പാപമോക്ഷം
രചന : മാത്യു പണിക്കർ
അടിവച്ചടുക്കുന്നു എന്നെ വിധിപ്പവൻ.
ഇവിടെ ഞാനോളിച്ചതു പറഞ്ഞറിഞ്ഞാരോ.
ശൗര്യവും ശക്തിയും കണ്ണെത്താ കയങ്ങളിൽ
നിവൃത്തി കെട്ടങ്ങുപേക്ഷിച്ചു വന്നവൻ ഞാൻ.
ചോദ്യമേതും തൽക്ഷണം നേരിടാൻ ധൈര്യമായ്
ഘനമൗനം ഉടുപ്പണിഞ്ഞൊരുങ്ങിയിരിക്കവേ
അടികൊണ്ടു വീണാൽ താങ്ങാതിരിക്കുവാൻ
സാക്ഷിഹസ്തങ്ങ ളും ബലം പിടിച്ചവിടവിടെ
കുറത്തി സംഭ്രീതയായി പാട്ടു നിർത്തി പ്പോയ്, തങ്ങി
പാണനോ നന്തുടിക്കായൊരു പുതുപ്പാട്ടിനായി
അടിമുടി വിറകൊണ്ടെന്റെ രക്ഷാമൂർത്തികളും
തൊഴുകയ്യാൽ വിധിയതിനായി കാത്തുകാത്തിരിക്കെ
ഝടിതിയിൽ വന്നുവ തു ചെഞ്ചോര ചിരിയുമായി
അഖിലാണ്ഡം അറിയുന്ന നൃശംസഹാസമായി
സംഭ്രാന്തിയാൽ ദിക്കുകൾ പിൻവാങ്ങി ദൂരെ
മൗനവും, വിറച്ചുവിറച്ചെൻ മനസ്സാക്ഷിയും.
അതാ വരുന്നൊരു ചെറുകാറ്റൊരു വാളുമായി
വിധിപ്പവൻ കയ്യിലുമുണ്ട തിലേറെ മൂർച്ചയായി
ചോര ഉറപ്പിച്ച സകലരെയും വിസ്മയിപ്പിച്ചു
അവെരന്തോ പരസ്പരം പറഞ്ഞുറയ്ക്കുന്നു
പിന്നീടവരെങ്ങോ പറയാതെ പിരിഞ്ഞു പോയി.
കാറ്റിന്റെ വിയർപ്പുള്ള വാളുമുപേക്ഷിച്ചു.
സകലരും പിരിഞ്ഞപ്പോൾ ഞാനതെടുത്തതിൻ
ഓർമ്മയിലേക്ക് ഒരു തുള്ളി വെള്ളം തളിക്കവേ
മൂർച്ചയിൽ നിന്നും രക്ഷിച്ചെടുത്ത കഥയെൻ
പൂർവ ജന്മങ്ങളുടെ പാപങ്ങൾക്കു പോലുമാ
ഒരൊറ്റ കൃത്യത്താൽ പരിഹാരമായി പോൽ
പാണനുണ്ടായിരുന്നില്ലതു കേട്ട് ഗ്രഹിക്കുവാനും
തുയിലുണർത്തി നാടാകെ പ്രഘോഷിക്കാനും, പകരമാ
വൃക്ഷം കൊടുത്തുവിട്ടയൊരു പ്രാണവായുവെൻറെ
പ്രാണനെ സ്പർശിച്ചു ചേർന്ന്
നിലകൊണ്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ