ജെന്നിഫർ
എന്റെ പ്രണയം
..................................
ലോകം തുറന്ന് തന്നെ കിടക്കുന്നു
ഞാനെന്റെ മുറിയിൽ
അടച്ചിരിക്കുന്നു
ആശങ്കകളോടെ ഭീതിദമായ
കൊറോണ പടരുന്നു
ജെന്നിഫർ,
നീ നിന്റെ രാജ്യത്തിൽ
വിശ്വാസം അർപ്പിച്ചിരിക്കുന്നു
രോഗികളെ സ്നേഹത്തോടെ
പരിചരിക്കുന്നു
അങ്ങ് ദൂരെയുള്ള താരങ്ങൾ പോലും
എന്തോ ഓർത്ത്
ആകുലപ്പെടുന്നത്
ഈ ജനലഴികളിലൂടെ
ഞാൻ കാണുന്നു
ഏതോ മേഘങ്ങൾ നമ്മെ മറച്ചിരിക്കുന്നെങ്കിലും
ചേതനയറ്റവരെ നോക്കി നീ കരയുന്നതും ഞാൻ കാണുന്നു
ഞാനും ഖിന്നനാകുന്നു
മനുഷ്യൻ മനുഷ്യനിൽ നിന്നും ഓടിയകലുന്ന ഒരുകാലത്തല്ലോ
നാമും ജീവിച്ചിരിക്കുന്നു
എങ്കിലും അറിയുന്നു
നമ്മുടെ ഹൃദയങ്ങൾ
മണ്ണടരുകളിലൂടെ
പുണർന്ന്നിൽക്കുന്ന
വേരുകൾ പോലെ
ഒരൊറ്റ സ്നേഹമായ്
ഇപ്പോഴും വളർന്ന് നിൽക്കുന്നു
നിശ്ചലമായിപ്പോയ നിന്റെ രാജ്യത്തിലെ
മനുഷ്യജഡങ്ങളിൽ
ഉറച്ച്പോയ
നിന്റെ കരുണയിൽ നിന്നുമൊരൽപ്പവും
അവശേഷിക്കുന്നവരുടെ ജീവിതങ്ങളിൽ
നീ ചേർത്തുവെച്ച
നിന്റെ കണ്ണുകളുടെ കരുതലിനൊരംശവും
നിന്റെ പ്രണയം
എനിക്കിതാ സമ്മാനിച്ചിരിക്കുന്നു
പക്ഷികൾ ചിറകടിക്കുന്ന സംഗീതം ഞാനിപ്പോൾ വൃക്തമായ് കേൾക്കുന്നു
കാറ്റിന്റെ വികൃതികൾ കൃത്യമായ് അറിയുന്നു
ഈ ലോകത്തിലെ
ഒറ്റപ്പെട്ട്പോയ
മനുഷ്യർക്ക് വേണ്ടി പ്രതീക്ഷകൾ പൂക്കുന്ന കവിതകൾ ഞാൻ
തിരയുന്നു.
ജെന്നിഫർ,
ഈ ലോകം ഒന്ന് ചിരിച്ച്കണ്ടെങ്കിൽ !
നീ തിരിച്ച് വരുന്ന കാഴ്ചയിൽ
എന്റെ മനസ്സൊന്ന് ലയിച്ചെങ്കിൽ
അത് വരെ എന്റെ ജീവനും
എന്നെ പിരിയാതിരുന്നെങ്കിൽ
ദൈവമേ നീ കാഴ്ചകളാണെങ്കിൽ
എന്റെ വാക്കുകൾ കാണുവാൻ
നിനക്ക് കണ്ണുകൾ ഉണ്ടെന്ന് ഞാൻ
സമാശ്വസിക്കട്ടെ.
റെജില ഷെറിൻ
കല്ലൂപറമ്പിൽ
ഇരിഞ്ഞാലക്കുട നോർത്ത്
തൃശ്ശൂർ
Nice
മറുപടിഇല്ലാതാക്കൂ