എന്റെ പ്രിയപ്പെട്ട നീ ..
==================
ഒരുമിച്ചു നാം പോയൊരിടവഴിയിലും
തേടുന്നു മൊട്ടിട്ട മുല്ലകൾ നമ്മെ
നീ ചേർത്തു പിടിച്ചാ കരങ്ങളിന്നു -
മെന്നിൽ അടരാതെ പടർന്നിരിപ്പുണ്ടെന്നോ
ആരാരും കാണാതെ ചുംബിച്ച കൺതട-
ങ്ങളിലിന്നു ചുടു കണ്ണീർ വറ്റാത്തതെന്തേ
നീ തഴുകി തലോടിയ മുടിയിഴകൾ ഞാൻ
ഇന്നു ചീകിയൊതുക്കാൻ മറക്കുന്നുവെന്നോ
നീയന്നു മൂളിയാർദ്രമാം വരികളോരോന്നും
ഞാനെന്ന പൂവിന്റെ ഇതളുകളായ് തീർന്നിട്ടും
ആ വിരലുകളിൽ തട്ടിത്തടഞ്ഞു ഞാൻ
ചൊല്ലിയതൊക്കെയും മറന്നങ്ങു നീ പോയില്ലേ
അന്നെന്റെ അധരത്തിൽ നീ തന്ന
ചെറു മുറിവുണങ്ങിയെന്നാകിലും
നീറുന്ന നിന്നോർമ്മകൾ ഇന്നുമെൻ
ഇട നെഞ്ചിലെ മായാത്ത അക്ഷരത്തെറ്റു തന്നെ !
ഷിവിന വിക്ടർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ