ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2020, മേയ് 25

പുനരുജ്ജീവനം


പുനരുജ്ജീവനം (കവിത)

(അജയ് നാരായണൻ
Box 434, Maseru, Lesotho, 0026663156513; email: agnarayanan@gmail.com)

പാലായനം തുടങ്ങീ ഗൃഹാതുരത്വം
നോവുന്ന ചൂളയിൽ നീറ്റി നീറ്റി 
ജീവനമന്ത്രം ജപിച്ചും മുടിക്കെട്ടിൽ 
സമ്പാദ്യമെല്ലാമൊതുക്കി വച്ചും 
തോളത്തു തൂക്കിയ സഞ്ചിയും, ഭാരിച്ച 
ജീവിതം നേദിച്ച മാറാപ്പുമായ്  
തീരാത്ത നൊമ്പരം ബാക്കിയാക്കി മൽപ്ര-
യാണം തുടങ്ങി, മടക്കയാത്ര!

ഗ്രാമപഥങ്ങളും നാടും നഗരിയും 
കാട്ടു പൂഞ്ചോലയും ഗർത്തങ്ങളും 
താണ്ടിയെൻ പാതി മറഞ്ഞ മുഖവുമായ്  
പാത്തും പതുങ്ങിയും യാത്രയായീ!
ആരാരുമില്ലാതെ ശൂന്യമാം കൽപ്പാത
താണ്ടണം കാതങ്ങളേറെയിനി.

പാദങ്ങളോ വിണ്ടുകീറിത്തുടങ്ങി, യെൻ 
ഭാമിനി പിന്നിൽ നിഴലു പോലെ. 
മോഹിച്ചു, പേരു വിളിക്കയാണോ കാത്തു  
നിൽക്കേണ്ട, തെല്ലും തളർച്ചയില്ലേ? 

തീണ്ടുവാൻ പാടില്ലയാരെയും, മുൻപോട്ടു 
മാത്രമേ കാതരേ വീഥിയുള്ളു 
ആരെയും നോക്കാതെ കാത്തിരിക്കാതെ ന-
ടക്കാം പ്രതീക്ഷതൻ നാമ്പ് തേടി.
കാതരമാം മിഴിക്കോണിൽ തുളുമ്പിയൊ 
നീർക്കണം, നിൻ കുനുചില്ലിയിലും 
വേപഥു പൂണ്ടുവോ പൂംതനുവാകെ വി-
റച്ചുവോ, നെറ്റിയിൽ കണ്ടുവെന്നോ 
തീരാ ചുളിവുകൾ, വേവും വയറ്റിലേ-
യാന്തലാൽ ഭൂമി പിളർന്നുവെങ്കിൽ!

എൻവിളിക്കായ് വൃഥാ മോഹിക്കയോ, മാത്ര –
യെങ്കിലും വിശ്രമിക്കേണ്ടതല്ലേ!
കൈകൊണ്ടിരുമുടി കെട്ടു താങ്ങി, തലയ്-
ക്കായം കൊടുത്തും, വിവശമായും
തോളിലെ മാറാപ്പിൻ ഭാരമൊരുക്കിയും 
പോകാം തൊഴിലിടം ശൂന്യമായി. 
ആധിയും വ്യാധിയും തീരാത്ത ദുഃഖത്തി-
ലാഴ്ത്തും കൊറോണയും വന്നണഞ്ഞെൻ
ശാലയും താഴിട്ടുപൂട്ടിയെന്നാലയം  
ഊഷര ഭൂമിയായ് മാറിയല്ലോ!

പാടിപുകഴ്ത്താൻ പദങ്ങളില്ലായിനി 
പിൻവിളിയാർക്കുവാൻ നാഥനില്ലാ. 
ഒത്തുപിടിച്ചാർത്തു നൃത്തമാടാൻ കളി-
ക്കൂട്ടരില്ല, വേദി ആളൊഴിഞ്ഞു.

മാരി, പേമാരി, മഹാമാരി ഭൂമിയെ 
കൊത്തിവിഴുങ്ങുന്ന ഭൂതമായി 
പാതി മുഖം മറച്ചല്ലോ നടക്കേണ്ടൂ 
പാഴ്‌മുഖം പോലെയെൻ സ്വപ്നങ്ങളും.
വീട്ടിലെത്തേണമെൻ ഭാരങ്ങളെല്ലാമി-
റക്കേണമമ്മേ നിൻ മാറിടത്തിൽ 
ചാഞ്ഞുറങ്ങേണമെന്നച്ഛന്റെ നെഞ്ചിലെ 
തീരാ മിടിപ്പൊന്നു കേട്ടിടേണം!
ഞങ്ങൾ വരുന്നിതാ രാവിന്റെ മക്കളായ് 
ഞങ്ങൾ വരുന്നെന്റെ മണ്ണിലേക്ക്!

നാടുകൾ ശോകവിമൂകം ശ്മശാനമാം 
വീഥികൾ താണ്ടി നഗരങ്ങളിൽ
രാവുറങ്ങാതെ നടക്കയാണത്താണി-
യില്ലാതെ ജ്യേഷ്ഠസഹോദരൻ ഞാൻ!  

യാത്ര, യനന്തമാം യാത്രയിൽ, തോളിലെ 
ഭാണ്ഡത്തിലിത്തിരി റൊട്ടി മാത്രം!
ഭാമിനിയുണ്ട് പിറകിൽ തിരിഞ്ഞൊന്നു
നോക്കില്ലവളൊന്നു വീണു പോയാൽ 
തൊട്ടു വിളിക്കില്ല, വീണാലവളുടെ
മേനി തലോടുവാൻ പാടില്ല പോൽ!

തീണ്ടുവാൻ പാടില്ലയത്രേയശുദ്ധി പ-
ടരുമീ ലോകം തകരുമത്രേ!
ചുണ്ടോടടുക്കില്ലയെൻ മുഖം, പാതിയും
ആഛാദനം ചെയ്തതല്ലേ സഖീ!  

യാത്രയല്ലോയിനി ശൂന്യതയിൽ നിന്നും
ജീവിതം കെട്ടിപ്പടുക്കവേണം
കാതങ്ങളായിരമേറെയുണ്ടേയതി-
ജീവന മന്ത്രം രചിക്കവേണം 
നൂപുര മന്ത്രം ജപിക്കേണമൊറ്റക്കു
വാസന്ത കാലം വരും വരേയ്ക്കും! 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge