നനുത്ത ഓർമ്മകൾ
-----------------
കോട വീണു തുടങ്ങിയ വഴിയിലൂടെ ഞാനെന്റെ 'ഗ്രേസിയ' മുൻപോട്ടെക്ക് പായിച്ചു. കുളിരുന്ന തണുത്ത കാറ്റിനെ കാര്യമാക്കാതെ ഇടതൂർന്ന റബ്ബർക്കാടുകൾക്കു നടുവിലൂടെയുള്ളയാ പാതയിലൂടെ ഘനീഭവിച്ചു തുടങ്ങിയ ഇരുട്ടിൽ ഞാനും ഗ്രേസിയും മാത്രം.
ചീവീടുകൾ രംഗം കയ്യടക്കിയിരിക്കുന്നു, ഒരു പ്രത്യേക താളത്തിൽ അവർ അവരുടെ ഗാനമേള തകർത്തുകൊണ്ടിരിക്കുന്നു. റബ്ബർ മരങ്ങളുടെ ഇടയിലൂടെ കല്ലിച്ച നീലിമയിൽ ചില നക്ഷത്രങ്ങൾ ഒരു മിന്നായം പോലെ ഇടയ്ക്കിടക്ക് കണ്ണിറുക്കി കാണിക്കുന്നു.
പ്രകൃതിയിൽ മയങ്ങി വണ്ടിയോടിച്ചു കൊണ്ടിരുന്ന എന്നെ ഉണർത്തിയത് ഒരു കാൾ ആയിരുന്നു.
മോനെ എവിടെയെത്തി? മറുതലയ്ക്കൽ മറിയാമ്മ ടീച്ചർ.
ടീച്ചറെ വന്നോണ്ടിരിക്കുവാണ്, ഉടനെയെത്തും...
ശരിയാണ് ഒരുമണിക്കൂർ കൊണ്ടെത്താനാവും എന്നാണ് കരുതിയത്, ടീച്ചർ പറഞ്ഞിരുന്നു ആ സമയം എത്താനാകില്ലെന്നു, രാത്രിയാകുമെന്നു. ഫോൺ കട്ട് ചെയ്തു ശേഷം കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ഞാനും ഗ്രേസിയും ഓടുന്നതെവിടേക്കാണെന്ന കാര്യങ്ങൾ ഓർത്തത്...
......
ഹെലോ... മറിയാമ്മ ടീച്ചറല്ലേ ?
അതെ, ആരാ..?
ടീച്ചർ, ഞാൻ ജാസിം, rec സ്കൂളിൽ പഠിച്ചതാണ്, ഓർമ്മയുണ്ടോ എന്നറിയില്ല...
മോനേത് ക്ലാസ്സിലായിരുന്നു ?
ടീച്ചർ എന്നെ പഠിപ്പിച്ചിട്ടുണ്ട്, ഇപ്പൊ തിരക്കിലാണോ ?
അല്ല, മോൻ പറഞ്ഞോളൂ...
ടീച്ചറെ ഞങ്ങൾ 2002 ബാച്ച് SSLC ഒരു ഗെറ്റുഗതർ സംഘടിപ്പിക്കുന്നുണ്ട്, ടീച്ചറെ കഷണിക്കാൻ വേണ്ടിയാണു വിളിച്ചത്, ടീച്ചർ ഇപ്പൊ അംഗമാലിക്കടുത്താണെന്നു കേട്ടു ഒന്നു ലൊക്കേഷൻ പറഞ്ഞിരുന്നെങ്കിൽ നേരിട്ടു വന്നു കണ്ടു വിളിക്കാനായിരുന്നു.
അയ്യോ മോനെ ഞാൻ അങ്കമാലി അല്ലായുള്ളത്, പിറവിത്തിനടുത്താണ്. കുറെ ദൂരമുണ്ട് നീ കഷ്ടപ്പെട്ട് വരണ്ടകാര്യല്ല പറഞ്ഞല്ലോ ഇപ്പൊ, അതുമതി...
അല്ല ടീച്ചറെ അതല്ല, ഫോണിലൂടെ അല്ലല്ലോ ക്ഷണിക്കേണ്ടത്, നേരിട്ടു ക്ഷണിക്കുന്നതല്ലേ അതിന്റെ മര്യാദ?
അല്ല മോനെ ഇത് കുറേ ദൂരമുണ്ട്...
സാരല്ല ടീച്ചറെ, ഞാൻ വന്നു കണ്ടോളാം, ജോലിയുമായി ബന്ധപ്പെട്ടു ഞാനിവിടെ രണ്ടുദിവസമായിട്ടു അങ്കമാലിയുണ്ട്, ടീച്ചർ ഒന്നു സ്ഥലം പറഞ്ഞുതരുമോ, ബുദ്ധിമുട്ടില്ലെങ്കിൽ ?
അയ്യോ എനിക്കെന്തിനാ മോനെ ബുദ്ധിമുട്ട്? ഇത്രയും ദൂരം കഷ്ടപ്പെട്ട് വരണ്ട കാര്യല്ലലോ എന്നോർത്തിട്ടാണ്...
അതു സാരല്ല ടീച്ചറെ, ഞാനിന്നു എന്തായാലും ടീച്ചറെ കണ്ടിട്ടേ പോകുന്നുള്ളൂ...
നിനക്ക് അത്ര നിർബന്ധമാണേൽ നീ വാ...
....
സമയം വൈകുന്നേരം 5.10, ടീച്ചറുടെ വീട് ലക്ഷ്യമാക്കി ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. വഴിനീളെ മോഹൻലാൽ പറഞ്ഞത് പോലെ 'ചോയിചോയിച്ചു' പോയി. ഒരുപാട് ദൂരം പോകുന്നപോലെ. എത്രനേരം വണ്ടി ഓടിച്ചിട്ടും എത്താത്തപോലെ. ഒരുതരം സന്തോഷവും അമ്പരപ്പും ഒക്കെകലർന്ന ഒരു പ്രത്യേക വികാരം.
ഇപ്പോൾ സമയം 7.10 ആയിരിക്കുന്നു, 2 മണിക്കൂറായി വണ്ടിയോടിക്കാൻ തുടങ്ങിയിട്ട്. ചെറിയ ചുരങ്ങളും, ഭാരതപ്പുഴയുടെ നെഞ്ചകം പിളർന്ന പാലവും, ബ്ലോക്കുകളും, അറ്റകുറ്റപ്പണികൾ നടത്തിയെന്നപേരിലുണ്ടാക്കിയ റോഡിലെ ഗർത്തങ്ങളും, കീറിയ പാന്റ് തുന്നിച്ചേർത്തപോലെ ടാറിട്ട റോഡുകളും താണ്ടിയാണിപ്പോൾ ഞാനീ റബ്ബർക്കാടുകൾക്കിടയിൽ എത്തിയിരിക്കുന്നത്.
....
അടുത്തുകണ്ട കവലയിൽ ഞങ്ങളുടെ ക്ഷണക്കത്തിടാനുള്ള കവറിനായി കയറി, അവിടെയൊരു സ്ത്രീയും അവരുടെ ഭർത്താവും, ഭർത്താവു കവർ എടുക്കുന്ന സമയം ആ സ്ത്രീയെന്നോട് സംസാരിച്ചു തുടങ്ങി. ഒരുപാട് കാര്യങ്ങൾ അവർ സംസാരിച്ചു. ക്രസിതീയ വിശ്വാസികളായ അവർ എന്തോ വലിയ സ്നേഹത്തോടെയാണ് എന്നെ കേട്ടതും സംസാരിച്ചതും. ഏഴര മണിയായിക്കാണും ടീച്ചർ വീണ്ടും വിളിച്ചപ്പോൾ അവരാണ് സംസാരിച്ചത്, വഴിചോദിച്ചു മനസ്സിലാക്കി എനിക്കു പറഞ്ഞു തന്നു, അവിടെ നിന്നും പിന്നെയും ഒരു 28 Km ഉണ്ട് ടീച്ചറുടെ വീട്ടിലേക്കു.
ഒരിരുപത് മിനുട്ടോളം ആ സ്ത്രീയോടും ഭർത്താവിനോടുമായി സംസാരിച്ചു, നോട്ട് നിരോധനത്തിൽ തുടങ്ങി അന്താരാഷ്ട്ര തീവ്രവാദം കടന്നു അന്ത്യനാളുവരെ ഞങ്ങൾ ചർച്ച ചെയ്തു... പരസ്പരം സന്തോഷമറിയിച്ചു അവിടെനിന്നും യാത്രപറഞ്ഞു... 20 രൂപയുടെ ചെറിയ ഒരുസാധനം വാങ്ങിയതിനുമപ്പുറം ആത്യന്തികമായ ലക്ഷ്യം പരമപ്രധാനമായ ആ 'സ്നേഹമാണ്' അതുമാത്രമാണ് സത്യമെന്ന തിരിച്ചറി വായിരുന്നു ആ കവറിൽ ഞാൻ പൊതിഞ്ഞെടുത്തതു.
....
അവിടെ നിന്നും അവരോട് യാത്ര പറഞ്ഞു ഞാനും ഗ്രെസിയും യാത്രയായി. വീണ്ടും റബ്ബർക്കാടുകളുടെ നടുവിൽ പെരുമ്പാമ്പിനെ പോലെ നീണ്ടു മലച്ചു കിടക്കുന്ന വിജനമായ റോഡിലൂടെ ഞങ്ങൾ നീങ്ങി. ഇടയ്ക്കു വല്ലപ്പോളും എതിരെ വരുന്ന വാഹനങ്ങളുടെ 'തല വെളിച്ച'ങ്ങളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഇടയ്ക്കു രണ്ടാവർത്തി ടീച്ചറുടെ കോൾ എന്നെത്തേടിയെത്തി.
പറഞ്ഞു തന്ന അടയാളങ്ങൾ തേടിപ്പിടിച്ചു ഞങ്ങൾ യാത്ര തുടങ്ങി. കവലകളുടെ രൂപങ്ങൾ നാൽകവലകളും മുക്കവലകളും ആയി മാറിമാറിക്കൊണ്ടിരുന്നു. അങ്ങിനെ ഒരു കുഞ്ഞുപള്ളിയുള്ള കവലയിൽ നിന്നും വീണ്ടും മുൻപോട്ടു. അടുത്ത കവലയിൽ നിന്നും ഇടത്തോട്ടേക്കാണ് ഇനി പോകേണ്ടത്.
വീണ്ടും ടീച്ചറുടെ വിളിവന്നു. എവിടെയാണെന്നുള്ള ഉറപ്പുവരുത്തി. അടുത്ത കവലയിൽ നിന്നും വലത്തോട്ടേക്കു കുറച്ചു വരുമ്പോൾ പടിപ്പുരയുള്ള ഒരു വീടുകാണാമെന്നും അവിടെ ഞാൻ പുറത്തു തന്നെ കാത്തിരിപ്പുണ്ടെന്നും ടീച്ചർ ഓർമ്മപ്പെടുത്തി.
അങ്ങിനെ പടിപ്പുരവാതിലുള്ള വീടുകൾക്കായി കണ്ണുകൾ പരതിക്കൊണ്ടിരുന്നു. അങ്ങു ദൂരെ ഒരു സ്ത്രീരൂപത്തെ കാണുന്നുണ്ട്. അത് ടീച്ചറ് തന്നെ, സംശയമില്ല. വണ്ടി നിർത്തിയതും അവരും ഒരു പെൺകുട്ടിയും റോഡിലേക്കിറങ്ങി വന്നു.
എങ്ങിനെ മനസ്സിലായി മോനെ ?
എന്ന ചോദ്യമായിരുന്നു ആദ്യം വന്നതു. മുഖത്ത് സന്തോഷം നിറഞ്ഞു നിൽക്കുന്നു. എന്തുപറയണമെന്നറിയാതെ വാക്കുകൾക്കായി തിരയുന്ന രണ്ടുപേർ, ഒരാൾ വിദ്യാർത്ഥിയും മറ്റൊരാൾ അധ്യാപികയും !
കാലങ്ങൾക്കിപ്പുറം ഇനിയൊരിക്കലും കണ്ടുമുട്ടാനാകില്ലെന്നു കരുതിയിരുന്നവർ ഇന്നു മുഖാമുഖം നിൽക്കുന്നു. പ്രണയവിരഹങ്ങൾക്കു മാത്രമല്ല കൂടിച്ചേരലുകളുടെ അവാച്യമായ അനുഭൂതികൾ സൃഷ്ടിക്കുവാനാവുകയെന്ന തിരിച്ചറിവുകൾ കൂടിയാണാസമയം ഉണ്ടായത്.
ടീച്ചറുടെ കൈകൾ രണ്ടുകൈകൾ കൊണ്ടും ചേർത്തിപിടിച്ചു സന്തോഷം അറിയിക്കുമ്പോൾ വീട്ടിനകത്തേക്ക് ഒരു കൊച്ചു കുട്ടിയെപ്പോലെ ക്ഷണിക്കുകയാണുണ്ടായത്. ചായയും, ബിസ്കറ്റും, വറുത്തകായയും ടേബിളിൽ വെക്കുമ്പോ 'ചായ തണുത്തു പോയിട്ടുണ്ടാകും' എന്നു പറഞ്ഞതിലൂടെ മനസ്സിലായിരുന്നു ഒത്തിരിനേരമായിട്ടെന്നെ കാത്തിരിക്കുകയായിരുന്നെന്നു.
ഒരുപാട് കാര്യങ്ങൾ കുറഞ്ഞ സമയത്തു പറഞ്ഞു തീർക്കാനാകാതെ, ഭക്ഷണത്തിനായുള്ള ക്ഷണം സ്നേഹത്തോടെ നിരസിച്ചു കൊണ്ടു അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോൾ പടിപ്പുര വാതിലുവരെ അവരും അനുഗമിച്ചിരുന്നു.
ഇനിയും കാണാനാകുമെന്നുള്ള വിശ്വാസത്തോടെ പരസ്പരം യാത്ര പറഞ്ഞിറങ്ങുമ്പോൾ പറഞ്ഞു തീരാത്ത ഓർമ്മകളുടെയും ഇത്തിരി നേരംകൊണ്ട് പകർന്ന സ്നേഹത്തിന്റെയും കരുതലിന്റെയും ശേഷിപ്പികളെ കൂടിയാണ് ഞാൻ കൂടെ കൂട്ടുന്നത്.
നീണ്ടു വളഞ്ഞു പുളഞ്ഞു നീങ്ങുന്ന റബ്ബർക്കാടുകൾക്കിടയിലെ വഴികളെ ലക്ഷ്യം വെച്ചു കോടയെ വകഞ്ഞുമാറ്റി നനുത്ത ഓർമ്മകളുമായി ഞാനും ഗ്രെസിയും വീണ്ടും യാത്രയാരംഭിച്ചു...
- ജാസിം റഹ്മാൻ
❤️👍
മറുപടിഇല്ലാതാക്കൂ