കബഡീ
########
മുന്നിൽ
തിരശ്ചീനമായി
വെളുത്ത വരയിൽ
പകുത്തിട്ടു മൈതാനം.
പൊടിക്കല്ലുകളും, ചുവന്ന മണ്ണും
വിരിച്ച്
തയ്യാറായി അങ്കക്കളം.
എതിർകളത്തിലെ
നീരാളിപ്പിടുത്തങ്ങളിൽ നിന്നും
വഴുതി,
ഞണ്ടിറുക്കങ്ങളിൽ കുതറി,
ഇത്തിരി ശ്വാസം പിടിച്ചു വെച്ച്,
ചരൽ മണ്ണിലൂടെ
നീന്തിപ്പൊടിഞ്ഞ്...
വിശപ്പിനെ,
വായുവിനെ,
ജീവനെ,
ജാതിയെ,
രക്തത്തെ,
നമ്മളെ,
പ്രപഞ്ചത്തെ,
പകുത്തിട്ട
വെളുത്ത വര....
അത്
എൻ്റേതോ ?
നിൻ്റേതോ?
നമ്മുടേതോ!
റോക്കറ്റ് തൊടുത്ത്,
ബോംബെറിഞ്ഞ്,
നിന്നെ ചിതറിച്ച്,
ഇരുമ്പ് കമാനങ്ങൾ
കെട്ടിപ്പൊക്കി,
എനിക്ക്...
എനിക്ക്...
എത്തിയേ തീരൂ...
നിർവാണത്തിലേക്ക്
മന്ദമെങ്കിലും
ഇഴഞ്ഞെത്തിയേ തീരൂ....
ഹ്ഫ്.. ഹ്ഫ്....
കബഡി, കബഡീ.....
സുനിത ഗണേഷ്
################
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ