ശവപ്പെട്ടികൾ ചിരിക്കുമ്പോൾ
........................................................
രചന:ജോസഫ് ജെന്നിംഗ്സ് എം.എം
........................................................
"ജനിച്ച നാളിൽ കുറിച്ചുവച്ചിതാ
മരണമെത്തുന്ന സമയവും എൻ കൈകളിൽ
വിറയാർന്ന ഹൃദയം നീരസത്തോടെ
എതിരേറ്റു മരണമാം പ്രഹേളികയെ...
എത്തിയിതാ എൻ മരണനേരം
ദിക്കുകളിലെല്ലാം മുഴങ്ങി മരണമണികൾ
എൻ ചേതനയറ്റ ശരീരം വെൺശീലയിൽ
പുതച്ചു, കൈകാലുകൾ കെട്ടിയൊതുക്കി....
അരണ്ട ഇടനാഴികളിൽ വെള്ളിവെളിച്ചം ചിതറിയപ്പോൾ,
എൻ ആത്മാവ് ഈ ദേഹം വിട്ട് മേലേക്കുയർന്നു...
വാങ്ങിയിതാ ആറടി മണ്ണിൻ അവകാശിയാകാൻ
മരത്തിൽ പണിതെടുത്തൊരു ശവപ്പെട്ടിയും
ചിരിക്കുന്നു പെട്ടിയും ഉള്ളിലൊതുക്കി
അണിയിച്ചുവല്ലോ അതിനുള്ളിൽ പനിനീർപൂക്കളാൽ....
എൻ ശരീരമിതാ പോകുന്നു പെട്ടിയിൽ
എൻ ഞെരമ്പുകൾ വലിഞ്ഞു മുറുകുന്നു
അസ്ഥികളെല്ലാം നുറുങ്ങിയോ അതിനുള്ളിൽ
വീർപ്പുമുട്ടുന്നു നൽ ശ്വാസത്തിനായ്....
പോകുവാൻ വയ്യ, പോകുവാൻ വയ്യ
ഈ കറുത്തിരുണ്ട കുഴിയിൽ തപ്പിത്തടഞ്ഞ്
ചുറ്റും നോക്കിയിതാ കണ്ടില്ല പ്രിയരെ
കാണുവാനാകില്ല ഈ കണ്ണുകൾക്കിനിയും...
...ജോസഫ് ജെന്നിംഗ്സ് എം.എം...