പൊരിച്ചമീൻ
...................................
ആത്മ നിർവൃതിയോടെയാണ്
ഞാനാ മീൻ കഴിച്ചത്.
ഓരോ ഭാഗവും അടർത്തി കഴിക്കുമ്പോൾ
കണ്ണിൽ നിന്നുതിർന്നത്
വിജയത്തിന്റെ കണ്ണുനീരാണ്.
ഒത്തിരി പേരുടെ പാവാടത്തുമ്പ്
പൊക്കിയവനെ, എവിടെയൊക്കെയോ
എന്തൊക്കെയോ പരതിയവനെ
ഏറെ കാത്തിരുന്ന് കിട്ടിയപ്പോൾ
ചെറിയ ക്ലാസ്സിലെ ഏറ്റവും വികൃതികുട്ടിയായി.
കുഞ്ഞു നഖങ്ങൾ അവന്റെ
കണ്ണുകൾ മാന്തിക്കീറി.
നഖങ്ങൾക്കിടയിലെ
ചേറിന്റെ കൂടെ രക്തം കലർന്നപ്പോൾ
അവന്റെ രക്തത്തിൽ പോലും
കാമമായിരുന്നു.
അവന്റെ ചിറകരിഞ്ഞു
കോഴിക്ക്കൊ ടുത്തപ്പോൾ
ആഞ്ഞു കൊത്തി പ്രതിഷേധമറിയിച്ചു.
അവന്റെ വസ്ത്രങ്ങളുരിഞ്ഞു
ശരീരത്തിലൂടെ വരകളുതിർത്തു.
ഓരോ വരകളിലും അവൻ
പൊട്ടിക്കരയുന്നുണ്ടായിരുന്നു.
കളഭവും മഞ്ഞളും ചേർത്ത്
ബലിക്കല്ലിൽ കിടത്തി തല അറുത്തപ്പോൾ
പശ്ചാത്താപം അലമുറകളായി.
ചുടുകല്ലിൽ കിടത്തി,പൊരിയുമ്പോൾ
ആദ്യമായി അമ്മയെ വിളിച്ചു കരഞ്ഞു.
അവനോർത്തില്ല അവന്റെ അമ്മ
ഒരു പെണ്ണായിരുന്നെന്ന്.
അവന്റെ ഓരോ ഭാഗവും ചൂടോടെ
അടർത്തി കഴിക്കുമ്പോൾ
എവിടെയോ വിജയ കാഹള മണി
മുഴങ്ങുന്നുണ്ടായിരുന്നു.
ശാരിയദു
ശാരിയുടെ കവിത വായിച്ചു. രോഷം, ശക്തം. ആശംസകൾ ശാരി
മറുപടിഇല്ലാതാക്കൂ