ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ




സ്റ്റേഡിയം 

...................................
കരയുടെ

പെനാല്‍റ്റിബോക്സിനുള്ളില്‍

കടലിന്നാക്രമണം.
ഉരുക്കുകോട്ട
തകര്‍ക്കാന്‍ വയ്യാ..
തുടനേ പിന്‍മാറ്റം .
കരുത്തുകൂട്ടി
കുതിച്ചുകേറി
തുടരന്‍ മുന്നേറ്റം .
ചീനിയുമോലപ്പീപ്പിയുമായി
കാണാ ഗ്യാലറിയില്‍
മത്സരമുത്സവമാക്കിമദിക്കും
കാറ്റിന്‍ സാന്നിധ്യം .
വാകകള്‍
തെങ്ങുകവുങ്ങുകളാടീ
കേരള സാംബാനൃത്തം .
ഇടയ്ക്കു വന്നൊരു
നീലപ്പൊന്‍മാന്‍
ചിലച്ചു ചോദിച്ചു
മറന്നു പോയോ
സന്തോഷ്‌ ട്രോഫി ,
ഒടുക്കമിന്നാണ്.
നഗ്നപാദരാമോര്‍മകള്‍ ബൂട്സിന്‍
ശക്തിയിലേക്കമര്‍ന്നു പോകുന്നു .
കട്ടിയിരുട്ടത്തുരുട്ടിച്ചുരുട്ടി
വെട്ടത്തു വച്ച പീരങ്കി
തുപ്പിയ തീപ്പന്തമോര്‍ത്തു മൌനത്തിന്‍
കല്‍ക്കരി തിന്നിരിക്കുമ്പോള്‍
അപ്പുറത്തെന്താണൊരാരവം
സ്റ്റേഡിയം
കത്തുന്ന പൌരുഷശബ്ദം .
ദിക്കുകള്‍ ഞെട്ടിത്തെറിക്കെ
കാല്‍പ്പന്തിനാല്‍
അത്ഭുതം കാട്ടീ മിടുക്കന്‍ .
സ്വര്‍ണബംഗാളി ന്‍റെ
ഗോള്‍വല ഭേദിച്ചു
കന്നിത്തെലുങ്കിന്‍റെ സൈന്യം .
മൈതാനമധ്യത്ത്
ഇടത്ത്
അതിര്‍രേഖയില്‍
വായുവില്‍
മുന്നില്‍
വലത്തെ കോര്‍ണറില്‍....
ഭ്രാന്തുപിടിച്ചപോല്‍ പന്തിന്‍റെ
വേഗവിന്യാസപ്രഹരം .
കാലില്‍ നിന്നും നെഞ്ചി ലേക്ക്
നെഞ്ചില്‍ നിന്നും തലയിലേക്ക്
തലയില്‍ നിന്നും .....
ശത്രുപക്ഷം കിടുങ്ങിയ
കത്രികക്കട്ടിലുഗ്രവേഗത്തില്‍
കുതിക്കയാണ്
ഇരുകാല്‍ക്കുതിരകള്‍
കാഞ്ചി വലിച്ച തോല്‍പ്പന്ത് .
ക്രോസ്ബാറു മുട്ടി
നിറഞ്ഞു നില്‍ക്കും ഗോളി
വിശ്രുതന്‍ തങ്കരാജിന്‍റെ
ദീര്‍ഘഹസ്തങ്ങള്‍ക്ക്
പാദപ്പെരുമയ്ക്ക്
കീഴ്പ്പെടാന്‍ സമ്മതിക്കാതെ
പച്ച കുരുത്ത പഥത്തിലൂടങ്ങനെ
കത്തിപ്പറന്നു ഭൂഗോളം .
ശ്വാസമിപ്പോള്‍ വിട്ടതേയുള്ളൂ കാണികള്‍
നീള്‍വിസില്‍ മീട്ടി റഫറി .

=================================

കീഴാളൻ‌
...............................
വിത്തുവിതച്ചതും വേള പറിച്ചതും
ഞാനേ കീഴാളൻ‌
കന്നിമണ്ണിന്റെ ചേലാളൻ‌.

തേവിനനച്ചതും കൊയ്തുമെതിച്ചതും
മോതിരക്കറ്റ മുഖപ്പുറം വെച്ചിട്ട്
കാടി കുടിച്ചു വരമ്പായ് കിടന്നതും
ഞാനേ കീഴാളൻ‌
പുതുനെല്ലിന്റെ കൂട്ടാളൻ‌.

ചേറു ചവിട്ടിക്കുഴച്ചു ചതുരത്തിൽ
സൂര്യനെ കാണിച്ചുണക്കിയടുക്കി
തീ കൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം
തോളിലെടുത്തു നടന്നുതളര്‍ന്നതും
ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും
ചന്തവും ചാലിച്ചു വീടു പണിഞ്ഞിട്ട്
ആകാശക്കൂരയിലന്തിയെരിച്ചതും
ഞാനേ കീഴാളൻ‌
നെടുന്തൂണിന്റെ കാലാളൻ‌.


കട്ടമരത്തില്‍ കടലിന്‍ കഴുത്തേറി
കഷ്ടകാലത്തിന്റെ കൊല്ലിവല വീശി
പൂവാലന്‍ ചെമ്മീനും മത്തിയും മക്കളും
തീരത്തു നേദിച്ചു നേരമിരുണ്ടപ്പോള്‍
പൂളക്കിഴങ്ങ് വിഴുങ്ങിത്തുലയ്ക്കുവാന്‍
ചാളക്കറിയ്ക്കു കൊതിച്ചു കയര്‍ത്തതും
ഞാനേ കീഴാളന്‍
കൊടുംകാറ്റിന്റെ തേരാളന്‍.

കണ്‍തടം കുത്തി കുരുപ്പരുത്തി നട്ട്
പഞ്ഞിക്കാ പൊട്ടിച്ചു തക്ലി കൊരുത്തിട്ട്
ആദിത്യരശ്മിപോലംബരനൂലിട്ട്
രാപ്പകലില്ലാതെ ഓമല്‍ തറിയോട്
മല്ലിട്ടു തുല്ലിട്ടുടയാട നെയ്തതും
നെഞ്ചുമറയ്ക്കാതെ ശീതത്തീ തിന്നതും
ഞാനേ കീഴാളന്‍
ഉടുമുണ്ടിന്റെ നെയ്ത്താളന്‍.

ചന്ദനം കണ്ടതും കൊത്തി മണത്തതും
വെട്ടി മറിച്ചു പുറത്തോടു ചെത്തീട്ട്
ആനയും വ്യാളിയും സര്‍പ്പവും സിംഹവും
പത്തവതാരവും കൊത്തിപ്പൊലിപ്പിച്ച്
കട്ടില്‍ കടഞ്ഞതും
തൊങ്ങലു വെച്ചതും
കല്യാണത്തമ്പ്രാനും തമ്പ്രാട്ടിക്കുഞ്ഞിനും
കന്നി രാവത്തു ചിരിച്ചു കളിക്കുവാന്‍
കാണിക്കവെച്ചിട്ട്
മാടത്തിന്‍ മുറ്റത്ത് പൂഴിക്കിടക്കയില്‍
ഓല വിരിപ്പിന്മേല്‍
നക്ഷത്രം നോക്കി നശിച്ചു കിടന്നതും
ഞാനേ കീഴാളന്‍
മുള്‍മരത്തിന്റെ വേരാളന്‍.

കായൽക്കയങ്ങളില്‍ മാലുകൊരുത്തിട്ട്
തൊണ്ടു കുതിര്‍ത്തതും പോളയിരിഞ്ഞതും
റാട്ടു കറക്കീട്ട് പൊന്‍നാരു നൂത്തതും
ചില്ലിക്കു വിറ്റ് ചെലവിനും പോരാഞ്ഞ്
ചെല്ലക്കയറിൽ‌ കുരുക്കിട്ടൊടുങ്ങിയോന്‍
ഞാനേ കീഴാളൻ‌
കരിമണ്ണിന്റെയൂരാളൻ‌.

പാര്‍ട്ടിയാപ്പീസിന്റെ നെറ്റിയില്‍ കെട്ടുവാന്‍
രാത്രിയില്‍ ചോരക്കിനാക്കൊടി തുന്നിയും
നെഞ്ചോടു ചേര്‍ത്തു കരഞ്ഞും ഞെളിഞ്ഞും
സങ്കടത്തീക്കനല്‍ തൊണ്ടയില്‍ വച്ചിട്ട്
പിന്നില്‍ നടന്നതും
താണു ഞെരിഞ്ഞതും
പിന്നെ കിനാവിന്‍ കലപ്പ നാക്കായ്‌ വന്നു
മണ്ണു തെളിച്ചു വിയര്‍ത്തു കിതച്ചതും
ഞാനേ കീഴാളന്‍
കൊടിക്കമ്പിന്റെ നാക്കാളന്‍.

കല്ലരിക്കഞ്ഞിയില്‍ വെണ്ണിലാവുപ്പിട്ട്
കണ്ണെത്താക്കാവിലെ കാലനെ ചാറ്റീട്ട്
വോട്ടു പത്തായക്കുരുക്കില്‍ കുനിഞ്ഞിരു -
ന്നാശക്കു വിത്തിട്ടു പോഴത്തമാക്കീട്ട്
പുട്ടിലും തട്ടിപ്പുറംതിരിഞ്ഞോടുന്ന
ചൊക്കന്റെ പിന്നാലെയാളും മനസ്സുമായ്‌
തീപിടിക്കുന്ന വിളഞ്ഞ പാടം പോലെ
നായ്‌ക്കുട്ടി തട്ടിയുടച്ച കുടം പോലെ
വീണേ കീഴാളന്‍
കണ്ണുനീരിന്റെ നേരാളന്‍.

എൻ വിയർപ്പില്ലാതെ ലോകമില്ല
എൻ‌ ചോരയില്ലാതെ കാലമില്ല
എൻ‌ വിരൽ തൊട്ടാൽ ചുവക്കുന്ന വൃക്ഷം
എൻ‌ കണ്ണു വീണാൽ‌ രതിക്കുന്നു പുഷ്പം
എൻ കാലനങ്ങി കിലുങ്ങും സമുദ്രം
എൻ‌ തുടി കേട്ടാൽ‌ തുടിയ്ക്കുന്നു മാനം
ഞാനേ കീഴാളൻ‌
കൊടും നോവിന്റെ നാക്കാളന്‍.

മേലാളക്കഴുമരമേറി
പിടഞ്ഞൊടുങ്ങുന്നേ
കറുത്ത സൂര്യൻ‌മാർ.
കീഴാളത്തെരുവുകൾ‌ തോറും
മുളച്ചുപൊന്തുന്നേ
കറുത്ത സൂര്യന്മാർ.

ഭൂലോകപ്പെരുമഴ തുള്ളും
തണുത്ത കൂരാപ്പില്‍
വിശന്ന സൂര്യന്മാർ.

ഈരാളുകള്‍ നൂറാളുകളായ്
പരന്നുകേറുന്നേ
വിശന്ന സൂര്യന്മാർ.

ഞാനെന്റെ ദുഃഖച്ചിന്തുകളും
താളവുമായി
പൂക്കൈത മറപറ്റുമ്പോഴേ
കൂടെ വരുന്നേ.

ആദിത്യൻ കതിരുണരുമ്പോഴേ
കൂടെ വരുന്നേ
അണ്ണാറക്കണ്ണനുമായിട്ടേ
കൂടെ വരുന്നേ.
(2000)
======================================

യാത്രക്കുറിപ്പ് 
............................................
ആയിരം ശിഖയുള്ള മിന്നൽ
മാനത്തിന്റെ നാവിൽ നി-
ന്നഗ്നിമുഹൂർത്തം തൊടുക്കവേ
പായുന്ന വണ്ടിയിൽ
പാതാളയാത്രയിൽ
പേടിക്കൊടിയും പിടിച്ചുനിൽക്കുന്നു ഞാൻ
പിന്നിലെത്താവളം
തേടിപ്പറക്കുന്നു
കൊന്നയും
കാഞ്ഞിരക്കാടും
മനുഷ്യരും.
സൂചിതറച്ച മനസ്സിന്റെ വിങ്ങലിൽ
ആമുഖമില്ലാതെറിഞ്ഞു തരുന്നു ഞാൻ
ആഴിക്കൊരിന്ദ്രധനുസ്സിന്റെ പുസ്തകം
നീയിതിൻ വാക്കിലെയുപ്പു രുചിക്കുക
പെരിട്ടെടുത്തു പഠിച്ചു കത്തിക്കുക
ചാരം നദിക്കും സുഹൃത്തിനും വിത്തിനും
നേരറിയിച്ച നേരത്തിനും നൽകുക
================================

അമ്മമലയാളം
................................................................
കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍
ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു
വിറ്റുവോ നീ എന്റെ ജീവിതഭാഷയെ.
ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍
ആദിത്യനേത്രം തുറന്നു ചോദിക്കുന്നു
ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ.
ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട്
നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍
ചുട്ടുവോ നീ എന്റെ കേരളഭാഷയെ.
വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു
പ്രേമസംഗീത തപസ്സ് ചോദിക്കുന്നു
ചിത്രയോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു
മണിനാദമാര്‍ന്ന മനസ്സ് ചോദിക്കുന്നു
പാടും പിശാച് ശപിച്ചു ചോദിക്കുന്നു
പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു
കളിയച്ഛനെയ്ത കിനാവ് ചോദിക്കുന്നു
കാവിലെ പാട്ടിന്‍ കരുത്ത് ചോദിക്കുന്നു
പുത്തരിച്ചുണ്ടയായ് ഗോവിന്ദ ചിന്തകള്‍
പുസ്തകം വിട്ട് തഴച്ചു ചോദിക്കുന്നു
എവിടെയെവിടെ സഹ്യപുത്രി മലയാളം
എവിടെയെവിടെ സ്നേഹപൂര്‍ണ്ണ മലയാളം.
മലിനവസ്ത്രം ധരിച്ച്, ഓടയില്‍ നിന്നെണീറ്റ്
അരുതരുത് മക്കളേയെന്ന് കേഴുന്നു
ശരണഗതിയില്ലാതെ അമ്മമലയാളം
ഹൃദയത്തില്‍ നിന്നും പിറന്ന മലയാളം.
ആരുടെ മുദ്ര, ഇതാരുടെ ചോര
ആരുടെ അനാഥമാം മുറവിളി
ആരുടെ നിലയ്ക്കാത്ത നിലവിളി
അച്ഛന്റെ തീമൊഴി, അമ്മയുടെ തേന്‍മൊഴി
ആരോമല്‍ ചേകോന്റെ അങ്കത്തിരുമൊഴി
ആര്‍ച്ചയുടെ ഉറുമിമൊഴി, ചെറുമന്റെ കനല്‍മൊഴി
പഴശ്ശിപ്പെരുമ്പടപ്പോരിന്‍ നിറമൊഴി
കുഞ്ഞാലി വാള്‍മൊഴി, തച്ചോളിത്തുടിമൊഴി
തോരാതെ പെയ്യുന്ന മാരിത്തെറിമൊഴി.
തേകുവാന്‍ ,ഊഞ്ഞാലിലാടുവാന്‍
പൂനുള്ളിയോടുവാന്‍ ,വിളകൊയ്തു കേറുവാന്‍
വിത്തിടാന്‍ ,സന്താപ സന്തോഷ-
മൊക്കെയറിയിക്കുവാന്‍
തമ്മില്‍ പിണങ്ങുവാന്‍ ,പിന്നെയുമിണങ്ങുവാന്‍
പാടുവാന്‍ ,പഞ്ചാര കയ്പ്പേറെ-
യിഷ്ടമെന്നോതുവാന്‍
കരയുവാന്‍ ,പൊരുതുവാന്‍ ,ചേരുവാന്‍
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ്
അമ്മമലയാളം, ജന്മമലയാളം.
അന്യമായ് പോകുന്ന ജീവമലയാളം.
ഓര്‍ക്കുക,അച്ഛനും അമ്മയും
പ്രണയിച്ച ഭാഷ മലയാളം
കുമ്പിളില്‍ കഞ്ഞി വിശപ്പാറ്റുവാന്‍
വാക്കു തന്ന മലയാളം
പെങ്ങളോടെല്ലാം പറഞ്ഞു
തളിര്‍ക്കുവാന്‍ വന്ന മലയാളം
കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാന്‍
ആയുധം തന്ന മലയാളം.
ഉപ്പ്, കര്‍പ്പൂരം, ഉമിക്കരി
ഉപ്പേരി തൊട്ടു കാണിച്ച മലയാളം.
പുള്ളുവന്‍ ,വീണ, പുല്ലാങ്കുഴല്‍
നന്തുണി ചൊല്ലു കേള്‍പ്പിച്ച മലയാളം.
പൊട്ടിക്കരഞ്ഞു കൊണ്ടോടി വീഴുന്നു
കഷ്ടകാലത്തിന്‍ കയത്തില്‍
രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോള്‍
ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍
ഓമനത്തിങ്കള്‍ കിടാവ് ചോദിക്കുന്നു,
ഓണമലയാളത്തെ എന്തുചെയ്തു
ഓമല്‍മലയാളത്തെ എന്തുചെയ്തു.


2 അഭിപ്രായങ്ങൾ:

  1. ഇത്ര ഹൃദയാര്‍ദ്രകാവ്യങ്ങള്‍ കേള്‍ക്കെയെന്‍
    രക്തത്തിലറിയാതുയരുന്നു ചോദ്യമായ്
    സത്യത്തിലെന്തുചെയ്തെന്നുനാം ചിന്തിയ്ക്ക;
    മലയാളിയാണെന്നുരയ്ക്കുന്നിതെങ്കിലും?
    ഹൃത്തിനോടൊരുതവണയെങ്കിലും ചോദിയ്ക്കാ-
    നാകണം കൈരളിയ്‌ക്കെന്തുചെയ്തെന്നുനാം
    പിന്നാലെയത്തുന്നതുപോലെ നന്മതം;
    നന്നായുണര്‍ത്തുന്നൊരാവേശ,മീക്കാവ്യം.
    തിരകളുയര്‍ത്തുന്നതുപോലെ,യാരിലും-
    വന്നുപതിയ്ക്കാമൊരുവേളയെങ്കിലും
    കവിജ്യേഷ്ഠകാവ്യമിന്നെന്നന്തരംഗത്തില്‍
    പുലരിപോലന്‍പിന്നുണര്‍വ്വായിരിക്കിലും
    മാറത്തു കുത്തിനോവിക്കുവോര്‍പ്പെരുകെ നാം
    മാറേണ്ടതാണുദയാര്‍ക്കനായെങ്കിലും!!
    -അന്‍വര്‍ ഷാ ഉമയനല്ലൂര്‍-
    9846703746

    മറുപടിഇല്ലാതാക്കൂ

Gibin Mathew Chemmannar | Create Your Badge