കുഞ്ഞുറുമ്പുകളുടെ ആകാശം.
•••••••••••••••••••••••••••••
രചന:കമർ മേലാറ്റൂർ
.........................................
ഫസ്റ്റ്ബെല്ലടിക്കുമ്പോഴാണ്
ഖാദർക്കാക്ക് മുട്ടായിക്കുപ്പീന്ന്
ഒഴിവുകിട്ടുന്നത്,
ബീഡിക്കുറ്റി കത്തിക്കാൻ.
സൗദാമിനിടീച്ചർ അസംബ്ലിയിൽ
സ്നേഹം വിതറുമ്പോഴാണ്
വരികളിലേക്ക് ഓരോരുത്തരങ്ങനെ
വന്നുചേരുന്നത്.
ആയിശുമ്മ കഞ്ഞിപ്പുരയിൽ
ചെമ്പിലേക്ക് വെള്ളമൊഴിക്കുമ്പോഴാണ്
രണ്ടാംബെല്ലടിക്കുന്നത്.
ഒന്നാംപിരിയഡിൽ ജയശ്രീടീച്ചർ
തിങ്കളും താരങ്ങളും
തൂവെള്ളിക്കതിർ ചിന്നി
അബൂട്ടിയുടെ മൊട്ടത്തലയിൽ
രാജൻ പെൻസിൽ കൂർപ്പിച്ചു.
രണ്ടാംപിരിയഡിൽ ശ്യാമളടീച്ചർ
ഒന്നും ഒന്നും രണ്ടെന്നും
ബല്ല്യൊന്നെന്ന് ബഷീർ പറഞ്ഞെന്ന്
മൊയ്തീന്റെയും ബാബുവിന്റെയും
മൂക്കിളയൊന്നിച്ചൊലിച്ച്
മേൽചുണ്ടുകളെ മുറിച്ചുകടന്നു.
മൂന്നാംപിരിയഡ് അറബിക്ലാസ്സിൽ
പുറത്തുപോവാൻ
ബാബുവിന്റെയും ജലജയുടെയും
കാലുകൾ തിരക്കുകൂട്ടി
കുഞ്ഞായിശാന്റെ സ്ലേറ്റിൽ
ഏതോ കാൽ ചെന്ന്
'അലിഫി'നെയും 'ബാഅ്'നെയും
പൊട്ടിച്ചിട്ടു.
ഉച്ചച്ചോറിന്റിടവേളയിലാണ്
ടിഫിൻബോക്സിലെ ഓംലറ്റിനും
പൊരിച്ച മീനിനും മുന്നിൽ
ചെറുപയർ ചൂളിനിൽക്കാറുള്ളത്.
പിന്നെ , പങ്കുവെച്ച്
ചെറുപയറും ഓംലറ്റും മീനും
കെട്ടുപിണയുന്നത്.
സ്കൂൾമുറ്റത്തെ ചെളിക്കെട്ടിൽ
അലവിയും കൂട്ടരുമടികൂടുന്നത്.
മൂത്രപ്പുരക്കടുത്തെ പുളിമരത്തിന്
ഏറെ കല്ലേറു കൊള്ളുന്നത്.
മുഹമ്മദലിമാഷുടെ ബൈക്കിന്റെ
കാറ്റുപോവുന്നത്.
കഞ്ഞിപ്പുരക്കടുത്തെ ഞാവൽമരം
ഏറെ കുലുങ്ങിമറിയുന്നത്.
പുഴക്കലോളം ചെന്ന കൗതുകം
തിരികെ വരുമ്പോൾ
ചോറ്റുപാത്രത്തിൽ പരൽമീൻ പിടയ്ക്കുന്നത്.
അടുത്ത പിരിയഡിൽ സുഷമടീച്ചർ
സൗരയൂഥത്തിൽ ഒറ്റപ്പെട്ടുപോവുന്നത്.
സൂര്യനും ചന്ദ്രനും വെള്ളത്തണ്ടിൽ
കുതിർന്നില്ലാതാവുന്നത്.
അവസാന പിരിയഡിൽ
പച്ചത്തവളേ വെള്ളം കൊണ്ടാ
തോട്ടിലെ വെള്ളം വറ്റട്ടേ
സ്ലേറ്റിൽ കമഴ്ത്തിയ കൈവെള്ളയിൽ
ഉറവ എല്ലാ എഴുത്തുകളേയും മായ്ക്കുന്നു.
ദേശീയഗാനത്തിന്റെ അവസാനവരി
ഒരു അണമുറിഞ്ഞൊഴുക്കാണ്,
സ്കൂൾഗേറ്റിനു പുറത്തേക്ക്
ഒരു കുഞ്ഞുകടൽ തിമിർത്തൊഴുകുന്നത്
ഉമ്മറപ്പടിയിലിരുന്നമ്മമാർ കാണുന്നു.
കട്ടൻചായയും അരിവറത്തതും
ചൂടാറിയിട്ടില്ല..
••••••••••••••••••••
കമർ മേലാറ്റൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ