കൂന്തച്ചേച്ചി / ഡി.വിനയചന്ദ്രന്‍
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല
പൊന്നാങ്ങളമാരില്ല
അമ്മാവന്‍മാരില്ല.
കിഴക്കോട്ടു കാറ്റായിട്ടമ്മ പിരിഞ്ഞന്നേ
പടിഞ്ഞാട്ടു നിഴലായിട്ടച്ഛന്‍ പിരിഞ്ഞന്നേ
കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല,
നായന്‍മാര്‍ വീട്ടില്‍ പോയടിക്കുന്നു തളിക്കുന്നു
അരക്കെട്ടഴിയാതെ അരയ്ക്കുന്നു വടിക്കുന്നു
വയറ്റില്‍ തീ കൊള്ളാതെ വെയ്ക്കുന്നു വിളമ്പുന്നു
ഉടുത്ത തറ്റുഴറാതെ കുത്തുന്നു കോരുന്നു
കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല.
കെട്ടാനുമാളില്ല
കെട്ടിക്കാനാളില്ല
ചെറ്റയല്ലാഞ്ഞവള്‍ ചേട്ടയല്ലാഞ്ഞവള്‍
തോട്ടത്തില്‍ കുളങ്ങരെ മുങ്ങി ത്തൊഴുന്നവള്‍
ആയില്യം മണ്ണാര്‍ശാലുരുളി കമിഴ്ത്തുന്നു
ഓച്ചിറക്കാളയ്ക്കു പൊങ്കാലയൂട്ടുന്നു .
പകലേറെ നടക്കുന്നു
രാവേറെ കിടക്കുന്നു
അമ്മിഞ്ഞയൂട്ടുവാനിങ്കു കൊടുക്കുവാന്‍
ചന്തിക്കു നുള്ളുവാന്‍ ചന്തത്തില്‍ കിള്ളുവാന്‍
ചക്കരയുമ്മയ്ക്കും പഞ്ചാര യുമ്മയ്ക്കും
കയ്യോ വളരുന്നു കാലോ വളരുന്നു
അമ്പാടിക്കിട്ടനെന്നാരീരോ പാടുവാന്‍
കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല.
ചിക്കിയുണക്കീട്ടും പാറ്റിക്കൊഴിച്ചിട്ടും
ഉപ്പിട്ടു വെച്ചിട്ടും ഉറയൊഴിച്ചുറി
യേറ്റി ഉറപ്പോടെ വെച്ചിട്ടും
ചക്ക പുഴുങ്ങീട്ടും പപ്പടം കാച്ചീട്ടും
കാക്കയെ തീറ്റീട്ടും കാക്കാത്തിമാര്‍
വന്ന് കൈ രണ്ടും നോക്കീട്ടും
പകലേറെ നടന്നിട്ടും
രാവേറെ കിടന്നിട്ടും
കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല.
കുഞ്ഞില്ലാഞ്ഞവള്‍
അരകല്ലടുത്തെത്തി കരയുന്നു കേഴുന്നു
ഉമ്മറപ്പടിയെത്തി വിങ്ങുന്നു വിതുമ്പുന്നു
വാഴക്കൂമ്പൊടിക്കുമ്പോള്‍ വാഴ ക്കൈ പിടിക്കുന്നു
കുളിക്കടവെത്തുമ്പോള്‍ കുളക്കോഴിപ്പെണ്ണിനോ
ടെനിക്കൊരു കുഞ്ഞിനെ കൊടുക്കുമോ
കൊടുക്കില്ല കിഴക്കില്ല വടക്കില്ല കുളക്കോഴി മറയുമ്പോള്‍
നെഞ്ചത്തറയുന്നു
അറയുന്ന പകലല്ലോ ,
അറുകൊലക്കുളിരല്ലോ
പകലേറെ നടന്നിട്ടും
രാവേറെ കിടന്നിട്ടും
കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല.
ചിങ്ങപ്പുലരികള്‍
പുന്നെല്ലുണക്കിപ്പോയ്
മുടികെട്ടി കണിചൂടി
മേടക്കിളി പാടിപ്പോയ്
അടിവയര്‍ തെണുത്തില്ല
മുലക്കണ്ണു കറുത്തില്ല
യാക്കം വളര്‍ന്നില്ല
തെരളി തെറുത്തിട്ടും
മലരു പൊരിച്ചിട്ടും
അനത്തീട്ടു മാറ്റീട്ടും
അടുക്കള പുകഞ്ഞിട്ടും
അലക്കി വെളുത്തിട്ടും
കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല.
കുഞ്ഞില്ലാഞ്ഞവള്‍
നൂറ്റെട്ടു മുങ്ങി കുളിച്ചു വരുന്നവള്‍
തേവരെ വിളിക്കുന്നു
വേലനെ വരുത്തുന്നു
ഓതിയെഴുതുവാന്‍ ഓല കൊടുക്കുന്നു
നൂറ്റെട്ടു കുരുത്തോല തേവരെ വണങ്ങുന്നു
കോണെട്ടും പിണിയൊഴിച്ചോതിക്കൊടുക്കുന്നു
വേലനുറയുന്നു
തൊട്ടുരിയാടാതെ ഓതി നിറഞ്ഞവള്‍
ഓതി നിറഞ്ഞവള്‍ കെട്ടില്‍ കടക്കുന്നു
വാതിലു ചാരുന്നു
തലയണയില്ലാതെ
തറ്റഴിച്ചിട്ടവള്‍
തലയഴിച്ചിട്ടവള്‍ താനേ മയങ്ങുന്നു
ഓതി നിറഞ്ഞവള്‍ താനേ മയങ്ങുന്നു .
ഓതിയ പൂതവും
ഉറയിറ്റി വയ്ക്കുന്നു
ഉപ്പിട്ടു വയ്ക്കുന്നു
ആട്ടു കല്ലാട്ടുന്നു
വെള്ളം തളിക്കുന്നു
ചാണകം മെഴുകുന്നു
ഓതി നിറഞ്ഞവള്‍ താനേ മയങ്ങുന്നു
ഏഴര വെളുപ്പിനു ഞെട്ടിയുണരുന്നു
ഞെട്ടിയുണര്‍ന്നപ്പോള്‍ കുട്ടി കരയുന്നു
നൂറ്റെട്ടു നൊന്തിട്ടു മുല ചുരന്നൊഴുകുന്നു
നൂറ്റെട്ടു നൊന്തിട്ടു
കുഞ്ഞു ചിരിക്കുന്നു
ചേച്ചി ചിരിക്കുന്നു
കുന്നിലോ
കുഞ്ഞന്‍ പുലരി ചിരിക്കുന്നു
നന്തുടി കൊട്ടി പടിവാതിലെത്തീട്ടു
പാണനും പാടുന്നു ;
ഉണരുണരൂ തുയിലുണരൂ
മാളോരേ തുയിലുണരൂ .
മനോഹരം
മറുപടിഇല്ലാതാക്കൂ