ഉറുമ്പുകളുടെ വരി (ഗദ്യ കവിത)
(അജയ് നാരായണൻ )
വരിയായി നിൽക്കാം വര തീർത്തു നീങ്ങാം
വരിതെറ്റാ നിഴൽ മാത്രമായിഴയാം
മുൻപിലെയുറുമ്പിന്റെ പൊക്കിൾ കൊടിയുടെ
തുമ്പിൽ പിടിച്ചു നടക്കാം ഇനി
തെറ്റാതെ നിരയായി
വരയായി മാത്രം നടക്കാം!
പിമ്പേയിഴയും ഉറുമ്പിന്റെ നിഴൽ തേടും
പാദ ചലനങ്ങൾ തൻ നേരിയ മർമ്മരം
കേട്ടു നടക്കാം,
ഒരു വരി മാത്രമായ് മാറാം.
പിൻപേ നടന്നും, ജീവന്റെ പുതു രൂപം
നിർവചിച്ചും
നിഴൽപ്പാടകലങ്ങൾ തീർത്തും
യഹോവയെ പാഴ് വാക്കുതിർത്തും
ശപിച്ചും
പുത്തൻ നിയമം രചിച്ചും
മുൻപോട്ടു നീങ്ങട്ടെ ഞാനും!
സ്വർഗീയ ലോകമുണ്ടത്രെയവിടെ!
നേരെങ്കിലോ? നേർത്ത സംശയം
തീർക്കുവാനാരുമില്ലെങ്കിലും
ഞാനും നടക്കുന്നു പിൻപേ!
എന്റെയീയാത്ര, നിരാസം തുളുമ്പും പലായനമോ?
കണ്ടു ശപിക്കട്ടെ സർവ ചരാചരജാലങ്ങളും
മുപ്പത്തിമുക്കോടി ദൈവങ്ങളും.
എങ്കിലും ഒരുമാത്ര നിൽക്കാതെ,
തളരാതെ
മുൻപോട്ടു നീങ്ങട്ടെ ഞാൻ!
പിൻവിളിക്കാരുമില്ല തിരിഞ്ഞൊന്നു
നോക്കുവാനാശയില്ല
വരിതെറ്റാ നിഴലായിഴഞ്ഞിടുമ്പോൾ
ജീവന ഗാഥയുരുവിടുമ്പോൾ
ചിന്ത, വെറുമൊരു പാഴ് വസ്തു
ആരും തൊടാത്ത ജടില വസ്തു
പടം പോലഴിഞ്ഞൂ,
ഞാൻ സ്വതന്ത്രനെന്നോ?
കാണാതുരുക്കൊഴിച്ചോതുന്ന മന്ത്രം
അതിജീവനത്തിന്റെയത്രേ!
നേരെന്നറിയില്ല, നേരവുമില്ലിനി
വരിതെറ്റാതലയണമത്രേ, ക്ഷമയുടെ
വരയായി മാറണമത്രേ!
ജീർണിച്ച മന്ത്രം തിരസ്കരിച്ചും
പുതു ജീവന്റെ
തുടിപ്പിനായ് കാതോർത്തും
മുൻപോട്ടു നീങ്ങുമ്പോഴും
വര മായും നിമിഷത്തിനായി
വരിയില്ലാ മുഹൂർത്തത്തിനായി
കാത്തിരിക്കുന്നു
ഉറുമ്പിന്റെ ജന്മമായ് ഞാൻ
ചെറു തരിമ്പിൻ പ്രതീക്ഷയോടെ!
കാലിലപ്പോഴും വിതുമ്പുന്നു
പൊക്കിൾക്കൊടി തീർത്ത ബന്ധനത്തിൻ
അഴിയാക്കുരുക്കുകൾ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ