പാതിരാവിൽ
----------------------
രചന:ഡോ. പി.വി.പ്രഭാകരൻ.
...............................
പാതിരാവിലിരുട്ടിൽ തളർന്നുറങ്ങാൻ
വാതായനങ്ങൾ തുറന്നിട്ടതു നേരം
നിദ്ര തൻ ദേവി രഞ്ജിതയെന്തിതെന്നോട്
മാത്രികാ പോലും കനിഞ്ഞതില്ലേതുമേ.?.
കൂരിരുട്ടിൻ കരിങ്കമ്പളത്തിനുള്ളിൽ
പാരിടമാകെ മൂടിപ്പുതച്ചുറങ്ങൂ
ഓരിയിട്ടങ്ങുമിങ്ങും കുറുനരികൾ
പാരാതെ പേടിപ്പെടുത്തുമേവരേയും.
ദൂരവേ കാണ്മതില്ലെങ്കിലും, മൂങ്ങകൾ
ഓരമെങ്ങോ ചേർന്നൊരു കോണിലൂഴിയിൽ
ആരവത്തോടെ മൂളുന്നു നീളെ നീളേ
ആ, രവം കേൾപ്പവരതി ഉൾഭീതിതർ.
കാണാവതല്ല തൂവെള്ള മുല്ലപൂവിൻ
പൂണാർന്ന മഞ്ജുള മഞ്ജിമയിരുട്ടിൽ
ഘ്രാണ പ്രഹർഷണമാമതിൻ തൂമണം
ആണമൃത പീയൂഷമെൻ നാസികയ്കേ.
കർണ്ണ കഠോരമാവിധം ചീവീടുകൾ
മണ്ണിലവിടേയിവിടേയങ്ങു ചീറൂ
കർണ്ണങ്ങളിരു കരതലാൽ മൂടി ഞാൻ
കണ്ണുമടച്ചുറങ്ങാൻ കിണഞ്ഞൂ വൃഥാ.
ചോലയിലെ പാലപ്പൂ മണമതേറ്റൂ
പാല മരച്ചോട്ടിലെ യക്ഷകിന്നരർ
ആലസൃമായി രമിപ്പാമവിടേയെ-
ന്നാലോലമെൻ ചിന്തകളോടി ദൂരവേ..
പാത വക്കിലൊരു ശ്വാനനെവിടെയോ
പാതിരാവിലിരുന്നു നീട്ടിപ്പാടുമീ-
യേതു രാഗമെന്നറിയാതെ ഭീതിയാൽ
പാതിയടഞ്ഞു പോയെന്നക്ഷി യുഗളം.
കാളിമയാർന്ന മേഘത്തിൽ പുതഞ്ഞിതാ
ആളേണ്ട മുഗ്ദേന്ദു കറുത്തങ്ങിരിപ്പൂ
ആളിമാരാം താരകങ്ങളുമായതാ
കാള രാവിലിരുട്ടിൽ കേളിയാടിടൂ.
പത്രങ്ങളടിച്ചു കറുത്തോരു വാവൽ
ആതുംഗ വാനമതിൽ പറന്നുയരൂ
ഹേതുവേതാരവത്തിനെന്നറിയാതെൻ
ചേതനയെവിടേക്കോ, അകന്നു പോകൂ.
മുറ്റത്തു മൂലയിൽ മിന്നാമിനുങ്ങുകൾ
തേറ്റമങ്ങുമിങ്ങുമൂയലാടിയാടീ
ഇറ്റുവെട്ടമേകിയവ കൂരിരുട്ടിൽ
ഏറ്റമൂറ്റം കൊള്ളുമങ്ങു തന്നൊളിയിൽ.
ക്ഷോണിയിൽ തമസ്സാദേവിയെന്തിങ്ങിനേ
ഊർണ്ണ വസ്ത്രമണിഞ്ഞിരിപ്പൂവിതേപോൽ?.
കാണുമോ തൂവെള്ള പൂഞ്ചേല ധരിച്ചൂ
ചേണാർന്ന പൂമ്പുലരിയിങ്ങൂ ഝടിതീ ?.
രണ്ടു മൂന്നു മണിക്കൂറിനുള്ളിലേവം
വീണ്ടും വിരിയുമേ ചെമ്പക മുകുളം
തണ്ടലർ പൂത്തുലഞ്ഞു വരും ജഗത്തിൽ
കൊണ്ടാടുമീ തുമ്പപ്പൂമ്പുലരിയായീ.
ഡോ. പി.വി.പ്രഭാകരൻ. (വൃത്തം : കാകളി)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ