പെങ്ങളോട്.....
••••••••••••••••
രചന:കമർ മേലാറ്റൂർ
................
മഴയൂഞ്ഞാലിൽ
തുള്ളിയാടിയൊരു പെങ്ങളുകൊച്ച്,
നൂലറ്റ പട്ടം പറന്നുപോയപ്പോൾ
കണ്ണീർ തൂവിയിരുന്നു.
പട്ടത്തോടൊപ്പം നൂലറ്റ്
അവൾ പോയത്
ഏത് കണ്ണെത്താത്ത
മാമരകൊമ്പത്തേക്കാണ്?
പെങ്ങളേ
ദൈവമല്ല നിന്നെ പ്രസാദമൂട്ടിയത്,
ചെകുത്താന്മാർ തന്നെ; ദൈവസാക്ഷ്യത്തിൽ.
പെങ്ങളേ
ഇത് ദൈവത്തിൻ സ്വന്തം നാട്,
ചെകുത്താന്റെ നാടാക്കാനും
ഇവിടൊരു കൂട്ടർ;
പരദേശിയായ് വന്നിട്ടും വിടാതെ
നിന്നെ രുചിച്ചവർ.
ഇരുട്ടിലൊരു റെയിൽപ്പാളത്തിൽ
പെങ്ങളേ നീ
നിലവിളിയൊരൊറ്റക്കയ്യൻ
ചെന്നായിൽ പിടഞ്ഞുതീർന്നവൾ.
കനലുതിരുന്നൊരീ താഴ്‌വാരത്ത്
ഞാൻ കൂട്ടിരിക്കാം
പെങ്ങളേ
ഇനിയൊരു നിഴൽ നിന്നിൽ
ആസക്തിയാവില്ല.
കണ്ണിലൊരു കനൽ ബാക്കിവെച്ച് ഞാൻ
ഈ ഇരുൾവീഥിയിൽ
സ്വയമെരിഞ്ഞുതീർന്നിടാം
നിനക്കു വെട്ടമായിടാം;
പെങ്ങളേ
നിനക്കു ഞാനൊരു വ്യക്തമാം
"ആൺമതിൽ" ആയിടാം.
•••••••••••••••••••
കമർ മേലാറ്റൂർ
••••••••••••••••••
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ