പെൺകുഞ്ഞ്
...................................
രചന:സ്മിത സ്റ്റാൻലി
......................................
അമ്മേ, നിൻ കുഞ്ഞിതാ ചിരിക്കുന്നു
മോണ കാട്ടി മെഴുമെഴാന്നിങ്ങനെ..
അമ്മ തൻ കണ്ണിലെ വാത്സല്യരശ്മിയിൽ..
പിഞ്ചു കുഞ്ഞിൻ മുഖം പൂ പോൽ വിരിയുന്നു..
താതന്റെ വദനമോ ശോകം നിറയുന്നു
പത്തു മാസം ചുമന്നമ്മ പെറ്റൊരു
കുഞ്ഞിനെ കണ്ടിട്ടും ദുഃഖം പരക്കുന്നു !!
പെണ്ണ് ജനിച്ചതിൻ ശോകം നിറയുന്നു
പെണ്ണിന് പോലും പെണ്ണിനെ വേണ്ടത്രേ !
എന്തിനീ മണ്ണിൽ നീ വന്നു ജനിച്ചു
പെണ്ണിനെ പെറ്റൊരു കുറ്റത്താൽ അമ്മയും
തേങ്ങി കരയുന്നു കാലമേ കാൺക നീ
ആണൊരുത്തൻ ജനിച്ചെന്ന് വന്നാൽ
എല്ലാം നമുക്കിഷ്ടപൂരിതമാകുമോ,
ആണിനും പെണ്ണിനും എന്താണ് വ്യത്യാസം,
ആറടി മണ്ണിനുടമയാണെല്ലാരും
നല്ല മനസ്സിന്നുടമയായ് ജീവിച്ചാൽ
ആണിനും പെണ്ണിനും സ്വർഗം ഈ ജീവിതം.
ഭാര്യയാകാൻ പെണ്ണ്, അമ്മയാകാൻ പെണ്ണ്
മകളുടെ വേഷവും ഭംഗിയായ് ചെയ്തിടും .
ഓർക്കുക ദൈവം തരുന്നൊരു കുഞ്ഞിനെ
തള്ളിക്കളയല്ലേ, ചേർത്തു പിടിക്ക നീ..
ഓമനപൈതലായ് കൂടെ നടത്തു നീ.
സ്നേഹിച്ചു ലാളിച്ചു ഓമനിക്കിന്നു നീ...
ജീവിതം പുഷ്പിച്ചു നിന്നിൽ തളിർക്കട്ടെ..
സൃഷ്ടികൾ എല്ലാം മനോജ്ഞമീ മണ്ണിൽ...
സ്മിത സ്റ്റാൻലി
എരമം, മുപ്പത്തടം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ