വെള്ളിലച്ചെടിയിലെ കരിങ്കായ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
രചന: സാദിർ തലപ്പുഴ Sadir Thalappuzha
------------------------------------------
അഞ്ചാം ക്ലാസ്സിലാണവൻ വന്നത്.
വില്ലേജാപ്പീസറെ മോൻ
വിനോദ് കുമാറാ പറഞ്ഞത്
ഓൻ പണിയൻ കുട്ട്യാണെന്ന്.
വീട്ടിൽ
പിന്നാമ്പുറത്ത്
കഞ്ഞി കുടിക്കാൻ വരുന്ന
പണിച്ചിപ്പെണ്ണ്‍ങ്ങളുടെ
പകപ്പോടെ
പുറകിൽ
ബെഞ്ചിൻറെ മൂലക്ക്
അവനിരുന്നു.
അഞ്ചാം ക്ലാസ്സൊരു
വെള്ളിലച്ചെടിയാണ്.
വെള്ളിലച്ചെടിയിൽ
തുടുത്ത കരിങ്കായ.
എല്ലാരുമവനെ
പണിയൻ ഗോപീന്ന് വിളിച്ചു.
മാവിലേക്കുള്ള ഒറ്റയേറിൽ
ഒരു കുല മുഴുവൻ താഴെ വീഴ്ത്തും.
ഒറ്റാന്തടിപ്പാലം
ഒറ്റക്കാലിൽ ചാടിക്കടക്കും.
ഞാൻ
ഒറ്റയ്കിരിക്കുമ്പോൾ
ഗോപിയായി.
ഒറ്റക്കാലിൽ
ഒറ്റാന്തടിപ്പാലം ചാടി
തോട്ടിൽ വീണു.
ഏറുകൾ ഉന്നം തെറ്റി
ലക്ഷ്മിയേടത്തിയുടെ
ഓടുകൾ പൊട്ടി.
എന്നിട്ടും
ഉള്ളിൻറെയുള്ളിൽ
ഗോപിയായി.
ഇന്റർവെല്ലിൽ
എൻറ്റെം ഗോപീൻറ്റെം പല്ലിൽ
കുട്ടേട്ടന്റെ പീട്യേലെ
വല്ലമുട്ടായി ഒട്ടി.
ഒട്ടിയ പല്ല് കാട്ടി
അവനെന്നോട് ചിരിച്ചു.
എല്ലാരുമവനെ
പണിയൻ ഗോപീന്ന് വിളിച്ചു.
ഓട്ടുമ്പുറത്ത് കേറി മൂലോടിളക്കി
ആറ് ബിയിലെ ചോർച്ച മാറ്റും.
പ്രഭാകരൻ മാഷ് വരുമ്പോഴേക്കും
ഒരു കെട്ട് പാണൽ വടി
ക്ലാസ്സിൻറെ മൂലക്ക് കുത്തിച്ചാരും.
ക്ലാസ്സടിക്കുന്ന ചൂല് ദിവസവും
മൂന്ന് മൈൽ അകലെയുള്ള
പണിയപ്പുരയിലേക്ക്
കൊണ്ടു പോയി കൊണ്ട് വരും.
സബ് ജൂനിയറിൽ ജില്ലാ ചാംബ്യനായി
അസംബ്ലിയിൽ
മെഡലണിഞ്ഞു നില്ക്കും.
കുന്നിൻറെ മോളിലെ
ഒറ്റ മരം പോലെ
എല്ലാ പിരീടിലും
ബെഞ്ചിൽ കേറും.
വിജയൻ മാഷ് കഴുതേന്നു വിളിക്കും.
ഡെയ്സി ടീച്ചർ
പോക്കുക്കാന്റെ റേഷൻ പീട്യേന്ന്
മണ്ണെണ്ണ വാങ്ങിപ്പിക്കും.
ബാക്കി വാങ്ങാതെ വന്നാൽ
കറുത്ത ചെവിയിൽ
ചുവന്ന
ഒറ്റക്കടുക്കനിട്ടു കൊടുക്കും.
വില്ലേജാപ്പീസറെ മോൻ
വിനോദ് കുമാർ
ബെഞ്ചിൽ തൂറുന്ന ദിവസം
രോഹിണിട്ടീച്ചറുടെ കല്പ്പന പ്രകാരം
സങ്കടക്കണ്ണ്‍ കൊണ്ട് എന്നെ നോക്കി
കിണറ്റിങ്കരെ കൊണ്ട് പോയി
വിനോദ് കുമാറിനേം
തൂറിയ ബെഞ്ചും കഴുകും.
ആറിലേക്കും ഏഴിലേക്കും
വെള്ളിലക്കുട്ടികൾ തെഴുത്തു.
കരിങ്കായ
അഞ്ചാം ക്ലാസ്സിലേ കൊഴിഞ്ഞു.
മുളച്ചോ..,
ഉറുമ്പരിച്ചോ….,
ആവോ..?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ