വിഷുപ്പക്ഷി
==================================
കണിമലരുണര്‍ന്നുന്മേഷമായൂഴിയി-
ലരുണോദയങ്ങളതി,രമ്യമായി
വിഷുപ്പക്ഷിതന്‍ ഗ്രാമ്യഗീതംകണക്കെന്റെ-
യുള്ളിലാമോദമുണര്‍ന്നുപാടി
കണ്ണനീ, വര്‍ണ്ണാഭകാലത്തിനോടൊത്തു
കര്‍ണ്ണികാരങ്ങള്‍ക്കൊരീണമേകേ,
ഓടക്കുഴലിനോടൊത്തുയരാനെന്റെ
നാടുമൊന്നാകെക്കൊതിച്ചുനില്‍ക്കേ,
ശാലീനകാലമി,ന്നോണമെന്നോ,ണമെന്‍
ഗ്രാമചിത്തങ്ങള്‍ തെളിച്ചെടുക്കേ,
സ്നേഹാദരങ്ങളാലിതര ഹൃദയങ്ങള്‍ക്കു
മധുരമേകാന്‍ ശലഭങ്ങളെത്തേ,
സുസ്മിതങ്ങള്‍ക്കൊണ്ടലങ്കരിക്കാം നമു-
ക്കൊരുമയോടീമനക്കാവു,ചെമ്മേ;
രാഗാര്‍ദ്രമാലചാര്‍ത്തിത്തെളിയിച്ചുകൊള്‍-
കിരുള്‍വദനങ്ങളൊന്നാകെ,ധന്യേ.
* * * *
ഋതുരാജനാം വസന്തത്തിന്‍ പെരുമകള്‍
ശ്രുതിചേര്‍ത്തുണര്‍ത്തും മധുപജാലം
മിഴിവാര്‍ന്നൊരീണമോടതിലോല പുലരിത-
ന്നലിവാര്‍ന്ന കൈനീട്ടമെന്നവണ്ണം;
അമ്മത,ന്നതിഹൃദ്യ സാമീപ്യമധുരമോ-
ടകതാരില്‍ ബാല്യം തിരിച്ചുനല്‍കേ,
ചന്ദനക്കുറിയണിഞ്ഞണയുന്നു നാടിന്റെ
പൊന്‍കണിയാം വിഷുക്കാലമിന്നും.
* * * *
പുന്നെല്ലിനാലെന്റെ കനവുകള്‍ കവിതയോ-
ടിഴചേര്‍ത്തെടുത്തയാ നല്ലകാലം
നിറമുള്ളൊരോര്‍മ്മയായിന്നുമെന്‍ മുത്തശ്ശി
സ്മിതമോടരികേയുണര്‍ത്തിനില്‍ക്കേ,
കണിവെള്ളരിക്കുമേല്‍ പിടിപോയ കണ്ണട-
പൊടിതട്ടിയൊപ്പമെടുത്തുവയ്ക്കേ,
തൂമഞ്ഞുപോലെന്നെയലിവിന്‍ കരങ്ങളാല്‍
മെല്ലെത്തലോടുന്നു പുലരിയിന്നും!
പാടുന്നിടയ്ക്കീണമായ് മനച്ചില്ലമേല്‍
ചാഞ്ഞിരുന്നാ, വിഷുപ്പക്ഷി വീണ്ടും!!
- അന്‍വര്‍ ഷാ ഉമയനല്ലൂര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ