ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

അയ്യപ്പപണിക്കരുടെ കവിതകൾ

                                                                  ജീവിത വഴി 
                                    =====================================
ഡോ. കെ. അയ്യപ്പപ്പണിക്കർ ( സെപ്റ്റംബർ 12, 1930 - ഓഗസ്റ്റ്‌ 23, 2006) മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു. ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. പ്രഗല്ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും
സാന്നിധ്യമറിയിച്ചിരുന്നു. മലയാള കവിതയെ ആധുനികതയിലേക്കും ഉത്തരാധുനിക കവിതയിലേക്കും കൈപിടിച്ചു നടത്തിയത് അയ്യപ്പപ്പണിക്കരാണെന്നു പറയാം. 1960-ൽ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് മലയാള ആധുനിക കവിതയുടെ ആധാരശില.
                                                          കവിതകൾ 


"കാമുകന്മാരും കവികളും നിദ്രയായ് 

ശ്യാമവനാന്തരം നിശ്ശബ്ദഗീതമായ്

എന്നുള്ളലിഞ്ഞു , പുറത്തേക്കൊഴുകിയെന്‍
കണ്ണുകള്‍ നീറിയുഴഞ്ഞു , വന്നില്ല നീ 
കൂരിരുട്ടെത്തി , നീ വന്നില്ല. പൂമര -
പ്പൊത്തിലീ രാവുമുറങ്ങി , വന്നില്ല നീ 

====================================


 ഗോപികാദണ്ഡകം

..............................................

അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീ
വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍
മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാന്‍
ഗോപികേ നിന്റെയീ ചിരകാല വിരഹത്തില്‍
ഒരുനാളിലുറയുന്ന കനിവായ് കാവ്യമായ്
അറിയുന്നു ഗോപികേ നിന്നെ ഞാന്‍
അറിയുന്നു ഗോപികേ..

നിന്നെ ഞാന്‍ തിരയുന്നു തിരകോതി നിറയുന്ന
കാളിന്ദിയുണരുന്ന പുതുമോഹ യാമങ്ങളില്‍
ഗോക്കളലയുന്ന വൃന്ദാവനത്തിന്റെ വൃക്ഷതണല്‍പറ്റി
യെന്തോ കളഞ്ഞത് തേടുന്ന കാറ്റായ്
കാറ്റിലെ നവപുഷ്പ രാഗാര്‍ദ്ര സുസ്മേരമായെന്റെ
ഗതകാല വിസ്മൃതി തിരമാലചാര്‍ത്തുന്നൊര-
ഴലായഴല്‍ ചേര്‍ന്നൊരാഴകായി നിന്നെ ഞാന്‍
അറിയുന്നു ഗോപികേ..
അറിയുന്നു ഗോപികേ..

വിജനത്തിലേകാന്ത ഭവനത്തിലൊറ്റയ്ക്ക്
തഴുതിട്ട കതകിന്റെ പിറകില്‍ തളര്‍ന്നിരു
ന്നിടറുന്ന മിഴികളാല്‍ സ്വന്തം മനസ്സിനെ
മുകരുന്ന ഗോപികേ..
വിരലാല്‍ മനസ്സിന്റെ ഇതളുകള്‍ തടവുമ്പോള്‍
ഇടനെഞ്ചിലിടിവെട്ടും ഏകാന്ത ശോകത്തിന്‍
ഇടയുന്ന കണ്‍പോള നനയുന്ന ഗോപികേ
ഇടയുന്ന കണ്‍പോള നനയുന്ന ഗോപികേ

ഇടയനെ കാണുവാന്‍ ഓടിക്കിതയ്ക്കാതെ
ഓടക്കുഴല്‍ വിളി കാതോര്‍ത്തു നില്‍ക്കാതെ
എവിടെയാണവിടെ നീ ഇവനെ സ്മരിച്ചു-
കൊണ്ടഴലും പരാതിയും കൈമലര്‍ക്കുമ്പിളില്‍
തൂവാതെ നിര്‍ത്തി നുകരുന്ന ഗോപികേ

തഴുതിട്ട വാതില്‍ തുറന്നാലുമോമല്‍
തളരാതെ കൈയ്യെത്തി നീട്ടിപിടിയ്ക്കൂ
തഴുകൂ തടം തല്ലിയാര്‍ക്കുന്ന യമുനതന്‍
തിരമാല പുല്‍കുന്ന തീരമാമിവനെ നീ തഴുകൂ
തഴുകൂ തണുപ്പിന്റെ ചൂടും ചൂടിന്‍ തണുപ്പും
പകരുന്ന ഹേമന്തമായി പടരൂ
പടരൂ തീനാളമായി പിടയൂ
പിടയുന്ന ചോരക്കുഴലൊത്തൊരോടക്കുഴലായ്
വന്നെന്റെ ചുണ്ടില്‍ തുടിയ്ക്കൂ..
തൊടുക്കൂ തുടം ചേര്‍ന്നൊരോമല്‍ പശുവിന്റെ
മുലപോലെ മാര്‍ദ്ധവം വിങ്ങി ചുരത്തൂ
മധുമാസ വധുവിന്റെ സമ്മാനമാകുമീ
വനമാല പങ്കിട്ടെടുക്കൂ
ചിരിയ്ക്കൂ.. ചിരിയ്ക്കൂ മൃദുവായി മിഴിനീരില്‍
ഉലയുന്ന മഴവില്ലുപോല്‍ പുഞ്ചിരിയ്ക്കൂ..

തളകെട്ടി വളയിട്ടു താളം ചവിട്ടി
തളിരൊത്ത പാവാട വട്ടം ചുഴറ്റി
പദപാദ മേളം മയക്കും നികുഞ്ജങ്ങള്‍
അവിടത്ര ഗോപിമാര്‍ അവിടെ നീ പോകേണ്ട
അവിടെ നീ പോകേണ്ടതവരുടെ മാര്‍ഗ്ഗമെന്നറിയൂ
നിനക്കു നിന്‍ മാര്‍ഗ്ഗം വിഭിന്നമാണതുഞാനെന്നറിഞ്ഞെന്നറിയൂ

ഗോപികേ വീണ്ടുമിന്നറിയുന്നു ഞാന്‍
ഗോപികേ വീണ്ടുമിന്നറിയുന്നു ഞാന്‍
നിന്റെ പരിദേവനം നിറയാതെ നിറയുന്ന
കാടുമമ്പാടിയും ജലമെങ്ങുതിരയുന്ന പുല്ലും
പുല്ലെങ്ങു തിരയുന്ന പശുവും
പശുവെങ്ങ് തിരയുന്നൊരിടയക്കിടാങ്ങളും
വനരാജി പതയുന്ന നറുവെണ്‍നിലാവും
രസരാസ കേളിയും മഴവന്ന കാലത്ത്
മലയേന്തി നില്‍ക്കുന്ന നിലയും
മദകാളിയന്‍ വിഷം ചീറ്റുന്ന പത്തികളില്‍
അലിവോടെ കേറിയടവറുപത്തിനാലും
കൊരുക്കുന്ന കാലുകളും
ഉടയാട കിട്ടുവാന്‍ കൈകൂപ്പി നില്‍ക്കുന്ന സഖികളും
ശൂന്യമായ് ഒരു തേങ്ങലായ്
നിഴല്‍ വീശും കടമ്പിന്റെ മുരടിച്ച കൊമ്പും
ഇന്നവയോര്‍മ്മമാത്രമെന്നറിയുന്നു ഞാന്‍
ഇനി പിരിയേണ്ട കാലത്തു പിരിയുന്നതും-
വേണ്ടതറിയുന്നു ഗോപികേ...
അറിയുന്നു ഗോപികേ....
=================================================

കാടെവിടെ മക്കളേ
.............................................
കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?
 കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?

പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?

പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത
കായലും തോടുകളുമെവിടെന്‍റെ മക്കളേ?

ചാകരമഹോത്സവപ്പെരുനാളിലലയടി-
ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?

കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്ത
കാറ്റുവീഴാക്കേരതരുവെവിടെ മക്കളേ?

ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊ
രോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ?

ശാസ്ത്രഗതി കൈവിരല്‍ത്തുമ്പാല്‍ നയിക്കുന്ന
തീര്‍ത്ഥാടകര്‍ ചേര്‍ന്ന നാടെവിടെ മക്കളേ?

പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്നൊ-
രൊപ്പനകള്‍ പാടുന്ന നാടെവിടെ മക്കളേ?

മരവും മനുഷ്യരും കിളിയും മൃഗങ്ങളും
ചെടിയും ചെടിക്കാത്ത നാടെവിടെ മക്കളേ?

പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-
പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?

അരുമകളെ, യടിമകളെയാനകളെ, മാനുകളെ
അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?

മലനാടിലൂറുന്ന വയനാടിലുറയുന്ന
ചുടുരക്തകബനി നാടെവിടെന്‍റെ മക്കളേ?

വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത
വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?

ഉച്ചയ്ക്കു കുട്ടികള്‍ ഞെട്ടിത്തളരാത്ത
വിദ്യാലയങ്ങളുടെ നാടെവിടെ മക്കളേ?

കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത
കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?

പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?

യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന
മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,
കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,
കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത
കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,
തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,
കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,
കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,
കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,
കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-
രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-
ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
======================================

നീ തന്നെ ജീവിതം സന്ധ്യേ 
..................................................
നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

നിൻ കണ്ണിൽ നിറയുന്നു നിബിഡാന്ധകാരം
നിൻ ചുണ്ടിലുറയുന്നു ഘനശൈത്യഭാരം
നിന്നിൽ പിറക്കുന്നു രാത്രികൾ
പകലുകൾ നിന്നിൽ മരിക്കുന്നു സന്ധ്യേ

പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും
പതിവായി നീ വന്ന നാളിൽ
പിരിയാതെ ശുഭരാത്രി പറയാതെ
കുന്നിന്റെ ചെരുവിൽ കിടന്നുവോ നമ്മൾ
പുണരാതെ ചുംബനം പകരാതെ
മഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾ

വരുമെന്നു ചൊല്ലി നീ, ഘടികാരസൂചിതൻ
പിടിയിൽ നിൽക്കുന്നില്ല കാലം
പലതുണ്ട് താരങ്ങൾ, അവർ നിന്നെ ലാളിച്ചു
പലതും പറഞ്ഞതിൽ ലഹരിയായ് തീർന്നുവോ
പറയൂ മനോഹരീ സന്ധ്യേ

അറിയുന്നു ഞാനിന്നു
നിന്റെ വിഷമൂർച്ഛയിൽ
പിടയുന്നുവെങ്കിലും സന്ധ്യേ
ചിരി മാഞ്ഞു പോയെരെൻ
ചുണ്ടിന്റെ കോണിലൊരു
പരിഹാസമുദ്ര നീ കാണും
ഒരു ജീവിതത്തിന്റെ
ഒരു സൗഹൃദത്തിന്റെ
മൃതിമുദ്ര നീയതിൽ കാണും

നീ തന്നു ജീവിതം സന്ധ്യേ
നീ തന്നു മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

ഇനിയുള്ള കാലങ്ങളിതിലേ കടക്കുമ്പോൾ
ഇതു കൂടിയൊന്നോർത്തു പോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാൽ
അലറാത്ത കടൽ, മഞ്ഞിലുറയാത്ത മല
കാറ്റിലുലയാത്ത മാമരം കണ്ടാൽ
അവിടെൻ പരാജയം പണി ചെയ്ത സ്മാരകം
നിവരട്ടെ നിൽക്കട്ടെ സന്ധ്യേ

എവിടുന്നു വന്നിത്ര കടകയ്‌പു വായിലെ-
ന്നറിയാതുഴന്നു ഞാൻ നിൽക്കേ
കരി വീണ മനമാകെയെരിയുന്നു പുകയുന്നു
മറയൂ‍ നിശാഗന്ധി സന്ധ്യേ

ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി
പിറകേ വരൊല്ലേ വരൊല്ലേ
അവസാനമവസാന യാത്ര പറഞ്ഞു നീ-
യിനിയും വരൊല്ലേ വരൊല്ലേ

നീ തന്ന ജീവിതം നീ തന്ന മരണവും
നീ കൊണ്ടു പോകുന്നു സന്ധ്യേ
അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ!
==============================

1 അഭിപ്രായം:

Gibin Mathew Chemmannar | Create Your Badge