അമ്മയ്‌ക്കൊപ്പം
------------------------
ഹേ സൂര്യാ
നിന്റെ കണ്ണിനകത്തെ ചോരത്തുള്ളികൾ കണ്ടും
നിന്റെ നെഞ്ചിനകത്തെ ചെറുകാളിമ ചാലിച്ചും
നീ വരയ്ക്കും നിഴലുകളുടെ വൈരൂപ്യമറിഞ്ഞും
നിന്നെ മറയ്ക്കും മതിലുകളുടെ ഭീമാകൃതിയിൽ
തളർന്നും
നിന്നു പോയ് ഞാൻ
നിർന്നിമേഷനായ് ഒരു മാത്ര നേരം.
വീണ്ടും കറങ്ങുന്നു ചക്രം
നിന്റെയാകർഷണത്തിന്റെ വൃത്തം!
എത്ര നാളായ്ക്കറങ്ങുന്നൂ
വൃത്തങ്ങളെണ്ണിയാലെത്തില്ല
ഓരോ നിമേഷവും ഭൂമി നിന്നെ
വലംവച്ചു നീങ്ങവേ
ഉള്ളിൽ കൊതിച്ചൂ വൃഥാ
നിന്നിലേക്കുള്ള ദൂരം കുറഞ്ഞുവോ
നിന്നിലെ കെട്ടടങ്ങാത്ത ജ്വാലയിൽ
ഞാനും ലയിക്കുമോ, എന്നെങ്കിലും
ഞാനും ജ്വലിക്കുമോ ദേവാ?
ഇങ്ങകലേ, ഈ മൺകുടിലിന്റെ
മുറ്റത്തു
ഈറനുടുത്തെന്റെ അമ്മ
പൊന്നുഷസ്സന്ധ്യയിൽ
ദീപം കൊളുത്തി കൈ കൂപ്പി
പാതിയടഞ്ഞ മിഴികളാൽ
ഈരേഴു ലോകവും കണ്ട്
നിന്നെ സ്തുതിച്ചകക്കാമ്പിൽ
നിന്നെ കുടിയിരുത്തുമ്പോൾ
ഹേ സൂര്യാ
ആശിച്ചു പോയി ഞാൻ
അമ്മതൻ മിഴി നീരിലലിയുവാൻ
അവരുടെ കയ്യിൽ നിന്നൊരിറ്റു മാമുണ്ണുവാൻ.
വാൽക്കിണ്ടി മെല്ലെ, ച്ചരിച്ചമ്മ
കൈകുമ്പിളിൽ കോരിയെടുത്ത
കുളുർമയും തീർഥവും കൃഷ്ണതുളസിയും
ശാന്തി തൻ മന്ത്രാക്ഷരങ്ങൾ ജപിക്കവേ
സപ്ത വർണങ്ങൾ തെളിഞ്ഞൂ, തമസ്സിന്റെ
കൺമുന മെല്ലെയടഞ്ഞു
കുമുദിനീ നാഥന്റെയുള്ളം തുടിച്ചൂ
കൈകൂപ്പി താരകൾ സാന്ധ്യ
കീർത്തനം ചൊല്ലീ
നമോസ്തുതേ.
ഹേ സൂര്യാ
മോഹിച്ചു, ഞാനും തുഷാരമായെങ്കിൽ
ഞാനെന്റെ സ്വപ്നത്തിലിത്തിരി നേരം
മയങ്ങിയെങ്കിൽ!
(ചാപല്യമോ മനശ്ചാഞ്ചല്യമോ?)
നേരമില്ലാ പ്രഭോ ഭൂമിയോടൊപ്പം
തികയ്ക്കണം വൃത്തം
നിൽക്കട്ടെ, യീ യാത്രയാൽ
നിന്നിലേക്കുള്ള ദൂരമെങ്ങാൻ
കുറഞ്ഞെങ്കിലോ,
ആവർത്തനത്തിൻ വിരസത മാറ്റി
പുതു പാതകൾ തീർന്നെങ്കിലോ!
=========
By-അജയ് നാരായണൻ
By-അജയ് നാരായണൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ