ശവചുംബനം.
.
മരിച്ചുകിടക്കുമ്പോൾ, നീ
എന്നെ വന്നിങ്ങനെ
മണത്ത് നോക്കരുത്.
നിനക്കതിൻപേര്
അന്ത്യചുംബനമെന്നാകിലും, എനിക്കത്
സ്വർഗ്ഗനരക കവാടങ്ങളിലേക്കുളള
വഴിതെററിക്കലാണ്.
.
മരിച്ചുകിടക്കുമ്പോൾ, നീ
എന്നെ വന്നിങ്ങനെ
ഇറുകെ പുണരരുത്.
നിനക്കതെന്നോട്
പ്രാണനിലുളള പ്രേമമാണെങ്കിലും, എനിക്കത്
ദേഹത്തെ വെടിഞ്ഞുകഴിഞ്ഞ
ദേഹിയെ ബന്ധിക്കുന്നതിന് തുല്യമാണ്.
.
മരിച്ചുകിടക്കുമ്പോൾ, നീ
എൻെറകാതുകളിൽ
കരച്ചിലായ് ആർത്തലയ്ക്കരുത്
നിനക്കത്,
ഞാൻ ഉണർന്നിടാനുളള അവസാന
പിടിവളളിയാകാം.
എനിക്കത്,
മൃതമായ തലച്ചോറിൻെറ കവാടത്തിൽ
ഒരിക്കലും കേൾക്കാനിടവരാത്ത
മരവിച്ച സംഗീതമാണ്.
.
മരിച്ച്കിടക്കുമ്പോൾ, നീ
എൻെറ കരങ്ങൾ
ചേർത്ത് പിടിക്കരുത്
നിനക്കത്,
മരച്ച വിരലുകൾക്കിടയിലെ
ചൂട് വറ്റാത്ത സാന്ത്വനം തിരയലാവാം.
എനിക്കത്,
പരത്തിലേക്ക് സൂക്ഷിച്ചെടുത്തുവെച്ച
അവസാനശ്വാസത്തിൻ
മുറുക്കെപ്പിടിക്കലുകളാണ്.
.
മരിച്ച്കിടക്കുമ്പോൾ നീ
എൻെറ തലയ്ക്കൽ
തിരികൊളുത്തിവെയ്ക്കരുത്.
നിനക്കത്
ഞാനെന്നസാന്നിദ്ധ്യത്തിൻെറ
ഇരുൾനീക്കലാവാം.
എനിക്കത്,
എരിയുന്ന പട്ടടയിലേക്ക് നേരത്തേയുളള
വഴിദീപമാണ്.
.
മരിച്ച്കിടക്കുമ്പോൾ, നീ
എന്നെ കുളിപ്പിക്കാൻ കൊടുക്കരുത്
നിനക്കത്,
എൻെറ ആത്മാവിനെ കഴുകി വെടിപ്പാക്കലാകാം.
എനിക്കത്,
എരിതീയിലെ പൊളളലുകളിൽ
മുൻകൂറായ് നീറ്റലുകളിററിക്കുന്ന
അണുക്കളിഴയുന്ന വിഷദ്രവമാണ്
.
എരിയാൻ കിടത്തുമ്പോൾ, നീ
എൻെറ മുഖംമറച്ചൊരു മരത്തുണ്ട് പോലും
വെയ്ക്കരുത്
നിനക്കത്,
എൻെറ മുഖമുരുകുന്ന കാഴ്ച
താങ്ങാൻപററാത്തതിനാലാവാം.
എനിക്കത്,
അവസാനമായുളള ആകാശക്കാഴ്ചയുടെ
മറയ്ക്കലാണ്.
.
ഇടുപ്പെല്ല് കത്തിയമരുമ്പോൾ, നീ
തിരിഞ്ഞ് നോക്കാതെ നടന്ന് മറയരുത്.
ഇടയ്ക്കൊന്ന് പൊട്ടിച്ചിതറുമ്പോൾ
എൻ തലച്ചോറിനടുത്തായി
ഇരിക്കുവാൻ നീ മാത്രമാവാം.
.
സാബു എസ് പടയണിവെട്ടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ