രസം
---------
മനസ്സിലോർക്കുന്നു പഴയ രാത്രികൾ
ദുരിതയാമങ്ങൾ വ്യഥകൾ നോവുകൾ
മുറിവ് നീറുന്ന ദുരന്ത തീരങ്ങൾ
കരൾ പിടഞ്ഞൊരാ പഴയ നാളുകൾ
പിഴവു പറ്റിയെൻ പദമിടറിപ്പോയ്
മരണ തീരത്തിൽ വഴുക്കി വീണുപോയ്
ഹൃദയം നൊന്തെൻ്റെ മിഴി നിറഞ്ഞു പോയ്
മഴ പൊഴിഞ്ഞില്ല, തണുപ്പറിഞ്ഞില്ല
ഉരുകും ചൂടിലെൻ മനസ്സു വെന്തുപോയ്
ഹൃദയമോഹങ്ങളകന്നകന്നു പോയ്
സരസ്സ സ്വപ്നങ്ങൾ നിണമണിഞ്ഞു പോയ്
വിഷമയ ചിന്ത വിടർന്ന രാത്രിയിൽ
വിഷം കുടിച്ചെൻ്റെ മനം മയങ്ങിപ്പോയ്
മധുര യൗവ്വനം കരിഞ്ഞൊടുങ്ങിപ്പോയ്
മദിര മോന്തിയെൻ കരൾ ദ്രവിച്ചു പോയ്
വിരസ തീരത്തിലിടറി വീണൊരെൻ
വിരഹ യാമങ്ങൾ സ്വയം പുകഞ്ഞു പോയ്
ഇനിയെനിക്കുണ്ടോ സുഖനിമിഷങ്ങൾ
കരൾ നിറയ്ക്കുന്ന നവസുഗന്ധങ്ങൾ!
മിഴി തുടയ്ക്കുന്ന സുഖദ സ്പർശങ്ങൾ
മനം കൊതിക്കുന്ന മധുര ഗീതങ്ങൾ
ഇനിയൊരു വീണ വിവശമായ് പാടും
ഹൃദയഗീതക സ്വരം മുഴങ്ങിടും
വസുധ തേടുന്ന മഴ പൊഴിഞ്ഞിട്ടും
തണുപ്പു വീണെൻ്റെ അകം കുളിർത്തിടും
വസന്ത കാലമീ വനങ്ങളിൽ നീളെ
പുതിയ പൂവുകൾ വിടർത്തിയെത്തിടും
തകർന്നൊരെൻ മായാ മുരളിയിൽ ഞാനീ
പുതു സ്വരത്തിൻ്റെ രസം പകർന്നിടും.
തഴഞ്ഞ ലോകമെന്നരികിലെത്തിടും
സുഖദ സ്പർശത്താൽ മനം തണുപ്പിക്കും
മരുന്നു തന്നെൻ്റെ മുറിവിൻ വേദന
കുറച്ചു നൽകുവാൻ അരികിൽ നീയെത്തും
അഴലിൽ വെന്തൊരെൻ വ്യഥിത ചിന്തകൾ
ഇനിയകലുമോ, ഇനിയെൻ സ്വപ്നങ്ങൾ
പലനാൾ കാണിച്ച മധുര ജീവിതം
കരങ്ങളിൽ തരാൻ ദിനങ്ങളെത്തുമോ?
മിഴി തുടയ്ക്കുവാൻ മടിച്ചു നിൽപു ഞാൻ
അരികിലെത്തുവാൻ കൊതിച്ചു നിൽപു നീ
വിരഹ ദു:ഖങ്ങൾ ഒഴുകിത്തീരുന്നു.
നിശയിൽ രാപ്പാടിയുണർന്നു പാടുന്നു.
By
Jose Manoj Mathews T
Thundipparambil House
Sahakarana Road
Edappally P O
Kochi - 682024
mob: 8606233743
Gmail: mathewstjosemanoj@gmail.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ