ഭൂമി (ഗദ്യകവിത)
(അജയ് നാരായണൻ
Box 434, Maseru, Lesotho, 0026663156513; email: agnarayanan@gmail.comവാസന്ത കാലം വരും വരേയ്ക്കും! )
ഭൂമി
അവൾ അങ്ങനെയാണ്
ഒരേ രാഗത്തിലൊരേ താളത്തിലൊരേ
ഭാവത്തിലൊരേ
സഞ്ചാര പഥത്തിൽ
നിരന്തരം ചലിച്ചു കൊണ്ടേയിരിക്കുമ്പൊഴും
നിമിഷങ്ങളാം ജപമാലയിൽ
എണ്ണിയെണ്ണി ചൊല്ലും, അവൾ
നിത്യ നിരാമയ മന്ത്രം, അതിജീവന മന്ത്രം
‘ഞാനാണു സത്യം സനാതന സത്യം
ഞാൻ തന്നെ ആദിയുമന്തവും’.
ഭ്രമണ രഥത്തിന്റെയൊടുങ്ങാത്ത
ദിനരാത്ര ചക്രങ്ങളുരുട്ടിയും സൂര്യനെ തൊഴുതും
പ്രയാണം ചെയ്യുമ്പോൾ
അതോരോർമപ്പെടുത്തലാണ്!
ഹേ മനുഷ്യാ
പിന്നിലേക്കൊന്നു തിരിഞ്ഞു നോക്കൂ
നിന്റെ കുൽസിതവൃത്തിയാൽ
ചുട്ടുചാമ്പലായ ജന്മങ്ങളെത്രയോ
കണ്ണീരിലൊഴുകീ പിതൃ തർപ്പണം ചെയ്തൂ
പിന്നെ പാലായനം തുടങ്ങീ
നവ വസന്തം തേടിയലഞ്ഞു!
നിർത്തുക നിന്റെയീ ആനന്ദ നർത്തനം
ഇനി നിർത്തുക
നിന്റെയീ കാമനകൾ
നവയുഗം പിറക്കുന്നതറിഞ്ഞില്ലേ
ഈറ്റുനോവിന്നുറവിൽ നിന്നും
ചിതറിയ ലാവയുടെ ചൂടറിയുന്നില്ലേ നീ?
ഇനി നിന്റെയീ ഭാവങ്ങൾ മാറ്റുക, യില്ലെങ്കിൽ
നിൻ തൃഷ്ണയാൽ ഗർഭമെടുത്ത ആസുര-
ജന്മങ്ങളാൽ നീയൊടുങ്ങും!
പുതു താവഴി നാമ്പെടുക്കും
നവലോകം പീലിയുതിർക്കും
അതിൽ, നീ വെറും ബീജമെന്നുള്ള
വർണ്ണക്ഷരങ്ങൾ തെളിയും
നിയതം പോലെ കൽപ്പന പോലെ,
യുഗ പരിവർത്തന ബിംബം പോലെ!
അതിജീവന മന്ത്രമൊരുക്കിയ വലയത്തിൽ
പ്രപഞ്ച കൽപ്പിത വേദിയിലൊരു നർത്തകി പോൽ
ചിരിച്ചു കൊണ്ടേയിരുന്നു മേഥിനി
ചലിച്ചു കൊണ്ടേയിരുന്നു!
-------------------------