നിത്യ യൗവ്വനം.
ആരോർത്തുവെയ്ക്കുന്നു
പണ്ടത്തെ വേവുള്ള,യനുഭവ-
ക്കൂമ്പാര വേദനകൾ;
ഇന്നത്തെ,യാഘോഷ മഞ്ജിമകൾ-
ക്കിടെ ആവോർമ്മയതൊക്കെ
വിവർണ്ണമല്ലേ,
സുഖലോലുപതുളെ,യൂട്ടി വാഴു-
മ്പോൾ വല്ലപ്പൊഴു,മുള്ളം തികട്ടി
നൽകും,
പഴയ നാളിലീ മിഴികൾ വാർത്ത
നിമിഷങ്ങളെ.
ഇനിയൊരു സന്ധിയിലുമുണ്ടാവു-
കില്ലയാ നിണമൂറ്റി വാടിയ്ക്കും
ദുരിതകാലം,
എന്നൊരമിത ദാർഢ്യത്താൽ
ഭജിക്കുകയാണത്രെ ദൈവനാമം
ആ നാമകീർത്തനമ,തെന്നും
സ്ഫുരിപ്പിക്കും സ്ഥിതിയതിനില്ലാ
മാറ്റമിന്നും,
പണ്ടത്തെ ഭവ്യത,യതിന്നേയ്ക്കു
വന്നപ്പോളേറെക്കുറേയൊരു
യാചനയായ്
ഏറുന്ന സങ്കീർണ്ണതകൾക്കിട-
യിലും യൗവ്വന കാംക്ഷയിലൂന്നിയ
യാചന തന്നെ സർവ്വത്രയും.
പരിതസ്ഥിതികളെ,യെണ്ണി -
പ്പറഞ്ഞിട്ടൊരു കാര്യമില്ലെന്നു
തിരിഞ്ഞപ്പോൾ,
കാലം കറുപ്പിച്ച മുടിയിഴകളേ -
യതേ കാല വിക്രിയകൾ
വെളുപ്പിക്കുന്നതിൻ നേർക്കു
കേഴുകയല്ലോ ചില ബുധജനങ്ങൾ
അവരാ,ക്കാലത്തിൻ മുന്നിൽ
നിൽക്കുന്നു നിത്യ യൗവ്വനത്തിൻ
ചിര സ്വപ്ന വാഹകരായ്.
പക്ഷേ.....കാല പുണ്യത്താൽ
കനിഞ്ഞുള്ള പ്രകൃതിയിൽ,
പാർത്തു കൊണ്ടതിനോടു
കാട്ടു,മനാദരവുകൾക്കില്ല
തെല്ലു ശമനം;
നിത്യ യൗവ്വനമൊന്നിനെ
സങ്കല്പ് കോടിയിൽ,
പുഷ്ടിപ്പെടുത്തി,ത്തുടിച്ചിടു -
മ്പോൾ; ഈ ലോക വട്ടത്തിൽ
സഹവസിച്ചീടുന്ന മറ്റു ജന്മ-
ങ്ങളെയു,മൊന്നു ഗൗനിച്ചിടേണം
അവരുടെ ചിരിയറ്റ മനസ്സിൻ്റെ-
യവശതയെ ചെറിയൊരു
സ്നേഹത്തിൻ നിഴലെങ്കിലും
തൊട്ടറിഞ്ഞിടേണം.
അതു കഴിഞ്ഞുള്ളോരു ശുഭ-
മുഹൂർത്തത്തിൽ യാചിക്കാ-
മെന്തും ജഗത്തിനോട്;
പിന്നെ,യൊന്നിച്ചറിയാമാ-
വുജ്ജ്വല നവ യൗവ്വനത്തിൻ
പ്രതാപ യോഗം.
ശ്രീരാജ്.ആർ.എസ്സ്
ശ്രീനിലയം, മണക്കാല,
പി.ഒ. അടൂർ, പത്തനംതിട്ട,
പിൻ: 691551
ഫോൺ: 9633437487.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ