🌱🌱🌱ചിന്തകൾ🌲🌲🌲
----------------–----------------------------
രചന: എം കെ എം എടപ്പാൾ
----------------------------------------------
ദു:ഖമാം അഗ്നിജ്വാലയെ കെടുത്താവാൻ
ഒഴുകിയെത്തുന്ന കവിൾ തടത്തിലെ മിഴിനീർ തുള്ളികളെ നോക്കി സഹതപിക്കുന്നതെന്തിനു നീ.....
കണ്ണുനീരൊഴുക്കാതെ കരഞ്ഞു വന്നവരാണൊരിക്കലെല്ലാവരും
അന്നാ കരച്ചിൽ കേട്ടപ്പോൾ കണ്ടവരും കാത്തു നിന്നവരും ചിരിച്ചു നിന്നെങ്കിൽ,
നാളെ നമ്മളെ നോക്കി കരഞ്ഞ് നിൽക്കുന്നവരുടെ മുന്നിലൂടെ
ചിരിച്ചു കൊണ്ടു മടങ്ങാൻ നമുക്കാവണം....
ചരമ കോളങ്ങളിൽ ആണ്ടിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന ചിത്രം കണ്ടു ഓർമിക്കപ്പെടുന്നവനായല്ല നാം മടങ്ങേണ്ടത് .
ജീവിത വഴികളിലെ ഓരോ കാൽപാടുകളിലും നമ്മുടെ സ്മരണ ഗോപുരങ്ങൾ പണിതുയർത്തിയായിരിക്കണം മടക്കയാത്ര.....
ഒടുക്കമില്ലാത്ത യാത്രയ്ക്കായി
നിന്നെ ഒരുക്കി വിടുന്നവരുടെ മുന്നിൽ നിങ്ങളൊരു മഹാ മാന്ത്രികനായിരിക്കണം.
അവർ പിടിച്ചു നിവർത്തിച്ചു വച്ച നിങ്ങടെ വിരലുകൾക്കിടയിൽ പോലും നന്മയുടെ പ്രപഞ്ചങ്ങൾ ഒളിപ്പിച്ചു വച്ചു മലർത്തിപ്പിടിച്ച കൈകളേ കാണിച്ചു മടങ്ങണം.......
സ്വന്തം നിഴൽ പോലും സൂര്യന്റെ ഔധാര്യമാണെങ്കിൽ പിന്നെ സ്വന്തമെന്നു പറയാൻ ഒന്നുമില്ലാത്തവനെന്തിന് സ്വന്തമെന്നും എന്റെതെന്നുമുള്ള അലങ്കാര പദങ്ങളെ നാം എന്തിന് നെഞ്ചിലേറ്റി വഞ്ചിതരാവണം .....
അവസാനം അണിയിച്ചൊരുക്കുന്ന മൂന്ന് കഷ്ണം തുണി പോലും മണ്ണിനോ ചിതക്കോ സ്വന്തമാക്കാനുള്ളതാണെങ്കിൽ
ആത്മാവിനു ഉപകരിക്കാത്തതൊന്നും നമ്മൾ തേടാതിരിക്കുക ....
ആയുസ്സിന്റെ തെരുവോരങ്ങളിൽ വച്ച് കണ്ട് മുട്ടിയ സന്തോഷമെന്ന വിരുന്നുകാർ
നമ്മേ ചതിക്കുന്നവരാണോ എന്ന് നാം പരിശോധിക്കുക , ഇല്ലെങ്കിൽ
ജീവിത ഉമ്മറപടികളിൽ നിന്നവർ വിട പറഞ്ഞിറങ്ങുമ്പോൾ ദുരിതമെന്ന വീട്ടുകാരനായി നാം മാറേണ്ടി വരും നൊമ്പരമെന്ന അയൽപക്കക്കാരനെ
സമ്മാനിച്ചുകൊണ്ടായിരിക്കും അവർ മടങ്ങി പോകുന്നത്.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ