കവിത: അനാഥത്വം
രചന: റബീഹ ഷബീർ
-------------------------------------------
അനാഥത്വം ആഴിക്കടിയിൽ അകപ്പെട്ട നീർകുമിളയാണ്.
ആഴമറിയാതെ പിടഞ്ഞുനീന്തിപ്പൊങ്ങിവരുമ്പോൾ
ക്രൂരമായി പൊട്ടിപ്പോവുന്ന
നിസാരമായൊരു നീർക്കുമിള.
അല്ലെങ്കിൽ,
തുടക്കവും ഒടുക്കവുമറിയാതലയുന്നൊരു
കാറ്റാണത്.
ഭാവിയും ഭൂതവും വർത്തമാനവുമറിയാത്ത
നോവെന്നുമിടിക്കുന്ന ജീവനുകളാണത്.
സനാഥന്റെ രക്തത്തെ അനാഥനെന്നടയാളപ്പെടുത്താൻ,
ഭീതിയുടെ മുൾക്കാട്ടിൽവിരിഞ്ഞുപോയ
തെരുവിന്റെ മണമുള്ള നനുത്തൊരുപൂവ്;
അവൾ അനാഥത്വത്തിന്റെ ഗർഭം ചുമക്കുന്നു.
അനാഥത്വം ആൾക്കൂട്ടത്തിൽ
ഒറ്റപ്പെട്ടുപോയൊരു നിഴലാണ്.
വെയിൽനാളങ്ങൾ പൊള്ളിച്ചുരുക്കി,
മെലിഞ്ഞുപോയൊരു നിഴൽ.
അല്ലെങ്കിൽ,
പേരുപോലുമറിയാത്തൊരു ബാല്യത്തിന്റെ ഹൃദയത്തിലേക്ക് നിർത്താതെയ്യുന്ന
ചോദ്യങ്ങളുടെ ശരങ്ങളാണത്.
അനാഥത്വം ഒരു ചുവർചിത്രമാണ്.
ദയയുടെ ചായങ്ങൾ തെളിഞ്ഞു കാണുന്ന കണ്ണീരുണങ്ങാത്തൊരുചിത്രം.
വൃത്തിഹീനമായതും വെയിലും മഴയും തലോടിപ്പോകുന്നതുമായ പ്രബലമല്ലാത്ത ഒന്ന്.
ചിലപ്പോളത് ആളിക്കത്തുന്ന അഗ്നിയാവാറുണ്ട്,
ഒരുകടലിനും അണയ്ക്കാനാവാത്ത അഗ്നി.
അല്ലെങ്കിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന,
ഒരിക്കലുംകെട്ടടങ്ങാത്ത കനൽ!
അനാഥത്വം ഒരിക്കലുമുണങ്ങാത്തമുറിവാണ്.
ഒരു മരുന്നിനും ഉണക്കാനാവാത്ത മുറിവ്.
രക്തമൊലിച്ച് മഞ്ഞനീരുകനത്ത്
ജീർണ്ണിച്ചുപോയ ആത്മാവിന്റെ മുറിവ്.
ഉൾവലിഞ്ഞുപോയ വയറിന്നടിയിലും കുഴിഞ്ഞുപോയ കണ്ണുകളിലും വിശപ്പെന്നു എഴുതിവെക്കപ്പെട്ടതും അനാഥത്വം തന്നെയാണ്.
അല്ലെങ്കിൽ,
കാലന്തരങ്ങളിലും മായ്ക്കപ്പെടാത്ത
അനാഥനെന്ന പേര്പേറുന്ന,
വെളിച്ചം കെട്ടുപോയ അനേകായിരം നക്ഷത്രങ്ങളുടെ നിസ്സഹായതയാണത്.
അനാഥത്വം ദിശയറിയാത്ത കപ്പലുകളാണ്.
നടുക്കടലിൽ അകപ്പെട്ടുപോയൊരു ജീവൻ,
അതുമല്ലെങ്കിൽ തുഴയില്ലാത്തൊരു തോണി.
ഭൂമിയുടെ ഒരറ്റത്തുനിന്ന് യാത്രതിരിച്ച്
തുടക്കത്തിലെത്തിച്ചേരുന്ന ശൂന്യമായൊരു
വലയമാണത്,
പുറത്തുകടക്കാനാവാത്ത വലയം.!
Rabeeha shabeer
Paruvingal (H)
Purathur (po)
676102 (pin)
Malappuram
Tirur
Ph: 9744911395
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ