തിരയും തീരവും
കടൽകാറ്റിൻ പാട്ടുകേട്ട് നൃത്തമാടും തിരകൾ തൻ കരങ്ങളാൽ
മണൽത്തരികളെ മാറോടുണയ്ക്കും ഒരു പ്രണയിനി യെന്നോണം ഉല്ലോലങ്ങൾ---!
തീരത്തെ തഴുകി പിന്നോട്ടു ഒഴുകി മാടിവിളിക്കുന്നു കൂടെ ഗമിക്കാനെന്ന ആംഗ്യത്തോടെ യെങ്കിലും തീരത്തിനാവില്ലോയെന്നാ നൊമ്പരമറിഞ്ഞതാവാം തിരകൾ തിരികെയെത്തുന്നു വാരി പുണരുന്നു പിൻവലിയുന്നാ മരക്കൊമ്പിൽ ഊയലാടും ശലാകങ്ങൾ പോലെന്നാകിലും
അനുസ്യൂതമണയുന്നു ഉല്ലാസമായ് ഒരു പ്രേമസല്ലാപമായ് വരികിലും
മേലെ, ധൗതവലാഹകകൾ ദൂതറിയിക്കുവാനെന്നോണം ഗഗന വീഥികളിൽ നിരനിരയായി നില കൊണ്ടാ സാഗര നീലിമയിൽ നിമജ്ജനം ചെയ്യുവാൻ ഒരുങ്ങുന്നുവോ അതോ, വിലസിതമായി രമിക്കുവാനോ
പ്രണയബദ്ധരാം തിരയും തീരവും തീർക്കും ധന്യ മുഹൂർത്തങ്ങൾക്ക് സാക്ഷ്യമേകുവാനോ സാഗര നീലിമയിൽ വിലയം പ്രാപിക്കുക്കുവാനോ---?
എന്നിരുന്നാകിലും കല്ലോലങ്ങളപ്പോഴും കരയെ പുണർന്നുകൊണ്ടേയിരുന്നു ധൗതവലാഹകകൾ തൻ ഇംഗിതമറിയാതെ-----!
ധൗതവലാഹകകൾ=വെള്ളി മേഘങ്ങൾ
ബൈജു ജെ തോപ്പിൽ