പൂക്കൾ
-------------
കുഞ്ഞിന്റെ കണ്ണുകളിൽ വിരിയുന്ന
നക്ഷത്രപ്പൂക്കളെ
കണ്ടിട്ടുണ്ടോ
ആകാംക്ഷയുടെ ഗന്ധം നിറഞ്ഞ
ആ പൂക്കളെ
പോലെയാണല്ലോ എന്റെ മനസ്സും
ഇന്ന് മരണത്തെ കാത്തിരിക്കുന്നത്!
അതല്ല വേണ്ടതത്രേ,
നിസ്സംഗനായി
സർവം ത്യാഗിയായ
സന്ന്യാസിയുടെ നിർവാണമാർഗമല്ലോ
മരണം!
തേരിന്റെ ചക്രങ്ങൾ കറങ്ങുന്ന
ശബ്ദമണഞ്ഞാൽ
ആത്മാവിനുണരാം
ജീർണിച്ച തേരുവിട്ടിറങ്ങാം
കാലത്തിന്റെ ഗുഹാമുഖത്തേക്കു
നൂണ്ടിഴയാം,
അന്ന്
അനശ്വരനാകാം
സ്മൃതിയെ വരിക്കാം.
കൂടുവിട്ടു കൂടുമാറുന്ന
ഒരു ചെപ്പടി വിദ്യയെന്നും
ചിലർ മരണത്തെ
വ്യാഖാനിച്ചൂ.
നേരും നുണയും ഭാവനയും
വേർതിരിക്കാനാവാതെ
ഞാൻ
ചിതലുകൾക്കായ് പുറ്റുകൾ
തീർത്തു
കാത്തിരുന്നൂ, എന്തിനോ...
പാവം,
എന്റെ അമ്മ മാത്രം
തോരാതെ
പെയ്തൊഴിഞ്ഞു.
അവരുടെ സ്വപ്നവും
ഭൂതവും ഭാവിയും
അസ്തിത്വവും
ഒന്നായ് തകർന്നുപോയല്ലോ.
അവരുടെ മഴനൊമ്പരത്തിൽ
വേർപാടിന്റെ ശൂന്യതയിൽ
പേരറിയാ പരിദേവനത്തിൽ
മരണത്തിന്റെ നിർവചനങ്ങളും
വ്യാഖാനങ്ങളും കാഴ്ചപ്പാടുകളും
മൃതിയുടെ
കാവൽക്കാർ മാത്രം
കാഴ്ചക്കാർ മാത്രം!
അമ്മയുടെ നെഞ്ചകം
പിന്നെയും വിങ്ങീ
നിരന്തരം ലാവയൊഴുകീ
അറ്റം കാണാതലഞ്ഞൂ.
മരിച്ച ആത്‌മാക്കൾക്കായ്
കൽവിളക്കും കൊളുത്തി
നിൽക്കുന്ന
സാലഭഞ്ജികകൾ
നോക്കിനിന്നൂ, വെറുതേ,
പിന്നെ
ഇരുട്ടിന്റെ മുഖംമൂടി
എടുത്തണിഞ്ഞു.
അമ്മയെന്നിട്ടും തോരാതെ
ഒഴുകീ,
അതിന്റെ തീരത്ത്
വായ്ക്കരിയ്ക്കായ്
ആത്‌മാക്കൾ
വരികൾ തീർത്തു.
ഞാൻ ഇപ്പോഴും ഇവിടെയീ
മൺകൂനക്കരികെ
പൂവിന്റെ ഗന്ധവും
പേറിയിരിക്കുന്നു
നിശാപുഷ്പങ്ങളോ,
നക്ഷത്രക്കുഞ്ഞുങ്ങൾക്കായ്
താരാട്ടു പാടിത്തുടങ്ങി
ആകാംക്ഷയെ
നിത്യ നിദ്രയിലാഴ്ത്താൻ!
By-അജയ് നാരായണൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ