ഒരു സൈനികന്
By Rema Prasanna Pisharody, Bangalore
============================== ============
ഞാനുറങ്ങുമ്പോളുറങ്ങാതെ കാവലായ്
വാതിലിൽ നിൽക്കുന്ന ധീരനാം സൈനികാ!
ഒരോ പ്രഭാതത്തിലും മിഴിക്കോണിലായ്
നീ തെളിയ്ക്കുന്ന സുരക്ഷാവിളക്കുമായ്;
നേരതിരിൽ നീയെനിയ്ക്കായിയുണ്ടെന്ന
നേരിൻ്റെ മുദ്രാങ്കിതങ്ങളുണ്ടെങ്കിലും
ഒരോ ദിനത്തിൻ തിരക്കിലും നിന്നെ ഞാൻ
ഓർമ്മിക്കുവാനായ് മറന്നു പോമെങ്കിലും
ജീവന്റെ ജീവനിൽ നിൻ സ്നേഹബന്ധിത-
ധീരസ്പർശം, പരിത്യാഗം, ദയാകണം
ദൂരെ മുൾവേലികൾ, ഗന്ധകം പൂക്കുന്ന
താഴ്വരകൾ, ശൈലശൃംഗം, സമുദ്രങ്ങൾ
മേൽക്കൂരയില്ലാതെയാകാശമാകുന്ന
സാക്ഷ്യപത്രങ്ങളിൽ നീ ജ്വലിച്ചീടവേ;
കൂട്ടിനായ് സൂര്യൻ, പകൽ തീവ്രമദ്ധ്യാഹ്നം
രാത്രി, ശരറാന്തലേറ്റുന്ന താരകൾ
മഞ്ഞും, തണുപ്പും, സിരാപടലങ്ങളെ
നിർമ്മമാക്കുന്നൊരേകാന്തഭാവവും
എല്ലാം സഹിക്കുന്നു നീയെനിയ്ക്കായ്
എന്റെ പുണ്യം നിനക്ക് ഞാൻ ദാനമേകീടുന്നു.
ഞാനെഴുതുമ്പോഴും, പാതയോരങ്ങളിൽ
കാവലുണ്ടെന്നൊരു ബോധമില്ലെങ്കിലും
നീ രക്ഷകൻ, നിനക്കേകുവാൻ ഞാനെന്റെ
പ്രാണനിൽ തൊട്ടെഴുതിന്നീക്കുറിപ്പുകൾ
ഓരോ വസന്തവും, ആഘോഷഹർഷവും
ഞാൻ പകുക്കുന്നെന്റെ സൗഖ്യസൗധത്തിലായ്
നീയോ മഹായോഗമെന്ന പോലീ-ഋതു-
ഭേദങ്ങളെ നെഞ്ചിലേറ്റി ലാളിക്കുന്നു..
ഓണം, ബിഹു, ഗുഡി പാദ്വയും ഞങ്ങളീ
സ്നേഹഗൃഹങ്ങളിൽ സ്നേഹിച്ചു തീർക്കവെ,
നീയങ്ങകലെയാ രാജ്യാതിരിൽ യുദ്ധഭീതിയും
മഞ്ഞും നുകർന്നലിഞ്ഞീടുന്നു..
ഞാനുറങ്ങുമ്പോളുറങ്ങാതെ കാവലായ്
വാതിലിൽ നിൽക്കുന്ന ധീരനാം സൈനികാ!
നിൻ്റെ രക്തത്തിൻ മഹാത്യാഗബിന്ദുവിൽ
നിന്നെ പുതയ്ക്കും ത്രിവർണ്ണവർണ്ണങ്ങളിൽ
എന്നുമോർമ്മിക്കാനനശ്വരത്വത്തി ൻ്റെ
നിർണ്ണയം പോലെ നീ മുന്നിൽ നിന്നീടവെ
നീയറിഞ്ഞീടുക ഓർമ്മിക്കുവാനായി
ഞാനെഴുതുന്നീ ദിനാന്ത്യക്കുറിപ്പുകൾ
============================== ============
(ഗന്ധകഗന്ധമുള്ള അതിരുകളില്ലായിരുന്നെങ്കിൽ എന്ന സ്വപ്നത്തിനപ്പുറം യാഥാർഥ്യം ഒരു നോവായി നമുക്ക് മുൻപിലുണരുമ്പോൾ രാജ്യാതിരുകൾ മഞ്ഞും മഴയും വെയിലുമേറ്റ് സംരക്ഷിക്കുന്ന ഒരോ സൈനികനുമുള്ള സമർപ്പണമാണ് ഈ കവിത)
സൈനികന് കാവ്യഹാരം കൊണ്ടൊരു സ്നേഹാദരം .. നന്നായി
മറുപടിഇല്ലാതാക്കൂ