*കിളിയോട്*
..........................
രചന:അച്ചു കിഴക്കേപാലയ്ക്കൽ
...............................................
കുഞ്ഞു പൈങ്കിളീ നിന്നെത്തൊടാനെനി-
ക്കെത്ര മോഹമായെൻ കരം നീട്ടി ഞാൻ
എത്ര ഞാനടുത്തെത്തിയെന്നാകിലും
അത്ര ദൂരേക്കകലുന്നതെന്തു നീ?
നിന്റെ ലോലമാം കുഞ്ഞു കപോലങ്ങൾ
നോക്കി നില്ക്കുവാനെന്തെന്തു ചാരുത !
നിന്റെ കുഞ്ഞിളം ചുണ്ടിൽ നിന്നോമനേ...
പുഞ്ചിരിപ്പാലമൃതു ചൊരിയുമോ?
ഒന്നടുക്കുവാൻ ഒന്നു തലോടുവാൻ
ഒന്നുമിണ്ടുവാൻ പോലുമരുതെങ്കിൽ...
എന്തിനിങ്ങനെയീ ജാലകത്തിലൂ-
ടെന്നെ നോക്കിയിരിക്കുന്നു നീ വൃഥാ?
എന്റെ പൈങ്കിളീ ഒന്നിങ്ങണയുമോ?
എന്നരികത്തു തെല്ലൊന്നിരിക്കുമോ?
മധുരമാം നിന്റെ നാദത്തിൽ നിന്നൊരു
നല്ല താരാട്ടുപാടിയുറക്കുമോ?
*അച്ചു കിഴക്കേപാലയ്ക്കൽ*
നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ //
മറുപടിഇല്ലാതാക്കൂപ്രോത്സാഹനത്തിന് നന്ദി
ഇല്ലാതാക്കൂ