പുരുഷാന്തരം
***************
കവിത
------------
കുറ്റീരി അസീസ്
----------------------------
23.12.2020
------------------
ഇനിയുമൊത്തിരിയൊത്തിരി
കാണാനും കേള്‍ക്കാനുമുണ്ട്
ഓണമിനിയുമിനിയും ഉണ്ണാനും
പടക്കം പൊട്ടിച്ചും പൂത്തിരി
കത്തിച്ചും വിഷു പര്‍വ്വം
ആടി തിമര്‍ക്കാനായുണ്ട്.
ഷഷ്ടിപൂര്‍ത്തി കഴിഞ്ഞും
കടന്നു പോയാണ്ടുകള്‍
കൊല്ലം കണക്കെങ്കിലായിരം
പൂര്‍ണ്ണചന്ദ്രന്മാരെക്കാണാനു
ണ്ടകതാരില്‍ അടങ്ങാതെ തിരമാലപോല്‍ ദാഹം മോഹം.
ആദ്യമൊക്കെ തറവാട്ടില്‍
ഒന്നിച്ചൂണും ഉറക്കവും
കളിയും ചിരിയും മേളമായ്
അക്കാലമെന്നും അപ്പാടേ
ഉണ്ടാമെന്ന് കൊതിച്ച
കാലം എങ്ങോ മറഞ്ഞു പോയ്.
കൂട്ടുകാരോടൊത്ത്
കളിയും വികൃതി കുസൃതിയോടെ
നാളും ഞാറ്റുവേലയും കഴിഞ്ഞത്
ഓര്‍ക്കുമ്പോള്‍ നെഞ്ചകം
പിളരുന്നു, കണ്ണ് നനയുന്നു.
കൗമാരം യൗവ്വനം മീശകുരുത്തതും
കുരുത്തക്കേടൊന്നൊന്നായ്
പുറത്തെടുത്തതോര്‍മ്മയില്‍
നാണമൊപ്പം അല്പം
ഗമയും മിന്നിമറയുന്നു.
ഭാരമെല്ലാം തോളിലേറ്റി
രാപ്പകലോടി നടന്നതും പിന്നെ
ഗൃഹസ്ഥനായ് ഭാര്യ സമേതം മക്കളൊന്നിച്ച് കഴിഞ്ഞ നാള്‍ മനതാരില്‍ നുരയുന്നു
മധുരമനോജ്ഞമായ്.
കാലം പയ്യെപ്പയ്യെ നീങ്ങി ഞാനുമൊപ്പം, ഇന്നെത്തി നില്‍ക്കുവതെവിടെ,
സന്തുഷ്ടിയേറെ, വേണം
ഇനിയുമിനിയും പ്രഭാതങ്ങള്‍
നന്മ കാണാന്‍, അകം ആനന്ദത്താല്‍ കുളിര്‍ത്തിടാന്‍.
***************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ