പാഴ്‌വൃക്ഷം
***********
രചന: മായാ രാജ്
...................................
കരവിരുതാർന്നൊരു തച്ചനേ പോലെൻ
കാതൽ കൊത്തി, തുരന്നു നോക്കീടുമൊരു
മരംകൊത്തിപ്പക്ഷികൾക്കിടയിൽ
പെട്ടുഴറുന്ന പാഴ്‍വൃക്ഷമാണിന്നെന്റെയീ ജന്മം.
ഒരു ചെറു തൈയ്യായുയിർകൊണ്ട നാൾ മുതൽ
വെള്ളവും വളവും പകർന്നേകി ദിനംപ്രതി,
വേരുകൾക്കൂർജവും ദൃഢതയും പകരുവാൻ
പൂർവികർ നടത്തിയ ശ്രമമൊക്കെ വൃഥാവിലോ ?
ഏറെ വളക്കൂറും മേന്മയുമുള്ളൊരീ
മണ്ണിന്നഗാധതയിലാഴ്ന്നിറങ്ങി വേരുകൾ,
വായുവും, വെള്ളവും, വളവും നുകർന്നൊരു
തണൽ ശാഖിയായ് മാറുവാൻ കാത്തൊരാ നാളുകൾ.
പൂത്തും, തളിർത്തും, കായ്ച്ചങ്ങും മേൽക്കുമേൽ
കരുത്താർന്നു വന്നെന്റെ ശാഖോപശാഖകൾ,
തണലേകിയെന്നിലേക്കാശ്രയമായ് വന്ന
നിരവധി നിരാലംബ ജന്മങ്ങൾക്കായ് ഞാൻ.
ആശ്രയം പാർത്തു ചേക്കേറിയോരെന്നുടെ,
ചില്ലകളിലിരുന്നു നൽ സ്തുതിപാഠകരായ്,
പരാശ്രയ ജീവികളെന്നതോർക്കാതെയെൻ വേരുകളിറ്റിച്ചു നല്കിയെന്നാത്മാംശം.
കുളിരേകി നിന്നൊരെൻ ചില്ലകളിന്നിപ്പോൾ
വാടിക്കരിഞ്ഞങ്ങൊടിഞ്ഞു പോകാറുമായ്.
വിസ്തൃതമാമൊരു പന്തലൊരുക്കിയ പാവമാം തണൽ വൃക്ഷം വേരറ്റു വീഴാറായ്.
കൊത്തി നുറുക്കിയും, വെട്ടി മുറിച്ചുമീ
പാഴ്‌വൃക്ഷത്തിൻ കാതൽ നോക്കിടുവാൻ
വെമ്പൽ കൊണ്ടീടുന്ന ജീവഗണമൊരു
ദുർദ്ദശമാത്രമാണെന്റെയീ ജന്മത്തിൽ.