കവിത : *അപ്പൂപ്പൻതാടികൾ*
രചന: ഉഷാമുരുകൻ
**********************
നിനയാത്തനേരമെൻസുന്ദരസങ്കല്പ-
നിറനീലവാനിന്റെയങ്കണത്തിൽ
ഒരുവേനലവധിതൻസുഖമെഴുമോർമ്മയിൽ
ഒരുവേളഞാനുംമുഴുകിനില്ക്കേ
ആയിരംമോഹങ്ങളുള്ളിൽനിറയുമീ-
യഴകോലുമപ്പൂപ്പൻതാടിപോലെ
ഒാർമ്മകൾപൂത്തവസന്തങ്ങളിൽനിങ്ങ-
ളോമൽകിനാക്കളായ്പാറിവന്നൂ
ഒരുവാസരത്തിന്റെതൂവെണ്മയാകെയും
ഒട്ടൊതുങ്ങുംനിൻപട്ടുമേനിയിങ്കൽ
ഋതുമതിയായവസന്തംതുടിച്ചൂ
ഋതുകന്യകൾചിരി മണിയുതിർത്തൂ
കാലങ്ങളറിയാതെകളങ്കമറിയാതെ
ആത്മാവിലലിയുംനിഗൂഢതന്ത്രം
ഉച്ചമയക്കത്തിനെല്ലാരുംപോയപ്പോൾ
പിച്ചവച്ചന്നു നടന്നുഞാനും
മുറ്റത്തെമാങ്കൊമ്പിൽഞാന്നുകിടക്കുമാ-
പുല്ലാനിച്ചില്ലയിലൂർന്നനേരം
കണ്ണിമാങ്ങാച്ചുനമണമുള്ളകാറ്റിന്റെ
കൈകളിൽകളിയാടി നീയണഞ്ഞൂ
വശ്യമായെന്നിളംകവിളിൽതലോടിയ
വർണ്ണമയൂഖങ്ങൾനിങ്ങളല്ലേ
ഇടനെഞ്ചിലെവിടെയോകൂടുകെട്ടീ-
യെന്റെയിടനെഞ്ചിൻഭാരംപകുത്തെടുത്തു
ഒരുമരക്കൊമ്പത്തുചേർന്നിരുന്നുചേലി-
ലൊരുചെറുകാറ്റിലാലോലമാടി
പിന്നെയുംപിന്നെയുംകഥകൾചൊല്ലി-
യെന്റെഹൃദയാഭിലാഷങ്ങളേറ്റിക്കൊണ്ടും
ആദ്യവസന്തത്തിലാദ്യമഴകളിൽ
ആ സ്വപ്നക്കൂടു തുറന്നുവന്നൂ
ആചെറുമാവിന്റെചോട്ടിലുംമുറ്റത്തും
പാതയോരത്തുംപറമ്പിലുംമാത്രമോ
കാടിനുമക്കാണുംപുഴകൾക്കുംമേലേനീ
കവിതകൾചൊല്ലിപ്പറക്കാറില്ലേ
കമനീയകൗമാര സുന്ദരസ്വപ്നങ്ങൾ -
ക്കേഴഴകുംനിങ്ങളേകിയില്ലേ
ഇനിയുംപറക്കട്ടെഞാനെൻഗൃഹാതുര
ചിന്തയാൽമോഹക്കടൽകടന്നും
അകലേയ്ക്കുനീപറന്നകലുമ്പോളറിയാതെ
അലിവാർന്നൊരെന്നുള്ളമാർദ്രമാകും
ഒരുവേളകൂടിയെന്നരികിൽനീവന്നെങ്കിൽ
ബാല്യത്തിലേയ്ക്കു തിരിച്ചുപോകും
ഞാനെന്റെബാല്യത്തിലേയ്ക്കുതിരിച്ചുപോകും
----------------------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ