കൃഷ്ണതുളസി
=====================
ചെറ്റക്കുടിലിലും മന്ദിരമുറ്റത്തും
സ്വച്ഛമായ് നിന്നു വിലസുന്ന ദേവി നീ...
മംഗളേ, വന്ദനമോതുന്നു ചന്ദന-
ത്തെന്നലോടൊത്തർക്കനായ് സുപ്രഭാതത്തിൽ.
ചെത്തിയും പിച്ചിയും ചേലാർന്ന പൂക്കളും
മിന്നിവിലസുന്ന പൂവാടി മദ്ധ്യത്തിൽ
ഒന്നായണിഞ്ഞൊത്തുനിന്നു വിലസുന്ന
ചേലാർന്ന കൊച്ചുതുളസി,യെൻ കണ്മണി.
കത്തിയുരുകിടും വേനലിൻ ചൂടിലും
പേമാരി പെയ്യുമാ മാമഴക്കാലത്തും
അങ്കണമുറ്റത്തീ കൊച്ചുതുളസിയും
പുഞ്ചിരിക്കൊഞ്ചലുമായി വിടരുന്നു.
ദേവന്റെ നെഞ്ചിലെ മാലയായ് മാറുവാൻ
എൻ കരിക്കൂന്തലും ഭംഗിയാക്കീടുവാൻ..
നിന്നോളം സാമർത്ഥ്യമില്ലാ തൊടിയിതിൽ
പൂക്കുമീ പൂവുകൾക്കൊന്നുമേ തെല്ലുമേ
ഔഷധശ്രേഷ്ഠയായ് നീയിവിടുണ്ടെങ്കിൽ
പുഞ്ചിരി മങ്ങില്ലാ കുഞ്ഞുകിടാങ്ങൾക്ക്...
നീർദോഷവും പനിയും തൊണ്ടവേദന
പൊന്തുന്ന കൊച്ചുചുമയ്ക്കും നീയൗഷധം.
സൗന്ദര്യവർദ്ധനം നൽകുന്ന സസ്യമേ
ഓർമ്മയും കൂട്ടും നീ നിത്യവും സേവിച്ചാൽ..
വൃന്ദതൻ മാഹാത്മ്യം ചൊല്ലുമെൻ മുത്തശ്ശി
നിത്യം കൊളുത്തുന്നു ദീപവും ഭക്തിയാൽ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ