ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

അനിൽ പനച്ചൂരാൻ കവിതകൾ

അനാഥന്‍
==============

ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരുകുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു
ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരുകുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു
തെരുവിന്‍റെ കോണിലാ പീടികത്തിണ്ണയില്‍
ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
ളിടനെഞ്ചറിയാതെ തേങ്ങി...
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
ളിടനെഞ്ചറിയാതെ തേങ്ങി...
നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും
നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും
അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
അമ്മയുടെ നോവാറായില്ല -
ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി
അമ്മയുടെ നോവാറായില്ല -
ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി
ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍‌നിലാവില്ല
ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍‌നിലാവില്ല
ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
തെറിവാക്ക് പറയുന്ന ഭ്രാന്തി
ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
തെറിവാക്ക് പറയുന്ന ഭ്രാന്തി
രാത്രിയുടെ ലാളനയ്ക്കായ്തുണതേടി-
ആരൊക്കെയോ വന്നു പോയി
രാത്രിയുടെ ലാളനയ്ക്കായ്തുണതേടി-
ആരൊക്കെയോ വന്നു പോയി
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം
ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ
ഉദരത്തിലെ രാസമാറ്റം
ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ
ഉദരത്തിലെ രാസമാറ്റം
ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
ഭരണത്തിലല്ലയോ നോട്ടം
ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
ഭരണത്തിലല്ലയോ നോട്ടം
ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു
ഉടുതുണിയ്ക്കില്ലാത്ത മറുതുണികൊണ്ടവള്‍
ഗര്‍ഭം പുതച്ചു നടന്നു
അവളറിയാതവള്‍ യജ്ഞത്തിലെ
പാപഭുക്കായി ദുഷ്‌കീര്‍ത്തി നേടി
ഈ തെരുവിലവളെ കല്ലെറിഞ്ഞു
ഈ തെരുവിലവളെ കല്ലെറിഞ്ഞു
കിരാതരാം പകല്‍മാന്യമാര്‍ജ്ജാരവര്‍ഗ്ഗം
ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
പോയവള്‍ തെറിവാക്ക് പറയുന്ന ഭ്രാന്തി..
ഒരു ജഡവും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
കണ്ടവര്‍ കണ്ടില്ലയെന്നുനടിപ്പവര്‍
നിന്ദിച്ചുകൊണ്ടേ അകന്നു
ഒരു ജഡവും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
കണ്ടവര്‍ കണ്ടില്ലയെന്നുനടിപ്പവര്‍
നിന്ദിച്ചുകൊണ്ടേ അകന്നു
ഞാനിനി എന്തെന്നറിയാതെ നില്‍ക്കവെ
എന്‍ കണ്ണിലൊരു തുള്ളി ബാഷ്പം
ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ
ഈ കവിതയും ദുഃഖവും മാത്രം
ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ
ഈ കവിതയും ദുഃഖവും മാത്രം.


-------------------------------------------------------------------------------

പൂക്കാത്ത മുല്ലയ്ക്ക്
----------------------------------------
പൂക്കാത്ത മുല്ലയ്ക്ക് പൂവിടാന്‍ കാത്തെന്റെ
പൂക്കാലമെല്ലാം പൊഴിഞ്ഞുപോയി
പൂവിളി കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നെന്റെ
പൂവാങ്കുരുന്നില വാടിപ്പോയി

പാമരം പൊട്ടിയ വഞ്ചിയില്‍ ആശകള്‍
എങ്ങോട്ടെന്നില്ലാതെ യാത്രപോകെ
പേക്കാറ്റു വീശുമ്പോള്‍ തുന്ജത്തിരിക്കുവാന്‍
ആരോരും ഇല്ലാത്തോരേകാകി ഞാന്‍

ചിറകിന്റെ തുമ്പിലോളിപ്പിച്ച കുളിരുമായ്‌
എടനെഞ്ഞില്‍ പാടിയ പെണ്‍കിളികള്‍
ഇണകളെ തേടി പറന്നുപോകും
വാന ഗണികാലയങ്ങളില്‍ കൂടുതേടി

എങ്ങുനിന്നോ വന്ന ചിങ്ങമാസത്തിലെന്‍
ഓണപ്പുടവയ്ക്ക് തീ പിടിച്ചു
വാടക വീടിന്റെ വാതില് വിറ്റു ഞാന്‍
വാടകയെല്ലാം കൊടുത്തുതീര്‍ത്തു

വേവാ പഴംതുണി കെട്ടിലെ ഓര്‍മതന്‍
താഴും താക്കോലും തിരിച്ചെടുത്തു
പുളികുടി കല്യാണനാള് പുലര്‍ന്നപ്പോ
കടിഞ്ഞൂല്‍ കിനാവില്‍ ഉറുംബ്‌ എരിച്ചു

മുറ്റത്തു ഞാന്‍ നട്ട കാഞ്ഞിരക്കൊമ്പത്ത്‌
കാക്കകള്‍ കുയിലിനു ശ്രാദ്ധമൂട്ടി
ചിത്രകൂടങ്ങള്‍ ഉടഞ്ഞു മഴ ചാറി
മീനാരമൊക്കെ തകര്‍ന്നു

വേദനയാണെനിക്കിഷ്ട്ടം
പതിവായി കരയാതിരിക്കുന്ന കഷ്ടം
നോവിന്റെ വീഥിയില്‍ ഏകനായ്‌ പോകുവാന്‍
നോയംബെടുത്തു സഹര്‍ഷം..
---------------------------------------------------------------

പാര്‍വ്വതി
==================
ഒരു പകുതിയില്‍ തൂവെളിച്ചം..
മറുപകുതിയില്‍ തീര്‍ത്ഥവര്‍ഷം..
നീ വരണമാല്യം തന്നതെന്നാത്മ ഹര്‍ഷം..
അറുതി വന്നിതെന്‍ സങ്കട സഹസ്രം..

പാര്‍വതി.. നീ പിറന്നതെന്‍ പ്രാണനില്‍
പ്രണയ സങ്കീര്‍ത്തനം പാടിയാടുവാന്‍..

പൂങ്കിനാവിന്റെ പൂ നുള്ളി നുള്ളി നീ..
താര നിശയിലൂടൂറും നിലാവിന്റെ
നീല നൂലില്‍ കൊരുത്തും..
എന്‍റെ നേര്‍ പകുതി പകുത്തും..
ഇടാന്‍ നെഞ്ചിലെ കടും തുടിയില്‍
താള പ്രപഞ്ചം പടച്ചും..
എന്‍റെ താപസ വേനലില്‍ ഹിമ ബിന്ദു
വര്‍ഷിച്ചു.. ഉഷാരാര്‍ദ്ര നന്ദിനി..

ഒരു മുലയില്‍ മധുര സംഗീതം...
ഇണ മുലയില്‍ അമൃതം ചുരത്തുന്ന കാവ്യം..
നീ ചിരി തൂകി നില്‍ക്കുന്ന ഹൃദയം പവിത്രം..
അവനറിവ് സൃഷ്ടി സ്ഥിതി ലയ ചരിത്രം..

പാര്‍വതി.. നീ നിറഞ്ഞെന്റെ പാനയില്‍..
സോമയായ്‌.. സുരരാഗ സമൃദ്ധിയായ്..
രാജാസാരതി ക്രീഡാനുഭൂതി തന്‍
രത്ന സിംഹാസനത്തിലെ രാജ്ഞിയായ്..
മൂല പ്രകൃതിയായ്‌.. എന്‍ ലിംഗ സ്പന്ദങ്ങള്‍
മൂലോകമാക്കുന്ന ദിവ്യ പ്രതിഭയായ്‌..
ഈ നാടകത്തിലെ നായികാ താരമായ്‌..
എന്‍ കാമനയിലെ സൌന്ദര്യ ലഹരിയായ്‌..
വന്നണഞ്ഞു നീ ഹിമശൈല നന്ദിനി..

ഓര്‍മ്മകളുറഞ്ഞു തുള്ളുന്നു..
ഒരു യാഗശാലയെരിയുന്നു..
അത്മാവിലഗ്നി വര്‍ഷിച്ചു പണ്ട്
നീ ദക്ഷന്റെ മകളായിരുന്നു..

പാര്‍വതീ...നീ മറഞ്ഞതെന്‍ ജീവനെ..
അഗ്നി അഞ്ചിലും ഇട്ടു പൊള്ളിക്കുവാന്‍..
പൊന്‍ തിടംബായ്‌ എഴുന്നള്ളി വന്നു നീ..
പോര്‍വിളിയ്ക്കുന്നോരാസുര ദുര്‍ഗ്ഗങ്ങള്‍
തച്ചുടയ്ക്കും ചിലംബൊലി നാദമായ്‌..
ആ മന്ത്രണത്തിലലിയുന്ന ഹൃദയമായ്‌..
ആരുമില്ലാത്തവര്‍ക്കമ്മയായ് ഉമ്മയായ്‌..
എന്‍റെ ജീവിതം പങ്കിടാന്‍ വന്നിടും
പൂങ്കനിവിന്റെ പാല്‍ക്കിണ്ണമാണ് നീ..

നീലജാലകത്തിന്റെ കമ്പളം നീക്കി..
വെണ്‍മുകിലിന്റെ കൂനകള്‍ പോക്കി..
എത്തി നോക്കുന്നു നീ ഉഷ സന്ധ്യയായ്..
സത്വചിത്താനന്ദ സര്‍വാദി സാരമായ്‌..

പാര്‍വതീ നീ പുകഞ്ഞെന്റെ മേനിയില്‍
അഷ്ടഗന്ധ സുഗന്ധം പരത്തുന്നു..
പത്തു ദിക്കും നിറഞ്ഞു കുമിഞ്ഞിടും
പദ്മനാഭപുരം കത്തുമാ വിഷം
ലോക രക്ഷാര്‍ത്ഥം ആഹരിചീടവേ..
എന്‍ കഴുത്തില്‍ പിടിച്ചു മുറുക്കി നീ..
നീലവാനൊളിയെകുന്നു ജീവന്റെ തീ
തിരിച്ചെകി യൌവനം നല്‍കുന്നു..

പാര്‍വതീ.. നീ കിനിഞ്ഞെന്‍ കുടന്നയില്‍..
ഗംഗയായ്.. ഭൂത ശീതള സ്പര്‍ശമായ്‌..
കാമനെ ചുട്ട കണ്ണ് നിന്‍ കണ്ണേറി
കൊണ്ട് മഞ്ഞിന്റെ താഴ്വരയാകുന്നു..
താമര തണ്ട് കണ്ടു ഞാന്‍ എന്നിലെ
ഹംസ മാര്‍ഗം തുറന്നു നീ തന്നുവോ..
കേസരത്തില്‍ ചവുട്ടി ചവുട്ടി ഞാന്‍
നിന്‍ വരാടകം ചുറ്റി നടക്കട്ടെ..
നിന്റെ ചിന്താമണി ഗ്രഹ വാതിലില്‍ എന്‍റെ
കാതല്‍ അലിഞ്ഞു ചേരുന്നിതാ..

നിന്‍റെ ദേഹം പ്രദക്ഷിണം ചെയ്തു ഞാന്‍
നിന്‍റെ മദ്ധ്യത്തമരട്ടെ..
താന്ത്രിക ചിത്രമായ്‌ അഞ്ചു വര്‍ണ്ണം ചുരത്തട്ടെ..
പിന്നെ നിന്‍റെ മന്ത്രമായ് മൌനം ഭുജിക്കട്ടെ..

പാര്‍വതീ.. ഞാന്‍ മറഞ്ഞു നിന്‍ മാദകത്താലിയില്‍..
നാദബിന്ദുവായ്‌ ആദി പരാഗമായ്..
പങ്കു ചേരുന്നു ഞാന്‍ നിന്‍ പകുതിയായ്..
ലോകമന്ഗുരുപ്പിക്കാനടക്കുവാന്‍..
ആദ്യ രാഗം തുളുമ്പി തുളുംബിയെന്‍..
ജീവ താളത്തിനുന്മാദമെകുന്നു..
നാഗമായ് ഞാന്‍ ഇഴഞ്ഞു കേറുന്നു നിന്‍
താരുടലില്‍ ഉഷാരര്‍ദ്ര നന്ദിനി..

ഒരു പകുതിയില്‍ തൂവെളിച്ചം..
മറുപകുതിയില്‍ തീര്‍ത്ഥവര്‍ഷം..
നീ വരണമാല്യം തന്നതെന്നാത്മ ഹര്‍ഷം..
അറുതി വന്നിതെന്‍ സങ്കട സഹസ്രം..

---------------------------------------------------------------------------

രക്തസാക്ഷികള്‍
--------------------------------

ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം
ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ
ലാൽ സലാം ഉം...ഉം..ലാൽ സലാം

മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേർച്ചയുള്ള മാനസങൾ തന്നെയാണതോർക്കണം
ഓർമകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്

നട്ടു കണ്ണു നട്ടു നാം വളർത്തിയ വിളകളെ
കൊന്നു കൊയ്തു കൊണ്ടു പോയ ജന്മികൾ ചരിത്രമായ്
സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷർ
പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം

സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകൾ
ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ
രക്ത സാക്ഷികൾക്കു ജന്മമേകിയ മനസ്സുകൾ
കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായ് തകർന്നുവോ

ലാൽ സലാം ലാൽ സലാം

പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ
വഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ
നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ
വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാൾ വഴിയിലെന്നും അമര ഗാഥകൾ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ

സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമേ
--------------------------------------------------------------------------------

പ്രവാസിയുടെ പാട്ട്
=========================
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
എന്റെ ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
വെറുതെ ഞാനും കൊതിക്കാറുണ്ടെന്നും

വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു
എന്റെ ബാല്യം ഞാനറിയാതെ പോന്നു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു
എന്റെ ഗ്രാമം ഒരാല്‍ തണലിന്നും

പ്രേയസിയാക്കുവാന്‍ പ്രണയിച്ച പെണ്ണീന്റെ പൂമുഖം ഹൃദയത്തില്‍ കണ്ടു
ഒരു കൂരമ്പ് ഹൃദയത്തില്‍ കൊണ്ടു
വിരഹത്തിന്‍ വേപകു ഇറ്റിച്ച കണ്ണീര് കുതിരുന്ന കൂടാരം കണ്ടു
രാധ തേടുന്ന കണ്ണന്‍ ഞാനിന്നും

കിളിമര ചില്ലയില്‍ കുയിലിന്റെ നാദത്തില്‍ മുരളികയായെന്റെ ജന്മം
മനമുരുകി പാടുന്ന മുഗ്ദമാം സംഗീതശ്രുതിയായിട്ടൊഴുകും ഞാനെന്നും
ഇടകണ്ണു കടയുമ്പോള്‍ ഇരുളിഴ പാകുമ്പോള്‍ പൊരുളിനെ തേടാറുണ്ടെന്നും
അമ്മ പൊരുളാണെന്നറിയാറുണ്ടെന്നും


ഒടുവില്‍ ഞാനെത്തുമ്പോള്‍ പൊലിയുന്ന ദീപമായ് എന്നെ ഞാന്‍ നിന്നില്‍ കാണുന്നു
ഇനിയെന്നും ജീവിയ്ക്കുമീ മോഹം
നഗ്നമാം മോതിര വിരലുകാണുമ്പോഴെന്‍ ഓര്‍മ്മകളെത്താറുണ്ടിന്നും
സപ്ത സ്മൃതികളണെല്ലാമതെന്നും


തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ തുടികൊട്ടും പാട്ടായി ഞാനും
ഗ്രാമം കരയും ഞാന്‍ തിരയുമാകുന്നു
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
എന്റെ ഗ്രാമം കൊതിയ്ക്കാറുണ്ടിന്നും
എന്റെ ഗ്രാമം കൊതിയ്ക്കാറുണ്ടിന്നും
എന്റെ ഗ്രാമം കൊതിയ്ക്കാറുണ്ടിന്നും
-----------------------------------------------------------------------------


:കൂടുതൽ കവിതകൾ വായിക്കുന്നതിനായി... 

http://indianpoems.weebly.com/anil-panachooran.html

1 അഭിപ്രായം:

Gibin Mathew Chemmannar | Create Your Badge