ഉണർത്തുപാട്ട്
...................................
രചന:ഡോ.പി.വി.പ്രഭാകരൻ.
വൃത്തം: ദ്രുതകാകളി
.................
വെള്ളിത്തലമുടിക്കുള്ളിലൊക്കെയും,
വെള്ളിടിപോലുള്ള പാഴ്തത്വങ്ങളും.
വെള്ളിരോമത്തിന്നിടയിൽ മുഴുക്കേ
കള്ളപ്രമാണവും മിത്ഥൃബോധവും.
തുള്ളിയതിന്നോ വിലയില്ലാത്തിടം
കള്ളപ്പരിഷകൾ വാഴുന്ന ലോകം !
ഉള്ളാലറിഞ്ഞു ചിരിക്കാനിവിടം
എള്ളോളമില്ലപോൽ ക്ഷമയാർക്കുമേ.
വെള്ളത്തിലൊഴുകും വെള്ളിയോടത്തിൽ
തുള്ളിയിളകും പൊയ്ക്കൊടിക്കൂറകൾ.
നഷ്ടപ്പെടുവാനെന്തു യുവാക്കളേ
കഷ്ടപ്പെടലിൻ ശിഷ്ടങ്ങളല്ലാതെ
ഇഷ്ടപ്പെടു നിങ്ങൾ ഭൂവാസികളേ
തുഷ്ടി വരട്ടേ തവ സോദരുള്ളിൽ
വർഷമങ്ങു തീമഴ പൊഴിച്ചാലും
ഹർഷചിത്തരാവണം നിങ്ങളെന്നും
വൃക്ഷലതകൾ പൂത്തുലഞ്ഞു നീളേ
ഇക്ഷിതി പൂങ്കാവനവുമാവട്ടേ.
വീണ മീട്ടുവിൻ നിങ്ങൾ നീളെനീളെ
ഈണേന പാട്ടുകൾ പാടിടൂ വേഗാൽ
ഏണാക്ഷികൾ കാമിനിമാരെല്ലാമേ
കണ്ണീരുതിർക്കരുതൊരു തുള്ളി പോൽ.
കൈക്കുമ്പിളുകളിൽ ആർദ്രതാ ദീപം
തൈക്കുളിർത്തെന്നലായൊഴുകീടട്ടേ
കർമ്മധീരരേ നിങ്ങൾ തൻ വിശ്വാസ-
മർമ്മരങ്ങൾ മുഴങ്ങട്ടേ പാരിതിൽ.
ഞാണൊലിയായുരട്ടേ യൌവ്വനോർജ്ജം
ക്ഷോണീതലത്തിലങ്ങുമിങ്ങുമെന്നും
ആർത്തട്ടഹാസമുതിർത്തെതിർക്കട്ടേ
മത്തുപിടിച്ച വിത്തപ്രാമാണികർ
കത്തിച്ചുകളയൂ ഓലപ്രമാണം
കത്തിയാളും യൌവ്വനത്തീക്കനലാൽ.
ഡോ.പി.വി.പ്രഭാകരൻ. വൃത്തം: ദ്രുതകാകളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ