*കവിത: സാന്ദ്രമൗനം*
രചന :ഉഷാമുരുകൻ
-----------------
മൗനമേനീയൊരുനീൾനിദ്രാപുഷ്പമായ്
തിരകളായഗ്നിയായ് പ്രണയത്തിനിതളായി
നോവുംമനസ്സിന്റെദു:ഖശരങ്ങളായ്
കണ്ണുനീർപ്പൂക്കളിൽശലഭങ്ങളായിതാ
മൗനത്തിൽമുങ്ങിയചിന്തകളുറങ്ങുന്നു
ഈറ്റുനോവറിയാതെയിരുളിൻമടിത്തട്ടിൽ
ഇരവുകനക്കുമൊരന്ധകാരത്തിന്റെ-
യാത്മദാഹങ്ങൾകടംകൊണ്ടദേഹിയായ്
കാണുന്നുവോനിന്റെകാൽവിരൽപ്പാടുക-
ളിന്നെന്റെചിന്തതൻസ്വപ്നതീരങ്ങളിൽ
മൗനമേ നീനിത്യംതേരോടിക്കുന്നുവോ
മൊഴിയാതെമിഴികളിലെഴുതുംലിപികളിൽ
വാക്കുകൾപൂക്കാത്തമരുഭൂമികളിൽ
ഭാഷമരിക്കുന്നവാചാലചിന്തയിൽ
വേലിയേറ്റത്തിന്റെകാണാക്കയങ്ങളിൽ
ശൂന്യനഭസ്സിലെയഗ്നിഗോളങ്ങളിൽ
മൗനമേനീയെന്നുംചിറകുണർത്തുന്നുവോ
നിതാന്തമാനസനീലവിഹായസ്സിൽ
ആത്മസൗഹൃദങ്ങൾതൻആരാമങ്ങളിൽ
തപംകൊള്ളുംആത്മീയഗഹ്വരവീഥിയിൽ
ചുറ്റമ്പലത്തിന്നകത്തളംതന്നിലും
ചിത്രശിലാപാളിയിൽദാരുശില്പങ്ങളിൽ
മൗനമാംവാനിലുയർന്നുപറക്കുന്നു
വികലമോഹങ്ങളും നൂലറ്റപട്ടമായ്
ആർത്തിരമ്പുന്നൊരാതിരമാലഞൊറികളിൽ
കാവ്യംചമയ്ക്കുന്നമോഹപുഷ്പങ്ങളും
മറവിയുടെതീരങ്ങൾതേടുവതെന്തിനോ
മൗനമേ നിൻമടിമേലുറങ്ങുവാൻ
വറ്റിവരണ്ടൊരുമൗനത്തിൻചൂടിനാൽ
ഉരുകുന്നു ഒടിയുന്നുപ്രതികാരമുൾമുന
മധുരമാംമൗനംവേദിയൊരുക്കുന്നു
ആത്മബന്ധങ്ങളടരാതെകാക്കുവാൻ
സ്വസ്ഥമിരിക്കുമിടവേളകളിലെന്നുമെൻ
തരളമാംഹൃദയത്തിനീണംപകർന്നുനീ
ചെന്തീചിതറുന്നസൗവർണ്ണസന്ധ്യയിൽ
വജ്രംപതിപ്പിക്കുംശീതകിരണനായ്
വാചാലമാകുന്നുവിരഹവുംനിന്നിലൂ-
ടലയടിച്ചുയരുന്നുമോഹസമുദ്രവും
കഥപറയുന്നുനീകനവിന്റെനിനവിന്റെ-
യാത്മഗേഹങ്ങൾതൻതടവറയ്ക്കുള്ളിലും
ആയിരംവേദികളിൽകരഘോഷമേറ്റിടും
നിശ്ശബ്ദതേനീയല്ലോസാന്ദ്രമൗനം
--------------