ഞാനിവിടെ ജീവിച്ചിരുന്നു
എന്നൊരടയാളപ്പെടുത്തല്‍
കവിത - കുറ്റീരി അസീസ്
******************************
ഞാനിവിടെ ജീവിച്ചിരുന്നു
ഞാനിവിടെ ജീവിച്ചിരുന്നു.
ചെറുപ്പത്തില്‍ വിളയാടി
കുസൃതിയായ് തിമര്‍ത്തിരുന്നു.
പഠിത്തത്തില്‍ കേമനായ്
കൂട്ടരില്‍ മുമ്പനായിരുന്നു.
മാലയോഗം, പുത്രയോഗം
കളം വാനോളം വാണിരുന്നു.
അനീതി അപ്പാടെ നീക്കണം
എന്നായി മുഷ്ടി ചുരുട്ടിയിരുന്നു.
കണ്ണീരു കാണ്‍കെയെന്നുളളം
കരയുന്നത് ഞാനറിയുമായിരുന്നു.
കാട് മുടിഞ്ഞാല് നാടെരിയും
എന്നത് നന്നായറിയുമായിരുന്നു.
നിസ്വനെ ചൂഷണം ചെയ്യുന്ന
വര്‍ഗ്ഗത്തെ എന്നും വെറുത്തിരുന്നു.
ഞാനിവിടെ ജീവിച്ചിരുന്നു,
ഞാനിവിടെ ജീവിച്ചിരുന്നു.
സന്ധ്യകള്‍ സൂര്യനെ കടലില്‍
മുക്കിക്കൊല്ലാന്‍ നോക്കുന്നതും
രാവിലെ കിഴക്ക് വീണ്ടുമുദിക്കുന്നതും കണ്ട്
മുടിവെളുത്തതും മനസ്സെത്തുന്നേടത്ത്
കയ്യെത്താതായതും നേരിട്ടറിയുമായിരുന്നു.
സാര്‍ത്ഥകമെന്‍ ജീവനമെന്ന് മനമുറക്കെപ്പറഞ്ഞത് കേള്‍ക്കേ മുഖം തുടുത്തതും
കണ്ടു ഞാനാനന്ദിച്ചിരുന്നു.
ഇനിയുളള കാലവും നന്മയെ തലോടി, ഇരുളിനെ നികൃഷ്ടമായ്ക്കണ്ട്
കഴിയണമെന്നാണ് മോഹം.
നേടിയതെല്ലാം തലയിലേറ്റി
നേട്ടങ്ങളിനിയും കൈപ്പിടിയിലാക്കി രാപ്പകലുകള്‍ വന്നുപോകുന്നതും കണ്ട് നിറമനസ്സോടെ ഒരുനാള്‍ ഓര്‍മ്മയാകാനാണകതാരില്‍ താളം, ഓളം.
ഞാനിവിടെ ജീവിച്ചിരുന്നു,
ഞാനിവിടെ ജീവിച്ചിരുന്നു.
`````````````````
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ