വീട്ടുതടങ്കൽ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഗ്രാമീണപ്പഴമയിലെ
ജൈവസുഗന്ധം,
തിരിച്ചുതന്നൊരു
ദുരിതകാലമേ
മണ്ണിൻ പൂമണം
തിരിച്ചറിയാൻ,
വറ്റിവരണ്ടൊരു
പുഴയറിയാൻ,
മുണ്ഡനമായൊരു
മലയറിയാൻ ,
കരിയില കുമിഞ്ഞൊരു
കാട്ടുചോലതൻ
നിർമ്മലമായൊരു
കുളിരറിയാൻ,
സാഗര ഗർജന
തിരമാലകളേ,
മനംനിറയേ
കൺപാർക്കാൻ,
വരമായിത്തന്നൊരു
നല്ല കാലം...
കനകം വിളയും
നെൽപ്പാടത്തിലെ
ചെളിയും മണവും,
ഹൃദ്യമായൊരു
ഗൃഹാതുരത്വമേ ....
സമർപ്പിതമല്ലോ?
പ്രകൃതിയാം
പ്രതിഭയ്ക്കൊരു
ഗീതാഞ്ജലി......
ക്ഷൗരം ചെയ്യാത്ത
താടിയിൽ നോക്കി
വിസ്മയം പൂണ്ടൊരു
പശു കിടാവേ...
മുറ്റത്തെ പൂവിൻ
സുഗന്ധം നുകരാൻ,
പറന്നെത്തിയൊരു
വർണ്ണപൂമ്പാറ്റയതാ
ചിറകൊതുക്കിയെൻ
മേനിയിലിക്കിളിയായി,
അത്ഭുതം കൂറിയവൻ
ആശങ്കയിലായി,
മധു നുണയാൻ
പൂവിതൾ തലോടും
സന്യാസിരൂപിയാം
മറ്റൊരു പങ്കാളിയോ?
മയിലാട്ടവും
കുയിൽ നാദവും,
കേട്ടുരസിക്കും
പൂർവ്വികനായൊരാൾ,
ചെന്തെങ്ങിൽ
കൈതൊട്ടിരിക്കും
മർക്കട കടാക്ഷം
വിളനിലത്തിലൊരു
അപരിചിതനാര് ?
മുറ്റത്ത് നിൽപ്പൊരു
തേന്മാവിൻ കൊമ്പത്ത്
വലിഞ്ഞുക്കേറി ഞാൻ
പ്രണയനിലാവിലെ
പ്രാണസഖിക്ക്
ആഹ്ലാദമായല്ലോ,
മാമ്പഴത്തിനായി
നൊയമ്പ് നോറ്റൊരു
കാക്കയുമണ്ണാനും,
ശപിപ്പതുകേൾക്കാം,
കൊറോണ മാറട്ടേ,
മഹാമാരിയൊഴിയട്ടേ,
തിരിച്ചുപോകട്ടേ
തിരക്കുതീരാത്ത
മഹാനഗരത്തിലേക്കിവർ
ആർത്തി മാറാത്ത
ധൂർത്തപുത്രൻമാർ...
(ഷറീഫ് കൊടവഞ്ചി )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ