ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2020, ഫെബ്രു 9

പിരിഞ്ഞു പോകുമ്പോൾ

പിരിഞ്ഞു പോകുമ്പോൾ 

സുഹൈൽ ആറാട്ടുപുഴ 

നീറ്റലൊടുങ്ങാതെ പറിഞ്ഞു പോയ എന്റെ ഹൃദയത്തിന്റെ ചുവന്ന ഭാഷയിൽ ഞാൻ കണ്ടിരുന്നു മുറിഞ്ഞു വീണ നിന്റെ ഇന്നലകളുടെ പടിയിറക്കങ്ങളെ. 
തീരമടുക്കാൻ തിരക്കി വരുന്ന തിരകൾക്കൊപ്പം ഒഴുക്കി വിട്ട നിന്റെ ഓർമകൾ ഇടക്കെന്തിനെന്നോ എന്റെ കണ്ണിലേക്ക് അലച്ചു വരുന്നു. 
ഇരുട്ടിന്റെ വളപ്പിൽ ഞാൻ തളച്ചിട്ട എന്റെ കണ്ണുനീരിപ്പോൾ പകലിന്റെ ചുളിവുകളിലൂടെ എന്നെ ശകാരിക്കുന്നുണ്ട്. 
ഇന്നലെ പെയ്ത മകര മഴയിൽ നാമ്പിട്ട ഇലപ്പടർപ്പുകളിലും ഞാൻ കണ്ടിരുന്നു നീ തനിച്ചാക്കി പോയ വഴി താരകളുടെ നിഴൽ പാടുകളെ.

നീതിദേവത

*നീതിദേവത*
മുഖം നോക്കിടാതെയൊരു  നീതിനടപ്പാക്കുവാൻ കൊട്ടിയടച്ചിടുന്നു നിൻ  കണ്ണുകൾ.. 
തുലാസിന്റെ  ഭാരമറിയാതെ,.. 
താങ്ങുവാനാകിടാതെ.. 
ഒരുതട്ടിലിരയെയുമൊരുതട്ടിൽ  വേട്ടക്കാരനെയും ചുമക്കുന്നു നീയിതെതന്നറിയാതെ.. 
ഇന്നിന്റെ  വേറിട്ട  കളികളാൽ നിൻ  ശിരസ്സു കുനിക്കുന്നു.. 
ഇരുട്ടിൽ  തപ്പിത്തടഞ്ഞീടുന്നു.. 
നീതിയുടെ  തിരശീല വീണതൊരു  കൂരിരുട്ടിലാണെന്നറിയാതെ.. 
കയ്യിലുള്ളായുധം എന്തിനിന്നുനീ  തുരുമ്പിലലിയാൻ വിട്ടു  കൊടുക്കുന്നു.. 
നീതികിട്ടാത്തൊരോരോരുത്തരുടേയും തേങ്ങലുകൾ  നിൻ കൺകെട്ടിലെ തുണിയിലലിഞ്ഞിടാതെ.. 
കെട്ടിയതുണിയൊന്നഴിച്ചു കൺതുറന്നു  കണ്ടിട്ടുപയോഗിക്കു  നിൻ  കയ്യിലുള്ളായുധം.. 
എന്നിട്ടാ കണ്ണിൽ  കത്തുന്ന  തീജ്വാലയിലുറക്കെപ്പറയുവാനാകട്ടെ 
"സത്യം  ജയിക്കട്ടെ" യെന്ന് ... 
  *രഞ്ജിത*✍️

അക്ഷരങ്ങൾ തമ്മിൽ

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പുസ്തകം 97,ലക്കം 7 (2019 മെയ് 5) വന്ന മുനീർ അഗ്രഗാമിയുടെ ണ എന്ന കവിത കണ്ടിട്ട് എഴുതിയത്. 

അക്ഷരങ്ങൾ തമ്മിൽ 



ണ രണ്ടു കാലുള്ള ആനയായ്ക്കോട്ടെ 
തുമ്പിയും കൊമ്പുമായ് 
ചന്തത്തിൽ നിൽക്കട്ടെ 
ഠ എന്ന ഞാൻ മോശമല്ലൊട്ടും 
ചൊല്ലും ഞാനെന്റെ
കേമത്തം ഒന്നൊന്നായ് 
ആദിമദ്ധ്യാന്ത 
രഹിതമായ് വാഴുന്ന 
ആത്മീയ ചൈതന്യം
ആരിലാണ്? 
'ഠ വട്ടം 'എന്നൊരു ചൊല്ലുതന്നെ 
എന്റേതു മാത്രമായ് 
ഉള്ളതല്ലേ? 
പീഠത്തിൽ ഞാൻ ഞെളിഞ്ഞിരുന്നുവല്ലൊ 
പീഠിക ഗ്രന്ഥത്തിൽ 
ആദ്യമല്ലെ?  
മലർന്നും, ചെരിഞ്ഞും
കിടന്നിടാം ഞാൻ 
എൻ സത്ത ഒട്ടുമേ മാറുകില്ല 
വട്ടത്തിൽ ഓടിച്ചാൽ 
നീളത്തിൽ പോകുന്ന 
സൂത്രവും എന്റേതു 
മാത്രമല്ലേ

ഗീത നായർ 
പന്തിയിൽ 
വാരിയം റോഡ് 
എറണാകുളം 
682016

‌വായില്ലാക്കുന്ന്.com

കവിത 
............
‌വായില്ലാക്കുന്ന്.com
By
Sajeev C Warrier

(Address: Bansuri
KSRA P5
Kalady
Karamana
Thiruvananthapuram 2
Ph:9496183910)

മിണ്ടാതിരിപ്പെന്തിതിങ്ങനെ
ചൊല്ലാൻ
ചുണ്ടോളമേറെയുള്ളപ്പോൾ?

വാക്ക് ചോർന്നു പോയ് നാക്കിൽ
ഒരു പൂർത്തിയാകാ ഞരക്കം

ചിതലരിച്ചു പോയ് ഭാവന വിരൽത്തുമ്പിലിടറി നിൽപ്പൂ കവിത.

മുനയൊടിഞ്ഞു പോയ് പെൻസിൻ
വികൃതമായ് പാഴ്ക്കടലാസ്.

പാട്ടടഞ്ഞു പോയ് തൊണ്ടയിൽ ആൾത്തിരക്കിൻ ഉച്ചഭാ ഷിണിച്ചന്തയിൽ.

ഉറച്ചു നിൽപ്പാണ് ബോധ്യം
പക്ഷേ ഇടഞ്ഞു നിൽപ്പാണ് ബോധം.

പതറിയാത്മാഭിമാനം
ചുറ്റും തുടലഴിച്ചോരു പുച്ഛം.

ചിരികളുണ്ടെങ്ങുമെങ്ങും
തരിയുമില്ലിറ്റു സ്നേഹം

പഴുതടഞ്ഞു പോയ് സത്യം
എങ്ങും ഇരുളടഞ്ഞ വ്യാഖ്യാനം

നേരിനാണ് തിരുത്തൽ
മുണ്ടുമാടി നിൽപ്പാണസത്യം

തലതെറിച്ചു പോയ് തന്റേടം
ആകെ വിളറി വീണൂ കബന്ധം

കീറിപ്പറിഞ്ഞാണ്  വാക്യം
മേലാകെയുണ്ട് നഖപ്പാട്

മിണ്ടാനിറങ്ങുന്നതെന്തിന്
ഉമിനീരിൽ
മുങ്ങി മരിക്കുക ഭേദം!

ഒരിക്കൽക്കൂടി

കവിത -
ഒരിക്കൽക്കൂടി

By Sajeev C Warrier
(Address: Bansuri
KSRA P5
Kalady
Karamana
Thiruvananthapuram 2
Ph:9496183910)

ഇനിയൊരു പൂ വിരിയുമ്പോൾ
ഉണരുകയി,ല്ലകമേളം
മീനോടും കണ്ണല്ല
തേനൂറും വാക്കല്ല
ചാട്ടുളിയാം നോക്കല്ല
കാൽവിരലിൻ വരയല്ല
നീൾമിഴിനീർക്കണമല്ല
പുരികക്കൊടി മിഴിവല്ല
പിന്നിയിടും മുടിയല്ല
തീ തിരളും സിരയല്ല
പൂങ്കുയിൽത്തേൻ സ്വരമല്ല
നിറമഴ തൻ കുളിരല്ല
വെൺചന്ദ്രപ്രഭയല്ല
വെന്തുരുകും മനമല്ല

പൂവിൽ തേനുറയുമ്പോൾ
നിലവിട്ടൊരു കൊതിയില്ല
പതിവില്ലാ വിറയില്ല
കരളുരുകും കനവില്ല
ചിന്തയിലൊരു ചിതയില്ല
ഇടവിട്ട കിതപ്പില്ല

പൂവിതൾ ആറാടുമ്പോൾ
ഇടനെഞ്ചു പിടയ്ക്കില്ല
തുടിയുണരും ശ്രുതിയില്ല
തുയിലുണരും നിനവില്ല
നിറമേളത്തിറയില്ല

പൂവിതളെപ്പുൽകുമ്പോൾ
ഇടിമിന്നൽപ്പിണറില്ല
സ്വയമലിവിൻ കടലില്ല
കനലിൻ പൂങ്കാടില്ല

മറവിൽ പോയ് മറയില്ല
മനമുരുകിയ ആദിമരാഗം
അതിലോലം നിറദീപ്തം
പുതു പൂവിൻ പുതയാട്ടം!

ജീവന്റെ കൈപ്പുസ്തകം

കവിത -
ജീവന്റെ കൈപ്പുസ്തകം
By Sajeev C Warrier

(Address: Bansuri
KSRA P5
Kalady
Karamana
Thiruvananthapuram 2
Ph:9496183910)

ദൈവത്തെക്കുറിച്ചൊന്നു മില്ലെനിക്കെഴുതുവാൻ,
നരനെക്കണ്ടും കേട്ടും മതിയായിട്ടില്ലൊട്ടും

മതത്തെക്കുറിച്ചൊന്നുമില്ലിനിക്കുറിക്കുവാൻ
മാനവപ്രേമ ഗാഥയേറെയാണിന്നും ബാക്കി.

അകമേയില്ല, വർണ്ണവെറികൾ, അകത്തുള്ളോ
രലിവി ന്നളവിനോടനുതാപമാണെന്നും.

തെറിക്കില്ലൽപ്പം പോലും പരുത്ത മുറിപ്പത്തൽ
നെറിയിൻ നിറംവറ്റാതുറഞ്ഞുകിടക്കുമ്പോൾ.

വിറയ്ക്കില്ലൊട്ടും കോടത്തണുപ്പിൽ, ഉൾച്ചൂടിന്റെ കനലിൽക്കുരുത്ത തീയുലയായുലയുമ്പോൾ

ചവർപ്പിൻപാവൽ നൊട്ടിനുണയാനില്ല
നാദലഹരിക്കടിപ്പെട്ടൂ ഹൃദയത്തുടിത്താളം

ഇടനെഞ്ചലച്ചാർത്തു കരയില്ലിനി, പ്പാടാൻ നിറയേ ഹർഷോന്മാദ മധുരം ഗാനാലാപം

ഇരുട്ടിന്നിടംപെട്ട മുനമ്പിൽത്തപ്പിത്തടഞ്ഞിടറിത്തേടാനില്ല കുരുതിക്കിനാത്തോട്ടം

മൃതിയോ, മരണാനന്തരമോ നേരോ, പൊയ്യോ
അറിയാക്കഥകളിലഭിവാഞ്ജയില്ലൊട്ടും .

പതിവായതിശയം നിറയും ജീവസ്സുറ്റകഥകൾ നിറഞ്ഞൊരീയുലകം മഹാശ്ചര്യം

അതിന്മേലണു മാത്ര,മറിയാം എങ്കിൽപ്പോലു-
മതിലിന്നറിയുന്നു പരമം സുഖം സുഖം

ഒരു മൈനപ്പേച്ച് ,ഏതോ കുയിലിൻ നാദം, കുഞ്ഞു കുരുവിക്കുസൃതികൾ ശലഭത്തെന്നൽത്താളം

ഒരു പൂച്ചിരി, സൂര്യൻ പ്രണയം ചാറിച്ചാലിച്ചെഴുതിത്താലോലിച്ച നറു നീൾ മഞ്ഞിൻകണം

ഒരു തേന്മഴ, മുറ്റം നിറയെ പുഴച്ചാലായൊഴുകിപ്പരക്കുന്ന മനസ്സിൻ മായാജലം
'
നെറുകിൽത്തൂവിത്തൂവിപ്പടരും വാൽസല്യത്തേനമൃതായലിയുന്ന കാരുണ്യക്കുളിർ മഴ

കുസൃതിത്തരങ്ങളെക്കിഴുക്കും മിന്നൽപ്പിണർ, കുതറിക്കുതിച്ചാർക്കും മലനീർച്ചോരച്ചാട്ടം

നേരിനായ് ആശാദീപം കൊളുത്തും ഓണത്തുമ്പിച്ചിറകിൽ പ്രകമ്പനം കൊള്ളുന്ന സ്വപ്നാവേശം

നിറയെപ്പച്ചപ്പതിൽത്തെഴുക്കും പ്രതീക്ഷയാം പുതുനാമ്പുകൾ, പുത്തനുണർവ്വിന്നിലത്താളം

ഇതളായ് വിരിഞ്ഞുളളം തെളിഞ്ഞു കുളിർ മണം പടർത്തും സൗഹാർദ്ദത്തിൻ പൊഴിയാപ്പനീർ രാഗം

കതിരായ്ക്കതിരവൻ പൊഴിക്കും പുലരിപ്പാൽ മധുരം നുണയുന്ന പ്രപഞ്ച ജീവോന്മാദം

അതിജീവനം ധീരസുദൃഢം അടിഞ്ഞമർന്നതിൽ നിന്നുയിർത്തേൽക്കും ഉയിരിൻ തീപ്പോരാട്ടം

അറിയാനനേകമാണഴലും വേവും സ്നേഹക്കനവും കനംതൂങ്ങും ജീവന്റെ കഥാസാരം

അതിൽ ഞാൻ തേടിത്തേടിത്തുടരും എഴുത്തിന്റെ വഴികൾ, തീരാത്തോരാ വഴികൾ ദൂരം ദൂരം.
Gibin Mathew Chemmannar | Create Your Badge