കവിത
............
വായില്ലാക്കുന്ന്.com
By
Sajeev C Warrier
(Address: Bansuri
KSRA P5
Kalady
Karamana
Thiruvananthapuram 2
Ph:9496183910)
മിണ്ടാതിരിപ്പെന്തിതിങ്ങനെ
ചൊല്ലാൻ
ചുണ്ടോളമേറെയുള്ളപ്പോൾ?
വാക്ക് ചോർന്നു പോയ് നാക്കിൽ
ഒരു പൂർത്തിയാകാ ഞരക്കം
ചിതലരിച്ചു പോയ് ഭാവന വിരൽത്തുമ്പിലിടറി നിൽപ്പൂ കവിത.
മുനയൊടിഞ്ഞു പോയ് പെൻസിൻ
വികൃതമായ് പാഴ്ക്കടലാസ്.
പാട്ടടഞ്ഞു പോയ് തൊണ്ടയിൽ ആൾത്തിരക്കിൻ ഉച്ചഭാ ഷിണിച്ചന്തയിൽ.
ഉറച്ചു നിൽപ്പാണ് ബോധ്യം
പക്ഷേ ഇടഞ്ഞു നിൽപ്പാണ് ബോധം.
പതറിയാത്മാഭിമാനം
ചുറ്റും തുടലഴിച്ചോരു പുച്ഛം.
ചിരികളുണ്ടെങ്ങുമെങ്ങും
തരിയുമില്ലിറ്റു സ്നേഹം
പഴുതടഞ്ഞു പോയ് സത്യം
എങ്ങും ഇരുളടഞ്ഞ വ്യാഖ്യാനം
നേരിനാണ് തിരുത്തൽ
മുണ്ടുമാടി നിൽപ്പാണസത്യം
തലതെറിച്ചു പോയ് തന്റേടം
ആകെ വിളറി വീണൂ കബന്ധം
കീറിപ്പറിഞ്ഞാണ് വാക്യം
മേലാകെയുണ്ട് നഖപ്പാട്
മിണ്ടാനിറങ്ങുന്നതെന്തിന്
ഉമിനീരിൽ
മുങ്ങി മരിക്കുക ഭേദം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ