മാറാ രോഗം😷
...............................
ഒരു നവ പുലരൊളി പിറക്കുവാൻ ഒരുപോലെ
കാലവും ലോകവും അനുദിനം കൈകൂപ്പി
കരുണാമയൻ തൻ്റെ കണ്ണ് തുറന്നൊന്ന്
കാണണം തൻ്റെ ഈ മണ്ണിൽ കൊറോണയെ
കളിയാടും ഓമന കൊച്ചു കിടാവിലും
വിളയാടി മുന്നേറ്റം കുറിച്ചൊരു ദീനം
ഒരു നേരം ഉണ്ണാൻ കൊതിച്ചൊരു ജീവനെ
മുഴു നേരം ഉണ്ണാൻ ജനിച്ചൊരു ദീനം
പൂക്കാലം എത്തുന്നതറിയാൻ കഴിഞ്ഞില്ല
പുളകം പുതയ്ക്കുന്നതറിയാൻ കഴിഞ്ഞില്ല
മൂക്കോളം മൂടുന്ന മുഖംമൂടി ഒന്നുണ്ട്
മുക്കാലും മൂടി നടക്കണമെന്നപോൽ
ഹസ്തവും മുത്തവും അകലം ചമഞ്ഞൂ
പുസ്തകം തുറന്നൊരു കാലം മറന്നു
നാട്ടിൻപുറങ്ങളിൽ ഓമൽ കിടാങ്ങൾ
നാട്ടുമാവിൻ തണൽച്ചില്ല മീതേ കളിക്കയായ്
പൂരത്തിമിർപ്പിൻ്റെ ആരവം കേട്ടില്ല
പൂരപ്പറമ്പിലിന്നാരുമേ വന്നില്ല
തൊട്ടും പിടിച്ചും നടന്നവർക്കൊട്ടും
തൊട്ടിടാൻ, അട്ടപോലോട്ടിടാൻ വയ്യ.
മാംഗല്യ മണ്ഡപം കൊതിക്കുന്ന വേളികൾ
മങ്ങുന്ന ദീപകം പോലെ കഴിഞ്ഞുപോയി
നാളേക്ക് നീട്ടിയതൊക്കെയും വീണ്ടും
നാളേക്ക് മാത്രമായി നീളുന്നു പിന്നെയും
അന്നന്നു ചോര പിഴിഞ്ഞുള്ളോരപ്പം
അന്നമായി വിളമ്പുന്ന പാവങ്ങളെല്ലാരും
ആശ്രയം തേടുന്നു ഭീതിയിൽ ഇന്നും
അടുപ്പത്ത് കഞ്ഞിക്കലം കേണു നിറയുവാൻ
അടുക്കലോ കണ്ണീർ കുടം തന്നെ നിറവിൽ
അരിയില്ലാ വീട്ടിലെ വയറിന് വേദന ,
ആരാരുമറിയാതെ ഉരുകുന്നു ചേതന,
ആരിലും അലിവോടെ നീളുന്നു പ്രാർത്ഥന.
തിരികെ മടങ്ങി തൻ മണ്ണിൽ ചവിട്ടുവാൻ
അകലെ പ്രവാസികളാകെ കൊതിക്കുന്ന
നേരം കടം തന്ന ദീനം കൊറോണയോ?
ഇരു തലം തേച്ചുരച്ചുകൊണ്ടാകുമോ
ഇനിയും കൊറോണയെ കൊന്നൊടുക്കാൻ?
ഇനിയെന്തൊരത്ഭുത പിറവി ഈ ഭൂവിൽ
ഇംബം മുളയ്ക്കാൻ ഇവിടെ വിതയ്ക്കണം?
ഇല പോലെ കൊഴിയാൻ കൊറോണയും പഴുക്കാൻ
ഇനിയെന്ന് വരുമൊരു നേരം ഈ ജന്മം?
എന്തിനോ തിളയ്ക്കുന്ന തിരിനാളം അത്
എന്തിനോ ഉദിക്കുന്നു പിന്നെയും പിന്നെയും
വരുവാനിരിക്കുന്ന സുദിനം തിളക്കുവാൻ
അകലെ ചുവപ്പിൻ്റെ തിരിതുമ്പ് മിനുക്കുന്ന
കതിരോൻ ഉറങ്ങാതെ കാക്കുന്നു മറവിൽ
ഒരു നവ പുലരൊളി പിറക്കുവാനാശിക്കാം
ഒരു നന്മ പൂവിടും കാലം പ്രതീക്ഷിക്കാം🙏🏻
JITHIN NELLIKODE ✍🏻
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ