഷായം.
തീരാക്കുടിപ്പക വളര്‍ത്തിയ മന്ത്രവാദി
പൂരം കഴിഞ്ഞൊ, രിരവില്‍ തിരികേ വരുമ്പോള്‍,
ആരോ പതുങ്ങി വഴിവക്കിലിരുന്നു കമ്പി-
പ്പാരക്കടിച്ചു തലമണ്ട തകര്‍ത്തു വീഴ്ത്തി.
ഹാ, മന്ദഭാഗ്യര്‍, വിപരീതമനസ്കനാകു-
മാ, മന്ത്രവാദിയുടെ മക്കളനാഥരായി
സീമന്തപുത്ര, നിവനന്നുഡുജാല സൂര്യ
സോമപ്രകാശകിരണാവലി കെട്ടുപോയി.
ജീവിക്കുവാനിവനിലേക നിയോഗമേകീ
പൂവല്ലി, പുല്ലു, പുഴു, പല്ലി, പിപീലികാന്തം
ആവിര്‍ഭവിച്ചു മറയുന്ന ജഗത്തിനെല്ലാ-
മാധാരമായി നിലകൊള്ളുമനന്തശക്തി.
പോകേണ്ടിവന്നു പതിനാറുവയസ്സില്‍, രണ്ടാം
ലോകാഹവത്തിലൊരു സൈനികലാവണത്തില്‍;
ആകട്ടെ, യന്നുമുതലെന്നുമൊരേ കൊലച്ചോ-
റാകാമെനിക്കു വിധികല്‍പിത ലോകഭോഗം.
നാലഞ്ചുപേരെ വയറിന്റെ വിശപ്പു തീര്‍ത്തു
പാലിച്ചു തീറെഴുതി ഞാനൊരു മര്‍ത്ത്യജന്‍മം;
ലോലങ്ങളെന്റെ നരഭാവദളങ്ങളെല്ലാം
കാലാതപത്തില്‍ മുരടിച്ചു മുടിഞ്ഞിരിക്കാം.
കല്ലിന്നകത്തു കിനിയും തെളിനീരുപോലെന്‍
കല്ലിപ്പില്‍ നിന്നുമനുരാഗമൊലിച്ച കാലം,
നെല്ലുള്ളൊരാ വലിയ വീട്ടിലെ സന്തതിക്കെന്‍
പുല്ലിന്റെ തുമ്പുമൊരു പൂങ്കണയെന്നു തോന്നി.
എന്നഗ്നി കാണ്‍കെയവളെന്റെ കരം ഗ്രഹിച്ചു
അന്നേയവള്‍ക്കു മുഴുവന്‍ ഗ്രഹവും പിഴച്ചു;
വന്നെങ്കില്‍ വന്നു ഭടനെന്ന വിധിക്കു തന്റെ
ജന്‍മത്തെയും പ്രണയധീരതയാല്‍ തുലച്ചു.
കാര്‍കൊണ്ടലിന്‍ തിര തെറുത്തു കറുത്തവാവു
കോള്‍കൊണ്ട കര്‍ക്കടകരാത്രിയില്‍ നീ പിറന്നു;
ആര്‍ കണ്ടു നീ വളരുമന്നു വെറും വെറുപ്പിന്‍
ചോര്‍കൊണ്ടെനിക്കു ബലിപിണ്ഡമുരുട്ടുമെന്നായ്;
നായെക്കണക്കു കടുചങ്ങലയിട്ടു ബാല-
പ്രായത്തില്‍ നിന്നെ, യടിതന്നു വളര്‍ത്തിയെങ്കില്‍
പേയുള്ള നിന്നെയുലകിന്‍വഴിയേ മെരുക്കാന്‍
ന്യായപ്രകാരമതൊരച്ഛനു ധര്‍മ്മമല്ലീ?
പാഠാലയത്തിലടികൂട്ടിയും, ഒച്ചവെച്ചും
പാഠങ്ങള്‍ വിട്ടു സമരക്കൊടിയേന്തിയും നീ
'ബീഡിക്കു തീ തരിക' യെന്നു ഗുരുക്കളോടും
ചോദിച്ചു വാങ്ങി പെരുതായ ഗുരുത്വദോഷം.
വീടിന്റെ പേരു കളയാനിടയായ് ഭടന്റെ
കേടുള്ള ബീജമിവളേറ്റതുമൂലമെന്നു
മാതാവിനോടു പഴി മാതുലര്‍ ചൊന്നതെല്ലാം
കാതില്‍ കഠാരകള്‍ കണക്കു തറച്ചു പോന്നും,
നീ കണ്ട തെണ്ടികളുമായ്‌ക്കെടുകൂട്ടു കൂടി-
ച്ചാകാന്‍ നടക്കുവതറിഞ്ഞു മനം തകര്‍ന്നും
ശോകങ്ങളെന്നെ, അതിര്‍വിട്ടറിയിച്ചിടാതെ
മൂകം സഹിച്ചുമവള്‍ രോഗിണിയായി വീഴ്‌കെ,
ദീപം കെടുത്തി, യിരുളില്‍ ത്തനിയേ, തണുപ്പില്-
ക്കോപം കെടാത്ത ഹൃദയത്തെ ഞെരിച്ചു ഞാനാ-
ബാരക്കിലെപ്പഴുതിലൂടെ ഹിമാദ്രി നിദ്ര
മൂടിക്കിടക്കുവതു നോക്കി നശിച്ചു നിന്നു.
ആശിച്ചവേഷമൊരുനാളുമരങ്ങിലാടാ-
നാകാതെ വീണ നടനാം ഭടനെങ്കിലും ഞാന്‍
ആശിച്ചുപോയി മകനൊന്നിനി മര്‍ത്ത്യവേഷ-
മാടിത്തിളങ്ങുവതു കണ്ടു കഴിഞ്ഞുറങ്ങാന്‍.
ചോടും പിഴച്ചു, പദമൊക്കെ മറന്നു, താളം
കൂടെപ്പിഴച്ചു, മകനാട്ടവിളക്കുപോലു-
മൂതിക്കെടുത്തുവതു കണ്ടു നടുങ്ങി, ശത്രു-
ലോകം വെടിഞ്ഞു പരലോകമണഞ്ഞുപോയ് ഞാന്‍.
ഏതോ നിഗൂഢനിയമം നിഖിലപ്രപഞ്ചം
പാലിച്ചു നില്‍പ്പതു നമുക്കറിവില്ല, പക്ഷേ,
ആശിക്കലാണു വലുതാമപരാധമെന്നാ-
ണാ ശപ്തമായ നിയമത്തിലെ ആദ്യവാക്യം.
ഹാ, ശിക്ഷിതന്‍ സകല ജീവിതകാലവും ഞാന്‍;
ആ ശിക്ഷതന്നെ മരണത്തിനു ശേഷമിന്നും
ക്ലേശപ്പെടുത്തുവതിനിന്നിനിയാര്‍ക്കു സാദ്ധ്യം?
നാശത്തിലാത്മസുഖമെന്നുമെനിക്കു ശീലം.
കാലാവസാനമണയും വരെ വേണ്ടി വന്നാല്‍
മാലൊട്ടുമില്ല നരകാഗ്നിയില്‍ വെന്തുവാഴാന്‍;
കാലന്റെ മുന്നിലുമൊരിഞ്ചു കുലുങ്ങിടാ ഞാന്‍
കാലാരിയെന്റെ കരളില്‍ക്കുടികൊള്‍ക മൂലം.
ഭാവിക്കയില്ല മകനെന്നിനി നിന്നെ ഞാനും
തീ വെച്ചുകൊള്ളുക പിതൃസ്‌മരണക്കു നീയും;
നീ വെച്ച പിണ്ഡമൊരുനാളുമെനിക്കു വേണ്ട,
പോവുന്നു ഞാന്‍ - ഉദയമെന്നെ സഹിക്കയില്ല.
പിന്നെ പ്രേതാവതാരം, ഘനരവസഹിതം
ഗര്‍ജ്ജനം ചെയ്തരങ്ങിന്‍
പിന്നില്‍പ്പഞ്ചേന്ദ്രിയങ്ങള്‍ക്കണിയറ പണിയും
കാലഗേഹേ മറഞ്ഞു;
വന്നൂ, മാര്‍ത്താണ്ഡയാമം, തിരയുടെ മുകളില്‍
പ്പൊങ്ങി പൊന്നിന്‍ കിരീടം;
മുന്നില്‍ ബ്രഹ്മാണ്ഡരംഗേ ജനിതകനടനം,
ജീവചൈതന്യപൂര്‍ണ്ണം.
===============================
പിറക്കാത്ത മകന്
..................................
ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.
പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?
അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ
ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ് മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.
മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.
ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്, കാലത്രയങ്ങള്‍ക്കതീതനായ്.
======================================
സ്‌നാനം
..................
ഷവര്‍ തുറക്കുമ്പോള്‍
ഷവറിനു താഴെ
പിറന്നരൂപത്തില്‍
നനഞ്ഞൊലിക്കുമ്പോള്‍.
തലേന്നു രാത്രിയില്‍
കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും
ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം
നനഞ്ഞിറങ്ങുമ്പോള്‍.
ഷവറിനു താഴെ
പിറന്ന രൂപത്തില്‍
ജലത്തിലാദ്യമായ്
കുരുത്ത ജീവന്റെ
തുടര്‍ച്ചയായി ഞാന്‍
പിറന്ന രൂപത്തില്‍.
ഇതേ ജലം തനോ
ഗഗനം ഭേദിച്ചു
ശിവന്റെ മൂര്‍ദ്ധാവില്‍
പതിച്ച ഗംഗയും?
ഇതേ ജലം തനോ
വിശുദ്ധ യോഹന്നാന്‍
ഒരിക്കല്‍ യേശുവില്‍
തളിച്ച തീര്‍ത്ഥവും?
ഇതേ ജലം തനോ
നബി തിരുമേനി
മരുഭൂമില്‍ പെയ്ത
വചനധാരയും?
ഷവര്‍ തുറക്കുമ്പോള്‍
ജലത്തിന്‍ ഖഡ്‌ഗമെന്‍
തല പിളര്‍ക്കുമ്പോള്‍
ഷവര്‍ തുറക്കുമ്പോള്‍
മനുഷ്യ രക്തമോ
തിളച്ച കണ്ണീരോ
കുതിച്ചു ചാടുമ്പോള്‍
മരിക്കണേ, വേഗം
മരിക്കണേയെന്നു
മനുഷ്യരൊക്കെയും
വിളിച്ചു കേഴുമ്പോള്‍
എനിക്കു തോന്നുന്നു
മരിച്ചാലും നമ്മള്‍
മരിക്കാറില്ലെന്ന്.
ജലം നീരാവിയായ്-
പ്പറന്നു പോകിലും
പെരുമഴയായി-
ത്തിരിച്ചെത്തും പോലെ
മരിച്ചാലും നമ്മള്‍
മനുഷ്യരായ് ത്തന്നെ
പിറക്കാറുണ്ടെന്ന്.
ഷവറിനു താഴെ
നനഞ്ഞൊലിച്ചു നാം
പിറന്നു നില്‍ക്കുമ്പോള്‍.
====================================
ഓര്‍മ്മകളുടെ ഓണം
.........................................
ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍
വായ മുലയില്‍ നിന്നെന്നേക്കുമായ് ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,
പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,
മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,
പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-
ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,
തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍
എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,
ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,
ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,
ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,
ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ
നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,
പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്‍നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കു തന്‍ നടയില്‍ നിന്നു
വിങ്ങിക്കരഞ്ഞുകൊ 'ണ്ടെന്നെ രക്ഷിക്കണേ'
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,
എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍.
=======================================
കാത്തുനിൽപ്പ്
...............................................................
വചനമേ,നീയെന്റെ ജീവിതത്തിൻ
പുലർ കാലനക്ഷത്രമായുദിച്ചു
ഇരുളാണ്ട സത്തയിലുള്ളതെല്ലാം
വെളിവാക്കിയന്ന പ്രകാശഭിക്ഷ
സകലേന്ദ്രിയങ്ങളും സംഭരിച്ച
വിഘടിത ധാരണാബിന്ദുജാലം
സ്ഥിരബോധതന്തുവിൽ കോർത്തിണക്കി
വിരചിച്ചു നീയെന്റെ ചിത്തശിൽപ്പം.
ലവണലേശം തൊട്ടു സാഗരത്തിൻ
ഗഗനാന്ത വിസ്ത്രുതിയോളമല്ല
ഒരു മണൽത്തരിതൊട്ടു താരകോടി
തിരിയും മഹാപഥത്തോളമല്ല
ചിറകായി നീയെങ്കിലിന്നു താണ്ടാം
ഒരു മനസ്സെത്രയോ ദീപ്തിവർഷം!
അതിമോഹമില്ലെനിക്കിത്രവേഗം
അകലങ്ങളൊക്കെയും കീഴടക്കാൻ.
അപരാധമൊന്നുമേ ചെയ്തിടാതെ
വെടിയേറ്റുവീണൊരീ ബാലകന്റെ
അടയാത്ത കണ്ണിനൊരുത്തരം നീ
തരുമെങ്കിലെന്നു ഞാൻ കാത്തു നിൽപ്പൂ.
========================================
ആനന്ദധാര
.......................
ചൂടാതെ പോയ് നീ, നിനക്കായ് ഞാന്‍ ചോര-
ചാറിചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍
കാണാതെ പോയ് നീ, നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍
ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍
ഇന്നും നിനക്കായ്ത്തുടിക്കുമെന്‍ തന്ത്രികള്‍
അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാമോര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല-
സന്ധ്യയാണിന്നുമെനിക്കു നീയോമനേ.
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ...
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ,
നിന്നസാന്നിദ്ധ്യം പകരുന്ന വേദന..
=============================
എവിടെ ജോണ്‍ ?
................................
1
തരിക നീ
പീതസായന്തനത്തിന്റെ നഗരമേ
നിന്റെ വൈദ്യുതാലിംഗനം.
കൊടികളൊന്നുമില്ലാതെ, കോശങ്ങളില്‍ -
ത്തുരിശുമീര്‍ച്ചപ്പൊടിയും നിറച്ചു, നിന്‍
തുറമുഖത്തിലണയുകയാണെന്റെ
കുപിത യൗവനത്തിന്‍ ലോഹനൗകകള്‍
അരുത്
നീ വീണ്ടുമെന്നില്‍ വിളിച്ചുണര്‍ത്തരുത്
നിന്റെ നിയോണ്‍ വസന്തത്തിന്റെ
ചുന കുടിച്ചെന്റെ ധൂര്‍ത്തകൗമാരവും
ജലഗിഥാറിന്‍റെ ലൈലാകഗാനവും
പ്രണയനൃത്തം ചവുട്ടിയ പാതിരാ-
ത്തെരുവുകള്‍ .
ഇന്നു ദുഃഖദീര്‍ഘങ്ങള്‍
വിഹ്വലസമുദ്രസഞ്ചാരങ്ങള്‍ തീര്‍ന്നു
ഞാനൊരുവനെത്തേടി വന്നു.
വേദങ്ങളിലവനു ജോണെന്നു പേര്‍ .
മേല്‍വിലാസവും നിഴലുമില്ലാത്തവന്‍ .
വിശക്കാത്തവന്‍ .
2
പകലോടുങ്ങുന്നുന്നു
സോഡിയം രാത്രിയില്‍ -
പ്പകരുകയാം നഗരാര്‍ത്ഥജാഗരം
തെരുവ്
രൂപങ്ങള്‍തന്‍ നദി.
വിച്ഛിന്നഘടനകള്‍ തന്‍ ഖരപ്രവാഹം
പരിക്ഷുഭിത ജീവല്‍ഗതാഗതധാരയില്‍
തിരകയാണെന്റെ പിച്ചളക്കണ്ണുകള്‍
ശിഥിലജീവിതത്തിന്‍ ഭ്രാന്തരൂപകം.
കരിപിടിച്ച ജനിതകഗോവണി-
പ്പടി കയറുന്നു രാസസന്ദേശങ്ങള്‍ .
3
ഇരുപതാം നമ്പര്‍ വീട്.
അതെ മുറി.
ഒരു മെഴുതിരി മാത്രമെരിയുന്നു.
നയനരശ്മിയാല്‍പ്പണ്ടെന്‍ ഗ്രഹങ്ങളെ-
ഭ്രമണമാര്‍ഗ്ഗത്തില്‍ നിന്നും തെറിപ്പിച്ച
മറിയ നീറിക്കിടക്കുന്നു തൃഷ്ണതന്‍
ശമനമില്ലാത്തൊരംഗാരശയ്യയില്‍
"എവിടെ ജോണ്‍..?"
സ്വരം താഴ്ത്തി ഞാന്‍ ചോദിച്ചു.
"അവനു ഞാനല്ല കാവലാള്‍ .പോവുക."
4
പരിചിതമായ ചാരായശാലയില്‍
നരകതീര്‍ത്ഥം പകര്‍ന്നുകൊടുക്കുന്ന
പരിഷയോട് ഞാന്‍ ചോദിച്ചു :
"ഇന്ന് ജോണിവിടെ വന്നുവോ..?"
പൊട്ടിച്ചിരിച്ചുകൊണ്ടൊരു പരിചയം
ഗ്ലാസു നീട്ടുന്നു:
"താനെവിടെയായിരുന്നിത്രനാളും കവേ?
ഇതു ചെകുത്താന്റെ രക്തം. കുടിക്കുക."
"ഇവിടെയുണ്ടായിരുന്നു ജോണ്‍ . എപ്പോഴോ
ഒരു ബൊഹീമിയന്‍ ഗാനം പകുതിയില്‍ -
പ്പതറി നിര്‍ത്തി, അവനിറങ്ങിപ്പോയി."
"അവനു കാവലാളാര് ?
ഈ ഞങ്ങളോ? "
ജലരഹിതമാം ചാരായം
ഓര്‍ക്കാതെയൊരു കവിള്‍ മോന്തി
അന്നനാളത്തിലൂ
ടെരിപൊരിക്കൊണ്ടിറങ്ങുന്നു മെര്‍ക്കുറി.
5
പഴയ ലോഡ്ജില്‍
കൊതുകുവലയ്ക്കുള്ളില്‍
ഒരു സുഹൃത്തുറങ്ങിക്കിടക്കുന്നു.
ഞാനവിടെ മുട്ടുന്നു:
"ജോണിനെക്കണ്ടുവോ..?"
"പഴയ ജീവിതം പാടെ വെറുത്തു ഞാന്‍
ഇനിയുമെന്നെത്തുലയ്ക്കാന്‍ വരുന്നുവോ?
പ്രതിഭകള്‍ക്കു പ്രവേശനമില്ലെന്റെ മുറിയില്‍ .
ഒട്ടും സഹിക്കുവാന്‍ വയ്യെനിക്കവരുടെ
സര്‍പ്പസാന്നിദ്ധ്യം.
എന്റെയിപ്പടി കയറുവാന്‍ പാടില്ല
മേലില്‍ നീ.
അറിക, ജോണിന്റെ കാവലാളല്ല ഞാന്‍."
പടിയിറങ്ങുന്നു ഞാന്‍ . കശേരുക്കളില്‍ -
പ്പുകയുകയാണു ചുണ്ണാമ്പുപൂവുകള്‍ .
6
വിജനമാകുന്നു പാതിരാപ്പാതകള്‍ .
ഒരു തണുത്ത കാറ്റൂതുന്നു
ദാരുണസ്മരണപോല്‍
ദൂരദേവാലയങ്ങളില്‍
മണി മുഴങ്ങുന്നു.
എന്നോട് പെട്ടന്നൊ-
രിടിമുഴക്കം വിളിച്ചു ചോദിക്കുന്നു:
"എവിടെ ജോണ്‍ ?"
ആര്‍ത്തുപൊങ്ങുന്നിതാ
വെറും പൊടിയില്‍ നിന്നും
മനുഷ്യരക്തത്തിന്റെ നിലവിളി
മുട്ടുക്കുത്തിവീഴുമ്പോഴെന്‍
കുരലു ചീന്തിത്തെറിക്കുന്നു വാക്കുകള്‍ :
"അവനെ ഞാനറിയുന്നില്ല ദൈവമേ.
അവനു കാവലാള്‍ ഞാനല്ല ദൈവമേ." ***
7
ഇവിടെ
ഈ സെമിത്തേരിയില്‍
കോണ്‍ക്രീറ്റു കുരിശുരാത്രിതന്‍ മൂര്‍ദ്ധാവില്‍
ഇംഗാല മലിനമാം മഞ്ഞു പെയത്പെയ്ത്
ആത്മാവു കിടുകിടയ്ക്കുന്നു.
മാംസം മരയ്ക്കുന്നു.
എവിടെ ജോണ്‍ ,
ഗന്ധാകാമ്ലം നിറച്ച നിന്‍
ഹൃദയഭാജനം?
ശൂന്യമീക്കല്ലറയ്ക്കരികില്‍
ആഗ്നേയ സൗഹൃദത്തിന്‍
ധൂമവസനമൂരിയെറിഞ്ഞ
ദിഗംബരജ്വലനം?
(1988)
=======================================
(*** കയേന്‍ ദൈവത്തോടു പറഞ്ഞ മറുപടി)
പതാക. കവിത എവിടെ
മറുപടിഇല്ലാതാക്കൂ