മരം പെയ്യുമ്പോൾ
മരം പെയ്യുമ്പോലെ ആകണം നീയെനിക്ക്
ആർത്തലച്ചു പെയ്യുന്ന മഴയിൽ നീയെനിക്ക് മരമായ് കുടപിടിക്കണം .
നിന്റെ ചില്ലകളിൽ കുട ചൂടി, കോരിച്ചൊരിയുന്ന മഴയെ എന്റെ ഹൃദയത്തിൽ ഏറ്റ് വാങ്ങണം .
ശരീരം നനയാതെ തണുത്തുറഞ്ഞ ശീതക്കാറ്റിൽ എന്റെ കവിൾത്തടം നനയണം , ഹൃദയം കുളിരണം .
പെയ്തിറങ്ങുന്ന ഓരോ തുള്ളിയുടേയും ഗന്ധവും കുളിർമ്മയും നിന്റെ തണലിൽ ഞാനറിയണം .
ഇറ്റുവീഴുന്ന വിയർപ്പുകണത്തിലും ,മഴത്തുള്ളിയുടെ മാർദവം എനിക്കറിയണം
മഴ തുള്ളിമുറിയുമ്പോൾ നീ ആർത്തലച്ചന്നിൽ പെയ്തു തുടങ്ങണം
"മരം പെയ്യുമ്പോലെ ആകണം നീയെനിക്ക് "
നിന്റെ തണലിൽ മഴ കണ്ട എന്നെ - ഞാനറിയാതെ നനയ്ക്കണം , മരം പെയ്തു നീയെന്നെ ഉറക്കണം.
മഴയിലും സുന്ദരമാണ് , നീയെന്ന മരം ചെയ്യുമ്പോൾ - ശബ്ദമില്ല , ആഞ്ഞടിക്കുന്ന കാറ്റില്ല
നിശബ്ദതയിൽ പതിഞ്ഞ സ്വരം മാത്രം
അടർന്നു വീഴുന്ന ഓരോ തുള്ളിയിലും ആർത്തലച്ചു പെയ്ത മഴയിൽ ഉള്ളതിനേക്കാൾ തണുപ്പും ലാളനയും
നിന്റെ ശിഖരത്തിൽ നിന്നടർന്നു വീഴുന്ന മഴത്തുള്ളികളെല്ലാം എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങട്ടെ . അവയെല്ലാം എന്റെ ഓർമ്മകളിൽ വേരോടട്ടെ
എന്റെ ഹൃദയമിടിപ്പിന്റെ വേഗതയിൽ നീ ഒരു പുഴയാകട്ടെ
നിഥിൻമേലൂട്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ